- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2023 ൽ പെൻഷനാകുന്നത് 21083പേർ; ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 5600കോടി; വിരമിക്കൽ പ്രായം ഉയർത്താതെ മുന്നോട്ട് പോകാനാകില്ലന്ന് ഉറപ്പിച്ച് ധനവകുപ്പ്; കെ എം എബ്രഹാം കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചയാക്കും; കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പിൽ സെക്രട്ടറിയായതിനാൽ കാര്യങ്ങൾ വേഗത്തിലാക്കുമെന്നും പ്രതീക്ഷ; വരാൻ പോകുന്നത് നിയമന നിരോധന കാലം
തിരുവനന്തപുരം. സംസ്ഥാനത്തെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പെൻഷൻ പ്രായം ഉയർത്തുകയല്ലാതെ മറ്റു പോംവഴികൾ ഇല്ലായെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. കെ എം എബ്രഹാം കമ്മിറ്റി ശുപാർശ അനുസരിച്ച് നീങ്ങാൻ ധനവകുപ്പിലെ അനൗദ്യോഗിക ചർച്ചകളിൽ തീരുമാനമായെന്നാണ് വിവരം. ഇപ്പോഴത്തെ സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്താതെ മുന്നോട്ടു പോകാനാകില്ലന്നാണ് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പറയുന്നത്. മന്ത്രിക്കും മറിച്ച് അഭിപ്രായമില്ലന്നാണ് വിവരം.
2023-ൽ പെൻഷനാകുന്നത് 21083 പേരാണ്. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ മാത്രം 5600 കോടി വേണം. സർക്കാരിനെ സംബന്ധിച്ച് വരുന്ന മാർച്ചിൽ ഇത്രയും തുക കണ്ടെത്തുക പ്രയാസകരമാണ്. അടുത്ത രണ്ട് വർഷത്തേയ്ക്ക് എങ്കിലും വിരമിക്കൽ നീട്ടിവച്ചാൽ ഒരു 10,000 കോടിയുടെ ലാഭം സംസ്ഥാനത്തിന് ഉണ്ടാകും. പ്രതിസന്ധികൾക്ക് താൽക്കാലിക ആശ്വാസം ലഭിക്കും. അതിനാൽ ആദ്യം 57ലേയ്ക്കും പിന്നീട് 58ലേയ്ക്കും പെൻഷൻ പ്രായം ഉയർത്താനാണ് ആലോചന. കെ.എം എ ബ്രഹാം കമ്മിറ്റിയും ഇത് തന്നെയാണ് പറഞ്ഞത്. കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇപ്പോൾ നിർണായക ചുമതലയിൽ ഉള്ളതിനാൽ മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന് അധികം പാടുപെടേണ്ടി വരില്ല. പെൻഷൻ പ്രായം കൂട്ടിയാൽ വരാൻ പോകുന്നത് നിയമന നിരോധനത്തിന്റെ ദിവസങ്ങളാകും. ഉദ്യോഗാർത്ഥികളുടെ ആശങ്ക ഭരണപക്ഷ യുവജന സംഘടനകൾ ഏറ്റെടുക്കുമോ എന്നാണ് അറിയേണ്ടത്.
നിയമനനിരോധനത്തിലേക്ക് സർക്കാർ നീങ്ങണമെന്നാണ് എന്നാണ് കെ എം എബ്രഹാം സമിതി റിപ്പോർട്ടം സൂചിപ്പിക്കുന്നത്. പെൻഷൻ ഇനത്തിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി എന്ന നിലയിലുള്ള ശമ്പളയിനത്തിലും ലക്ഷങ്ങൾ കൈപ്പറ്റുന്ന എബ്രഹാമിന് പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ മനോവിഷമം മനസിലായില്ലായെന്നാണ് ഉദ്യോഗാർത്ഥികൾ പ്രതികരിക്കുന്നത്. പെൻഷൻ പറ്റുന്ന ആളുകൾക്ക് പുനർനിയമനം നൽകിയാൽ ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല എന്ന കാരണത്താൽ സർക്കാരിന് ലാഭമുണ്ടാക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തം. 56 വയസിൽ പെൻഷൻ ആകുന്ന ആൾക്ക് അതേ തസ്തികയിൽ 4 വർഷം നീട്ടിനൽകുമ്പോൾ പുതിയ ഒഴിവ് ഉണ്ടാകുന്നില്ല.
അപ്പോൾ നിയമനത്തിന്റെ ആവശ്യവുമില്ല. ഇതാണ് പെൻഷൻ പ്രായം കൂട്ടുന്നതിന്റെ മറ്റൊരു മുഖം. തത്ത്വത്തിൽ നിയമനനിരോധനം നടപ്പിലാക്കാനുള്ള നീക്കമായേ ഇതിനെ കാണാൻ കഴിയൂ.11-ാം ശമ്പള കമ്മിഷൻ സർക്കാരിനു സമർപ്പിച്ച ശിപാർശകളിൽ പെൻഷൻ പ്രായം ഉയർത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. പെൻഷൻ പ്രായം ഒരു വർഷം ഉയർത്തുന്നതിലൂടെ വിരമിക്കുന്ന ജീവനക്കാർക്കുള്ള പെൻഷനും ആനുകൂല്യങ്ങളും നൽകുന്ന ഇനത്തിൽ 4000 കോടി നടപ്പു വർഷം സർക്കാരിനു ലാഭിക്കാനാകും.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കെ.എം എബ്രഹാം വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതു സംബന്ധിച്ച ശുപാർശ സർക്കാരിനു സമർപ്പിച്ചത്.
2013 ഏപ്രിൽ ഒന്നു മുതൽ സംസ്ഥാന സർക്കാർ സർവീസിൽ പ്രവേശിച്ചവർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നിലവിലുള്ളത്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് 60 വയസാണ് പെൻഷൻ പ്രായം. 1.60 ലക്ഷം പേരാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളത്.10000 കോടി രൂപയുടെ ബാധ്യത രണ്ടു വർഷത്തേക്ക് നീട്ടാനാകുമെങ്കിലും ഇതിലൂടെ ഉയർന്നു വരുന്ന യുവജനരോഷം സർക്കാരിനു തലവേദനയാകും. ഇതു തണുപ്പിക്കാൻ പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള പ്രായ പരിധി രണ്ടു വർഷം കൂടി വർധിപ്പിക്കാമെന്ന് സർക്കാർ കണക്കു കൂട്ടുന്നു. അതേ സമയം നിലവിൽ സർവീസിലുള്ളവർക്കും പെൻഷൻ പ്രായം ഉയർത്തുന്നതിനോട് എതിർപ്പാണ്. ഈ വർഷവും അടുത്ത വർഷവും വിരമിക്കാനിരിക്കുന്നവർക്കു മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
അതേസമയം 10 വർഷം വരെ സർവീസുള്ളവർക്ക് പെൻഷൻപ്രായം ഉയർത്തൽ ദോഷം ചെയ്യുമെന്നു മാത്രമല്ല അവരുടെ സ്ഥാനക്കയറ്റത്തെയും ഇത് ബാധിക്കും. 21083പേർ വിരമിക്കുമ്പോൾ നിലവിൽ സർവീസിലുള്ള അത്രയും പേരുടെ സ്ഥാനക്കയറ്റം രണ്ടു വർഷത്തേക്ക് സ്തംഭിക്കും.സർക്കാർ സർവീസിൽ നിന്ന് വരും വർഷങ്ങളിൽ വിരമിക്കുന്നവരുടെ കണക്ക് ഇങ്ങനെയാണ്
2023-21,083 ജീവനക്കാർ
2024-21,604 ജീവനക്കാർ
2025-22,185 ജീവനക്കാർ
2026-23,424 ജീവനക്കാർ
ധനവകുപ്പിന്റെ നിർദ്ദേശത്തിൽ രാഷ്ട്രീയ തീരുമാനമുണ്ടായാൽ വരുന്ന ബജറ്റിൽ പ്രഖ്യാപനമുണ്ടാകും. എന്നാൽ പ്രത്യക്ഷത്തിൽ പെൻഷൻ പ്രായം ഉയർത്തിയെന്ന് പൊതുസമൂഹത്തിന് തോന്നാത്ത വിധം വിരമിക്കൽ തിയ്യതി ഏകീകരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് കാണിച്ച ഗിമ്മിക് ആവർത്തിച്ചു കൂടെ എന്ന് ചോദിക്കുന്നവരും ഉണ്ട്. മാർച്ച് 31ന് ശേഷം വിരമിക്കുന്നവരുടെ തിയ്യതി ഏകീകരിച്ചാണ് ഐസക് തന്റെ ഗിമ്മിക് അന്ന് പുറത്തെടുത്തത്. ഫലത്തിൽ പെൻഷൻ പ്രായം കൂട്ടിയതായി ആർക്കും തോന്നിയില്ല എന്നാൽ ഏപ്രിൽ മുതൽ വിരമിക്കേണ്ടവർക്ക് അടുത്ത മാർച്ച് 31 വരെ സർവ്വീസ് നീട്ടി കിട്ടുകയും ചെയ്തു.
ഈ വഴി കോടികളുടെ സാമ്പത്തിക ലാഭം സർക്കാരിൽ വന്നു ചേർന്നു. ഇങ്ങനെയാണ് 2010 ലെ സാമ്പത്തിക പ്രതിസന്ധിയെ ഐസക് അതിജീവിച്ചത്.
ഈ ഫോർമുല ബാലഗോപാലിന് അത്ര നിശ്ചയമില്ല. പാർട്ടിയും മുന്നണിയും സമ്മതിച്ചാൽ പെൻഷൻ പ്രായം 57 ആക്കാൻ തന്നെയാണ് ബാലഗോപാലിന്റെ തീരുമാനം. ഇത് വഴി വലിയ സാമ്പത്തിക ഭാരം ഒഴിവാകുമെന്ന് ധനവകുപ്പും കണക്ക് കൂട്ടുന്നു. എന്നാൽ ഡി വൈ എഫ് ഐ യും എ ഐ വൈ എഫും മറ്റ് പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധം ഉയർത്തുമെന്ന കാര്യം ഉറപ്പാണ്. അതിനെ അതിജീവിക്കാൻ ഐസക് സൂത്രം നല്ലതാണെങ്കിലും ആ വഴിക്ക് മന്ത്രി ബാലഗോപാൽ ചിന്തിച്ചിട്ടില്ലായെന്നാണ് വിവരം.
കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധിയിൽ പെൻഷൻ പ്രായം ഉയർത്തുന്നത് ഖജനാവിന് ആശ്വാസമാണ്. പെൻഷൻ പ്രായം ഉയർത്തിയാൽ സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതിക്കുകീഴിൽ വരുന്ന 3.65 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇവിടെയും പെൻഷൻപ്രായം അൻപത്തെട്ടായോ അറുപതായോ ഉയർത്തിയതുകൊണ്ട് യാതൊരു അപകടവും വരാനില്ല. സർക്കാർ സർവീസിൽ ഒരുവർഷം ശരാശരി ലഭിക്കുന്ന പതിനയ്യായിരമോ ഇരുപതിനായിരമോ ഒഴിവുകളാണ് മൊത്തം തൊഴിലില്ലായ്മയ്ക്കും പരിഹാരമെന്ന മട്ടിൽ അശേഷം യുക്തിയില്ലാത്ത വാദഗതികളാണ് പെൻഷൻപ്രായം ഉയർത്താൻ വിഘാതമായി പറയുന്നത്.
തൊഴിൽരഹിതരായ അഭ്യസ്തവിദ്യരുടെ സംഖ്യ ഇവിടെ കൂടുതലാണെന്നത് സത്യമാണ്. എന്നാൽ ഒരുവർഷം ഇവരിൽ എത്രപേർക്കാണ് നിയമനം ലഭിക്കുന്നത് ഒരു ശതമാനം പോലും വരില്ല ആ സംഖ്യ. മറ്റു മേഖലകളിൽ ലക്ഷക്കണക്കിനു യുവതീയുവാക്കൾക്കു തൊഴിൽ ലഭിക്കുന്നുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയം ഭരണ സ്ഥാപനങ്ങളിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും ഇപ്പോൾ തന്നെ പെൻഷൻ പ്രായം 58 ആണ്. ചില സ്ഥാപനങ്ങൾ ഇതിനകം 60 ആക്കി കഴിഞ്ഞു.
കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസം 900 കോടി കിട്ടിയെങ്കിലും അത് ഒന്നിനും തികയില്ലായെന്നാണ് അറിയുന്ന വിവരം. ചെലവാക്കാൻ പണമില്ലാതെ സംസ്ഥാന ഖജനാവ് ഓവർ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന ആശങ്ക ഇപ്പോഴും ഉണ്ട്. . അവധി ദിവസങ്ങൾക്ക് ശേഷം നികുതി വിഹിതം ഉൾപ്പടെയുള്ള വരുമാനം ഖജനാവിൽ എത്തി തുടങ്ങി. പ്രതീക്ഷിച്ച തുക കിട്ടിയില്ലെങ്കിൽ ട്രഷറിയിൽ ബില്ലുകൾ പാസാക്കുന്നതിന് അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്താനും സാധ്യതയുണ്ട്. ഓണക്കാലത്ത് 15,000 കോടി ഒറ്റയടിക്ക് ചെലവഴിച്ച സാഹചര്യത്തിൽ മുന്നോട്ടുള്ള പോക്ക് പരുങ്ങലിലാണ്. . ധനക്കമ്മി നികത്തുന്നതിനായി കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ജി എസ് ടി വിഹിതം ഇനി കിട്ടേണ്ടതായുണ്ട്.
ഇത് കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലാകും.. ആർബിഐ അനുവദിച്ച വെയ്സ് ആൻഡ് മീൻസ് അഡ്വാൻസായ 1683 കോടി കേരളം എടുത്തിരുന്നു. ഇനി ഇത്രയും തുക തന്നെ ഓവർ ഡ്രാഫ്റ്റായി എടുക്കാം. . ചെലവിനാവശ്യമായ പണം ഖജനാവിലില്ലാതെ ഓവർ ഡ്രാഫ്റ്റിലേക്ക് പോകുന്നത് ഒഴിവാക്കാൻ ചെലവിനു മേൽ രഹസ്യമായി വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടന്ന അഭ്യൂഹവും നിൽക്കുന്നുണ്ട്.. ഓൺലൈനായി ബില്ല് സമർപ്പിച്ചാലും ഇന്ററ്റേഡ് ഫിനാൻസ് മാനേജ്മെന്റ് സംവിധാനം വഴി ഇത് സാധ്യമാകും. ബില്ല് സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് വകുപ്പുകൾക്ക് മനസിലാകത്തുമില്ല.
എന്നാൽ ട്രഷറി നിയന്ത്രണം വേണ്ടി വരില്ല എന്നാണ് ധനവകുപ്പ് പറയുന്നത്. ഓവർ ഡ്രാഫ്റ്റിലേക്ക് പോയാൽ അടുത്ത മാസം മുതൽ നിയന്ത്രണം കടുപ്പിക്കും. നിലവിൽ 25 ലക്ഷം രൂപയുടെ വരെ ബില്ലുകൾ മാറിനൽകുന്നതിന് നിയന്ത്രണമില്ല. ഈ പരിധി കുറയ്ക്കുന്നതും പദ്ധതി ചെലവ് നിയന്ത്രിക്കുന്നതും ഉൾപ്പടെയുള്ളവ നടപ്പിലാക്കുമെന്നാണ് അറിയുന്നത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്