തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ പോലീസില്‍ നിന്നും പിരിച്ചുവിട്ടത് 144 പേരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ പിരിച്ചുവിട്ടത് പതിനാല് ഉദ്യോഗസ്ഥരെ മാത്രമാണെന്ന് സേനാ ആസ്ഥാനത്തെ രേഖകള്‍. എന്നാല്‍, ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം അന്‍പതില്‍ താഴെ മാത്രം പേരെയാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ കേരളത്തില്‍ പോലീസില്‍ നിന്നും പിരിച്ചുവിട്ടത്. പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥനാണ് തന്നെ മര്‍ദ്ദിച്ചതെന്ന ഷാഫി പറമ്പിലിന്‍െ്റ ആരോപണത്തെത്തുടര്‍ന്ന് കേരള പോലീസ് സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടവരുടെ കണക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു.

തന്നെ പേരാമ്പ്രയില്‍ ആക്രമിച്ചത് ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡ് എന്ന ചര്‍ച്ചയുമായി ഷാഫി പറമ്പിലെത്തുമ്പോള്‍ വെട്ടിലാകുന്നത് സര്‍ക്കാരും പോലീസും പിന്നെ സിപിഎമ്മും ആണ്. പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ തന്നെ സവീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിന്റെ വാദം തെറ്റാണെന്നും അഭിലാഷ് ഡേവിഡ് പറയുന്നു. സവീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നില്ല. സസ്പെന്‍ഷന്‍ മാത്രമാണ് ഉണ്ടായത്. സസ്പെന്‍ഷനിലായ താന്‍ 22 മാസം മുന്‍പ് സര്‍വീസില്‍ കയറി. പിരിച്ചു വിട്ടിരുന്നുവെന്ന അന്നത്തെ വാര്‍ത്ത ഞാനും കണ്ടിരുന്നെന്നും സിഐ അഭിലാഷ് ഡേവിഡ് വിശദീകരിച്ചു. സര്‍വ്വീസ് നടപടിക്കെതിരെ അഭിലാഷ് നല്‍കിയ അപ്പീലില്‍ പിന്നീട് ഇന്‍ക്രിമെന്റ് റദ്ദാക്കി തിരിച്ചെടുത്തിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന. അതിന് ശേഷം തിരുവനന്തപുരത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു. അതായത് അന്ന് വന്ന പിരിച്ചു വിടല്‍ വാര്‍ത്ത തെറ്റായിരുന്നു. ഇതിനൊപ്പമാണ് കണക്കുകളിലെ വൈരുദ്ധ്യവും ചര്‍ച്ചയാകുന്നത്.

അച്ചടക്ക നടപടിയുടെ ഭാഗമായി ആഭ്യന്തര വകുപ്പില്‍ നിന്നും 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധനുണയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ബോധപൂര്‍വം നുണ പറഞ്ഞ്് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമസഭയില്‍ തെറ്റായ വിവരം നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. 2016 നുശേഷം അന്‍പതില്‍ താഴെ പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് കേരളത്തില്‍ പിരിച്ചുവിട്ടതെന്നാണ് നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന 2011- 2016 കാലഘട്ടത്തില്‍ സേനയ്ക്കു മാനക്കേട് ഉണ്ടാക്കിയ 61 പോലീസ് ഉദ്യോഗസ്ഥരെയാ ണ് അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിട്ടിരുന്നത്. ക്രിമിനല്‍ കേസില്‍പ്പെട്ട ഉദ്യോഗസ്ഥരെ പിരിച്ചുവിടാതെ പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം സ്ഥിരീകരിക്കുന്ന രേഖകള്‍ പോലീസ് ആസ്ഥാനത്ത് ലഭ്യമല്ല. 2016 ന് ശേഷം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട 14 ഉദ്യോഗസ്ഥരുടെ വിവരം മാത്രമാണ് പൊലീസ് ആസ്ഥാനത്ത് ഉള്ളത്. പിരിച്ചുവിട്ടവരുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് പോലീസ് ആസ്ഥാനത്തു ലഭിക്കുന്ന മറുപടി. 2016 ന് ശേഷം അച്ചടക്ക നടപടി എടുത്ത് പിരിച്ചുവിട്ടതും നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 14 പേര്‍ മാത്രമാണെന്ന രേഖകളാണ് പോലീസ് ആസ്ഥാനത്തുള്ളത്. വിവിധ വിഷയങ്ങളിലായി 31 പോലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്.

2016 മുതല്‍ 2024 ജൂണ്‍ വരെ കുറ്റക്കാരായ 108 പൊലീസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നത്. 2024 ഒക്റ്റോബര്‍ മുതല്‍ ഈ സെപ്റ്റംബര്‍ വരെ 36 പൊലീസുകാരെയും പിരിച്ചുവിട്ടു. അങ്ങനെ മൊത്തം 144 പൊലീസുകാരെയാണു വിവിധ നടപടികളുടെ ഭാഗമായി ഈ സര്‍ക്കാര്‍ പോലീസ് സേനയില്‍ നിന്നു പിരിച്ചുവിട്ടതെന്നാണു കണക്ക്. ഇത്തരത്തിലൊരു നടപടി കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിട്ടില്ല. എന്നാല്‍, ഇത്തരത്തില്‍ നടപടിയെടുത്തിട്ടും പോലീസ് അതിക്രമങ്ങള്‍ തുടരുന്നുണ്ടെന്നതാണു യാഥാര്‍ഥ്യം. ആറു വര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍പ്പെട്ടത് 828 പൊലീസുകാരെന്ന് രണ്ടുവര്‍ഷം മുന്‍പ് പറഞ്ഞിരുന്നു.

ജനങ്ങളോടും നിയമസംവിധാനങ്ങളോടും പ്രതിബദ്ധത കാണിക്കാത്ത, ക്രിമിനല്‍ സ്വഭാവം കാണിക്കുന്ന ഒരു പോലീസുകാരനെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ല. പോലീസ് യൂണിഫോം ദുരുപയോഗിക്കുന്നത് കര്‍ശനമായി തടയുമെന്നും പിണറായി പറഞ്ഞിരുന്നു.