- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തും ഏതും നേരിടാൻ 'തൈക്കണ്ടിക്കാർ' റെഡി
തിരുവനന്തപുരം: സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷന്റെ മാസപടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കുടുങ്ങുന്നില്ലെന്ന് ഉറപ്പിക്കാൻ ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനം. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് സ്ഥിതികൾ നിരീക്ഷിക്കാൻ ക്രൈസിസ് മാനേജ്മെന്റ് സംവിധാനമുണ്ട്. ഇതിനൊപ്പം കൊച്ചിയിൽ ക്വിക്ക് റെസ്പോൺസ് ടീം. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ്. രണ്ടു ദിവസം അവിടെയാണ്. കേന്ദ്ര സർക്കാരിനെതിരെ സമരത്തിനാണ് എത്തിയത്. അതുകൊണ്ട് കേരളാ ഹൗസിൽ കൺട്രോൾ റൂമും ഉണ്ട്. കേന്ദ്ര ഏജൻസികളുടെ ഓരോ നീക്കവും തിരിച്ചറിഞ്ഞ് പ്രതിരോധത്തിനാണ് ഈ സംവിധാനങ്ങൾ. കെ എസ് ഐ ഡി സിയിൽ സീരീയത് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ടീം എത്തിയതിന് പിന്നാലെ തന്നെ ഹൈക്കോടതിയിൽ ഹർജി എത്തി. കൊച്ചയിലെ ക്വിക്ക് റസ്പോൺസ് ടീമാണ് ഇതിന് പിന്നിൽ നീങ്ങിയത്. ആരെങ്കിലും അറസ്റ്റിലാകുന്ന സാഹചര്യം ഉണ്ടായാൽ അതിനെ അടക്കം നേരിടാനുള്ള ഉന്നത നിയമ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ഈ സംവിധാനം. ഇതെല്ലാം അനൗദ്യോഗികമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തരാണ് എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയും വേണ്ടത് ചെയ്യുകയും ചെയ്യുന്നത്.
എകെജി സെന്ററിൽ റെയ്ഡ് നടക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാർട്ടി ആസ്ഥാനത്ത് കേന്ദ്ര ഏജൻസി എത്തുന്നതിനെ തടയാൻ അവിടേയും പ്രത്യേക സംവിധാനമുണ്ട്. റെഡ് വാളണ്ടിയർമാർ എന്തിനും ഏതിനും തയ്യാറാണ്. കേന്ദ്ര ഏജൻസി രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുകയാണെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഏകോപനത്തിനും പ്രതിരോധത്തിനും അതിവിശ്വസ്തരായ സിപിഎം അനുഭാവികളെ ഉൾപ്പെടുത്തി ടീമുകൾ സജ്ജമാക്കുന്നത്. സെക്രട്ടറിയേറ്റിലേയും കേരളാ ഹൗസിലേയും കൊച്ചിയിലേയും ടീമുകൾ ഏകോപനത്തിൽ പ്രവർത്തിക്കും. മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും ഓരോ നീക്കവും അപ്പപ്പോൾ അറിയിക്കും. അതിന് അനുസരിച്ചാകും തീരുമാനം. കെ എസ് ഐ ഡി സിയിൽ സീരിയസ് ഫ്രോഡ് ഇൻവേസറ്റിഗേഷൻ ടീം എത്തിയതിന് പിന്നാലെ തന്നെ അതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ആ നീക്കത്തിന് അനുകൂലമായ സ്റ്റേ ഹൈക്കോടതി അനുവദിച്ചില്ല. ഇത്തരം നീക്കങ്ങൾ ഏത് അടിയന്തര സാഹചര്യത്തിലും നടത്താനാണ് കൊച്ചിയിലെ പ്രത്യേക ടീം.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണത്തിന് അതിവേഗതയാണ്. അന്വേഷണസംഘം കെഎസ്ഐഡിസിയിൽ പരിശോധനയ്ക്ക് എത്തിയത് സിപിഎമ്മിനേയും സർക്കാരിനേയും ഞെട്ടിച്ചു. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘം ഇന്നെത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തീർന്നാൽ അന്വേഷണം എക്സാലോജിക്കിലേക്ക് കടക്കും. വീണാ വിജയന് ഇത് വെല്ലുവിളിയാകുമെന്ന പൊതു വിലയിരുത്തലുണ്ട്. പല ആരോപണങ്ങൾ മുമ്പും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയർന്നു. അന്നൊന്നും ഇല്ലാത്ത സാഹചര്യമാണ് ഇപ്പോൾ. അതുകൊണ്ടാണ് അതിശക്തമായ പ്രതിരോധ നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. അരുൺ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന. അതേസമയം, മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്. ഇത് ഇനിയും തുടരും. ക്രമക്കേട് കണ്ടെത്തിയാൽ അറസ്റ്റിന് പോലും അധികാരമുള്ള ഏജൻസിയാണ് ഇത്. അതുകൊണ്ടാണ് നിയമ സംവിധാനം അടക്കം ശക്തമാക്കുന്നത്.
എക്സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്. കേന്ദ്ര ഏജൻസിക്കെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കും. വീണക്കോ കെഎസ്ഐഡിസിക്കോ നോട്ടീസ് ലഭിച്ചാൽ നിയമപരമായി ചോദ്യം ചെയ്യാനാണ് പാർട്ടി നീക്കം. ഇതിൽ കെ എസ് ഐ ഡി സിക്ക് നോട്ടീസ് ഒന്നും നൽകാതെ പരിശോധനയ്ക്ക് സംഘം എത്തി. ഇതിന് സമാനമായ ഇടപെടൽ വീണയുടെ കാര്യത്തിലും ഉണ്ടാകും. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം. എക്സാലോജിക് കമ്പനിയുടെ ധനസ്രോതസ്സുമായി ബന്ധപ്പെട്ടാണ് കരിമണൽ കമ്പനിയായ സിഎംആർഎലിന്റെ ആലുവയിലുള്ള കോർപറേറ്റ് ഓഫിസിൽ റെയ്ഡ് നടന്നത്. കെ എസ് ഐ ഡി സിയിലെ പരിശോധനയും ഇതിന് തന്നെ.
ഇടപാടുകളിൽ കള്ളക്കളി കണ്ടെത്തിയാൽ ഇഡിയും കേസെടുക്കും. ഇതോടെ പ്രതികളാകുന്നവരെല്ലാം അറസ്റ്റിലാകാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്താലും ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ പ്രാഥമിക ഘട്ടത്തിൽ ശേഖരിക്കാനാണ് ശ്രമം. മകൾ കമ്പനി തുടങ്ങിയത് എന്റെ ഭാര്യയായ അവളുടെ അമ്മ നൽകിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ച് അധിക ദിവസമാകും മുൻപാണ് എസ്എഫ്ഐഒ റെയ്ഡിന് എത്തിയത്. ഈ സാഹചര്യത്തിൽ വീണാ വിജയന്റെ നിക്ഷേപ സ്രോതസ്സിലേക്ക് ഇഡി പരിശോധന നടത്തും. ബാങ്ക് അക്കൗണ്ടുകളെല്ലാം നിരീക്ഷിക്കും. പിണറായി പറഞ്ഞതു പോലൊരു സാമ്പത്തിക ഇടപെടൽ നടത്തിയോ എന്നാകും പരിശോധിക്കുക.
അതിനിടെ എക്സാലോജിക്കിലേക്ക് മാത്രം അന്വേഷണം ഒതുങ്ങില്ല. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയ വിവിധ പാർട്ടികളുടെ ഉന്നത രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം എസ്എഫ്ഐഒ അന്വേഷണത്തിന്റെ പരിധിയിലേക്കു വരുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സിഎംആർഎൽ ഇവർക്കു നൽകിയ പണത്തിന്റെ നികുതി അടച്ച് സെറ്റിൽമെന്റ് ചെയ്തെങ്കിലും, പണം വാങ്ങിയവർ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടി വരുമെന്നാണ് വിവരം. ഇവരെ എല്ലാം ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനെ സൂചിപ്പിക്കുന്ന പിവിയിലേക്കും അന്വേഷണം എത്തും. ഇതിനൊപ്പം രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളേയും ചോദ്യം ചെയ്യും.
ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എക്സാലോജിക്, സിഎംആർഎൽ, സിഎംആർഎലിൽ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്നാണ് സിഎംആർഎൽ രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽ അറിയിച്ചിരുന്നത്. എന്നാൽ ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്സാലോജികിന് സിഎംആർഎൽ വൻതുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.
തുടക്കത്തിൽ കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ മൂന്നംഗ സംഘത്തിന്റെ അന്വേഷണമാണ് നടന്നിരുന്നത്. എന്നാൽ ഇതിന് കമ്പനിയുെട പ്രവർത്തനത്തെ കുറിച്ച് മാത്രമാണ് അന്വേഷിക്കാൻ അധികാരമുള്ളത്. തുടർന്ന് അന്വേഷണം വിപുലമായ അധികാരങ്ങളുള്ള എസ്എഫ്ഐഒയെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമായി. ബിജെപി നേതാവ് ഷോൺ ജോർജ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്കു പറ്റില്ലെന്നും പകരം കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും കാണിച്ച് ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഈ കേസ് 12ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.
മുഖ്യ മന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിൽ മാത്രമായിരുന്നു എക്സാലോജിക്കിലെ ഡയറക്ടർ. ഐടി കമ്പനിയുടെ രജിസ്ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. സിപി എം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം. ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു.
രാഷ്ട്രീയ അഴിമതി ആരോപണം ഉയരുന്നതിനാൽ മുഖ്യമന്ത്രിയുടെ മകൾ ഡയറക്ടറും, ഭാര്യ നോമിനിയുമായുള്ള കമ്പനിയുടെ പ്രവർത്തനങ്ങളെ പൂർണമായും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് എകെജി സെന്റർ വിലാസം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് താമസിക്കാൻ എകെജി സെന്ററിന് തൊട്ടടുത്ത് അപ്പാർട്ട്മെന്റ് ഉണ്ട്. എന്നാൽ ഈ അപ്പാർട്ട്മെന്റിന്റെ വിലാസം നൽകാതെ സിപിഎം ആസ്ഥാനത്തിന്റെ വിലാസം നൽകിയത് ദുരൂഹമാണെന്നാണ് ഉയരുന്ന ആരോപണം. വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണത്തിൽമാറ്റം. എക്സാലോജിക്കിനെതിരായ നിലവിലെ ആർ ഒ സി അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറിയത് ദിവസങ്ങൾക്ക് മുമ്പാണ്. കോർപറേറ്റ് മന്ത്രാലയമാണ് എക്സാലോജിക്കിനെതാരിയ കേസ് സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്.