- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
കൊല്ലം: ആശ്രാമത്ത് കുട്ടിയെ ഇറക്കി വിട്ട സംഘത്തിലെ പ്രധാനി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. അമൃതാ ടിവിയാണ് കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായെന്ന് വാർത്ത നൽകിയത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാൾ ജിം ഷാജഹാൻ എന്ന് വിളിക്കുന്ന സ്ഥിരം കുറ്റവാളിയാണെന്നാണ് സൂചന. കുണ്ടറ കുഴിയം സ്വദേശിയാണ് ഇയാൾ. രേഖാ ചിത്രത്തിലെ സാമ്യത്തിലൂടെ തന്നെ ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പിന്നാലെ പൊലീസിൽ മോചന ദ്രവ്യത്തിന് വിളിച്ച സ്ത്രീയേയും തിരിച്ചറിഞ്ഞു. സ്ത്രീയാണ് തട്ടിക്കൊണ്ടു പോകലിലെ മുഖ്യസൂത്രധാരയെന്നാണ് സൂചന. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. രാത്രി ഏഴര വരേയും ഇത്തരം നടപടികളിലേക്ക് കടന്നിട്ടില്ല. എന്നാൽ പൊലീസ് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നില്ല.
ജിം ഷാജഹാൻ എന്ന ആളിനെ പൊലീസ് അറസ്റ്റു ചെയ്തുവെന്ന വാർത്ത അമൃതാ ടിവിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുഴിയം സ്വദേശിയാണ് പ്രധാനമായും സംശയ നിഴലിലുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചതായി ഉച്ചയ്ക്ക് തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്ന വിവരമാണ് അമൃതാ ടിവിയും ബ്രേക്ക് ചെയ്യുന്നത്. സാമ്പത്തിക കുറ്റകൃത്യത്തിൽ പങ്കാളിയായിരുന്ന സ്ത്രീയാണ് സംശയ നിഴലിലുള്ളത് എന്നതാണ് ലഭ്യമായ വിവരം. ഇവർക്ക് കൊല്ലം ചിന്നക്കടയിൽ വീടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ വീട്ടിലാകാം കുട്ടിയെ ഒളിവിൽ താമസിപ്പിച്ചതെന്ന സംശയവും പൊലീസിനുണ്ട്. പ്രതികളിൽ ആരെയെങ്കിലും ചോദ്യം ചെയ്യലിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ വലിയ ഗൂഢാലോചന നടന്നുവെന്നാണ് സൂചന. ഇതിൽ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. എഡിജിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
മോചിപ്പിക്കപ്പെട്ട ആറു വയസ്സുകാരിയിൽ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോയവരുടെ ഫോട്ടോ കാട്ടി കുട്ടിയിൽ നിന്നും പ്രതികളിൽ കൂടുതൽ വ്യക്തത വരുത്തും. അതിനിടെ ജിം ഷാജഹാനെ കുട്ടിയുടെ മുത്തച്ഛൻ തിരിച്ചറിഞ്ഞുവെന്നും അമൃതാ ടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതികളെ പിടികൂടിയതാണോ കീഴടങ്ങിയതാണോ എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല. ഇവർ കസ്റ്റഡിയിൽ ഉണ്ടെന്ന് പോലും പൊലീസ് സ്ഥിരീകരിക്കുന്നില്ല. കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത തട്ടിക്കൊണ്ടു പോകലാണ് സംഭവിച്ചത്. ലിങ്ക് റോഡിൽ നിന്നും ഓട്ടോ പിടിച്ച് കുട്ടിയുമായെത്തിയ യുവതിയാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് മടങ്ങിയത്. ഇതിന് ശേഷമാണ് അമൃതാ ടിവി വാർത്ത നൽകിയത്. സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൈറലാണ്.
ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിക്കാനായി പ്രതിയായ യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തിയതും നിർണ്ണായകമായി. കുട്ടിയെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ കുട്ടിയുമായി യുവതി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. അഞ്ചാലംമൂട് സ്വദേശിയായ സജീവന്റെ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ ചുരിദാർ ധരിച്ചെത്തിയ സ്ത്രീ ആശ്രാമം മൈതാനത്തേക്ക് കൊണ്ടുപോയത്. കേസുമായി ബന്ധപ്പെട്ട് സജീവന്റെ വിശദമായി മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലംനഗരത്തിലെ ലിങ്ക് റോഡിൽവച്ചാണ് യുവതി കുട്ടിയുമായി ഓട്ടോയിൽ കയറിയതെന്ന് സജീവൻ പറഞ്ഞു. ''ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഭക്ഷണം കഴിച്ച് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്ക് വരുമ്പോൾ ലിങ്ക് റോഡിൽവെച്ച് കുഞ്ഞുമായി നിൽക്കുന്ന സ്ത്രീ കൈകാണിച്ചു. ആശ്രാമത്തേക്ക് പോകാൻ പറഞ്ഞു. മൈതാനത്തിനടുത്ത് അശ്വതി ബാറിന്റെ എതിർവശത്തെ വഴിയിലാണ് ഇവർ ഇറങ്ങിയത്. എത്രരൂപയാണെന്ന് ചോദിച്ചപ്പോൾ 40 രൂപയാണെന്ന് പറഞ്ഞു. അവർ 200 രൂപയുടെ നോട്ട് നൽകി. ബാക്കി 160 രൂപ തിരികെകൊടുത്തു. കുഞ്ഞിന് ഓട്ടോയിൽനിന്നിറങ്ങാൻ കുറച്ച് പാടുണ്ടായിരുന്നു. നല്ല ക്ഷീണവും ഉണ്ടായിരുന്നു. പനി പിടിച്ചതായിരിക്കുമെന്നാണ് കരുതിയത്'' സജീവൻ പറഞ്ഞു.
കുട്ടിയുമായി ഓട്ടോയിൽ കയറിയ യുവതിക്ക് ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുമെന്നായിരുന്നു സജീവന്റെ പ്രതികരണം. വെള്ളനിറത്തിലുള്ള ഷാൾ ഉപയോഗിച്ച് ഇവർ തലമറച്ചിരുന്നു. ഇളംമഞ്ഞനിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. കുഞ്ഞ് ഒന്നും പ്രതികരിച്ചിരുന്നില്ല. ഒരക്ഷരവും പോലും മിണ്ടിയില്ല. ഓട്ടോയിൽവെച്ച് ഇവർ ആരോടും മൊബൈൽഫോണിൽ സംസാരിച്ചിട്ടില്ല. വെയിലത്ത് റോഡരികിൽനിൽക്കുമ്പോൾ കുഞ്ഞിന്റെ തലയും അവരുടെ ഷാൾ കൊണ്ട് മറച്ചിരുന്നു. ആദ്യം ആശ്രാമംമൈതാനത്തിന് സമീപത്തെ കമ്പിവേലിക്കരികെ നിർത്താനാണ് പറഞ്ഞത്. ഇതിലൂടെ വഴിയില്ലെന്ന് പറഞ്ഞപ്പോൾ കമ്പിവേലിക്കിടയിലൂടെ കുനിഞ്ഞ് കയറിക്കൊള്ളാമെന്ന് അവർ പറഞ്ഞു. തുടർന്ന് മൈതാനത്ത് ബെഞ്ചുകളുള്ള ഭാഗത്തേക്കാണ് കുട്ടിയുമായി നടന്നുപോയതെന്നും ഓട്ടോഡ്രൈവർ വിശദീകരിച്ചിരുന്നു.
സംഭവം നടന്ന് അരമണിക്കൂറിന് ശേഷം മകൻ ഫോൺ വിളിച്ച് പറഞ്ഞപ്പോളാണ് ഓട്ടോയിൽ കയറിയത് ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയാണോ എന്ന് സജീവന് സംശയം തോന്നിയത്. കുട്ടിയെ ആശ്രാമത്തുനിന്ന് കണ്ടെത്തിയെന്ന് ടി.വി.യിൽ കാണിക്കുന്നുണ്ടെന്നാണ് മകൻ പറഞ്ഞത്. അപ്പോഴാണ് താൻ കൊണ്ടുവിട്ടത് ഈ കുട്ടിയെയും സ്ത്രീയെയുമാണോ എന്ന ബോധം ഉണ്ടായതെന്നും ചോദിച്ചറിഞ്ഞപ്പോൾ അത് ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സജീവൻ ഓട്ടോയുമായി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ഒരുസ്ത്രീയാണ് കുട്ടിയുമായി വന്നതെന്ന് കുട്ടിയെ ആദ്യംകണ്ട കോളേജ് വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അമൃതാ ടിവിയുടെ വാർത്ത
മറുനാടന് മലയാളി ബ്യൂറോ