മലപ്പുറം: 'പൊലീസ് വേഷത്തിൽ വന്നിട്ടൊന്നും കാര്യമില്ല. ഐഡന്റിറ്റി കാർഡ് കാണിച്ചാലേ സംസാരിക്കൂ', പൊലീസുകാരോട് കയർത്ത് മഞ്ചേരി മെഡിക്കൽ കോളജ് ആർ.എം.ഒ. ഇതെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് മേലാറ്റൂർ പൊലീസ് റിപ്പോർട്ട് നൽകി. സംഭവത്തെ തുടർന്ന് ആർ.എം.ഒ ഡോ. സഹീർ മുഹമ്മദ് മേലാറ്റൂർ എസ്‌ഐ ഷിജോയുമായി സംസാരിക്കുന്ന ഫോൺസംഭാഷണം മറുനാടൻ മലയാളിക്ക് ലഭിച്ചു.

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ:

വഞ്ചനാകേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കടുത്ത തലവേദനയാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പരിശോധക്കുകൊണ്ടുപോയി. പ്രതിയെ പരിശോധിച്ച ഒ.പിയിലെ ഡോക്ടർ, സർജനെ തീർച്ചയായും കാണിക്കണമെന്ന് നിർദ്ദേശിച്ചു. ഇതോടെയാണു പൊലീസ് മഞ്ചേരി മെഡിക്കൽ കോളജിലെത്തുന്നത്.

സർജനെ കണ്ടുപരിശോധിച്ചപ്പോഴാണ് സി.ടി. സ്‌കാൻ ചെയ്യാൻ നിർദ്ദേശിച്ചത്. തുടർന്നു ഇതിന്റെ റിസൾട്ട് വാങ്ങാൻ കാത്തിരുന്ന പൊലീസുകാരോട് സി.ടി.സ്‌കാൻ റിപ്പോർട്ട് നൽകണമെങ്കിൽ മെഡിക്കൽ കോളജ് ആർ.എം.ഒയുടെ അനുമതി വേണമെന്നും ഇതിനായി കൗണ്ടർ സൈൻ വേണമെന്നും പരിശോധിച്ച ഡോക്ടർ പറയുന്നത്. ഇക്കാര്യം ആർ.എം.ഒയുടെ ശ്രദ്ധയിൽപെടുത്തിയ പൊലീസുദ്യോഗസ്ഥനോട് അങ്ങനെയൊന്നും ഇത് നൽകാൻ കഴിയില്ലെന്നും ആദ്യം ഐഡന്റിറ്റി കാർഡ് കാണിക്കാനും നിർദ്ദേശിച്ചു.

എന്നാൽ ഐഡന്റിറ്റി കാർഡ് ഇപ്പോർ കയ്യിലില്ലെന്നും പ്രതിയുമായി പുറത്തുപോകുമ്പോൾ ജയിലിൽ നിന്നും നൽകിയ പ്രത്യേക അനുമതിയുടെ പേപ്പറായ പാസ്പോർട്ടും, ജയിലിലെ മറ്റു ചില രേഖകളുണ്ടെന്നും കോൺസ്റ്റബിളായ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് പുറമെ പ്രതിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കാണിച്ച ഒ.പി. ടിക്കറ്റും ഉൾപ്പെടെ കാണിച്ചു നൽകി. എന്നാൽ ഇതൊന്നും പോരെന്ന് ഐഡന്റിറ്റി കാർഡു തന്നെ വേെേണന്നും പറഞ്ഞു ആർ.എം.ഒ ശാഠ്യംപിടിച്ചു.

ഇതോടെയാണു പൊലീസുദ്യോഗസ്ഥൻ മേലാറ്റൂർ എസ്‌ഐയായ ഷിജോക്കു ഫോൺ വിളിച്ചത്. തുടർന്നു കാര്യം പറയുകയുകയും ആർ.എം.ഒയായ സഹീർ മുഹമ്മദിന് ഫോൺ കൈമാറുകയും ചെയ്തു. എസ്‌ഐയോടും സമാനമായ രീതിയിലാണു ആർ.എം.ഒയുടെ സംസാരം ഉണ്ടായത്. എസ്‌ഐയാണെങ്കിലും ഐഡന്റിറ്റി കാർഡ് കാണിക്കാതെ വിവരങ്ങൾ നൽകാൻ പാടില്ലെന്നു പറഞ്ഞു. പലസമയത്തും പൊലീസുദ്യോഗസഥർ അടിയന്തരമായി പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നും ചിലപ്പോൾ ഐഡന്റിറ്റി കാർഡ് എടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും പറഞ്ഞെങ്കിലും വഴങ്ങാൻ ആർ.എം.ഒ തെയ്യാറായില്ല. ഈ സംഭാഷണത്തിന്റെ പൂർണ വീഡിയോയാണ് മറുനാടൻ മലയാളിക്കു ലഭിച്ചത്.

സംഭവത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ടു നൽകിയെന്നും സംഭവത്തിൽ ഇടപെട്ട പൊലീസുദ്യോഗസ്ഥർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ടെന്നും മേലാറ്റൂർ സിഐ: കെ.ആർ. രഞ്ജിത് മറുനാടൻ മലയാളിയോട് പറഞ്ഞു. തികച്ചും ധാർഷ്ട്യത്തോടെ ഉള്ള പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും മഞ്ചേരി മെഡിക്കൽ കോളജിലെ മറ്റു ഉദ്യോഗസ്ഥരെല്ലാം തങ്ങളോട് മാന്യമായാണ് പെരുമാറുന്നതെന്നും മേലാറ്റൂർ എസ്‌ഐ: ഷിജോയും മറുനാടൻ മലയാളിയോട് വ്യക്തമാക്കി. അതേസമയം സഹീർമുഹമ്മദിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നുവെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.