തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെൻഷൻ പ്രായം ഉയർത്തുന്നത് ചർച്ചകളിലേക്ക്. സർക്കാർ ഖജനാവിലെ പ്രതിസന്ധിയാണ് ഇതിന് കാരണം. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഈ സാമ്പത്തിക വർഷം എന്തു ചെയ്യുമെന്ന ആശങ്ക സർക്കാരിനുണ്ട്. 2024-05 സാമ്പത്തിക വർഷത്തിൽ 25000ത്തോളം പേരാണ് സർക്കാർ ജോലിയിൽ നിന്നും വിരമിക്കുക. ഇതിൽ 20000പേർ വിരമിക്കുന്നത് മെയ്‌ മാസത്തിലാണ്. ശരാശരി ഒരാൾക്ക് വിരമിക്കുമ്പോൾ 40 ലക്ഷത്തോളം രൂപ സർക്കാർ നൽകേണ്ടതുണ്ട്. 20000 പേർക്ക് ഇത്രയും തുക നൽകാൻ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്തുന്നതിൽ സർക്കാർ ആലോചന തുടങ്ങുന്നത്.

പെൻഷൻ പ്രായം അറുപതാക്കിയാൽ കേരളത്തിന്റെ സാമ്പത്തിക നില കൂടുതൽ സുസ്ഥിരമാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ യുവാക്കളുടെ പ്രതിഷേധം അതിരുവിടും. അതു മനസ്സിലാക്കി പെൻഷൻ പ്രായം 58 ആക്കാനാണ് ആലോചന. സർക്കാർ ജീവനക്കാരും പെൻഷൻ പ്രായം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും കാലമുണ്ട്. അതുകൊണ്ട് തന്നെ യുവാക്കളുടെ പ്രതിഷേധത്തിന് പരിഹാരമൊരുക്കാൻ സമയമുണ്ടെന്നാണ് വിലയിരുത്തൽ. നയപരമായ തീരുമാനമായതിനാൽ ഇടതു മുന്നണിയും ഇത് അംഗീകരിക്കേണ്ടതുണ്ട്.

നിർണ്ണായക നടപടികൾ ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇപ്പോഴും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ട്. ജൂൺ നാലിന് വോട്ടെടുപ്പ് കഴിയും വരെ അതു തുടരും. മെയ്‌ മാസത്തിൽ പെൻഷൻ പ്രായം ഉയർത്തണമെങ്കിൽ ഉടൻ തീരുമാനം എടുക്കണം. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. ഇതിനുള്ള ചർച്ചകളും മറ്റും സെക്രട്ടറിയേറ്റിൽ നടക്കുന്നുണ്ട്. കമ്മീഷന് അനുമതി തേടി കത്ത് നൽകിയെന്നും അനൗദ്യോഗിക സൂചനകളുണ്ട്. എന്നാൽ ഇക്കാര്യം ആരും സ്ഥിരീകരിക്കുന്നില്ല. പക്ഷേ പെൻഷൻപ്രായം ഉയർത്താനുള്ള ചർച്ച അണിയറയിൽ വീണ്ടും സജീവമാണ്.

പെൻഷൻ പ്രായം ഉയർത്തിയില്ലെങ്കിൽ വലിയ പ്രതിസന്ധിയായി മാറുമെന്നാണ് ധനകാര്യ വകുപ്പിലേയും പ്രമുഖരുടെ നിലപാട്. എൻജിഒ യൂണിയന്റെ മുൻനിര നേതാക്കളും മെയ്‌ മാസത്തിൽ പെൻഷനാകാനുണ്ട്. ഇവരും പെൻഷൻ പ്രായം ഉയർത്തുന്നതിന് അനുകൂലമാണ്. ഇങ്ങനെ വിരമിക്കേണ്ടവർ ഒന്നും വിരമിക്കലുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങളൊന്നും തുടങ്ങിയിട്ടില്ലെന്നതാണ് വസ്തുത.

പെൻഷൻ പ്രായം ഉയർത്തുകയോ അടുത്ത സാമ്പത്തിക വർഷം എല്ലാവരും വിരമിക്കുന്ന രീതിയിൽ ഏകീകരണമോ ആണ് ആലോചനയിൽ. നിലവിൽ കടമെടുത്താണ് കേരളം മുമ്പോട്ട് പോകുന്നത്. ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സർക്കാർ ഈ വർഷം അനുവദിക്കാൻ പോകുന്ന പരിധി. ഇതിൽ പതിനായിരം കോടിയിൽ അധികം പെൻഷൻ ആനുകൂല്യം നൽകേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കൽ കണക്കും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടു വ്ന്നാൽ കേരളത്തിന് അനുദനീയമായ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാധ്യത ഏറെ.

അങ്ങനെ 25000 കോടി മാത്രം കടമെടുക്കാൻ ആകുന്ന സാഹചര്യമുണ്ടാകുമ്പോൾ പെൻഷന് വേണ്ടി അതിൽ പകുതിയോളം കൊടുക്കുന്നതിലെ പ്രതിസന്ധി ചിന്തിക്കാനുന്നതിനും അപ്പുറമാണ്. അതുകൊണ്ട് കൂടിയാണ് പെൻഷൻ പ്രായം ഉയർത്തി ഈ തുക വികസന ആവശ്യത്തിലേക്ക് മാറ്റാനുള്ള ആലോചന. സാമൂഹിക ക്ഷേമ പെൻഷനും മറ്റും മുടങ്ങുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയേയും ബാധിക്കും. യുവാക്കൾക്ക് ജോലി നഷ്ടം ഉണ്ടാകില്ലെന്ന സന്ദേശം നൽകി പെൻഷൻ പ്രായം ഉയർത്തേണ്ട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തൽ.