കോട്ടയം: പ്ലാച്ചേരി വനംവകുപ്പ് ഓഫീസിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഞ്ചാവ് വളർത്തിയത് താനാണെന്ന് വാച്ചറായിരുന്ന അജീഷ് വനം വിജിലൻസ് വിഭാഗത്തിന് മൊഴി കൊടുത്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് ചില ഉദ്യോഗസ്ഥർക്കെതിരെ മൊഴി കൊടുത്തതെന്നും അറിയിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെയും മൊഴിയെടുത്തു. കോട്ടയം പാറന്പുഴയിലെ വനംവകുപ്പിന്റെ ഓഫീസിൽ വിളിച്ചുവരുത്തി വനം വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച മൊഴിയെടുത്തത്. നിലവിലെ സാഹചര്യത്തിൽ വിശദ റിപ്പോർട്ട് കൈമാറും.

സംഭവത്തിൽ വിജിലൻസ് വിഭാഗം മേധാവി പ്രാഥമിക അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു. കഞ്ചാവ് വളർത്തിയെന്ന് ആക്ഷേപം ഉയരുംവിധം വിവാദം ഉണ്ടായതിൽ ജീവനക്കാർക്കും മേധാവികൾക്കും വീഴ്ചപറ്റിയെന്നാണ് റിപ്പോർട്ടിലുള്ളത്. പക്ഷേ, ആരൊക്കെ എന്തൊക്കെ കുറ്റമാണ് ചെയ്തതെന്ന് പറയുന്നില്ല. അത് വിശദ അന്വേഷണത്തിന് ശേഷമേ കണ്ടെത്താനാകൂ. എക്‌സൈസ് സംഘവും പൊലീസും നടത്തുന്ന അന്വേഷണങ്ങളിൽ വനംവകുപ്പ് സഹകരിക്കും. ഇതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. പൊലീസ് അന്വേഷണവും എങ്ങുമെത്തില്ല. കഞ്ചാവ് ചെടികൾ നശിപ്പിച്ചതാണ് ഇതിന് കാരണം. കഞ്ചാവ് വളർത്തിയെന്ന ആരോപണം മാത്രമേ നിലവിൽ പൊലീസിന് മുന്നിലുള്ളത്.

പാമ്പു പിടിച്ച ശേഷം കൊണ്ടു സൂക്ഷിക്കുന്ന മേഖലയിലാണ് കഞ്ചാവ് വളർത്തിയത്. വാച്ചർ അജീഷ് മാത്രമേ ഇവിടെ പോകാറുള്ളൂ. അതുകൊണ്ട് തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഇത് പെട്ടില്ല. പത്ത് മുതൽ 40 മൂട് വരെ കഞ്ചാവ് വളർത്തി. മൂന്നാഴ്ച മാത്രം വളർച്ചയായിരുന്നു ഇതിനുണ്ടായിരുന്നത്. കണ്ടപ്പോൾ തന്നെ ജീവനക്കാർ ഇത് നശിപ്പിച്ചു. മേലുദ്യോഗസ്ഥനെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ മേൽ ഉദ്യോഗസ്ഥൻ ചിലരെ കുടുക്കാനായി നടത്തിയ ഗൂഢാലോചനയായിരുന്നു പിന്നീട് സംഭവിച്ചത്. ഇതിനും വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ വനംവകുപ്പിൽ ഉന്നത സ്വാധീനമുള്ള ഈ വ്യക്തിയെ സംരക്ഷിക്കാൻ വകുപ്പിൽ കരുനീക്കം സജീവമാണ്.

പണം കൊണ്ട് എന്തും ചെയ്യാമെന്ന് കരുതുന്ന ലോബി വനംവകുപ്പിൽ സജീവമാണ്. ഇവർ ഈ കേസും ഒതുക്കി തീർക്കുമെന്നാണ് സൂചന. കഞ്ചാവ് ചെടി കൈയിൽ കിട്ടാത്ത പൊലീസിനും ഒന്നും ചെയ്യാൻ കഴിയില്ല. അതിനിടെ ജയൻ 21-ന് സമർപ്പിച്ച റിപ്പോർട്ടിൽ 16 എന്ന തീയതി കൂട്ടിച്ചേർത്തത് പരിശോധിക്കും. വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്ന് ബി.ആർ. ജയൻ മാധ്യമങ്ങളോട് പറഞ്ഞു. ആര് കുറ്റംചെയ്താലും ശിക്ഷിക്കപ്പെടണം. അന്വേഷണവുമായി പൂർണമായും സഹകരിക്കും. തനിക്കെതിരേ ഉദ്യോഗസ്ഥതല ഗൂഢാലോചനയെന്ന് കരുതുന്നില്ല. മേലുദ്യോഗസ്ഥരെ പൂർണവിശ്വാസമുണ്ടെന്ന് ജയൻ പ്രതികരിച്ചു.

അതിനിടെ എരുമേലി, പ്ലാച്ചേരി വനം ഓഫീസ് ചുമതലക്കാർ തമ്മിലുള്ളതെന്ന് സംശയിക്കുന്ന ഓഡിയോ ക്ലിപ്പ് തിങ്കളാഴ്ച രാത്രി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കഞ്ചാവ് ചെടി കണ്ടെത്തിയ കാര്യംതന്നെ അറിയിക്കാഞ്ഞതെന്ത് എന്നാണ് മേലുദ്യോഗസ്ഥനെന്ന് തോന്നുന്ന വ്യക്തി ചോദിക്കുന്നത്. ചെടി കണ്ടപ്പോൾ തന്നെ പിഴുതു കളഞ്ഞെന്നും മുകളിലേക്ക് അറിയിക്കാൻ കഴിഞ്ഞില്ലെന്നും കീഴുദ്യോഗസ്ഥൻ മറുപടി നൽകുന്നു. ചെടി വളർത്തിയ ആളിനെ താൻ വിളിച്ചുവരുത്തി മൊഴി എടുത്തുവെന്നും അയാൾ ഓഫീസിൽ ഇനി ഉണ്ടാകരുതെന്നും മേലുദ്യോഗസ്ഥൻ താക്കീത് നൽകുന്നുമുണ്ട്. ഓഡിയോ ആരുടേതെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്ചയാണ് പ്ലാച്ചേരി വനം ഓഫീസ് വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തിയെന്ന ആരോപണം ഉയർന്നത്. റേഞ്ച് ഓഫീസറായിരുന്ന ജയൻ കീഴ്ജീവനക്കാർക്കെതിരേ റിപ്പോർട്ട് നൽകിയിരുന്നു. വനിതാ ജീവനക്കാർ നേരത്തെ ജയനെതിരേ നൽകിയ പരാതിയിൽ അദ്ദേഹത്തെ സ്ഥലം മാറ്റാൻ തീരുമാനിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് വന്നതോടെ ജയൻ റിപ്പോർട്ട് മേലധികാരികൾക്ക് അയച്ചുവെന്നാണ് ആക്ഷേപം.