- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറ്റിങ്ങലിൽ 'അങ്കം' പറ്റില്ലെന്ന് പറഞ്ഞത് അങ്കക്കലിയായി! റിയാസിന്റെ വകുപ്പിനെ വിമർശിച്ച കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎമ്മിൽ പടയൊരുക്കം; തിരുവനന്തപുരത്തെ കരുത്തനെ തരംതാഴ്ത്താൻ സാധ്യത; കടകംപള്ളിയുടേത് അതീവ ഗൗരവമെന്ന് സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്; പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്ത്തുമോ?
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ നടപിടി സിപിഎം ആലോചനയിൽ. സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം ഉയർന്നു. തിരുവനന്തപുരത്ത് സിപിഎമ്മിൽ പ്രധാനമായും രണ്ടു ചേരികളുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ആനാവൂർ നാഗപ്പനാണ് ഒരു വശത്ത്. മറുഭാഗത്ത് കടകംപള്ളിയും. കടകംപള്ളി വിഭാഗത്തിനാണ് ജില്ലയിൽ മേൽകൈ. അങ്ങനെയാണ് വി എസ് ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതും. തിരുവനന്തപുരത്തെ വിഭാഗീയതയാണ് കടകംപള്ളിയ്‌ക്കെതിരെ പുതിയ നീക്കമായി മാറുന്നത്.
റോഡ് വികസനത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടകംപള്ളി ഒളിയമ്പ് എയ്തു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ആനാവൂർ പക്ഷത്താണ്. ഈ സാഹചര്യത്തിലാണ് കടകംപള്ളിക്കെതിരായ സംസ്ഥാന സമിതിയിലെ വിമർശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നാണ് ആക്ഷേപം. പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി. മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് കടകംപള്ളിയിൽനിന്നുണ്ടായത്. പ്രശ്‌നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നടപടിക്ക് സാധ്യത ഏറെയാണ്. കടകംപള്ളിയെ തരംതാഴ്‌ത്താനും സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും അസംതൃപ്തനാണ്.
സ്മാർട് റോഡ് വികസനത്തിന്റെ പേരിൽ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലിൽ ആക്കുന്നുവെന്നു കടകംപള്ളി വിമർശിച്ചിരുന്നു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി. 'കരാറുകാരെ മാറ്റിയതിന്റെ പൊള്ളൽ ചിലർക്കുണ്ടെന്നാ'യിരുന്നു ഇതിനു മറുപടിയെന്നോണം റിയാസ് തുറന്നടിച്ചത്. ഇതിന്റെ പേരിൽ മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത റിയാസും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും നിഷേധിച്ചു. ഇതിനു പിന്നാലെയാണ് ഇതേ വിഷയത്തിൽ കടകംപള്ളിയെ സംസ്ഥാന സമിതി വിമർശിക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മറ്റിയിലെ ചർച്ചകൾ കടകംപള്ളിക്ക് അനുകൂലമായിരുന്നു.
കടകംപള്ളിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തണമെന്ന ചർച്ച ഉയർത്താനാണ് എതിരാളികളുടെ ശ്രമം. ഇതിലൂടെ തിരുവനന്തപുരത്ത് സിപിഎമ്മിൽ കടകംപള്ളിയുടെ പ്രസക്തി കുറയുമെന്നും വിലയിരുത്തുന്നു. എന്നാൽ എല്ലാ വശവും പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കൂ. ഏതായാലും ഈ റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ കമ്മറ്റിയും ചർച്ച ചെയ്യും. ജില്ലാ കമ്മറ്റിയിലെ വികാരങ്ങളും സിപിഎം തീരുമാനത്തെ സ്വാധീനിക്കും.
ഒരു കാലത്ത് വിഎസിന്റെ കോട്ടയായിരുന്നു തിരുവനന്തപുരം. ഈ കോട്ടയിൽ പിണറായി കാലുറപ്പിച്ചത് കടകംപള്ളിയിലൂടെയാണ്. വി എസ് പക്ഷത്തെ പിരപ്പിൻകോട് മുരളിയെ തോൽപ്പിച്ചാണ് ജില്ലാ സെക്രട്ടറിയായി കടകംപള്ളി മാറിയത്. സിപിഎമ്മിലെ വിഭാഗീയതയിൽ പിണറായിക്ക് കരുത്ത് നൽകിയ മലപ്പുറം സമ്മേളനത്തിൽ വിഎസിനെ തള്ളിപ്പറഞ്ഞ് ആനാവൂർ എത്തിയതും നിർണ്ണായകമായിരുന്നു. ഈ സമ്മേളനത്തിലാണ് ആനാവൂർ സംസ്ഥാന സമിതിയിൽ എത്തിയത്. കടകംപള്ളി മാറിയപ്പോൾ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറിയേറ്റിൽ ആനാവൂർ എത്തിയത് പിണറായിയുടെ കരുത്തിലാണ്. ഇതോടെ കടകംപള്ളിയെ പിണറായി തഴയുകയാണെന്ന ചർച്ചയും ഉയർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമില്ലെന്ന് സിപിഎം നേതൃത്വത്തെ കടകംപള്ളി സുരേന്ദ്രൻ അറിയിച്ചെന്നും സൂചനയുണ്ട്. വ്യക്തിപരമായി മത്സരത്തിന് താൽപ്പര്യമില്ലെന്നാണ് കഴക്കൂട്ടം എംഎൽഎയുടെ നിലപാട്. സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ വിവാദത്തിൽ സിപിഎമ്മിനകത്ത് അതൃപ്തി പുകയുമ്പോഴാണ് കടകംപള്ളി ഈ സൂചന നേതൃത്വത്തിന് നൽകുന്നത്. തിരുവനന്തപുരം ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട് അപക്വമാണെന്ന ചർച്ച സജീവമാണ്. ഇതിന് പിന്നാലെയാണ് കടകംപള്ളിക്കെതിരായ സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പരാമർശമായിരുന്നു വിവാദത്തിനു തുടക്കം. ജില്ലയിൽ നടക്കുന്ന ചില വികസനപ്രവർത്തനങ്ങൾ ജനങ്ങളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുവെന്നായിരുന്നു വിമർശനം. നഗരത്തിലെ ചില റോഡുകളെല്ലാം കുത്തിപ്പൊളിച്ചതിനെതിരെയായിരുന്നു പരോക്ഷ വിമർശനം. ഇതിനു പിന്നാലെ ഒരു പാലം ഉദ്ഘാടനം ചടങ്ങിലായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം. ചില കരാറുകാരെ തൊട്ടപ്പോൾ ചിലർക്കു പൊള്ളിയെന്നായിരുന്നു വിവാദ പരാമർശം. ഇത് കടകംപള്ളിക്ക് എതിരാണെന്ന വിലയിരുത്തൽ എത്തി. പിന്നീട് ചില വിശദീകരണത്തിലൂടെ വിവാദം തണുപ്പിക്കാൻ കടകംപള്ളി ശ്രമിച്ചു. എന്നാൽ ഈ വിവാദം കത്തി നിൽക്കുമ്പോൾ ലോക്സഭയിലേക്ക് മത്സരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കടകംപള്ളിയുടെ നിലപാട്.
റിയാസിന്റെ പരാമർശത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിൽ അതൃപ്തി ഉയർന്നിരുന്നു. പാർട്ടി ഭരിക്കുന്ന നഗരസഭയ്‌ക്കെതിരായി ഉൾപ്പെടെ വ്യാഖ്യാനിക്കാവുന്ന പരാമർശമാണ് റിയാസ് നടത്തിയത്. പാർട്ടി ജില്ലാ നേതൃത്വത്തിൽ പലരെയും പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു പ്രസംഗം. മന്ത്രി പ്രസംഗത്തിൽ ജാഗ്രത പുലർത്തണമായിരുന്നുവെന്നും കടകംപള്ളിയെ അനുകൂലിക്കുന്നവർ പറയുന്നു. റിയാസിന്റെ പരാമർശത്തോടെ തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയെന്ന് കടകംപള്ളിയും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ആറ്റിങ്ങളിൽ പകരം സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്നാണ് ആവശ്യം. നേരത്തെ ആറ്റിങ്ങലിൽ കടകംപള്ളിയെ സ്ഥാനാർത്ഥിയാക്കാൻ തിരുവനന്തപുരം സിപിഎമ്മിൽ ധാരണയായിരുന്നു.
ആറ്റിങ്ങൽ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. കഴിഞ്ഞ തവണ കോൺഗ്രസിനായി അടൂർ പ്രകാശ് അട്ടിമറി വിജയം നേടി. ബിജെപിക്കായി ശോഭാ സുരേന്ദ്രൻ ഒരുക്കിയ ത്രികോണ ചൂടിനെ സിപിഎം സ്ഥാനാർത്ഥിയായ സമ്പത്തിന് അതിജീവിക്കാനായില്ല. വീണ്ടും അടൂർ പ്രകാശ് മത്സരിക്കും. ബിജെപിക്കായി കേന്ദ്ര മന്ത്രി വി മുരളീധരനും. അതിശക്തമായ ത്രികോണ ചൂടിലാണ് 2024ലും ആറ്റിങ്ങൽ. അതുകൊണ്ട് കൂടിയാണ് കഴക്കൂട്ടത്ത് സമാന സാഹചര്യത്തിലും ജയിച്ച് എംഎൽഎയായ കടകംപള്ളിയെ ആറ്റിങ്ങലിലേക്ക് പരിഗണിച്ചത്. ആദ്യ തവണ വി മുരളീധരനെയാണ് കടകംപള്ളി തോൽപ്പിച്ചത്. കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രനേയും. ഈ അനുഭവ സമ്പത്ത് ആറ്റിങ്ങലിൽ വിജയമാകുമെന്ന് സിപിഎം വിലയിരുത്തി.
എന്നാൽ റിയാസുണ്ടാക്കിയ വിവാദം തിരിച്ചടിയാകുമെന്ന് കടകംപള്ളി അനുകൂലികൾ ഭയക്കുന്നു. അതുകൊണ്ട് തന്നെ ആറ്റിങ്ങൽ മത്സരത്തിൽ വെല്ലു വിളി ഏറെയാണ്. പാർട്ടി നിർബന്ധിച്ചാൽ മത്സരിക്കേണ്ടി വരുമെന്നും കടകംപള്ളിക്ക് അറിയാം. കടകംപള്ളിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയായ ജോയിയേയും ആറ്റിങ്ങളിൽ മത്സരിക്കാൻ സിപിഎം പരിഗണിക്കുന്നുണ്ട്. വർക്കല എംഎൽഎയാണ് ജോയ്. ഇതിനൊപ്പം വട്ടിയൂർക്കാവ് എംഎൽഎയായ പ്രശാന്തിനേയും ആറ്റിങ്ങലിലേക്ക് പരിഗണിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ