- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെൻഷൻ പ്രായംകൂട്ടാതെ തന്നെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഐസക്കിന്റെ ഗിമ്മിക് ബാലഗോപാലിന് അറിയില്ല; വിരമിക്കൽ പ്രായം കൂട്ടിയാൽ ഖജനാവിന് ആശ്വാസം 4000 കോടി; യുക്തിയില്ലാത്ത വാദഗതികളാണ് പെൻഷൻപ്രായം ഉയർത്താൻ വിഘാതമെന്ന തിരിച്ചറിവിൽ ഉദ്യോഗസ്ഥർ; കേരളത്തെ രക്ഷിക്കാൻ ഒറ്റമൂലി അനിവാര്യം; പെൻഷൻ പ്രായം കൂട്ടുന്നത് വീണ്ടും പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്താതെ മുന്നോട്ടു പോകാനാകില്ലന്ന കണക്ക് കൂട്ടലിലാണ് മന്ത്രി കെ.എൻ ബാലഗോപാലും ധനവകുപ്പും. പെൻഷൻ പ്രായം 57 ആക്കുന്നതിനുള്ള നിർദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിർദ്ദേശത്തിൽ രാഷ്ട്രീയ തീരുമാനമുണ്ടായാൽ പ്രഖ്യാപനമുണ്ടാകും. എന്നാൽ പ്രത്യക്ഷത്തിൽ പെൻഷൻ പ്രായം ഉയർത്തിയെന്ന് പൊതുസമൂഹത്തിന് തോന്നാത്ത വിധം വിരമിക്കൽ തിയ്യതി ഏകീകരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് കാണിച്ച ഗിമ്മിക് അന്ന് വി എസിന്റെ അടക്കം പ്രശംസ പിടിച്ചു പറ്റിയിരുന്നു.
2010 ൽ വി എസ് സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞപ്പോഴാണ് ഐസക് തന്റെ സാമ്പത്തിക സൂത്രം മുന്നോട്ട് വെച്ചത്. മാർച്ച് 31ന് ശേഷം വിരമിക്കുന്നവരുടെ തിയ്യതി ഏകീകരിച്ചാണ് ഐസക് തന്റെ ഗിമ്മിക് പുറത്തെടുത്തത്. ഫലത്തിൽ പെൻഷൻ പ്രായം കൂട്ടിയതായി ആർക്കും തോന്നിയില്ല എന്നാൽ ഏപ്രിൽ മുതൽ വിരമിക്കേണ്ടവർക്ക് അടുത്ത മാർച്ച് 31 വരെ സർവ്വീസ് നീട്ടി കിട്ടുകയും ചെയ്തു. ഈ വഴി കോടികളുടെ സാമ്പത്തിക ലാഭം സർക്കാരിൽ വന്നു ചേർന്നു. ഇങ്ങനെയാണ് 2010 ലെ സാമ്പത്തിക പ്രതിസന്ധിയെ ഐസക് അതിജീവിച്ചത്.
ഈ ഫോർമുല ബാലഗോപാലിന് അത്ര നിശ്ചയമില്ല. പാർട്ടിയും മുന്നണിയും സമ്മതിച്ചാൽ പെൻഷൻ പ്രായം 57 ആക്കാൻ തന്നെയാണ് ബാലഗോപാലിന്റെ തീരുമാനം. ഇത് വഴി വലിയ സാമ്പത്തിക ഭാരം ഒഴിവാകുമെന്ന് ധനവകുപ്പും കണക്ക് കൂട്ടുന്നു. എന്നാൽ ഡി വൈ എഫ് ഐ യും എ ഐ വൈ എഫും മറ്റ് പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധം ഉയർത്തുമെന്ന കാര്യം ഉറപ്പാണ്. അതിനെ അതിജീവിക്കാൻ ഐസക് സൂത്രം നല്ലതാണെങ്കിലും ആ വഴിക്ക് മന്ത്രി ബാലഗോപാൽ ചിന്തിച്ചിട്ടില്ല.
പെൻഷൻ പ്രായം 56ൽ നിന്ന് വർധിപ്പിക്കണമെന്ന കെ.എം ഏബ്രഹാം കമ്മിറ്റിയുടെ ശുപാർശയും രണ്ടു വർഷമായി ധനവകുപ്പിന്റെ പരിഗണനയിലുണ്ട്. ശമ്പളപരിഷ്കരണകമ്മീഷൻ റിപ്പോർട്ടിലും ഈ നിർദ്ദേശമുണ്ട്. പെൻഷൻപ്രായം 57 ആക്കണമെന്ന ശുപാർശയാണ് ശമ്പളപരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. . കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധിയിൽ പെൻഷൻ പ്രായം ഉയർത്തുന്നത് ഖജനാവിന് ആശ്വാസമാണ്. അടുത്ത സാമ്പത്തികവർഷത്തെ ചെലവിൽ നിന്ന് 4000 കോടിയെങ്കിലും കുറയും. . പെൻഷൻ പ്രായം ഉയർത്തിയാൽ സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതിക്കുകീഴിൽ വരുന്ന 3.65 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും.
പതിനൊന്നാം ശമ്പള കമ്മിഷൻ സർക്കാരിനു സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻപ്രായം 56-ൽ നിന്ന് 57 ആക്കണമെന്നു ശുപാർശ ചെയ്തിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇവിടെയും പെൻഷൻപ്രായം അൻപത്തെട്ടായോ അറുപതായോ ഉയർത്തിയതുകൊണ്ട് യാതൊരു അപകടവും വരാനില്ല. സർക്കാർ സർവീസിൽ ഒരുവർഷം ശരാശരി ലഭിക്കുന്ന പതിനയ്യായിരമോ ഇരുപതിനായിരമോ ഒഴിവുകളാണ് മൊത്തം തൊഴിലില്ലായ്മയ്ക്കും പരിഹാരമെന്ന മട്ടിൽ അശേഷം യുക്തിയില്ലാത്ത വാദഗതികളാണ് പെൻഷൻപ്രായം ഉയർത്താൻ വിഘാതം.
തൊഴിൽരഹിതരായ അഭ്യസ്തവിദ്യരുടെ സംഖ്യ ഇവിടെ കൂടുതലാണെന്നത് സത്യമാണ്. എന്നാൽ ഒരുവർഷം ഇവരിൽ എത്രപേർക്കാണ് നിയമനം ലഭിക്കുന്നത് ? ഒരു ശതമാനം പോലും വരില്ല ആ സംഖ്യ. മറ്റു മേഖലകളിൽ ലക്ഷക്കണക്കിനു യുവതീയുവാക്കൾക്കു തൊഴിൽ ലഭിക്കുന്നുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയം ഭരണ സ്ഥാപനങ്ങളിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും ഇപ്പോൾ തന്നെ പെൻഷൻ പ്രായം 58 ആണ്. ചില സ്ഥാപനങ്ങൾ ഇതിനകം 60 ആക്കി കഴിഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പുകാലത്ത് . പൊതുമേഖലാ സ്ഥാപനമായ സി ആപ്റ്റിൽ നേതാക്കളുടെ സ്വന്തക്കാർക്കു വേണ്ടി വിരമിക്കൽ പ്രായം സർക്കാർ നീട്ടിക്കൊടുക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാരണം മുഖ്യമന്ത്രി തലസ്ഥാനത്തില്ലാതിരുന്നതിനാൽ ഓൺലൈനായാണ് അന്ന് മന്ത്രിസഭായോഗം ചേർന്നത്.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ അൽഫോൻസ് രാജു, സിപിഎം പാർട്ടിയുടെ പാളയം ഏരിയ സെക്രട്ടറിയുടെ ഭാര്യ പ്രേമലത തുടങ്ങി വിവിധ സിപിഎം ബന്ധുക്കൾക്ക് സർവ്വീസിൽ തന്നെ തുടരാനുള്ള വഴിയാണ് സർക്കാർ ഒരുക്കി കൊടുത്തത്. ധന, നിയമ വകുപ്പുകളുടെ എതിർപ്പു മറികടന്നു നടപ്പാക്കുന്ന തീരുമാനം മന്ത്രിസഭാ യോഗവും തത്വത്തിൽ അംഗീകരിച്ചതാണ്.
കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസം 900 കോടി കിട്ടിയെങ്കിലും അത് ഒന്നിനും തികയില്ലായെന്നാണ് അറിയുന്ന വിവരം. ചെലവാക്കാൻ പണമില്ലാതെ സംസ്ഥാന ഖജനാവ് ഓവർ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന ആശങ്ക ഇപ്പോഴും ഉണ്ട്. . അവധി ദിവസങ്ങൾക്ക് ശേഷം നികുതി വിഹിതം ഉൾപ്പടെയുള്ള വരുമാനം ഖജനാവിൽ എത്തി തുടങ്ങി. പ്രതീക്ഷിച്ച തുക കിട്ടിയില്ലെങ്കിൽ ട്രഷറിയിൽ ബില്ലുകൾ പാസാക്കുന്നതിന് അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്താനും സാധ്യതയുണ്ട്.
ഓണക്കാലത്ത് 15,000 കോടി ഒറ്റയടിക്ക് ചെലവഴിച്ച സാഹചര്യത്തിൽ മുന്നോട്ടുള്ള പോക്ക് പരുങ്ങലിലാണ്. . ധനക്കമ്മി നികത്തുന്നതിനായി കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ജി എസ് ടി വിഹിതം ഇനി കിട്ടേണ്ടതായുണ്ട്.. ഇത് കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലാകും.. ആർബിഐ അനുവദിച്ച വെയ്സ് ആൻഡ് മീൻസ് അഡ്വാൻസായ 1683 കോടി കേരളം എടുത്തിരുന്നു. ഇനി ഇത്രയും തുക തന്നെ ഓവർ ഡ്രാഫ്റ്റായി എടുക്കാം. . ചെലവിനാവശ്യമായ പണം ഖജനാവിലില്ലാതെ ഓവർ ഡ്രാഫ്റ്റിലേക്ക് പോകുന്നത് ഒഴിവാക്കാൻ ചെലവിനു മേൽ രഹസ്യമായി വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടന്ന അഭ്യൂഹവും നിൽക്കുന്നുണ്ട്.. ഓൺലൈനായി ബില്ല് സമർപ്പിച്ചാലും ഇന്ററ്റേഡ് ഫിനാൻസ് മാനേജ്മെന്റ് സംവിധാനം വഴി ഇത് സാധ്യമാകും. ബില്ല് സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് വകുപ്പുകൾക്ക് മനസിലാകത്തുമില്ല.
എന്നാൽ ട്രഷറി നിയന്ത്രണം വേണ്ടി വരില്ല എന്നാണ് ധനവകുപ്പ് പറയുന്നത്. ഓവർ ഡ്രാഫ്റ്റിലേക്ക് പോയാൽ അടുത്ത മാസം മുതൽ നിയന്ത്രണം കടുപ്പിക്കും. നിലവിൽ 25 ലക്ഷം രൂപയുടെ വരെ ബില്ലുകൾ മാറിനൽകുന്നതിന് നിയന്ത്രണമില്ല. ഈ പരിധി കുറയ്ക്കുന്നതും പദ്ധതി ചെലവ് നിയന്ത്രിക്കുന്നതും ഉൾപ്പടെയുള്ളവ നടപ്പിലാക്കുമെന്നാണ് അറിയുന്നത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്