കൽപ്പറ്റ: പൂക്കോട് സർവ്വകലാശായിൽ 33 കുട്ടികളെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാജിവച്ച വൈസ് ചാൻസലറുടെ വിശദീകരണം വിവാദത്തിൽ. കുട്ടികൾക്ക് സസ്‌പെൻഷൻ ഉത്തരവ് കിട്ടിയിരുന്നില്ലെന്നും അതുകൊണ്ടാണ് സർവ്വകലാശാല ലോ ഓഫീസറോട് നിയമോപദേശം തേടാതെ കുട്ടികളെ തിരിച്ചെടുത്തതുമെന്നുമായിരുന്നു വിസിയുടെ വിശദീകരണം. മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ തന്നെ ഇത് അച്ചടിച്ചു വന്നിട്ടുണ്ട്.

എന്നാൽ അപ്പീൽ പരിഗണിച്ചാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നും വിശദീകരിക്കുന്നു. സസ്‌പെൻഷൻ ഉത്തരവ് കൈയിൽ കിട്ടിയാൽ മാത്രം നൽകാൻ കഴിയുന്നതാണ് അപ്പീൽ. കേട്ടറവിന്റെ പേരിൽ ആരും അപ്പീലുകൾ നൽകാറില്ല. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് ഉത്തരവ് കിട്ടിയില്ലെന്ന രാജിവച്ച വിസിയുടെ വിശദീകരണം പൂക്കോട്ടെ അട്ടിമറിക്ക് തെളിവാണ്. മനോരമയോട് അങ്ങനെ പറഞ്ഞില്ലെന്ന് ഇനി രാജിവച്ച വിസി പറഞ്ഞാലും പ്രശ്‌നമുണ്ട്. അപ്പോൾ എന്തുകൊണ്ട് ലോ ഓഫീസറോട് നിയമോപദേശം തേടിയില്ലെന്ന കരുക്കെത്തും. ലോ ഓഫീസറോട് നിയമോപദേശം തേടിയില്ലെന്ന പിഴവ് മറയ്ക്കാനാണ് ഉത്തരവ് കിട്ടിയില്ലെന്ന ന്യായം രാജിവച്ച വിസി പറയുന്നത്.

കുട്ടികളിൽ നിന്നും വിവരങ്ങൾ പുറത്തു പോകരുതെന്ന് പൂക്കോട്ടെ വില്ലന്മാർ ആഗ്രഹിക്കുന്നുണ്ട്. ഇതിന് വേണ്ടി എല്ലാ കുട്ടികളേയും ഹോസ്റ്റലിൽ തന്നെ പൂട്ടിയിടാനുള്ള തന്ത്രമാണ് ആ 33 കുട്ടികളെ തിരിച്ചെടുത്ത നടപടി. സിദ്ധാർത്ഥൻ കൊലക്കേസിൽ ഈ കുട്ടികൾ മാപ്പുസാക്ഷികളെ പോലെ സത്യം പറഞ്ഞാൽ അതിക്രൂരമായ കൊലയിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാണ്. ചില അദ്ധ്യാപകർക്ക് ജോലി അടക്കം പോകും. ഇതുണ്ടാകാതിരിക്കാനുള്ള അതിവേഗ കരുതലായിരുന്നു സസ്‌പെന്റ് ചെയ്തവരെ തിരിച്ചെടുക്കൽ. അതിനിടെ ഈ സസ്‌പെൻഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ട് പിൻവലിക്കുകയും ചെയ്തു. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ പുതിയ വൈസ് ചാൻസിലർ (വി സി) ഡോ. പി.സി. ശശീന്ദ്രൻ രാജിവെച്ചതിന് ശേഷമായിരുന്നു ഈ നടപടി.. ചാൻസിലർകൂടിയായ ?ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ പറയുന്നത്. എന്നാൽ ചാൻസിലർ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ സ്സപെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടിയിൽ ഗവർണർ വിശദീകരണം തേടിയിരുന്നു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നിരിക്കെയായിരുന്നു ഇതൊന്നുമില്ലാതെ സസ്‌പെൻഡ് ചെയ്ത 90 പേരിൽ 33 പേർക്കെതിരെയുള്ള നടപടി റദ്ദാക്കികൊണ്ട് വിസിയുടെ ഇടപെടലുണ്ടായത്. ഇതിന് പിന്നാലെയാണ് വിസിയുടെ നടപടി ഗവർണർ ചോദ്യം ചെയ്തത്.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന പേരിൽ അന്ന് സർവകലാശാലാ വിസിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു പുതിയ വൈസ് ചാൻസലറായി ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചത്. ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർഥൻ മരിച്ച സംഭവത്തിൽ കോളേജിനും ഹോസ്റ്റൽ അധികൃതർക്കും ഉണ്ടായ വീഴ്ചകൾ പരിശോധിക്കാൻ നാലം?ഗ കമ്മീഷനെ വി സി ഡോ. പി.സി. ശശീന്ദ്രൻ നിയമിച്ചിരുന്നു. മൂന്നുമാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. വീഴ്ചകളുണ്ടായെന്ന പരാതിയുയർന്ന സാഹചര്യത്തിൽ കോളേജ് ഡീൻ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാർഡൻ ആർ. കാന്തനാഥനെയും ശശീന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു.

പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റതിനുപിന്നാലെ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താനും പി.സി. ശശീന്ദ്രൻ തീരുമാനിച്ചിരുന്നു. ഹോസ്റ്റലിൽ നാല് വാർഡന്മാരെ നിയോഗിക്കാനും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതും അടക്കം വിവിധ തിരുത്തൽ നടപടികൾ അദ്ദേഹത്തിന്റെ ഭാ?ഗത്തുനിന്നും ഉണ്ടായിരുന്നു.