- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒളിവിലിരുന്ന് ഗുണ്ടാ തലവൻ വീഡിയോ കോളിൽ സംസാരിച്ചത് സെക്രട്ടറിയേറ്റിൽ പൊലീസ് ഫയലുകൾ കൈകാര്യം ചെയ്യുന്ന 'മാഡത്തെ'; ഓർക്കുട്ടിലെ സൗഹൃദം അച്ചനുമായുള്ള ഒളിച്ചോട്ടമായപ്പോൾ സംഘടനയ്ക്ക് പുറത്താക്കിയ വനിതാ നേതാവ് വീണ്ടും സജീവമായത് അടുത്ത കാലത്ത്; ഭരണസിരാ കേന്ദ്രത്തിലെ ഈ ഉദ്യോഗസ്ഥയെ സസ്പെന്റ് ചെയ്യാത്തത് എന്തുകൊണ്ട്? ഗുണ്ടാ-ഉദ്യോഗസ്ഥ മാഫിയയും സജീവം
തിരുവനന്തപുരം: പാറ്റൂരിൽ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകൾ കീഴടങ്ങുന്നത് സെക്രട്ടറിയേറ്റിലെ താക്കോൽ സ്ഥാനത്തുള്ള ഉദ്യോഗസ്ഥ വിവാദത്തിലായ ശേഷം. ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളായ മുഖ്യപ്രതികളാണിവർ. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയെ പൊലീസ് കണ്ടെത്തിയതാണ് നിർണ്ണായകമായത്. ഇതോടെ ഇവർ കീഴടങ്ങുകയായിരുന്നു. ഇതും നാടകത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്.
ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹ്യത്തുക്കളെ വിളിച്ചിരുന്നു. ഒന്നിലധികം സിം കാർഡുകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. രണ്ടാം പ്രതിയായ ആരിഫ് പാറ്റൂർ ആക്രമണം നടക്കുന്നതിന് മുമ്പും ഒളിവിൽ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെയും സിപിഐ നേതാവിന്റെ ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ സിപിഎം സംഘടനയിലെ പ്രധാനിയാണ്. പൊലീസിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തി. കോട്ടയത്തു നിന്നുള്ള ഈ ഉദ്യോഗസ്ഥയുടെ കുടുംബാഗം പൊലീസിലുമാണ്. എന്നാൽ ഈ കുടുംബാഗത്തിന് ഗുണ്ടകളുമായി ബന്ധമില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ആരിഫുമായുള്ള സൗഹൃദം ഇവർക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും ഫോൺ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് ആരിഫ് കീഴടങ്ങിയത്. പൊലീസുമായും ഗുണ്ടാ പട്ടികയുമായി ബന്ധപ്പെട്ട നിർണ്ണായക ഫയലുകൾ പോലും കാണുകയും തീരുമാനം എടുക്കുകയും ചെയ്യുന്ന സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ സിപിഎം സംഘടനാ നേതാവാണ്. മുമ്പ് പള്ളിയിലെ അച്ചനുമായി ഇവർ ഒളിച്ചോടിയെന്ന ആരോപണം ഉയർന്നിരുന്നു. ഓർക്കുട്ട് സൗഹൃദമാണ് അന്ന് ഒളിച്ചോട്ടമായതെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന് ശേഷം ഇവരെ സംഘടനാ ചുമതലകളിൽ നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. ഈ അടുത്ത കാലത്ത് അവർ വീണ്ടും സംഘടനയിലും സജീവമായി.
ഈ ഉദ്യോഗസ്ഥയുടെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയതെന്ന കാര്യം സെക്രട്ടറിയേറ്റിൽ പാട്ടാണ്. എന്നിട്ടും ഗുണ്ടകളുമായി ബന്ധം പുലർത്തിയ ഈ ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടികൾ എടുക്കുന്നില്ല. ആഭ്യന്തര വകുപ്പിൽ സെക്രട്ടറിയേറ്റിൽ ജോലി നോക്കുന്ന പലർക്കും ഗുണ്ടാ ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഓംപ്രകാശിന് വേണ്ടി പണിയെടുക്കുന്നവരും ഈ വിഭാഗത്തിലുണ്ടത്രേ. ഇവരുടെ സ്വാധീനവും പൊലീസിനെ നിയന്ത്രിക്കാൻ ഗുണ്ടകൾക്ക് കരുത്താകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഉദ്യോഗസ്ഥയ്ക്കെതിരേയും നടപടി വേണമെന്ന ആവശ്യം സജീവമാണ്.
സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു ആസിഫും ആരിഫും. ഡിവൈഎഫ്ഐ ശാസ്തമഗംലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. സിപിഎമ്മിൽ നിന്നും പുറത്താക്കിയ ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവർത്തകരായി. മനുഷ്യ ചങ്ങലിൽ സിപിഐക്ക് വേണ്ടി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു വ്യക്തി ഗുണ്ടാ പ്രവർത്തനത്തിലും സജീവമായിരുന്നു. റിയൽ എസ്റ്റേറ്റ് മാഫിയയുമായും ചേർന്ന് പ്രവർത്തിച്ചു. അത്തരമൊരു വ്യക്തിയുമായി സെക്രട്ടറിയേറ്റിലെ ഉന്നതയുടെ ബന്ധം ചില സംശയങ്ങളുയരുന്നുണ്ട്. ആരിഫിന് ഇഷ്ടമില്ലാത്ത പൊലീസുകാരെയാണ് വിവാദത്തിൽ സർക്കാർ സസ്പെന്റ് ചെയ്തതെന്ന വാദവും സജീവമാണ്.
പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസിലെ പ്രതി ഒളിവിലിരുന്ന് ഉന്നതരെ ഫോണിൽ വിളിച്ചുവെന്നതാണ് ഞെട്ടിക്കുന്നത്. പ്രതികളെ തേടി പൊലീസ് പരക്കം പായുമ്പോഴാണ് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും സിപിഐ നേതാവിന്റെ മകളെയും പ്രതി ആരിഫ് വിളിച്ചത്. കേസിലെ മുഖ്യപ്രതി ഓംപ്രകാശിന്റെ കൂട്ടാളിയാണ് ആരിഫ്. മുട്ടട സ്വദേശി നിതിനെയും മറ്റ് നാലു പേരെയും തലയ്ക്കു വെട്ടി പരുക്കേൽപ്പിച്ച കേസിലെ പ്രതികളാണ് ആരിഫും ഓംപ്രകാശും. കേസിലെ രണ്ടാം പ്രതിയായ ആരിഫ് വിഡിയോ കോളിലൂടെയാണ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുമായി ആശയവിനിമയം നടത്തിയത്. ഈ വിവരം കിട്ടിയ പൊലീസ് ഇവരുടെ വീട്ടിൽ തിരച്ചിൽ നടത്തി. ഫോൺ പരിശോധിച്ചതിൽ നിന്നാണ് ആരിഫ് ഊട്ടിയിലുണ്ടെന്നു പൊലീസ് മനസ്സിലാക്കിയത്.
സിപിഐ നേതാവിന്റെ മകളെ കഴിഞ്ഞ ദിവസം മാത്രമല്ല, ആക്രമണം നടക്കുന്നതിനു തൊട്ടു മുൻപും വിളിച്ചതിന്റെ തെളിവുകൾ പൊലീസിനു കിട്ടിയിട്ടുണ്ട്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ പേട്ട സിഐ ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. മ്യൂസിയം സിഐയും സൈബർ സ്റ്റേഷനിലെ രണ്ടു സിഐമാരുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്