ലണ്ടൻ: യുകെ മലയാളികൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കാര്യം കൂടി അതീവ പ്രാധാന്യത്തോടെ ഇന്ന് റിപ്പോർട്ട് ചെയ്യുകയാണ്, കേരളത്തിൽ സർവ സാധാരണമായ ഗുണ്ടാ ക്വട്ടേഷൻ സംഘം യുകെ മലയാളികൾക്കിടയിലും പണി തുടങ്ങി എന്ന ഗൗരവം നിറഞ്ഞ വാർത്തയാണ് ഇന്ന് വായനക്കരെ തേടി എത്തുന്നത്. നിസ്സഹായരായ മനുഷ്യരുടെ അവസ്ഥ മുതലാക്കുക എന്ന ദുഷ്ടലാക്കോടെ കഴിഞ്ഞ രണ്ടര വർഷമായി യുകെയിൽ അഴിഞ്ഞാടുന്ന റിക്രൂട്മെന്റ് ലോബിയുടെ ഭീകര മുഖമാണ് കഴിഞ്ഞ ദിവസം ലീഡ്‌സിൽ അഴിഞ്ഞു വീണിരിക്കുന്നത്. പണം നൽകി ലീഡ്‌സിലെ സ്റ്റുഡന്റ് വിസക്കാർ എന്ന് സംശയിക്കപ്പെടുന്ന ഒരു പറ്റം മലയാളി യുവാക്കളെ ക്വട്ടേഷൻ സംഘമായി വാടകക്ക് എടുത്താണ് റിക്രൂട് മാഫിയ പ്രദേശത്ത് അറിയപ്പെടുന്ന മലയാളി യുവാവിനെ മാരകമായി ആക്രമിച്ചു പരുക്കേൽപ്പിച്ചത്.

പരുക്കുകളുടെ സ്വഭാവം വിലയിരുത്തുമ്പോൾ യുവാവ് ഭാഗ്യത്തിനാണ് ജീവൻ നഷ്ടമാകാതെ രക്ഷപ്പെട്ടത്. തലയ്ക്കു ഉൾപ്പെടെ പരുക്കേറ്റ യുവാവിന് ചവിട്ടേറ്റതോടെ മൂത്രതടസവും അനുഭവപ്പെടുന്നുണ്ട് എന്നാണ് സുഹൃത്തുക്കൾ വഴി ലഭ്യമാകുന്ന വിവരം. സംഭവം നടന്ന ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്തതിനാൽ കേസിന്റെ വിശദാംശങ്ങൾ ഈ വാർത്തയിൽ വെളിപ്പെടുത്താനാകില്ല. എങ്കിലും സമാന സ്വഭാവം ഉള്ള മറ്റൊരു അക്രമ സംഭവം കഴിഞ്ഞ വർഷം വാറ്റ്ഫോഡിൽ സംഭവിച്ചതിന്റെ വെളിച്ചത്തിൽ കൂടുതൽ അക്രമ സ്വഭാവമുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് വാർത്ത പുറത്തു വിടാൻ തീരുമാനിച്ചത്.

കെയർ വിസ ലഭിക്കാൻ പണം നൽകി, ജോലി കിട്ടാതായതോടെ മുട്ടാപ്പോക്കും ഭീഷണിയും

ഇപ്പോൾ ലീഡ്‌സിൽ മാരകമായ ആക്രമണത്തിന് വിധേയനായ യുവാവും കുടുംബവും തങ്ങളുടെ ബന്ധുവിന് വേണ്ടി റിക്രൂട്മെന്റ് ബിസിനസ് നടത്തുന്ന വ്യക്തിക്കു ഭീമമായ തുക കൈമാറിയെങ്കിലും പറഞ്ഞ തീയതികളിൽ ജോലിയോ വിസയോ ശരിയാകാതെ വന്നതോടെ പണം തിരികെ നൽകാൻ ആവശ്യപ്പെടുക ആയിരുന്നു. എന്നാൽ കാത്തിരിക്കാൻ ആയിരുന്നു വിസ കച്ചവടക്കാരുടെ മറുപടി. ഇതിനിടെ ബ്രിട്ടനിൽ നിയമം മാറുകയും വലിയ തുക നൽകി കെയറർ വിസ വാങ്ങുന്നത് അഭിലഷണീയം അല്ലാതാകുകയും ചെയ്തതോടെ പണം മടക്കി കിട്ടിയാൽ മതിയെന്ന ഉറച്ച നിലപാടിലേക്ക് ലീഡ്‌സിലെ മലയാളി കുടുംബം എത്തി. എന്നാൽ പണം ഇതിനകം വിസ സംബന്ധമായ ആവശ്യത്തിന് ഉപയോഗിച്ചെന്ന മുട്ടാപ്പോക്ക് നയമാണ് കച്ചവടക്കാർ സ്വീകരിച്ചത്. ഇതേച്ചൊല്ലി രണ്ടു ഭാഗത്തും സുഖകരമല്ലാത്ത സംഭാഷണവും നടന്നു.

പണം കിട്ടാൻ സാധ്യത കുറയുകയാണെന്ന് മനസ്സിലാക്കിയതോടെ ഇപ്പോൾ ആക്രമണത്തിന് വിധേയനായ യുവാവിന്റെ ഭാര്യ ഇത്തരം കാര്യങ്ങളിൽ സജീവ ഇടപെടൽ നടത്തുന്ന ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വിഷയം അവതരിപ്പിച്ചതോടെ കച്ചവടക്കാർക്ക് പൊള്ളി. ഇതോടെ പണം നൽകി വിദ്യാർത്ഥി വിസക്കാരെ ക്വട്ടേഷൻ സംഘമായി വാടകക്ക് എടുത്തു യുവാവിനോട് പ്രതികാരം തീർക്കുക ആയിരുന്നു കച്ചവട ലോബി. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന യുവാവിനോട് അതേക്കുറിച്ചു സംസാരിക്കാൻ ആണെന്ന ഭാവേനെ വിളിച്ചു വരുത്തിയാണ് മാരകമായി ആക്രമിച്ചത്. കണ്ടാലറിയാവുന്ന പ്രതികളെ കുറിച്ച് യുവാവ് പൊലീസിന് വ്യക്തമായ വിവരം കൈമാറിയിട്ടുണ്ട്. വിസ ലോബിയെ കുറിച്ചും വിവരം പുറത്തു വന്നതോടെ കാര്യങ്ങൾ കൈവിടുന്ന നിലയിലാണിപ്പോൾ. മാത്രമല്ല പ്രദേശത്തെ മലയാളി സംഘടനാ പരസ്യ പ്രസ്താവന ഇറക്കിയും ആക്രമണത്തിന് വിധേയനായ യുവാവിനോട് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ദേഹത്ത് തൊട്ടാൽ കേസ് വരുന്നതുകൊലപാതക ശ്രമത്തിന്, എട്ടു വർഷം ജയിൽ ശിക്ഷ ലഭിച്ചേക്കാം

മറ്റൊരാളുടെ ദേഹത്ത് ആക്രമണ ഉദ്ദേശത്തോടെ തൊട്ടാൽ പോലും ഹൈ റിസ്‌ക് കാറ്റഗറിയിൽ അറ്റംപ്റ്റ് റ്റു മർഡർ എന്ന വകുപ്പിലാണ് യുകെയിൽ കേസെടുക്കുക. കൊലപാതകത്തെയും കൊലപാതക ശ്രമത്തെയും ഒരേ കണ്ണിൽ കാണുന്ന വിധം ഗൗരവ സ്വഭാവമാണ് ഇത്തരം ക്രിമിനൽ കേസുകളിൽ കോടതികൾ സ്വീകരിക്കുന്ന നടപടി. കേസിന്റെ ഗുരുതര സ്വഭാവം അനുസരിച്ച് എട്ടു വർഷം വരെ ജയിൽ ശിക്ഷയും ഇത്തരം കേസുകളിൽ പ്രതീക്ഷിക്കാം. ബ്രിട്ടീഷ് പാസ്പോർട്ടുള്ള കുടിയേറ്റക്കാർ ആണെങ്കിൽ പോലും ജന്മ നാട്ടിലേക്ക് നാടുകടത്താനുള്ള അധികാരവും കോടതിക്കുണ്ട്. ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ വിദ്യാർത്ഥി വിസക്കാർ ആണെന്നതിനാൽ സ്വാഭാവികമായും കോഴ്സ് പൂർത്തിയാകുവാൻ കഴിയില്ല. മറ്റൊരു യൂണിവേഴ്സിറ്റിയിലും പ്രവേശനത്തിന് സാധ്യതയും കുറവാണ്.

നേരെത്തെ വരേണ്ടിയിരുന്ന പ്രതികരണം, കള്ളൻ കപ്പലിൽ തന്നെയോ?

യുവാവിന് മാരകമായി പരുക്കേറ്റതോടെ ശക്തമായ പ്രതികരണം നടത്തിയ ലീഡ്‌സിലെ മലയാളി സംഘടനാ പ്രതിനിധികൾക്ക് മുൻപും പലവട്ടം ഇത്തരം പരാതികൾ ലഭിച്ചിട്ടുണ്ട്. ലീഡ്‌സിൽ നഴ്സായി ജോലി ചെയ്യുന്ന ആലപ്പുഴക്കാരി ഏകദേശം 40 ഓളം പേരെ പത്തു ലക്ഷത്തിലേറെ രൂപ കൈപ്പറ്റി യുകെ വിസ കച്ചവടം നടത്തിയെങ്കിലും യുകെയിൽ വന്നവർക്ക് ജോലി ഇല്ലാതായ സാഹചര്യം ലീഡ്‌സിലെ മലയാളി സംഘടനാ നേതാവിനെ നേരിട്ട് അറിയിക്കുകയും ചെയ്ത അനുഭവമാണ് നോർവിച്ചിലെ ശ്രീജിത്ത് എന്ന യുവാവിന് പറയാനുള്ളത്. ശ്രീജിത്തിന്റെ ഭാര്യയുടെ ജോലിക്കായാണ് വിവാഹ മോചന വഴിയിലുള്ള നഴ്സ് പണം കൈപ്പറ്റിയത്. ഇപ്പോൾ ശ്രീജിത്തും ഭാര്യയും മറ്റൊരിടത്തു ജോലി ലഭിച്ചതോടെ ഈ നഴ്‌സിന് എതിരെ ശക്തമായ നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ്.

അന്ന് ഈ സംഭവത്തിൽ ഇടനിലക്കാരൻ ആകാൻ രംഗത്ത് വന്ന സംഘടന നേതാവ് തന്നെ എൻഎച്ച്എസിന്റെ പേരിൽ വിസ കച്ചവടത്തിന് ഇറങ്ങിയിരുന്നു എന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അഭിഭാഷകനും പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ ചെറിയ തുകയാണ് കൈമറിഞ്ഞത് എന്നതിനാൽ പരാതിക്കാരായ യുവാക്കൾ നിയമ നടപടിക്ക് സാവകാശം കാട്ടിയതു സംഘടനാ നേതാവിന് തുണയായി മാറുക ആയിരുന്നു. ലീഡ്‌സിൽ നിന്നും തുടർച്ചയായി ഇത്തരം വാർത്തകൾ എത്തുമ്പോൾ കള്ളൻ കപ്പലിൽ തന്നെ ഉണ്ടെന്ന സൂചനയും കൂടിയാണ് പുറത്താകുന്നത്.

വിദ്യാർത്ഥി വിസക്കാർ കാട്ടിയതു പാല് കൊടുത്ത കൈക്ക് കടിക്കുന്ന നടപടി

മുൻ കാലങ്ങളിൽ വാടക പോലും വാങ്ങാതെ വീടുകളിൽ വിദ്യാർത്ഥി വിസക്കാർക്ക് താമസം ഒരുക്കിയ നല്ല ശമര്യക്കാർ ആയിരുന്നു യുകെ മലയാളികൾ. എന്നാൽ അഭയം നൽകിയ വീടുകളിൽ തന്നെ അശുഭ കാര്യങ്ങൾക്ക് വിദ്യാർത്ഥി വിസക്കാർ കാരണം ആയതോടെയാണ് ആ പതിവ് തെറ്റിച്ചു വീടുകളിൽ ഷെയർ ചെയ്യൽ യുകെ മലയാളികൾ അവസാനിപ്പിച്ചത്. വീടുകൾ വാടകക്ക് എടുത്തവർ തങ്ങളുടെ താമസം താൽക്കാലികം ആണെന്ന് ബോധ്യമുള്ളതിനാൽ അയൽവാസികൾക്ക് വരെ ശല്യം ആകുന്ന തരത്തിൽ പെരുമാറി തുടങ്ങിയതോടെ മിക്ക മലയാളികളും ഇപ്പോൾ വിദ്യാർത്ഥി വിസക്കാർക്ക് വീടുകൾ നൽകുന്നതും അവസാനിപ്പിച്ചിരിക്കുകയാണ്.

കോവിഡ് കാലത്ത് ഏറ്റവും അധികം കഷ്ടപ്പെട്ടതും വിദ്യാർത്ഥികൾ ആണെന്ന് മനസിലാക്കി അവരെ സഹായിക്കാൻ തയ്യാറാകാത്ത മലയാളി സംഘടനകൾ യുകെയിൽ കുറവാണ് എന്നതാണ് സത്യം. ഭക്ഷണം ഇല്ലാതെയും ലോക് ഡൗണിലും ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ പ്രയാസപ്പെട്ടപ്പോൾ ഭക്ഷണവും ആയി ഓടിയെത്തിയവരാണ് നല്ല പങ്കു മലയാളികളും. ഇപ്പോൾ ആ മലയാളി സമൂഹമാണ് വിദ്യാർത്ഥി വിസക്കാരുടെ ക്വട്ടേഷൻ പണി കേട്ട് തരിച്ചു നിൽക്കുന്നത്. ഇതോടെ പാല് കൊടുത്ത കൈക്ക് കടിയേറ്റ അനുഭവമാണ് യുകെ മലയാളി സമൂഹം നേരിടുന്നത് എന്ന് കോവിഡ് കാലത്തു വളണ്ടിയർ ആയി പ്രവർത്തിച്ച മലയാളികൾ പരിതപിക്കുകയാണ്.

ഇത് വാറ്റ്‌ഫോഡിലെ ആക്രമണത്തിന്റെ തനിയാവർത്തനം

ഒന്നര വർഷം മുൻപ് ഓണാഘോഷത്തിന്റെ പേരിൽ വാറ്റ്‌ഫോഡിൽ ഇപ്പോൾ ലീഡ്‌സിൽ സംഭവിച്ചതിന്റെ തനിയാവർത്തനം എന്നോർമ്മിപ്പിക്കുന്ന ഒരു കയ്യാങ്കളി നടന്നിരുന്നു. ഇടതു പക്ഷ സ്വഭാവമുള്ള ഒരു സംഘടനയുടെ പ്രവർത്തകർ ആണ് അന്ന് യുകെയിൽ ജനിച്ചു വളർന്ന കൗമാരക്കാരായ മലയാളികളെ കാറിനുള്ളിൽ പൂട്ടിയിട്ട് അക്രമത്തിനു നേതൃത്വം നൽകിയത്. വാറ്റ്‌ഫോഡ് കെസിഎഫ് എന്ന സംഘടനയുടെ തലപ്പത്തുള്ളവരുടെ മക്കൾ വരെ മലയാളി വിദ്യാർത്ഥി വിസക്കാർ അടക്കമുള്ളവരുടെ അക്രമത്തിനു വിധേയമായപ്പോൾ തടയാനെത്തിയ മാതാപിതാക്കൾക്കും അന്ന് അക്രമത്തിൽ പരുക്കേറ്റിരുന്നു.

പ്രാദേശിക സംഘടനാ ഭാരവാഹികളിൽ ഒരാളുടെ കൈവിരൽ ഒടിയുന്ന വിധത്തിലാണ് അന്ന് മർദ്ദനം ഏറ്റത്. പിന്നീട് പൊലീസ് കേസ് ആയതോടെ അക്രമത്തിനു നേതൃത്വം നൽകിയവർ കരഞ്ഞു കാലുപിടിച്ചതോടെ കേസുമായി മുന്നോട്ട് പോകണ്ട എന്ന് വാറ്റ്ഫോഡ് മലയാളികൾ തീരുമാനിക്കുക ആയിരുന്നു. അന്ന് വാറ്റ്‌ഫോഡിൽ നൽകിയ ഇളവിന് ഇന്ന് ലീഡ്‌സിൽ വില നൽകേണ്ടി വന്നു എന്നാണ് തുടർച്ചയാകുന്ന അക്രമ സംഭവങ്ങൾ തെളിയിക്കുന്നത്.