കൊല്ലം: നിങ്ങളുടെ ബ്ലഡി ക്രിമിനൽസ് ഏറ്റവും കുടുതൽ ഉള്ളിടം! ഇതായിരുന്നു ഗവർണ്ണർക്കെതിരെ എസ് എഫ് ഐ ഉയർത്തിയ ബാനർ. നിലമേൽ എൻ എസ് എസ് കോളേജിന് അടുത്തായിരുന്നു പ്രതിഷേധം. എസ് എഫ് ഐ പ്രതിഷേധം നാടകീയ സംഭവങ്ങളാണ് ഉണ്ടാക്കിയത്. കറുത്ത ബാനറുമായി എസ് എഫ് ഐക്കാർ ഏറെ മുമ്പേ അവിടെ എത്തി. എന്നിട്ടും അവരെ മാറ്റാൻ പൊലീസ് ഒന്നും ചെയ്തില്ല. ചൂടിനെ മറികടക്കാൻ പൊലീസും കറുത്ത ബാനറിനെ കൂട്ടു പിടിച്ചു.

റോഡരികിൽ ബാനർ ഉയർത്തിയപ്പോൾ തന്നെ എസ് എഫ് ഐക്കാരെ അറസ്റ്റു ചെയ്തു നീക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാട്ടാൻ എത്തിയവരെ ഈ രീതിയിലാണ് പൊലീസ് നേരിട്ടത്. പൊലീസിനെ മറികടന്ന് എത്തിയവരെ ഡി വൈ എഫ് ഐക്കാർ 'രക്ഷാപ്രവർത്തനത്തിലൂടെ' രക്ഷിച്ച് മർദ്ദിച്ച് വീട്ടിലേക്കും അയച്ചു. എന്നാൽ ദേശീയ പാതയുടെ ഇരുവശവും ഗവർണറെ കാത്ത് പ്രതിഷേധക്കാർ അണിനിരന്നു. ഇവരെ മാറ്റാൻ ആരും ഒന്നും ചെയ്തതുമില്ല. ഇതാണ് നിലമേലിൽ ഗവർണറുടെ പ്രകോപനം കൂട്ടിയതും. അതായത് കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ടിട്ടും പൊലീസ് മിണ്ടാതെ നിന്നു.

പ്രതിഷേധക്കാർ പരസ്യമായി നിന്നിട്ടും പൊലീസ് അറസ്റ്റു ചെയ്തില്ല. അതും റോഡിലേക്ക് ഇറങ്ങിയായിരുന്നു ബാനറും പിടിച്ചുള്ള പ്രതിഷേധക്കാരുടെ നിൽപ്പ്. ഇതാണ് ഗവർണറെ ചൊടുപ്പിച്ചത്. എന്നാൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ ഗവർണറെ വിമർശിച്ച് രംഗത്തു വന്നു. റോഡിൽ ബാനർ പിടിച്ചു നിന്നവരുടെ അടുത്തേക്ക് തന്നെ ഗവർണർ പോയി. ഇതു കണ്ട് എസ് എഫ് ഐക്കാരും അന്താളിച്ചു. നേരത്തെ എസ് എഫ് ഐക്കാരെ ബ്ലഡി ക്രിമിനൽസ് എന്ന് ഗവർണ്ണർ വിളിച്ചിരുന്നു. ഇതാണ് ബാനറിലെ വാചകങ്ങൾക്ക് കാരണം. ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. കൊല്ലം നിലമേലിൽ വച്ചാണ് ഗവർണർക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചത്.

പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്‌ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് ഗവർണർ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങി. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം, മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കേരളത്തെ കുറിച്ച് പുറത്തുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഗവർണർ ചിന്തിക്കുന്നത് നല്ലതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. ഗവർണറുടെ നടപടി അതിശയിപ്പിക്കുന്നതാണ്. ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയാണോ പെരുമാറേണ്ടത്. അതിശയവും അത്ഭുതവും തോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിനാടകീയ രംഗങ്ങൾക്ക് പിന്നാലെയാണ് ഗവർണർ നിലമേലിൽ നിന്നും മടങ്ങിയത്. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ. ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടർന്ന് പൊലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. എഫ്.ഐ.ആർ. രേഖകൾ സസൂക്ഷ്മം പരിശോധിച്ച് അഭിഭാഷകരുമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.

തിരിച്ചറിയാത്ത അഞ്ചുപേർ ഉൾപ്പെടെ 17 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 13 പേരെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 പേരുടെ പേരുവിവരങ്ങൾ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം കൂടുതൽ പരിശോധിച്ച് കൂടുതൽ പ്രതികളുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കാം എന്നുള്ള ഉറപ്പുകൂടി പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതിന് ശേഷമായിരുന്നു ഗവർണർ അടുത്ത ആളുകളുമായി സംസാരിക്കാൻ തയ്യാറായത്.

ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്ന് രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. എഫ്‌ഐആറിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാരിൽ റിപ്പോർട്ട് ചെയ്യുമെന്നും ഗവർണർ പറഞ്ഞു. പാഞ്ഞടുത്ത പ്രതിഷേധക്കാർ കാറിന്റെ ഗ്ലാസിൽ അടിച്ചു എന്നും ഗവർണർ ആരോപിച്ചു.