- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രൂരത കണ്ടപ്പോൾ പ്രതിയെ അതിവേഗം പിടികൂടേണ്ട അനിവാര്യത തിരിച്ചറിഞ്ഞു; വിഷ്ണുപ്രിയയുടെ ഫോണിലെ അവസാന കോൾ നിർണ്ണായകമായി; സൈക്കോ കൊലയാളിയുടെ നമ്പർ തപ്പിയെടുത്ത് ടവർ ലൊക്കേഷനിലൂടെ നീങ്ങി; മാനന്തേരിയിലെ ശശിയണ്ണന്റെ ഹോട്ടലിലെ അതിവേഗ അറസ്റ്റ് പൊന്നാനിക്കാരനെ രക്ഷിച്ചു; തടഞ്ഞത് മറ്റൊരു കൊല; പാനൂർ സിഐ ആസാദിന്റേത് സൂപ്പർ ഇടപെടൽ
കണ്ണൂർ: പൊന്നാനിയിലേക്ക് ശ്യാംജിത്തിനെ പോകാൻ അനുവദിക്കാതെ പിടികൂടിയത് കേരളാ പൊലീസിന്റെ മികവാണ്. പാനൂരിലെ വെള്ളിയായിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ കേരള പൊലീസ് പ്രതിയായ ശ്യാംജിത്തിനെ പിടികൂടിയത് കൃത്യം നടന്ന് മൂന്നു മണിക്കൂറുകൾക്കുള്ളിൽ ആണ്. കേരള പൊലീസിന് മേൽ ഏറെ വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്ത് പ്രതിയെ കൃത്യം നടന്ന മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ ആയത് കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ്. പ്രതി കുറ്റം സമ്മതിച്ചതും, കൃത്യത്തിന് ഉപയോഗിച്ച ആയുധം ലഭിച്ചതും പൊലീസിന് വലിയ നേട്ടം തന്നെയാണ്.
അതിലുപരി വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ ആൺസുഹൃത്തിനെ രക്ഷിക്കാനുമായി. പ്രതിയെ കണ്ടെത്തുന്നതിൽ അലംഭാവം കാട്ടിയിരുന്നുവെങ്കിൽ പ്രതി നാടുവിടാൻ സാധ്യത ഏറെയായിരുന്നു. പൊന്നാനിയിലെ വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊല്ലാനും ശ്യാംജിത്ത് പദ്ധതി തയ്യറാക്കിയിരുന്നു. പ്രതിയായ ശ്യാംജിത്തിനെ കണ്ടുപിടിക്കാനായി ഏറെ സഹായകരമായത് പാനൂർ ഇൻസ്‌പെക്ടർ ആയ ആസാദ് എംപിയുടെ ഇടപെടലാണ്. പാനൂർ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഓ ആണ് അദ്ദേഹം. കോഴിക്കോട് വടകരയ്ക്ക് സമീപമുള്ള വാണിമേൽ സ്വദേശിയാണ് ഇദ്ദേഹം. വാണിമേലുള്ള ക്രസന്റ് ഹൈസ്‌കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. നിരവധി പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്.
ശ്യാംജിത്ത് പൊലീസ് പിടിയിലാവാൻ നിർണായകം ആയത് ആസാദ് എംപി എന്ന കോഴിക്കോട് കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യമായുള്ള ഇടപെടൽ ആയിരുന്നു. ഇദ്ദേഹത്തോടൊപ്പം പാനൂർ എസ്‌ഐ സി.സി ലതീഷ്, എഎസ് ഐ കെ. മനോഹരൻ എന്നിവരും നിർണായക നീക്കവുമായി കൂടെയുണ്ടായിരുന്നു. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ വിവാദവും മാങ്ങ മോഷണ കേസും ഒക്കെ കത്തി നിൽക്കുന്ന സമയത്ത് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ സാധിച്ചത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം കണ്ണൂർ ജില്ലയിലെ ബ്രണ്ണൻ കോളേജിൽ നിന്നും 1996-ൽ ഡിഗ്രി പൂർത്തിയാക്കി. വിദ്യാഭ്യാസത്തിനുശേഷം പല ജോലികളും ചെയ്ത ഇദ്ദേഹം 2003-ൽ വിവാഹിതനായി. ജസ്ലയാണ് ഭാര്യ. 2005ലാണ് കേരള പൊലീസിലേക്ക് ഇദ്ദേഹത്തിന് സെലക്ഷൻ ലഭിച്ചത്. തുടർന്ന് നിരവധി പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തു. രണ്ട് ആൺ മക്കളുമുണ്ട്. മുഹമ്മദ് എം ആസാദ്, ഐസ എം ആസാദ് എന്നിവരാണ് മക്കൾ. കണ്ണൂരിൽ മറഡോണ വന്ന സമയത്തും, ഡോ. ശ്രീ എ.പി.ജെ അബ്ദുൽ കലാം വന്ന സമയത്തും ഇദ്ദേഹം സംരക്ഷണ ചുമതലയിൽ ഉണ്ടായിരുന്നു.
ആസാദ് എംപി എന്ന ഇദ്ദേഹത്തിന്റെ ഇടപെടൽ ആയിരുന്നു പ്രതിയായ ശ്യാംജിത്തിനെ കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലാക്കാൻ സഹായകരമായത്. പ്രതിയായ ശ്യാംജിത്ത് വീട്ടിൽ എത്തുന്ന സമയത്ത് വിഷ്ണുപ്രിയ മലപ്പുറം പൊന്നാനിയിലുള്ള സുഹൃത്തുമായി ഫോൺ സംഭാഷണത്തിൽ ആയിരുന്നു. ഫോൺ സംഭാഷണത്തിനിടെ ശ്യാംജിത്ത് വന്നു എന്ന് പറഞ്ഞശേഷം ആയിരുന്നു വിഷ്ണുപ്രിയ ഫോൺ കട്ട് ചെയ്തത്.
സംഭവം നടന്നശേഷം പൊലീസ് എത്തിയപ്പോൾ വിഷ്ണുപ്രിയയുടെ മൃതദേഹത്തിനടുത്ത് ഫോൺ വീണു കിടക്കുകയായിരുന്നു. കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ അവസാനമായി വിളിച്ചത് പൊന്നാനിയുള്ള സുഹൃത്തിനെ ആണെന്ന് മനസ്സിലായി. ഇദ്ദേഹവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആണ് ശ്യാംജിത്ത് എന്നയാൾ വന്ന വിവരം വിഷ്ണുപ്രിയ ഇദ്ദേഹത്തിനോട് പറഞ്ഞ കാര്യം മനസ്സിലാക്കാൻ കഴിഞ്ഞത്. ശേഷം വിഷ്ണുപ്രിയ നിലവിളിച്ചു എന്നും തുടർന്ന് ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയില്ല എന്നും ഇദ്ദേഹം പറഞ്ഞു. ഇതെല്ലാം സി ഐ ആസാദിന്റെ കരുതലോടെയുള്ള നീക്കമായിരുന്നു.
അഞ്ചുവർഷമായുള്ള വിഷ്ണുപ്രിയയുടെ സുഹൃത്താണ് ശ്യാംജിത്ത് എന്നും പൊന്നാനി സ്വദേശി പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയുടെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ ശ്യാംജിത്തിന്റെ നമ്പർ ലഭിച്ചു. ആ നമ്പറിനെ പിന്തുടർന്നായി പിന്നീട് അന്വേഷണം. മാത്രമല്ല നാട്ടുകാരോട് സംസാരിച്ചപ്പോൾ 25 വയസ്സ് തോന്നിക്കുന്ന ചെറിയൊരു പയ്യനെ പ്രദേശത്ത് കണ്ടതായി ചിലർ പറഞ്ഞു. ഇതും ശ്യാംജിത്തിലേക്ക് വിരൽചൂണ്ടുന്ന സംഭവമായിരുന്നു. പൊലീസ് ശ്യാംജിത്തിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഏകദേശം കാര്യങ്ങൾ വ്യക്തമായി. തുടർന്ന് അയാളെ പിന്തുടർന്ന് പൊലീസ് എത്തിയത് മാനന്തേരിയിൽ.
കൂത്തുപറമ്പിനടുത്തുള്ള മാനന്തേരി സത്രം സ്വദേശിയാണ് ശ്യാംജിത്ത്. അദ്ദേഹത്തിന്റെ അച്ഛൻ ഹോട്ടൽ നടത്തുകയാണ്. പ്രതിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ അച്ഛൻ നടത്തുന്ന ഹോട്ടലിൽ പണിയെടുക്കുകയായിരുന്നു ശ്യാംജിത്ത്. ഒരു കൊല ചെയ്ത വ്യക്തിയാണ് എന്നുള്ള യാതൊരു കൂസലും ഇല്ലാതെയായിരുന്നു അയാൾ ഹോട്ടലിൽ പണിയെടുക്കുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ അയാൾ എല്ലാ കുറ്റവും നിഷേധിച്ചു. പക്ഷേ പിന്നീട് പൊലീസ് കൃത്യമായുള്ള തെളിവുകളോടെയാണ് തന്റെടുത്ത് എത്തിയത് എന്ന് അറിഞ്ഞപ്പോൾ കുറ്റം സമ്മതിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്