- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
ന്യൂഡൽഹി: ബിജെപിയുടെ ഭാഗമാകുമ്പോൾ അഴിമതി വിരുദ്ധ പോരാട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ മാത്രമാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും പിസി ജോർജ് പ്രതീക്ഷിക്കുന്നതെന്ന് സൂചന. പത്തനംതിട്ട സീറ്റിൽ കടുംപിടിത്തമില്ല.
എന്നാൽ സംസ്ഥാന നേതൃത്വം നൽകിയ സാധ്യതാ പട്ടികയിൽ പിസി ജോർജിന്റെ പേരുമുണ്ട്. നടൻ ഉണ്ണി മുകുന്ദനേയും പരിഗണിക്കുന്നു. അതുകൊണ്ട് തന്നെ മത്സരിക്കുന്ന സീറ്റിൽ പിസി ജോർജ് കടുംപിടത്തം പിടിക്കുന്നില്ല. എന്നാൽ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട അഴിമതി വിരുദ്ധ പോരാട്ടത്തിൽ കേന്ദ്രത്തിന്റേയും ബിജിപിയുടേയും പിന്തുണ പിസി ജോർജ് ആഗ്രഹിക്കുന്നുണ്ട്. അതുറപ്പാക്കിയാണ് പിസി ജോർജിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പരിവാർ നേതാവ് പ്രതീഷ് വിശ്വനാഥും നടത്തിയ നീക്കങ്ങളാണ് പിസി ജോർജിനെ ബിജെപിയുമായി അടുപ്പിക്കുന്നത്. ഇവർക്കൊപ്പം കേന്ദ്രമന്ത്രി വി മുരളീധരനും പിസി ജോർജിനെ കൊണ്ടു വരുന്നതിനെ അനുകൂലിച്ചു. പത്തനംതിട്ടയിൽ മത്സരിക്കുന്നതിനോട് അടക്കം നിർബന്ധമില്ലെന്ന നിലപാട് പിസി ജോർജും എടുത്തു. പിസി ജോർജിന് മതിയായ പരിഗണന ബിജെപി നൽകും. ദേശീയ ഭാരവാഹിത്വത്തിലേക്കോ മറ്റ് നിർണ്ണായക പദവികളിലോ എത്തിക്കും. ഇതിനൊപ്പം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഷോൺ ജോർജിനും ബിജെപി സംസ്ഥാന നേതൃത്വത്തിൽ പദവി കിട്ടും. ഇതോടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപിക്ക് പ്രതിനിധിയെ കിട്ടുകായണ്. ഇതും നേട്ടമായി ബിജെപി വിലയിരുത്തുന്നുണ്ട്.
ക്രൈസ്തവ സഭകളേയും നേതാക്കളേയും ബിജെപിയുമായി അടുപ്പിക്കാൻ പ്രത്യേക ടീമിനെ തന്നെ ബിജെപി നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായി മതനേതാക്കൾ ഡൽഹിയിൽ പ്രധാനമന്ത്രി മോദിയുമായി പോലും കൂടിക്കാഴ്ച നടത്തി. സഭകളുടെ പരിപാടികളിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു. അങ്ങനെ കൂടുതൽ അടുപ്പം സഭയുമായി ഉണ്ടാക്കി. ഇതിനൊപ്പമാണ് പിസി ജോർജ്ജിനേയും ബിജെപിയിലെത്തിക്കാനുള്ള ആലോചനകൾ തുടങ്ങിയത്. രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനായ പ്രതീഷ് വിശ്വനാഥും നിർണ്ണായക ഇടപെടൽ നടത്തി. ഇതിനൊടുവിലാണ് ഡൽഹി ചർച്ചകൾക്കായി പിസി ജോർജ് എത്തിയും. ചർച്ചകളെല്ലാം പൂർണ്ണ വിജയമാകുകയും ചെയ്തു. ഉപാധികൾ ഒന്നും ബിജെപി ദേശീയ നേതൃത്വത്തിന് മുന്നിൽ പിസി ജോർജ് വച്ചതുമില്ല.
എക്‌സാലോജിക്കിൽ വീണാ വിജയനെതിരെ പരാതിയുമായി മുമ്പോട്ട് പോകുന്നത് ഷോൺ ജോർജ്ജാണ്. കമ്പനി കാര്യ വകുപ്പിന് പരാതി നൽകിയ ഷോൺ ഹൈക്കോടതിയിലും നിയമ പോരാട്ടത്തിലാണ്. ഈ കേസിൽ കേന്ദ്ര സർക്കാരിന്റെ ഉറച്ച പിന്തുണ ഷോൺ പ്രതീക്ഷിക്കുന്നുണ്ട്. അതുറപ്പാക്കിയാണ് ജനപക്ഷം ബിജെപിക്കൊപ്പം പോകുന്നത്. ഈ കേസിൽ കേന്ദ്ര ഏജൻസികളുടെ ഇനിയുള്ള ഇടപെടലുകൾ നിർണ്ണായകമാകും. പിസി ജോർജ്ജിനെ പല കേസുകളിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ പിണറായി സർക്കാർ ശ്രമിച്ചു. ഒരു പരിധിക്കപ്പുറം അത് വിജയിച്ചില്ല. ഇതിന് ശേഷമാണ് എക്‌സാലോജിക്കിൽ അടക്കം നിർണ്ണായക ഇടപെടലുകൾ ഷോൺ നടത്തിയത്. പരാതികളിൽ ഷോൺ ഉറച്ചു നിന്നതാണ് മാസപ്പടി ആരോപണത്തിൽ കമ്പനി കാര്യ വകുപ്പിന്റെ അന്വേഷണം അനിവാര്യമാക്കിയത്. ഇതിൽ ഒത്തുതീർപ്പുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കും വിധമാണ് പിസിയും മകനും ബിജെപി പാളയത്തിൽ എത്തുന്നത്.
നേരത്തെ ജനപക്ഷം അധ്യക്ഷൻ പി സി ജോർജ് തന്നെയാണ് തന്റെ പാർട്ടി ബിജെപിയിൽ ലയിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരമെന്നും അതേസമയം ലോക്‌സഭ സീറ്റിന്റെ കാര്യത്തിൽ ചർച്ചയൊന്നുമില്ലെന്നും പി സി ജോർജ് പറഞ്ഞിരുന്നു. ഡൽഹി ചർച്ചയിലും ഈ നിലപാട് തന്നെയാണ് പിസി ജോർജ് എടുത്തത്. ലോക്‌സഭ തിരഞ്ഞടുപ്പിൽ പത്തനംതിട്ടയിൽ പിസി ജോർജ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വാശികളൊന്നുമില്ലെന്നാണ് പിസി ജോർജ് പറയുന്നത്. സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ല. പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിൽക്കാനാണ് നിർദ്ദേശമെങ്കിൽ നിൽക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി. ഈ രാഷ്ട്രീയ മനസ്സും ബിജെപി നേതൃത്വം പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും പിസി ജോർജ് പറഞ്ഞിട്ടുണ്ട്.
പിസി ജോർജ് ബിജെപിയിൽ ചേരുന്നതോടെ പത്തനംതിട്ട തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് പിസി ജോർജ് അനുകൂലികൾ. മാത്രമല്ല മുൻപ് പിസി ജോർജ് ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ച മണ്ഡലം കൂടിയാണ് പത്തനംതിട്ട. ഹിന്ദു- ക്രൈസ്തവ വിശ്വാസികൾ ഇടകലർന്നു ജീവിക്കുന്ന ഇടമാണ് പത്തനംതിട്ട മണ്ഡലം. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയിൽ വ്യക്തിപരമായി ജോർജിന് സ്വാധീനമുണ്ടെന്നുള്ളതും ബിജെപി പ്രതീക്ഷയാണ്. വൻ തോതിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ വോട്ടുയർത്താനാണ് ബിജെപി ആഗ്രഹം.