കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ഗോപാൽ ജർമ്മനിയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. പന്തീരാങ്കാവ് പൊലീസ് ഗാർഹിക പീഡന കേസ് രജിസ്റ്റർ ചെയ്ത ദിവസം രാഹുൽ വീട്ടിലുണ്ടായിരുന്നു. വധശ്രമത്തിന് കേസെടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഒളിവിൽ പോയത്. കർണാടകയിൽ വച്ച് രാഹുലിന്റെ ഫോൺ ഓണായിരുന്നു. വീണ്ടും സ്വിച്ച് ഓഫായി. ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് പോയിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മാത്രമല്ല ഇയാൾക്ക് ജർമനിയിൽ ജോലി ഉണ്ടെന്ന് പറഞ്ഞത് കളവാണോ എന്നതിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

രാഹുലിനെ കൊണ്ടുവരാൻ വേണ്ടി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ബ്ലൂ കോർണർ പുറപ്പെടുവിക്കാൻ, രാജ്യത്ത് സിബിഐക്ക് മാത്രമാണ് അവകാശം. ഇന്റർപോൾ ഇങ്ങനെയൊരു ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെങ്കിൽ സിബിഐ ആവശ്യപ്പെടണം. പൊലീസിന് ക്രൈംബ്രാഞ്ചിനോടും, ക്രൈംബ്രാഞ്ചിന് സിബിഐയോടും, സിബിഐക്ക് ഇന്റർപോളിനോടും ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെടാം. കേസിന്റെ ഗൗരവം അനുസരിച്ച് മാത്രമായിരിക്കും സിബിഐ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക. അതുകൊണ്ട് ഉടൻ തന്നെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കും എന്ന് പൊലീസ് അവകാശവാദത്തിൽ തർക്കമുണ്ട്.

രാഹുൽ ജർമ്മനിക്ക് കടന്നതോടെ അയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നും സർക്കാർ പറയുന്നു. എന്നാൽ, അതും നിയമപരമല്ല. ഒളിവിൽ പോയി എന്നതിന്റെ പേരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക സാധ്യമല്ല. മറിച്ച് സാമ്പത്തിക കുറ്റകൃത്യത്തിൽ ഒരാൾ ഏർപ്പെട്ടാൽ മാത്രമാണ് അയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാകുക. ജർമനിയിലെ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ നടപടിയെടുക്കും എന്നും വാർത്തകൾ വരുന്നു. എന്നാൽ, അത് സാധ്യമേയല്ല. ജർമനിയിൽ രജിസ്റ്റർ ചെയ്ത കേസ് അനുസരിച്ച് മാത്രമേ അവിടുത്തെ അക്കൗണ്ട് മരവിപ്പിക്കാൻ കഴിയൂ.

രാഹുൽ എന്നയാൾ ഫ്രോഡാണ്, തട്ടിപ്പുകാരനാണ് എന്നാണ് ഇതുവരെയുള്ള സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. രാഹുൽ ഭാര്യയെ തല്ലി എന്നത് യാഥാർഥ്യമാണ്. എന്തുകാരണത്തിന്റെ പേരിലായാലും ദേഹോപദ്രവം പാടില്ല. രാഹുലിന് എതിരെയുള്ള കേസ് നിയമപരമാണ്. അയാളെ ന്യായീകരിക്കുക സാധ്യമല്ല. മാത്രമല്ല, രാഹുൽ മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നുവെന്ന വാർത്ത കൂടി പുറത്തുവരുന്നുണ്ട്. അയാൾ കല്യാണ തട്ടിപ്പ് വീരനാണോ, ജർമനിയിൽ ജോലിയുണ്ടോ, ഇക്കാര്യങ്ങൾ എല്ലാം അന്വേഷിക്കണം.

സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചോ?

150 പവനും കാറും, സ്ത്രീധനം ചോദിച്ച് രാഹുൽ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യത്തിൽ രാഹുല് സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞത് ഇങ്ങനെ: 'പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചില കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണു മർദിച്ചത്. ഭാര്യയെ തല്ലിയെന്നൊരു തെറ്റ് എന്റെ ഭാഗത്തുണ്ടായി. എന്നാൽ സ്ത്രീധനം ചോദിച്ചിട്ടില്ല. ഇപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണു ഞാൻ. നാട്ടിൽ നിൽക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പിന്നെ അത്യാവശ്യം ഭീഷണിയും ഉണ്ടായിരുന്നു-രാഹുൽ പറയുന്നു.

അവളെ തല്ലിയെന്നുള്ള തെറ്റ് ഞാൻ ചെയ്തു. അതിന് എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറായിരുന്നു. എന്നാലത് ഒരിക്കലും സ്ത്രീധനം ചോദിച്ചോ കാർ ചോദിച്ചോ ആയിരുന്നില്ല. കൊണ്ടായിരുന്നില്ല. ജർമ്മനിയിൽ ജോലി ചെയ്യുന്ന എനിക്കെന്തിനാണ് നാട്ടിലൊരു കാർ? സ്വന്തമായുണ്ടായിരുന്ന ബൈക്ക് വിറ്റാണ് ഞാൻ തിരിച്ച് ഇങ്ങോട്ടേയ്ക്ക് വന്നത്.'- രാഹുൽ പറഞ്ഞു.

പന്തീരാങ്കാവ് സിഐ സരിനെ സസ്‌പെൻഡ് ചെയ്തത് എന്തിന്?

പന്തീരാങ്കാവ് സിഐ എ എസ് സരിനെ ഉന്നത ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി സസ്‌പെൻഡ് ചെയ്തുവെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. അതു വളരെ അപകടകരമായ അന്തരീക്ഷം കേരള പൊലീസിൽ ഉണ്ടാക്കും. കള്ളക്കേസ് എടുക്കാൻ പൊലീസ് നിർബന്ധിതരാകും. സരിന്റെ സസ്‌പെൻഷൻ അടിയന്തരമായി പുനഃ പരിശോധിക്കേണ്ടതാണ്. പന്തീരാങ്കാവ് സിഐ സരിനെതിരെ ഇതിന് മുമ്പ് ആരോപണങ്ങളൊന്നും വന്നിട്ടില്ല. മികച്ച സേവന റെക്കോഡുള്ള ഉദ്യോഗസ്ഥനാണ്.

സരിൻ ചെയ്ത കുറ്റമെന്ത്?

ഒരുഞായറാഴ്ചയായിരുന്നു കല്യാണം. അതിന്റെ പിറ്റേ ഞായറാഴ്ച വീട് കാണൽ ചടങ്ങിനായി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തുന്നു. അപ്പോഴാണ് യുവതിയുടെ ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽ പെടുന്നത്. ഈ ഒരാഴ്ച പെൺകുട്ടി തനിക്ക് മർദ്ദനമേറ്റ കാര്യം വീട്ടുകാരോട് പറഞ്ഞിട്ടില്ല. പരാതിയാകുന്നു, കേസാകുന്നു. എസ്എച്ച്ഒ അപ്പോൾ തന്നെ രാഹുലിനെയും വീട്ടുകാരെയും വിളിച്ചുവരുത്തുന്നു. ചർച്ച നടത്തുന്നു. പൊലീസിന് മൂന്നു വകുപ്പനുസരിച്ചാണ് രാഹുലിന് എതിരെ കേസെടുക്കാവുന്നത്. 324, 304, 498. 498 ഗാർഹിക പീഡന വകുപ്പും, 324 കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനും, 304 വധശ്രമവുമാണ്. 324 ഉം, 498 ഉം വകുപ്പുകൾ ചുമത്തി കൊണ്ട് അപ്പോൾ തന്നെ എഫ്‌ഐആറിട്ടു. ഈ വകുപ്പ് അനുസരിച്ച് കേസെടുത്താൽ, അറസ്റ്റിന് കമ്മീഷണർ അടക്കം ഉള്ളവരുടെ അനുമതി വേണം, പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. അതേസമയം, വധശ്രമക്കേസാണെങ്കിൽ അങ്ങനെയല്ല.

പക്ഷേ മേലുദ്യോഗസ്ഥർ പറഞ്ഞിട്ടുള്ളതും, സുപ്രീം കോടതി പറഞ്ഞിട്ടുള്ളതും, പൊലീസ് സ്റ്റേഷനുകളിൽ സ്ഥിരമായി നടക്കുന്നതും, കുടുംബപ്രശ്‌നവുമായി വന്നാൽ, ഒരാളെ ധൃതി പിടിച്ച് ജയിലിലാക്കരുത് എന്നാണ്. കാരണം ദാമ്പത്യപ്രശ്‌ന കേസുകൾ സ്റ്റേഷനുകളിൽ ദിവസവും വരാറുള്ളതാണ്. അപ്പോഴത്തെ ആവേശത്തിന് കൊടുക്കുന്ന പരാതികളാവും മിക്കതും. അതുകൊണ്ട് ഇക്കാര്യത്തിൽ പൊലീസിന് വിവേചന ബുദ്ധിയോടെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടി വരും. ഭർത്താവിനെ ജയിലിൽ അടയ്ക്കാതെ ദാമ്പത്യ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സരിൻ ശ്രമിച്ചത്. സ്ത്രീധന പീഡനത്തിനും വധശ്രമത്തിലും കേസെടുക്കാത്തതിന് എസ്എച്ച്ഒയെ എങ്ങനെ കുറ്റം പറയാൻ കഴിയും? ഇുതന്നെയാണ് മിക്ക പൊലീസ് ഉദ്യോഗസ്ഥരും ഇത്തരം സാഹചര്യത്തിൽ ചെയ്യുന്നത്.

പൊലീസ് സ്റ്റേഷനിലെ സുപ്രധാനമായ ദൃശ്യം

പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒയുടെ മുമ്പിൽ പെൺകുട്ടി രാഹുലിന് ഒപ്പമിരിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഈ യുവതി രാഹുലിന്റെ കൈ പിടിച്ചിരിക്കുന്നു. തനിക്ക് രാഹുലിനെ പിരിയൻ താൽപര്യമില്ലെന്നും ഒപ്പം തന്നെ തുടർന്നും ജീവിക്കണമെന്നും ഉള്ള ശരീര ഭാഷയാണ് യുവതി പ്രകടിപ്പിക്കുന്നത്. 'പൊന്നു സാറെ...എനിക്ക് ഇയാൾക്കൊപ്പം ജിവിക്കണം...എന്നെ തല്ലിയെന്നത് സത്യമാണ്...എനിക്കിയാൾക്കൊപ്പം ജീവിക്കണം 'എന്ന നിലപാടായിരുന്നു ഈ യുവതിയുടേത്. യുവതിയടക്കം ആരും തന്നെ സ്ത്രീധന പീഡനം അടക്കമുള്ള ആരോപണം സ്‌റ്റേഷനിൽ ഉന്നയിച്ചിട്ടില്ല. ഇവരുടെ ആരുടെയും മൊഴിയിൽ അത്തരം ആരോപണമില്ല. മർദ്ദിച്ചു എന്ന ആരോപണം ഉന്നയിക്കുകയും അതിന് വകുപ്പ് അനുസരിച്ച് കേസെടുക്കുകയും ചെയ്തു. ഇങ്ങനെയൊരു ദൃശ്യം പുറത്തുവരണമെങ്കിൽ, രാഹുലിനെ സംരക്ഷിക്കാൻ പെൺകുട്ടി ആഗ്രഹിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. എന്നാൽ, യുവതിയുടെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നിരിക്കില്ല. അവർക്ക് മരുമകന് എതിരെ കേസെടുക്കണമെന്ന് താൽപര്യം ഉണ്ടായിരിക്കാമെങ്കിലും, യുവതി കേസെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. സിസി ടിവി ദൃശ്യങ്ങളും ഇക്കാര്യത്തിൽ പരിശോധിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ എങ്ങനെ സിഐ സരിൻ കുറ്റക്കാരനാകും എന്ന ചോദ്യമാണ് ഉയരുന്നത്. സംഭവം വിശദമായി അന്വേഷിക്കാതെ, മെമോ പോലും നൽകാതെ, ഉന്നത ഉദ്യോഗസ്ഥർ സിഐയെ സസ്പൻഡ് ചെയ്തതിലെ നീതികേടാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്നാരോപിച്ചാ് സിഐ എ.എസ്.സരിനെ സസ്‌പെൻഡ് ചെയ്തത്. ഫറോക്ക് എസിപി സജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണു സസ്‌പെൻഡ് ചെയ്തത്. പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പൊലീസ് സ്വീകരിച്ചതെന്നായിരുന്നു ആരോപണം. കേസെടുത്ത ശേഷം രാഹുലിന് നോട്ടിസ് നൽകി പൊലീസ് പറഞ്ഞുവിട്ടു. പൊലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നതിനു പിന്നാലെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത്.

പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വിമുഖ കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. സരിനെ ഉൾപ്പെടെയുള്ള പൊലീസുകാരെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി. നിലവിൽ ഫറോക്ക് എസിപി സാജു കെ.എബ്രഹാം ആണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്.