തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി നിയമിച്ച റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ സെര്‍ച്ച് കമ്മിറ്റി യോഗത്തിനായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്് ഫ്ളൈറ്റില്‍ വന്നത് ചീഫ് സെക്രട്ടറിയോടൊപ്പം. എക്സിക്യൂട്ടീവ് ക്ലാസില്‍ റിട്ട. ജസ്റ്റിസിന് അരികില്‍ ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തത് അദ്ദേഹത്തെ സ്വാധീനിക്കാനാണെന്ന് ആരോപണം. വൈസ് ചാന്‍സലര്‍മാരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം റിട്ട. ജസ്റ്റിസിനെ ചീഫ് സെക്രട്ടറി ധരിപ്പിച്ചതായാണ് വിവരം. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സജി ഗോപിനാഥിനെയും സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. രാജശ്രീയെയും നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ബുധനാഴ്ച മുതല്‍ നാല് ദിവസമാണ് ഡിജിറ്റല്‍, സാങ്കേതിക വൈസ് ചാന്‍സലര്‍ അപേക്ഷകരുമായുള്ള കൂടിക്കാഴ്ച. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സാങ്കേതിക സര്‍വ്വകലാശാലയുടെയും വെള്ളി, ശനി ദിവസങ്ങളില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെയും വൈസ് ചാന്‍സലര്‍ അപേക്ഷകരുമായാണ് കൂടിക്കാഴ്ച. സെര്‍ച്ച് കമ്മിറ്റിയംഗങ്ങള്‍ക്ക് തിരുവനന്തപുരത്തേക്ക് വരുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. സെര്‍ച്ച് കമ്മിറ്റി ചെയര്‍മാന്‍ റിട്ട്. ജസ്റ്റിസ് സുധാംശു ധൂലിയയോടൊപ്പം യാത്ര ചെയ്തത് ചീഫ് സെക്രട്ടറി എ. ജയതിലകാണ്. ഇതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉയരുന്ന ആരോപണം. സര്‍ക്കാരിന്‍െ്റ ഉന്നതസ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയരുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കാണ് സെര്‍ച്ച് കമ്മിറ്റി യോഗത്തിന്‍െ്റ കോര്‍ഡിനേഷന്‍ ചുമതല സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. നാലുദിവസമായി 80 ഓളം അപേക്ഷകര്‍ക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്. മുന്‍കാലങ്ങളില്‍ അപേക്ഷകള്‍ പരിശോധിച്ച് സെര്‍ച്ച് കമ്മിറ്റി ഹ്രസ്വപട്ടിക തയ്യാറാക്കി പത്തില്‍ താഴെപേരെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കാറുള്ളത്. ഭൂരിഭാഗം അപേക്ഷകരും രണ്ടു വൈസ് ചാന്‍സലര്‍ തസ്തികകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം പേരെ വൈസ് ചാന്‍സലര്‍ തസ്തികക്കുള്ള അവസാനവട്ട ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നത്. നിലവിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാര്‍, പി.വി.സി, രജിസ്ട്രാര്‍മാര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ അപേക്ഷകരായുണ്ട്.

നാലുദിവസത്തെ കമ്മിറ്റി കഴിഞ്ഞശേഷം വൈസ് ചാന്‍സലറായി നിയമിക്കാനുള്ളവരുടെ പട്ടിക സെര്‍ച്ച് കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും. മുഖ്യമന്ത്രി പട്ടിക ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനു നല്‍കും. സര്‍ക്കാരിന് താല്‍പര്യമുള്ളവരുടെ പട്ടികയാണ് തയ്യാറാക്കപ്പെടുന്നതെങ്കില്‍ ഗവര്‍ണര്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സജി ഗോപിനാഥിനെയും സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.രാജശ്രീയെയും നിയമിക്കാനാണ് സര്‍ക്കാരിന് താല്‍പര്യം.

സര്‍വകലാശാലയിലെ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പുറത്തുകൊണ്ടുവന്ന സിസ തോമസിനെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്്. സെര്‍ച്ച് കമ്മിറ്റിയുടെ പട്ടികയില്‍ ഗവര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ വൈസ് ചാന്‍സലര്‍ നിയമന നടപടി അനിശ്ചിതമായി നീളാനാണ് സാധ്യത.