കണ്ണൂർ:ഡി.വൈ. എഫ്. ഐ മുൻകണ്ണൂർ ജില്ലാപ്രസിഡന്റ് മനു തോമസും അന്നത്തെ ജില്ലാസെക്രട്ടറി പി.ജയരാജനും തമ്മിൽ അകലാനിടയായ കാരണമെന്തെന്ന ചോദ്യം കണ്ണൂർ രാഷ്ട്രീയത്തിൽ ഉയരുന്നു. തന്നെക്കാൾ സംഘടനയിൽ ജൂനിയറായ എം.ഷാജർക്ക് നൽകിയ പരിഗണന തനിക്ക് ലഭിച്ചില്ലെന്ന അതൃപ്തി നേരത്തെ മനു തോമസിനുണ്ടായിരുന്നു. പാർട്ടി ജില്ലാസെക്രട്ടറിയായിരുന്ന ജയരാജൻ സർവാധികാരിയായ പാർട്ടിയിൽ വാണ കാലത്ത് വൈര്യനിര്യാതന ബുദ്ധിയോടെയാണ് തന്നോടു പെരുമാറിയതെന്നു മനുതോമസ് തന്നെ അടുപ്പമുള്ളവരോട് പങ്കുവെച്ചിരുന്നു.

എന്നാൽ ടി.പി ചന്ദ്രശേഖരൻ വധത്തിന് ശേഷമാണ് ഇരുവരും തമ്മിൽ പ്രകടമായുള്ള അകൽച്ച തുടങ്ങുന്നത്. ഒഞ്ചിയത്തെ ആർ. എംപി നേതാവായ ടി.പി ചന്ദ്രശേഖരൻ വധത്തിന് ദിവസങ്ങൾക്കു ശേഷമാണ് ആലപ്പുഴയിൽ ഡി.വൈ. എഫ്. ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ അജൻഡയും പ്രമേയങ്ങളും സംസ്ഥാനത്തെ മുഴുവൻ ജില്ലാകമ്മിറ്റികളും വിളിച്ചു ചേർത്ത് അവതരിപ്പിക്കുക പതിവാണ്. ഇതിന്റെ ഭാഗമായി ഡി.വൈ. എഫ്. ഐ കണ്ണൂർ ജില്ലാകമ്മിറ്റിയോഗവും വിളിച്ചിരുന്നു. ഇതിൽ അനുശോചന പ്രമേയത്തിന്റെ കരട് അവതരിപ്പിച്ചതോടെയാണ് ഭിന്നത തുടങ്ങുന്നത്.

ലോകതലത്തിൽ തൊട്ടു രാജ്യത്തെയും കേരളത്തിലെയും കഴിഞ്ഞ സമ്മേളനത്തിന് ശേഷം രക്തസാക്ഷികളായവരും മരണമടഞ്ഞ പ്രമുഖരുടെയും പേരുകൾ അനുശോചന പ്രമേയത്തിൽ ചേർത്തപ്പോൾ അതിൽ മുൻഡി.വൈ. എഫ്. ഐ നേതാവ് കൂടെയായിരുന്ന ടി.പി ചന്ദ്രശേഖരന്റെ പേരുണ്ടായിരുന്നില്ല. അന്ന് ടി.പി വധത്തിന് പിന്നിൽ സി.പി. എം നേതൃത്വത്തിന്റെ കറുത്ത കരങ്ങളുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് ചന്ദ്രശേഖരന്റെ പേരുൾപ്പെടുത്താൻ മനുതോമസ് ഭേദഗതിയായി ആവശ്യപ്പെട്ടത്.

എന്നിട്ടു പോലും സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ചെത്തിയ മേൽകമ്മിറ്റി സഖാക്കൾ ഇതിന് വിസമ്മതിച്ചു. എന്നാൽ ആലപ്പുഴയിലെ സമ്മേളനം കഴിഞ്ഞു പ്രതിനിധികൾ തിരിച്ചെത്തിയതിന് പിറ്റേദിവസം തന്നെ ഇതിന് പ്രത്യാഘാതമുണ്ടായി. അന്നത്തെ പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന പി.ജയരാജൻ ഡി.വൈ. എഫ്. ഐ ജില്ലാ ഫ്രാക്ഷൻ യോഗം അടിയന്തിരമായി അഴീക്കോടൻ മന്ദിരത്തിൽ വിളിച്ചു ചേർത്തു. അതിൽ ഒറ്റ അജൻഡ മാത്രമേയുണ്ടായിരുന്നുള്ളൂ. അതു ചന്ദ്രശേഖരന്റെ പേര് അനുശോചന പ്രമേയത്തിൽ ഉൾപ്പെടുത്താൻ മനു ശ്രമിച്ചുവെന്ന ആരോപണമായിരുന്നു ചർച്ചയ്ക്കെടുത്തത്.

അതു സംഘടനയുടെ നിലപാടല്ലെന്നും മനു തോമസിന്റെ വ്യക്തിപരമായ നിലപാടാണെന്നുമായിരുന്നു ജയരാജന്റെ വിമർശനം. ഈക്കാര്യം ഏറ്റുപറഞ്ഞു സ്വയം വിമർശനപരമായി ഉൾക്കൊള്ളണമെന്നായിരുന്നു ജയരാജന്റെ നിർദ്ദേശം. എന്നാൽ മനു തോമസ് ഇതിനു തയ്യാറായില്ലെന്നു മാത്രമല്ല തന്റെ വാദം ആവർത്തിക്കുകയും ചെയ്തു. സംസ്ഥാന സമ്മേളനത്തിൽ താനെടുത്ത നിലപാട് കമ്യൂണിസ്റ്റുകാരനെന്ന നിലയിലുള്ള രാഷ്ട്രീയ ഉത്തരവാദിത്വമാണെന്നു മനുതോമസ് വാദിച്ചു. ഇതിനു പുറകെയാണ് ഷാജറിനെ ഡി.വൈ. എഫ്. ഐ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനും തന്റെ വിശ്വസ്തനുമാക്കാനുള്ള നീക്കങ്ങൾ ജയരാജൻ തുടങ്ങിയത്. പിന്നീട് നടന്ന ജില്ലാസമ്മേളനത്തിൽ സീനിയറായ മനുതോമസിനെ തഴഞ്ഞു ഷാജറിനെ ജില്ലാ സെക്രട്ടറിയാക്കുകയും മനുവിനെ ജില്ലാ പ്രസിഡന്റായി ഒതുക്കുകയുമായിരുന്നു.

എന്നാൽ ഇതിനു ശേഷവും തന്റെ നിലപാടിൽ മാറ്റം വരുത്താൻ മനുതോമസ് തയ്യാറായില്ല. ഇതിനിടെയിൽ തന്റെ പോക്കറ്റ് സംഘടനയായ ഐ. ആർ.പി.സിയുടെ പ്രവർത്തനങ്ങൾ ശക്തപ്പെടുത്താൻ പി.ജയരാജൻ തീരുമാനിച്ചിരുന്നു. ഇതിനായി ഡി.വൈ. എഫ്. ഐയുടെയും ഐ. ആർ.പി.സിയുടെയും സംയുക്ത യോഗം ഡിഫി ജില്ലാകമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ വിളിച്ചു ചേർത്തു. ഷാജർ പറഞ്ഞതനുസരിച്ചാണ് മനുതോമസ് യോഗത്തിനെത്തിയത്. ഷാജർ സ്വാഗതം പറഞ്ഞ യോഗത്തിൽ മനുവായിരുന്നു അധ്യക്ഷൻ. പി.ജയരാജൻ കാര്യങ്ങൾ വിശദീകരിക്കാനായി എഴുന്നേറ്റു നിന്നു. ഡി.വൈ. എഫ്. ഐയും ഐ. ആർ.പി.സിയും യോജിച്ചു പ്രവർത്തിക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നതിനായിരുന്നു യോഗം.

എന്നാൽ പാർട്ടി ജില്ലാസെന്ററിന്റെയോ ഡി.വൈ. എഫ്. ഐ സംസ്ഥാന നേതൃത്വത്തിന്റെയോ അംഗീകാരം ഇതിനുണ്ടോയെന്നു മനു ചോദിച്ചു. ഇല്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ യോഗം നടത്താൻ പറ്റില്ലെന്ന നിലപാട് അധ്യക്ഷനെന്ന നിലയിൽ മനുതോമസ് സ്വീകരിച്ചു. ഇതിൽ പ്രകോപിതനായ പി.ജയരാജൻ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇതോടെയാണ് പി.ജയരാജന്റെ നമ്പർ വൺ ശത്രുവായി പാർട്ടിക്കുള്ളിൽ മനുതോമസ് മാറിയത്. ഇതിനു ശേഷം മനു തോമസിനെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് സംഘടനയ്ക്കുള്ളിൽ നടന്നത്. പാർട്ടി തള്ളിപറഞ്ഞ ലഹരി, ക്വട്ടേഷൻ മാഫിയ സംഘത്തിനെതിരെ ഡി.വൈ. എഫ് ഐ നടത്തിയ ജില്ലാപ്രചരണ ജാഥയിൽ പങ്കെടുത്ത മനുതോമസിനെ പലയിടത്തും പ്രസംഗിക്കാൻ അനുവദിച്ചില്ല. കൂത്തുപറമ്പ് പഴയനിരത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ലോക്കൽ സെക്രട്ടറിയുടെ സഹോദരനായ ക്വട്ടേഷൻ തലവൻ ഫ്യൂസ് ഊരി മൈക്ക് ഓഫാക്കുകയും ചെയ്തു.

കണ്ണൂർ ജില്ലയിൽ നിരവധി പേരെ അരിഞ്ഞുതള്ളിയ ഡോണെന്നു പാർട്ടി വൃത്തങ്ങളിൽ വിളിക്കുന്ന ഗുണ്ടാനേതാവായിരുന്നു പ്രാദേശിക നേതാക്കളുടെ പിൻതുണയോടെ അതിക്രമം കാണിച്ചത്. ഇന്നത്തെ സ്പീക്കർ എ. എൻ ഷംസീർ ഉൾപ്പെടെയുള്ളവർ അന്നത്തെ ജാഥയിലുണ്ടായിരുന്നു. ഷംസീർ തന്നെ പിന്നീട് ഒരു ചാനൽ ചർച്ചയിൽ ഈക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈക്കാര്യം വിവാദമായപ്പോൾ താൽക്കാലികമായി ലോക്കൽ സെക്രട്ടറിയെ മാറ്റുകയും പിന്നീട് തിരിച്ചെടുക്കുകയുമായിരുന്നു പാർട്ടി നേതൃത്വം. ഒരുകാലത്ത് പാർട്ടി ജില്ലാകമ്മിറ്റി ഓഫീസിൽ നിത്യസന്ദർശകരായിരുന്നു അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെ. പാർട്ടി ജില്ലാകമ്മിറ്റിയുടെ വാഹനത്തിൽ ഇവർ സഞ്ചരിക്കുകയും ഓഫീസ് ജീവനക്കാരോട് അധികാരഭാവത്തോടെ പെരുമാറുകയും ചെയ്തിരുന്നു.

ഇതുകൂടാതെ പൊട്ടിക്കൽ സ്വർണം സുരക്ഷിതമായി കൈക്കാര്യം ചെയ്യുന്നതും ഡീൽ പ്രകാരം അതിന്റെ ഓഹരി കൈമാറുന്നതും ഇവരായിരുന്നുവെന്നാണ് മനുതോമസ് പറയുന്നത്. ചെറുപുഴയിൽ പോയി പാർട്ടി ഓഫീസ് ജീവനക്കാരിൽ ഒരാൾ പൊട്ടിക്കൽ സ്വർണത്തിന്റെ ഓഹരി കൈപ്പറ്റിയ വിവരം അവിടുത്തെ പ്രാദേശിക നേതാക്കളാണ് മനുതോമസിനെ അറിയിച്ചത്. ക്വാറി ഉടമയെ എതിർത്ത ഏരിയാസെക്രട്ടറിയെ മാറ്റുകയും പുതിയ ഒരു ഒത്താശക്കാരനെ നിയോഗിക്കുകയും ചെയ്തത് പാർട്ടിക്കുള്ളിൽ തന്നെ ചൂടേറിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് ഷാജർക്ക് ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധത്തിന്റെ തെളിവുകൾ മനുവിന് ലഭിക്കുന്നത്. ഇരുവരുമുള്ള രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ചോർന്നു കിട്ടിയ ശബ്ദ സന്ദേശമായിരുന്നു തെളിവ്.

ആകാശും അർജുൻ ആയങ്കിയും മനുതോമസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച കാലമായിരുന്നു അത്. തില്ലങ്കേരിയിൽ നടന്ന ക്ളബ് പരിപാടിക്കിടെ ആകാശ് തില്ലങ്കേരിക്ക് ഷാജർ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം ക്യാപ്റ്റനുള്ള സമ്മാനം വിതരണം ചെയ്തതും വിവാദമായി. ഇതോടെ പാർട്ടിയിൽ ഷാജർക്കെതിരെ പരാതി നൽകിയ മനുതോമസ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നുവെങ്കിലും പി.ജയരാജന്റെ വിശ്വസ്തനായ നേതാവിനെ കൊണ്ടു സംഭവം പേരിന് അന്വേഷിപ്പിച്ചു ഒതുക്കാനാണ് പാർട്ടി നേതൃത്വം ശ്രമിച്ചത്. ഇതിനു സംസ്ഥാന നേതൃത്വവും കൂട്ടുനിന്നതോടെ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുകയായിരുന്നു മനുതോമസ്.

എന്നാൽ ഇതിനിടെയാണ് വ്യക്തിപൂജയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ജയരാജൻ അകലുന്നത്. പി.ജയരാജനെ കുറിച്ചുള്ള ആരോപണങ്ങൾ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചെവിയിലുമെത്തി. ഇതിനിടെയാണ് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് മണ്ഡലത്തിൽ ചാവേറായി മത്സരിപ്പിച്ചു പി.ജയരാജനെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുന്നത്.