- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോംബ് നിർമ്മാണം കുന്നോത്ത്പറമ്പിലെ ബിജെപി-കോൺഗ്രസ് പ്രവർത്തകരെ ലക്ഷ്യമിട്ട്
കണ്ണൂർ : പാനൂർ മുളിയാതോട് ബോംബ് നിർമ്മാണത്തിനു പിന്നിൽ രാഷ്ട്രീയ അക്രമത്തിനായുള്ള മുന്നൊരുക്കം തന്നെയെന്ന വിലയിരുത്തലുമായി അന്വേഷണ സംഘം. സിപിഎം പ്രവർത്തകരായ പത്തംഗ സംഘം ബോംബ് നിർമ്മിച്ചത് മീത്തലെ കുന്നോത്ത് പറമ്പിൽ ബിജെപിക്കെതിരെ പ്രതിരോധം തീർക്കാനാണെന്ന് നിർണ്ണായക മൊഴി ലഭിച്ചതായാണ് വിവരം. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്‌ഫോടന കേസിൽ വഴിത്തിരിവാകുന്ന മൊഴി ലഭിച്ചത്.
കഴിഞ്ഞ മാസം കുയിമ്പിൽ ക്ഷേത്ര പരിസരത്ത് വെച്ച് ബിജെപി പ്രവർത്തകനായ പൂക്കോത്തെ ആദിത്യന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമെന്നോളം സിപിഎം പ്രവർത്തകരായ അതുൽ, സായൂജ് എന്നിവരുടെ വീടുകൾക്ക് നേരെയും, ബൈക്കിനു നേരെയും ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തിനു ശേഷം സായൂജിന്റെ വീട് പരിസരത്ത് മുഖംമൂടി സംഘം വന്നതായും ആരോപണമുണ്ട്. തനിക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലായിരുന്നു സായൂജ്.
തന്റെ ബൈക്ക് തകർത്തതിലും സഹപ്രവർത്തകൻ അതുലിന്റ വീടാക്രമിച്ചതിലും പ്രതികളായ അഞ്ചംഗ ആർഎസ്എസ് പ്രവർത്തകർ കേസിൽ റിമാൻഡ് കഴിഞ്ഞ് വന്നതിനു ശേഷം അവർക്കെതിരെ ആക്രമണം നടത്താനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇതിനായാണ് ബോംബ് നിർമ്മാണത്തിനായി മുളിയാതോടിലെ സ്‌ഫോടനത്തിൽ ഗുരതര പരിക്കേറ്റ വിനീഷിനെ സമീപിക്കുന്നത്. മീത്തലെ കുന്നോത്ത് പറമ്പിലെ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവ് അമൽ ബാബു, സായൂജ്, അതുൽ എന്നിവരാണ് ബോംബ് നിർമ്മാണത്തിന് ആസൂത്രണം ചെയ്യുന്നത്. ഇവർ മൂന്ന് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം ലഭിച്ചതു പ്രകാരമാണ് അമൽ ബാബു ബോംബ് നിർമ്മാണത്തിന് ചുക്കാൻ പിടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷ് മീത്തലെ കുന്നോത്ത് പറമ്പിൽ സ്‌ഫോടനം നടക്കുന്ന തലേന്നാൾ വരെ രാത്രിയിൽ തമ്പടിച്ചതായും പറയുന്നുണ്ട്. ഇതിനു പുറമെ കോൺഗ്രസ്സ് പ്രവർത്തകരുമായും, മീത്തലെ കുന്നോത്ത് പറമ്പിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ റീത്ത് വെയ്ക്കുകയും, സാംസ്കാരിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പാനൂർ, കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.
ബോംബ് നിർമ്മാണത്തിന്റെ മറ്റ് വിവരങ്ങൾ ലഭിക്കാൻ പരിക്കേറ്റവരുടെ മൊഴി കൂടി എടുക്കേണ്ടതുണ്ട്. ഇരു കൈപ്പത്തിയും നഷ്ടപ്പെട്ട വിനീഷ് കോഴിക്കോട് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ കാട്ടിന്റെവിട ഷെറിൻ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂത്തുപറമ്പ് എസിപി കെവി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് സ്‌ഫോടന കേസ് അന്വേഷിക്കുന്നത്. നിലവിൽ ഡിവൈഎഫ്‌ഐ നേതാവ് അമൽ ബാബു അടക്കം അഞ്ചു പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലെത്തിയിരിക്കുകയാണ്.
അറസ്റ്റിലായവരെ ഇന്ന് തലശേരി കോടതിയിൽ ഹാജരാക്കും. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു, മിഥുൻ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. ചെയ്തത്. സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നയാളാണ് അമൽ എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. സിപിഎം റെഡ് വോളണ്ടിയറുമായിരുന്നു. അറസ്റ്റിലായ മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ ബംഗ്‌ളൂരിൽ നിന്നും പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു. കേസിൽ രണ്ടു പേർ ഒളിവിലാണ്.
പരിക്കേറ്റ മൂന്ന് പേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഈ കേസിൽ ഒളിവിലുള്ള രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആർക്കു വേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന നിർണായക വിവരം തേടിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഒളിവിലുള്ള പ്രതികളെ പിടികൂടാനായാൽ ഇക്കാര്യം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ബോംബ് നിർമ്മിക്കാൻ മുൻകൈയെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചതിന്റെ യഥാർത്ഥ ലക്ഷ്യം പുറത്തുവരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.