- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസം ഒരുലക്ഷത്തിലേറെ ശമ്പളം; താമസ സൗകര്യം, സൗജന്യ ഭക്ഷണവും വാഹനവും; ദക്ഷിണാഫ്രിക്കയിലെ നിർമ്മാണ കമ്പനിയിൽ ജോലിക്ക് ഏജന്റിന് കൊടുക്കേണ്ടത് 65,000 രൂപ; ഫേസ്‌ബുക്കിൽ പരസ്യം കണ്ട് വീണ ദാസിന് കാശ് പോകാതിരുന്നത് ഭാഗ്യം കൊണ്ട്; ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ പെരുകുമ്പോൾ
ന്യൂഡൽഹി: തൊഴിൽ വാഗ്ദാന തട്ടിപ്പുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സോഷ്യൽ മീഡിയ വന്നതോടെ തട്ടിപ്പുകാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഒരു തൊഴിൽ മോഹിച്ച് നടക്കുന്ന യുവാക്കളെ വല വീശി പിടിക്കാൻ വലിയ അദ്ധ്വാനമൊന്നും വേണ്ട. അടുത്തിടെ, യുവാക്കൾക്ക് പ്ലേ ബോയിയായി ജോലി നൽകാമെന്ന് പറഞ്ഞ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം തട്ടിപ്പ് നടത്തിയത് വാർത്തയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു 20,000 രൂപയിലേറെ പാർട്്‌ടൈമായി സമ്പാദിക്കാമെന്ന് കാട്ടിയുള്ള പരസ്യം. തൊഴിൽ മോഹികളെ പിടിക്കാൻ ഇറങ്ങിയ മറ്റൊരു തട്ടിപ്പുകാരുടെ കഥയാണ് ഇനി പറയുന്നത്. ഗൾഫിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്‌സ് കമ്പനിയുടെ പേരിലാണ് തൊഴിൽ തട്ടിപ്പിന് ശ്രമം നടന്നത്.
കൺസോളിഡേറ്റഡ് കോൺട്രാക്ടേ്‌ഴ്‌സ് കമ്പനിയുടെ ദക്ഷിണാഫ്രിക്കയിലെ ബ്രാഞ്ചിലേക്കാണ് ജോലി എന്നായിരുന്നു കള്ള പരസ്യം. ഇരയാക്കിയത് തമിഴ്‌നാട്ടിലെ മധുരയിൽ, വേരുകളുള്ള ഗുജറാത്ത് സ്വദേശിയായ ഗോപാൽ ഭഗവൻ ദാസിനെ. രണ്ടുമാസം മുമ്പ് ഫേസ്‌ബുക്കിലാണ് ദാസ് പരസ്യം കണ്ടത്. ഗുജറാത്തിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ ഫോർമാനായി ജോലി നോക്കുകയാണ് ദാസ്. നേരത്തെ ഗൾഫിലും, ദക്ഷിണാഫ്രിക്കയിലും ഒക്കെ ജോലി നോക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ സുഖകരമായ കാലാവസ്ഥയിൽ ജോലി ചെയ്യാനും വലിയ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്ക എന്നുകേട്ടതോടെ, ദാസ് ചാടി വീണു. കഴിഞ്ഞ ദിവസമാണ് ജോലി വാഗ്ദാന കത്ത് കിട്ടിയത്. റഹ്മാൻ ഖാൻ എന്നൊരാളാണ് ഇന്ത്യയിലെ ഏജന്റായി ഇടപെട്ടത്.
ഏജന്റ് പറഞ്ഞത് അനുസരിച്ച് ദാസ് മെഡിക്കൽ എടുത്തു. 65,000 രൂപയാണ് ഏജന്റ് വിസയ്ക്ക് വില പറഞ്ഞത്. വിസയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഓഫറിങ് ലെറ്ററിനെ കുറിച്ച് സംശയം തോന്നിയത്. കത്തിലെ മെയിൽ ഐഡിയിൽ കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. കത്തിലെ വാഗ്ദാനങ്ങൾ ആകർഷകമായിരുന്നു. മാസം 1250 യുഎസ് ഡോളർ ശമ്പളം, മൂന്നു മാസത്തിന് ശേഷം 300 ഡോളർ വർദ്ധന, 8 മണിക്കൂർ ജോലി, ഞായറാഴ്ച അവധി, സൗജന്യ ഭക്ഷണം, താമസ സൗകര്യം, കമ്പനിയിലേക്ക് പോകാനും വരാനും ഗതാഗത സൗകര്യം, ഒരുവർഷം സർവീസ് പൂർത്തിയാക്കുമ്പോൾ, 30 ദിവസം ശമ്പളത്തോടെ അവധി, രണ്ടുവർഷത്തിന് ശേഷമാണെങ്കിൽ, റിട്ടേൺ ടിക്കറ്റ്...ഇങ്ങനെ വാഗ്ദാന പെരുമഴ തന്നെ.
ഏതായാലും മെയിലിന് മറുപടി കിട്ടാതെ വന്നതോടെ, ദാസ് ഉണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ചുനോക്കി. ഭാഗ്യവശാൽ ഫോൺ നമ്പർ ഒറിജനൽ കമ്പനിയുടേത് തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാനയിൽ കൺസോളിഡേറ്റഡ് കോൺട്രാക്ടേ്‌ഴ്‌സിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ സജീവ് കുമാറിനെയാണ് കിട്ടിയത്. ഇങ്ങനെയൊരു പരസ്യം തങ്ങൾ നൽകിയിട്ടില്ലെന്ന് ദാസിനോട് സജീവ് കുമാർ വ്യക്തമാക്കി. പരസ്യത്തിൽ പറഞ്ഞിരുന്ന പദ്ധതി 20 വർഷം മുമ്പ് ഇക്വട്ടോറിയൽ ഗീനിയയിൽ പൂർത്തിയാക്കിയതുമാണ്. കമ്പനി തങ്ങളുടെ ഔദ്യോഗിക ലെറ്റർ പാഡിൽ, ഈ വ്യാജ പരസ്യത്തെ കുറിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്്. ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമീഷണർക്കാണ് കത്ത്. ഏതായാലും വലിയൊരു തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ദാസ്.
ഡൽഹിയിലെ തട്ടിപ്പ്
യുവാക്കൾക്ക് പ്ലേ ബോയിയായി ജോലി നൽകാമെന്ന് പറഞ്ഞാണ് സംഘം പണം തട്ടിയത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം വലയിലാക്കിയത് നൂറോളം യുവാക്കളെയാണ്. ഡൽഹിയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ കോൾ സെന്റർ സജ്ജീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.
ഡേറ്റിങ് ആപ്ലിക്കേഷനായ ടിൻഡറും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് സംഘം ആദ്യം ഒരു പരസ്യം പ്രചരിപ്പിച്ചു. ആ പരസ്യത്തിൽ കുറിച്ചത് ഇങ്ങനെയാണ്. 20000 രൂപയും അതിൽ കൂടുതലും നിങ്ങൾക്ക് പാർട്ട്ടൈമായി സമ്പാദിക്കാം. എസ്‌കോർട്ട് സേവനം ആസ്വദിക്കൂ. ഉയർന്ന പ്രൊഫൈലിലുള്ളവർ നിങ്ങളെ തേടിയെത്തുമെന്നാണ് പരസ്യത്തിൽ പറഞ്ഞത്.
ഈ പരസ്യം കേട്ട് യുവാക്കൾ നിരവധി പേരാണ് ഇവരെ പണവുമായി സമീപിച്ചത്. സംഭവത്തിൽ ഉദിത് മെഹ്‌റ, നേഹ ഛബ്ര, അർച്ചന അഹൂജ, സൂത്രധാരൻ ശുഭം അഹൂജ എന്നിവരെ ഡൽഹിയിലെ ഹരി നഗറിലെ രണ്ട് മുറി അപ്പാർട്ട്‌മെന്റിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തോളമായി സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.