തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാടു നീളെ ഓരോ ജനവിഭാഗങ്ങളുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖംമിനുക്കൽ നടപടി ആയാണ്. ഓരോ വകുപ്പുമായി ചേർന്ന് നടത്തുന്ന പരിപാടിക്ക് കോടികളാണ് ഖജനാവിൽ നിന്നും ഒഴുകുന്നത്. പൊതുപണം ഉപയോഗിച്ചുള്ള ഇലക്ഷൻ സ്റ്റണ്ടാണ് ഇതെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട് താനും. ഇതിനിടെയാണ് കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാർ കർഷകരുടെ പേരിൽ മുഖാമുഖം സംഘടിപ്പിക്കുന്നതിന് ലക്ഷങ്ങൾ ചെലവിടുന്നത്. 33 ലക്ഷം രൂപയാണ് കൃഷി വകുപ്പ് പിണറായി വിജയന്റെ മുഖാമുഖം പരിപാടിക്കായി മാറ്റിവെക്കുന്നത്.

മാർച്ച് രണ്ടാം തീയ്യതി ആലപ്പുഴയിൽ വച്ചാണ് കാർഷിക മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ടവരുമായി മുഖ്യമന്ത്രി സംവദിക്കുന്ന പരിപാടി നടക്കുന്നത്. മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിക്കാത്തവരെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്. നെല്ല് സംഭരണത്തിന്റെ പണം കൃത്യമായി ലഭിക്കാത്ത കർഷർ ഉൾപ്പെട്ട ജില്ലയിലാണ് ലക്ഷങ്ങൾ ചെലവിട്ടു കൊണ്ടുള്ള ധൂർത്ത് എന്നതും ശ്രദ്ധേയമാണ്.

കൃഷി വകുപ്പിന്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയിൽ നിന്ന് 20 ലക്ഷവും ബാക്കി 13 ലക്ഷം നഷ്ടം കൂടാതെ പ്രവർത്തിക്കുന്ന കൃഷി വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖല ബാങ്കുകളിൽ നിന്നും ഇതര കാർഷിക ധനകാര്യ ഏജൻസികളിൽ നിന്നും സ്‌പോൺസർഷിപ്പായി കണ്ടെത്താനുമാണ് മന്ത്രിതലത്തിൽ നിന്നും ഉണ്ടായിരിക്കുന്ന നിർദ്ദേശം. ഈ മാസം 23 ന് കൃഷി വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.

കർഷകരുടെ കാര്യത്തിൽ കാര്യമായി നീക്കുപോക്കുകൾ ഒന്നുമില്ലെങ്കിലും ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ മുഖാമുഖം മുട്ടില്ലാതെ നടക്കും. അതേസമയം മാസങ്ങൾക്ക് മുമ്പ് ഹോർട്ടികോർപ്പിന് പച്ചക്കറി വിറ്റ വകയിൽ അടക്കം കോടികൾ കുടിശ്ശിക നൽകാനുള്ള അവസ്ഥയാണ് കൃഷി വകുപ്പിൽ. പമ്പിങ്‌സബ്‌സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും ഉള്ളത് കോടികളുടെ കുടിശ്ശികയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് 30 ലക്ഷം ചെലവാക്കുന്നത്. സർക്കാർ ആകട്ടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താനും.

നേരത്തെ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മുഖാമുഖത്തിന്റെ പന്തൽ നിർമ്മിക്കാൻ 18 ലക്ഷം അനുവദിച്ചതും വിവാദമായിരുന്നു. ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഫണ്ടിൽ നിന്നായിരുന്നു പണം നൽകിയത്. കൊട്ടിഘോഷിച്ചുള്ള മുഖാമുഖത്തിനിടെ തനിക്ക് ഇഷ്ടപ്പെടാത്ത ചോദ്യങ്ങളോട് പൊട്ടിത്തെറിക്കുന്ന പ്രകൃതമാണ് മുഖ്യമന്ത്രിക്ക്. തൃശ്ശൂരിൽ സാഹിത്യ സാംസ്കാരിക രംഗത്തുള്ളവരുമായുള്ള മുഖാമുഖത്തിനിടെ ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ ചോദ്യത്തിൽ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പൊട്ടിത്തെറിച്ചിരുന്നു. ഷിബുവിനെ ശകാരിച്ചു കൊണ്ട് അവസരം നൽകി എന്നു കരുതി എന്തും പറയാമെന്ന് കരുതേണ്ടെന്ന താക്കീതും മുഖ്യമന്ത്രി നൽകിയിരുന്നു.

ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് ഇവിടെ പ്രകടമായതും. മുൻകൂട്ടി ചോദ്യങ്ങൾ വാങ്ങുക അതിന് അനുസരിച്ച് ഉത്തരം പറയുക എന്ന രീതിയാണ് മുഖാമുഖം പരിപാടിയിൽ അവലംബിച്ചു വരുന്നത്. ആ ശൈലി തെറ്റുമ്പോൾ മുഖ്യമന്ത്രി പ്രകോപിതകാനുകയും ചെയ്യുന്നു. അതേസമയം പി.ആർ ഏജൻസിയുടെ തിരക്കഥയിൽ ജീവനില്ലാത്ത ഷോ ആയി പിണറായിയുടെ മുഖാമുഖം മാറിയെന്ന വിമർശനവും ശക്തമാണ്. ആരും ശ്രദ്ധിക്കാതെയാണ് മുഖാമുഖം പരിപാടി മുന്നോട്ടു പോകുന്നത്. മാധ്യമങ്ങളോടും കടക്ക് പുറത്ത് സമീപനമാണ് പരിപാടിയിൽ. മാധ്യമപ്രവർത്തകരെ പുറത്താക്കിയാണ് മുഖ്യമന്ത്രി സംവദിക്കുന്നതും.

സാമ്പത്തിക പ്രതിസന്ധി കാലത്ത് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി ഇങ്ങനെ ഒരു ഷോ നടത്തേണ്ട ആവശ്യം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. മന്ത്രിമാരായ ബിന്ദുവും പി പ്രസാദും മാത്രം തങ്ങളുടെ വകുപ്പിൽ നിന്ന് ചെലവാക്കിയത് 51.03 ലക്ഷമാണ്. മുഖാമുഖം പരിപാടി അവസാനിക്കുമ്പോൾ 5 കോടിയെങ്കിലും ഖജനാവിൽ നിന്ന് ചെലവാകും എന്നാണ് കണക്കാക്കുന്നത്.