കണ്ണൂർ: പാനൂർ തൃപ്പങ്ങോട്ടൂരിലെ മുളിയാതോട് ബോംബ് സ്‌ഫോടനത്തിൽ ഡിവൈഎഫ്‌ഐ നേതാവ് കസ്റ്റഡിയിലായതോടെ സംഭവവുമായി ബന്ധമില്ലെന്ന സിപിഎം നേതാക്കളുടെ വാദം പൊളിഞ്ഞു. മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു (28)നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ അനീഷ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തും. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ചെറുപറമ്പ് അടുങ്കുടി വയലിലെ അടുപ്പുകൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ, കുന്നോത്ത് പറമ്പിലെ കിഴക്കയിൽ അതുൽ, ചിറക്കരാണ്ടിമേൽ സായൂജ്,ചെണ്ടയാട് പാടന്റെ താഴെ ഉറപ്പുള്ള കണ്ടിയിൽ അരുൺ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഇതിൽ സായൂജ് ഒഴികെ മൂന്ന് പേർ റിമാൻഡിലാണ്.സായൂജിനെയും, അമൽ ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി തലശേരികോടതിയിൽ ഹാജരാക്കും.

കുന്നോത്ത് പറമ്പ് സ്വദേശി മിഥുൻ, കതിരൂർ സ്വദേശി ഷിബിൻ എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്.ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇതിൽ മിഥു നിന് ബോംബു നിർമ്മാണത്തിൽ നേരിട്ട് പങ്കില്ല. ഇയാൾ ബാംഗ്‌ളൂരിൽ നിന്നും ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഡിവൈഎഫ്‌ഐ നേതാവ് അടക്കം കേസിൽ പ്രതിയായത്.

ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ, കൂത്തുപറമ്പ് എസിപി കെവി.വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. പാനൂർ ബോംബ് സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും ആവർത്തിക്കുന്നതിനിടെയാണ് ഡിവൈഎഫ്ഐ നേതാവ് തന്നെ കേസിൽ കസ്റ്റഡിയിലാകുന്നത്.
ഇതിനിടെ ബോംബ് സ്‌ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിലെ സന്ദർശനം വിവാദമായതോടെ വിശദീകരണവുമായി സിപിഎം നേതാവ് എ. അശോകൻ രംഗത്തെത്തി.

വീട്ടുകാരുമായുള്ള ബന്ധത്തിന്റെ പേരിലാണ് താൻ ഷെറിന്റെ വീട് സന്ദർശിച്ചതെന്ന് സിപിഎം നേതാവ് എ.അശോകൻ വ്യക്തമാക്കി. മുളിയാതോട് ബോംബ് സ്‌ഫോടനത്തിൽ മരിച്ച സിപിഎം പ്രവർത്തകൻ കാട്ടിന്റെവിട ഷെറിനെ പാർട്ടി തള്ളി പറഞ്ഞ സാഹചര്യത്തിലാണ് എ അശോകൻ ശനിയാഴ്‌ച്ച വൈകുന്നേരം മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്തിയത്. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗവും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പാർട്ടിയുടെ നിർദ്ദേശമോ മറ്റോ അല്ല തന്റെ സന്ദർശനത്തിനു പിന്നിലെന്ന് അശോകൻ പറഞ്ഞു. മരിച്ച വീട്ടിൽ സന്ദർശനം നടത്തുന്നത് സ്വഭാവികമാണ്. മക്കൾ തെറ്റു ചെയ്തതിന് ബന്ധുക്കൾ എന്തു പിഴച്ചു. ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം അറിയിച്ചതാണെന്നും എ.അശോകൻ പറഞ്ഞു. ബ്രാഞ്ച് അംഗം പറമ്പത്ത് സുകുമാരനും എ.അശോകനൊപ്പം ഷെറിന്റെ വീട് സന്ദർശിച്ചിരുന്നു. 2014 ഇരുവരും ബിജെപി ബന്ധമുപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നവരാണ്. ഇതിനു ശേഷം കൂത്തുപറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയും അശോകൻ വഹിച്ചിരുന്നു. അശോകനോടൊപ്പം ബിജെപി വിട്ട മറ്റൊരു നേതാവാണ് ഒകെ വാസു മാസ്റ്റർ'

അതേസമയം പാനൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. ബോംബ് നിർമ്മിക്കാൻ മുൻകൈയെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയും കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

പാനൂർ സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കി. പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച കണ്ണൂർ-കോഴിക്കോട് അതിർത്തി പ്രദേശങ്ങളിലും ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. സ്‌ഫോടനത്തിൽ പരുക്കേറ്റ വിനീഷിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.