- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയെ കാണാൻ പിണറായി ഓടിയെത്തിയത് ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി; പരാതി പറഞ്ഞതോടെ സർക്കാരിന്റെ ചട്ടവിരുദ്ധ നടപടികൾ എണ്ണിപ്പറഞ്ഞ് മോദിയുടെ കൗണ്ടർ അറ്റാക്ക്; ചാൻസലറെ മാറ്റാനുള്ള ബില്ലിന് യുജിസി അനുമതിയുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരംമുട്ടി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഡൽഹിയിലെത്തിയത് സിൽവർലൈനിന് അനുമതി നേടിയെടുക്കാനോ ബഫർസോൺ വിഷയം ചർച്ച ചെയ്യാനോ ആയിരുന്നില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ തിടുക്കത്തിലുള്ള സന്ദർശനം. ചീഫ് സെക്രട്ടറിയുമൊത്താണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കണ്ടത്. മുഖ്യമന്ത്രിക്കൊപ്പം സന്ദർശനത്തിന് അനുമതി തേടിയ ജോൺ ബ്രിട്ടാസിന് അനുമതി ലഭിച്ചിരുന്നില്ല.
സർക്കാരുമായി തുടർച്ചയായി ഏറ്റുമുട്ടുകയും നിയമസഭ പാസാക്കിയ രണ്ടു ഡസനോളം ബില്ലുകൾ അനുമതി നൽകാതെ രാജ്ഭവനിൽ തടഞ്ഞുവയ്ക്കുകയും ചെയ്യുന്ന ഗവർണർക്കെതിരേ സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് ആറ് പരാതികൾ നേരത്തേ അയച്ചിരുന്നു. സർക്കാരിന്റെ ഔദ്യോഗിക പരാതിയായി ചീഫ്സെക്രട്ടറിയാണ് ഇവ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്.
ഗവർണർക്കെതിരായ സംസ്ഥാന സർക്കാരിന്റെ കുറ്റപത്രമായിരുന്നു ഈ പരാതികൾ. ലോകായുക്ത ഭേദഗതി, സർവകലാശാലാ നിയമഭേദഗതികൾ തുടങ്ങിയ ബില്ലുകൾ വായിച്ചു നോക്കുക പോലും ചെയ്യും മുൻപേ ഒപ്പിടില്ലെന്ന് പ്രഖ്യാപിക്കുന്നതടക്കം പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതികൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ കിട്ടിയെന്ന് ഉറപ്പിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയത്.
ഗവർണർ സംസ്ഥാന ഭരണത്തിന് തടസങ്ങൾ സൃഷ്ടിക്കുന്നതായും ഭരണസ്തംഭനത്തിലേക്ക് കാര്യങ്ങൾ പോവുമെന്നും മുഖ്യമന്ത്രിക്കു വേണ്ടി ചീഫ് സെക്രട്ടറി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഫെഡറൽ സംവിധാനത്തിന്റെ അന്തസത്ത ഗവർണർ വകവയ്ക്കുന്നില്ല.
വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്മേലുള്ള പ്രീതി നഷ്ടമായെന്നും മന്ത്രിക്കെതിരേ നടപടിയെടുക്കണമെന്നും കത്തെഴുതി. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണിത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തത് ഭരണഘടനാ സ്തംഭനത്തിനിടയാക്കുമെന്നും മുഖ്യമന്ത്രി പരാതിപ്പെട്ടു. നേരത്തേ ആറ് പരാതികൾ നൽകിയത് ഓർമ്മിപ്പിക്കുകയും കാലാവധി പൂർത്തിയാവും മുൻപു തന്നെ ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
എന്നാൽ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഞെട്ടിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഗവർണർ ഭരണഘടനാപരമായ അധികാരങ്ങളാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രവർത്തികളിൽ യാതൊരു തെറ്റും കാണുന്നില്ലെന്നും പ്രധാനമന്ത്രി മറുപടി നൽകി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ നിയമനിർമ്മാണ അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളിൽ ബില്ല് കൊണ്ടുവരുന്നതിന് മുൻപ് കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ചോ എന്ന് പ്രധാനമന്ത്രി തിരിച്ചു ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടി.
രാജ്യത്തെ എല്ലാ സർവകലാശാലകളും യുജിസിയുടെ നിയന്ത്രണത്തിലായിരിക്കെ, ചാൻസലറെ മാറ്റാനുള്ള ബില്ല് കൊണ്ടുവന്നത് യുജിസിയുടെ അനുമതിയോടെയാണോ, ഭരണസംവിധാനത്തിന്റെ പ്രാമാണികരേഖയായ റൂൾസ് ഓഫ് ബിസിനസിലെ ചട്ടങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കിയോ തുടങ്ങിയ ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഉത്തരമില്ലായിരുന്നു.
ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ 66-ാംഎൻട്രിക്കും യുജിസി ചട്ടങ്ങൾക്കും വിരുദ്ധമാണ് സർക്കാർ കൊണ്ടുവന്ന ബില്ലുകളെന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് തുല്യഅധികാരമുള്ള കൺകറന്റ് ലിസ്റ്റിലുൾപ്പെട്ട വിഷയങ്ങളിൽ ഏത് ബില്ലും നിയമസഭയിൽ അവതരിപ്പിക്കും മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി നേടണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നും ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ടയച്ചതായി പ്രധാനമന്ത്രി വെളിപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനം, നിലവാരം നിശ്ചയിക്കൽ എന്നിവ പാർലമെന്റിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള യൂണിയൻ ലിസ്റ്റിലാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാനത്തെ നിയമനിർമ്മാണം കൊണ്ട് കേന്ദ്രനിയമത്തിൽ വെള്ളംചേർക്കാനാവില്ല. കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമസഭയിൽ നിയമനിർമ്മാണം നടത്തും മുൻപ് കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിക്കണം.
കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയത്തിൽ നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് ബിൽ കൊണ്ടുവരുന്നതെങ്കിൽ കേന്ദ്രവുമായി നിർബന്ധമായും ആശയവിനിമയം നടത്തിയിരിക്കണം. ഇത്തരം നിയമഭേദഗതികൾ സംസ്ഥാനത്തിന് മാത്രം ബാധകമാണെങ്കിലും കേന്ദ്രത്തിലെ വകുപ്പിന്റെ വിദഗ്ദ്ധാഭിപ്രായം തേടിയിരിക്കണം.
ഇതുപ്രകാരം കേന്ദ്ര നിയമ മന്ത്രാലയം വഴി ബില്ലിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിരിക്കണമെന്ന് വ്യവസ്ഥയില്ലേയെന്നും ചീഫ്സെക്രട്ടറി ഇക്കാര്യം ഉറപ്പാക്കിയോ എന്നും പ്രധാനമന്ത്രി ചോദിച്ചതോടെ പരാതിയുമായി ചെന്നവർക്ക് എങ്ങനെയും രക്ഷപെട്ടാൽ മതിയെന്ന സ്ഥിതിയിലായി. സിൽവർലൈൻ, ബഫർസോൺ വിഷയങ്ങളെല്ലാം ഉപേക്ഷിച്ച് കൂടിക്കാഴ്ച മതിയാക്കി മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയും മടങ്ങുകയായിരുന്നു.