കണ്ണൂർ: പാനൂരിലെ ബോംബ് നിർമ്മാണത്തിൽ വൻഗൂഢാലോചന നടന്നുവെന്ന് സൂചന. പത്തോളം പേർ നടത്തിയ ബോബു നിർമ്മാണ ക്യാംപിനിടെയാണ് അബദ്ധത്തിൽ ബോംബു പൊട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. തലശേരി താലൂക്കിലെ ബോംബുനിർമ്മാണ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് മരമിൽ കേന്ദ്രീകരിച്ചു കഴിഞ്ഞ കുറെ ദിവസങ്ങളായി രാപകൽ ബോംബു നിർമ്മാണം നടന്നത്. തെരഞ്ഞെടുപ്പിൽ ബൂത്ത് പിടിക്കാനും പോളിങ് കഴിഞ്ഞാൽ രാഷ്ട്രീയ എതിരാളികളുടെ ഓഫീസുകൾക്കും വീടുകൾക്കും നേരെ എറിയാനുമാണ് വൻതോതിൽ ബോംബു ശേഖരിച്ചതെന്നാണ് വിവരം.

ഇതിനായി തലശേരി താലൂക്കിലെ ബോംബു നിർമ്മാണ വിദഗ്ദ്ധരൊക്കെ ഇവിടെ തമ്പടിച്ചിരുന്നു. ക്വട്ടേഷൻ ടീമുകളിൽപ്പെട്ട ചിലരും സംഘത്തിലുണ്ടായിരുന്നു. പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോട് ബോംബ്നിർമ്മാണ സ്ഥലത്ത് കൂടുതൽ പേരുണ്ടായിരുന്നുവെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിരൽ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കാണ്. സ്ഫോടനത്തിൽ അതീവഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഷെറിനും മാരകമായി പരുക്കേറ്റ് അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വിനീഷിനും പുറമെ മറ്റു രണ്ടുപേർ കൂടി ആശുപത്രിയിലുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. വിനോദ്, അക്ഷയ് എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ വിനോദിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും അക്ഷയിയെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

എട്ടുമുതൽ പത്തോളം പേർ സ്ഫോടനം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നതാണ് പൊലിസ് നിഗമനം. സി.പി. എം പ്രവർത്തകരാണ് പരുക്കേറ്റവർ. സി.പി. എം നേതാക്കൾക്കൊന്നിച്ചു പ്രതികൾ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെ പ്രതികളെ തള്ളിപ്പറഞ്ഞു കൊണ്ടു സി.പി. എം പ്രാദേശിക നേതൃത്വം രംഗത്തുവന്നു. സ്ഫോടനത്തിൽ സി.പി. എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സിപിഐ എം പാനൂർ ഏരിയാ സെക്രട്ടറി കെ. ഇ കുഞ്ഞബ്ദുള്ള പാനൂർ ഏരിയാകമ്മിറ്റി ഓഫീസിൽ അറിയിച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടി രിക്കുന്ന സാഹചര്യത്തിലാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത്.

സ്ഫോടനത്തിൽ പരിക്കുപറ്റിയ ബിനീഷ്, ഷെറിൻ എന്നിവർ സിപിഎം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പെടെ പ്രതികളാണ്. ആ ഘട്ടത്തിൽ തന്നെ ഇവരെ പാർട്ടി തള്ളി പറഞ്ഞതുമാണ്. നാട്ടിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടി പരസ്യമായി തള്ളി പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തിൽ സ്ഫോടനത്തിൽ പരിക്കുപറ്റിയവർ സിപിഎം പ്രവർത്തകരാണെന്നനിലയിലുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം എതിരാളികൾ നടത്തുകയാണ്. കുന്നോത്തുപറമ്പ് മേഖലയിലാകെ സമാധനന്തരിഷം നിലനിർത്താനും, അതിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തനം നടത്തി കൊണ്ടിരിക്കുകയും ചെയ്ത പാർട്ടിയാണ് സിപി എം.

സമാധാനന്തരീക്ഷം ഉറപ്പു വരുത്തുന്നതിന് സിപി എം നടത്തിയിട്ടുള്ള ശ്രമങ്ങൾ ഇതര രാഷ്ട്രീയ പാർട്ടികൾക്കും, പൊലിസിനും ബോധ്യമുള്ളതാണ്. മുളിയാത്തോട് സ്ഫോടനവുമായി ബന്ധപ്പെട്ടു.സമഗ്രവും, വിശദവുമായ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട് വ്യാപകമായ അക്രമങ്ങൾക്ക് സിപിഎം കോപ്പുകൂട്ടുന്നുവെന്നതിന്റെ തെളിവാണ് പാനൂരിൽ സിപിഎം കേന്ദ്രത്തിൽ ബോംബ് നിർമ്മാണത്തിനിടെ ഒരു സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ സ്ഫോടനമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു.

സിപിഎമ്മിന്റെ സങ്കേതങ്ങളിൽ പാർട്ടി നേതൃത്വത്തിന്റെ അറിവോടെ ബോംബ് നിർമ്മാണവും, ആയുധ സംഭരണവും തകൃതിയായി നടക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നും റെയ്ഡുകളോ, മറ്റ് അന്വേഷണങ്ങളോ ഒന്നും നടക്കുന്നില്ല. ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കുകയാണ് പൊലിസ് ചെയ്യുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതിനു ശേഷം മാർട്ടിൻ ആരോപിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഇടപെടണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് കണ്ണൂരിൽ ആവശ്യപ്പെട്ടു. കേന്ദ്രസേനയെ നിയമിക്കുന്നതോടൊപ്പം ജില്ലയിലെ എൽഡിഎഫ് യുഡിഎഫ് പോക്കറ്റുകളിലെ ബൂത്തുകളിൽ നിഷ്പക്ഷ സേനാംഗങ്ങളെ നിയമിച്ച് പ്രത്യേക സുരക്ഷ ഒരുക്കണമെന്നും ശ്രീകാന്ത് പറഞ്ഞു.

കണ്ണൂരിലെ തെരഞ്ഞെടുപ്പിന്റെ പൂർണ്ണ ചുമതല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുക്കണം. ഇതിനായി നിവേദനം നൽകും . പൊലീസ് ഉദ്യോഗസ്ഥർ പൂർണ്ണമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന് കൂട്ടുനിൽക്കുകയാണ്.സിപിഎമ്മും കോൺഗ്രസ്സും ഒരുപോലെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിൽ വ്യാപകമായ അക്രമം നടത്തി ഭീതിപരത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമം. ഈ ഗൂഢാലോചനയുടെ ഭാഗമാണ് പാനൂരിലെ ബോംബ് സ്‌ഫോടനം. സിപിഎം ജില്ലാ നേതാക്കൾ അടക്കം അറിഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത്. ബോംബ് നിർമ്മാണ വിവരം അറിഞ്ഞിട്ടും പൊലീസ് റെയ്ഡ് നടത്തിയില്ല. പൊലീസിന്റെ വീഴ്ചയാണ് എല്ലാറ്റിനും കാരണമെന്നും ശ്രീകാന്ത് ആരോപിച്ചു.

ഒരുഭാഗത്ത് ഇങ്ങനെയുള്ള ശ്രമം സിപിഎം നടത്തുമ്പോൾ ഇതേ ശ്രമമാണ് കോൺഗ്രസിൽ കെ സുധാകരന്റെ നേതൃത്വത്തിൽ നടക്കുന്നത് .ദേശവിരുദ്ധ ശക്തികൾ ആയുധം ശേഖരിക്കുന്ന അവസ്ഥയാണ്. കോൺഗ്രസ് നേതാക്കൾ എസ്ഡിപിഐ നേതാക്കളുമായി നേരത്തെ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇത് പുറത്തു വന്നപ്പോൾ അവരുടെ വോട്ട് വേണ്ടായെന്ന് പറഞ്ഞു ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ് നടത്തുന്നതെന്നും കെ. ശ്രീകാന്ത് പറഞ്ഞു.