- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉത്തരേന്ത്യയിൽ' വേരുറപ്പിക്കാൻ രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരും
ന്യൂഡൽഹി: വയാനാട്ടിലും റായ്ബറേലിയിലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ ഗാന്ധി യുപിയിലെ സീറ്റ് നിലനിർത്തും. വയനാട് സീറ്റ് രാഹുൽ വേണ്ടെന്ന് വയ്ക്കും. ഉത്തർപ്രദേശിൽ കോൺഗ്രസിന് ഇത്തവണ മികച്ച വിജയം കിട്ടി. ഇതിന് കാരണം രാഹുലിന്റെ മത്സരമാണെന്ന വിലയിരുത്തലാണെന്നാണ് കോൺഗ്രസ് ക്യാമ്പ്. ഈ തരംഗം നിലനിർത്താൻ രാഹുൽ യുപി സീറ്റ് നിലനിർത്തും.
സോണിയാ ഗാന്ധിയുടെ നിലപാട് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. ഇതോടെ രാഹുൽ ഒഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്കാ ഗാന്ധി എത്തുമെന്നും പ്രചരണമുണ്ട്. എന്നാൽ കോൺഗ്രസിനെ സംഘടനാ തലത്തിൽ ശക്തമാക്കാൻ പ്രിയങ്ക പാർട്ടിയുടെ ഉന്നത പദവിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സൂചനകളുണ്ട്. അങ്ങനെ എങ്കിൽ വയനാട്ടിൽ കേരളത്തിൽ നിന്നു തന്നെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി വരും. ഇക്കാര്യത്തിൽ പ്രിയങ്കയുടെ നിലപാടാകും നിർണ്ണായകം. പ്രിയങ്ക മത്സരിക്കുമെന്ന പ്രതീക്ഷ കെപിസിസിക്കുമുണ്ട്.
നിറം മങ്ങിയ വിജയത്തിലേക്ക് ബിജെപിയേയും എൻ.ഡി.എയേയും കൂപ്പുകുത്തിച്ചതിന് പിന്നിൽ നിർണായകമായി രാഹുൽ ഗാന്ധിയുടെ ഇടപെടലാണ്. പാർട്ടിയേയും സഖ്യത്തേയും എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചേർത്തുനിർത്തിയപ്പോൾ, വോട്ടർമാരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളായിരുന്നു രാഹുൽ ഗാന്ധി നടത്തിയത്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ 107 പൊതുപരിപാടികളിലാണ് രാഹുൽ പങ്കെടുത്തത്. വയനാട്ടിലും റായ്ബറേലിയിലും ജനവിധി തേടി. രണ്ടിടത്തും വൻ വിജയം നേടി.
വയനാട്ടിൽ ആദ്യം മുതലേ ലീഡ് നില നിർത്തിയ രാഹുൽ ഗാന്ധി 3,64,4111 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. റായ്ബറേലിയിലും രാഹുൽ ഗാന്ധി വിജയിച്ചു. രണ്ട് സീറ്റുകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും വയനാട് ആണോ റായ്ബറേലിയാണോ നിലനിർത്തുന്നത് എന്നതിൽ പിന്നീട് തീരുമാനമെടുക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. എന്നാൽ സോണിയയുടെ ആഗ്രഹം യുപിയിൽ മകൻ തുടരണമെന്ന് തന്നെയാണ്. ഇത് രാഹുലും അംഗീകരിക്കും. എസ് പി നേതാവ് അഖിലേഷ് യാദവും ഈ നിലപാടിലാണ്.
ഭാരത് ജോഡോ യാത്രയ്ക്കിടെ പാർട്ടി നേതൃത്വം മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറിയ രാഹുൽ ഗാന്ധി നിർണ്ണായക തീരുമാനമാണ് അന്നെടുത്തത്. ഇതെല്ലാം കോൺഗ്രസിന്റെ കുതിപ്പിന് കാരണമായി. ബിജെപി സഖ്യം അധികാരത്തിലെത്തിയാലും പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് കിട്ടും. അത് ഏറ്റെടുക്കാനും രാഹുലിന് മേൽ സമ്മർദ്ദമുണ്ടാകും. ഏതായാലും ഇന്ത്യാ സഖ്യത്തിന്റെ നേതാവായി രാഹുൽ വളർന്നു കഴിഞ്ഞു. തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി പദ മോഹം വേണ്ടെന്ന് വച്ച് എൻഡിഎ സർക്കാരിനെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ പോലും രാഹുൽ തയ്യാറായേക്കും.
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയാണെന്ന് രാഹുൽ ഗാന്ധി പറയുന്നു. ഭരണഘടനയെ സംരക്ഷിച്ചത് കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ള രാജ്യത്തെ അടിസ്ഥാനവർഗമാണ്. ബിജെപിയെ തടഞ്ഞ രാഷ്ട്രീയപ്രബുദ്ധരായ യുപിയിലെ ജനങ്ങൾക്കു നന്ദിയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ ഈ വാക്കുകളിൽ പോലും രാഷ്ട്രീയ കരുതലുണ്ടായിരുന്നു.
ഈ പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം അദാനിയുടെ സ്റ്റോക്ക് നോക്കൂ. മോദി പോയപ്പോൾ അദാനിയും പോയെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോൺഗ്രസ് വിജയിച്ചതെന്നും ഖർഗെ പറഞ്ഞു.