- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെല്ലിൽ സൗമ്യനായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ; പൂജപ്പുര ജയിലിലും മാങ്കൂട്ടത്തിൽ ജനകീയൻ
തിരുവനന്തപുരം: ജയിലിനുള്ളിലും രാഹുൽ മാങ്കൂട്ടത്തിൽ സമയം പാഴാക്കുന്നില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സമാനതകളില്ലാത്ത വിധം വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയ രാഹുൽ മാങ്കുട്ടത്തിൽ ജയിലിനുള്ളിലെ അവസരം വിനിയോഗിക്കുകയാണ്. സെല്ലിനുള്ളിൽ പുസ്തക വായനയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ജില്ലാ ജയിലിലെ പുസ്തകങ്ങൾ ഒന്നൊന്നായി വായിക്കുകായണ് യുവനേതാവ്. ജയിലിലെ ക്രമീകരണങ്ങളിൽ പരാതിയില്ല. എല്ലാവരോടും സൗമ്യമായ പെരുമാറ്റം. ഗവർണറെ കരിങ്കൊടി കാട്ടി റിമാൻഡിലായ എസ് എഫ് ഐ നേതാക്കളും മാങ്കൂട്ടത്തിലിന്റെ അടുത്ത കൂട്ടുകാരായി മാറിയെന്നാണ് ജയിലിൽ നിന്നുള്ള റിപ്പോർട്ടുകൾ.
രാഹുലിനെ കാണാൻ വിഐപികൾ എത്തുന്നുണ്ട്. സന്ദർശകരെ കാണുന്ന സമയത്തൊഴികെ എല്ലാം വായനയാണ്. പത്രവും കൃത്യമായി യൂത്ത് കോൺഗ്രസ് അധ്യക്ഷന് കിട്ടും. ആഹാരത്തിലും നിർബന്ധമില്ല. ജയിൽ മെനുവിൽ പൂർണ്ണ തൃപ്തൻ. സംസ്ഥാനത്തെ രാഷ്ട്രീയക്കാർ തടവുകാരായി എത്തുമ്പോൾ വാർഡന്മാർക്ക് തലവേദനയാണ്. രാഷ്ട്രീയത്തിന്റെ ഹുങ്കെല്ലാം ഇത്തരക്കാർ അഴിക്കുള്ളിൽ കാണിക്കും. നിരന്തരം തർക്കങ്ങളുണ്ടാക്കും. എന്നാൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്റേത് വേറിട്ട വഴിയാണ്. രാഷ്ട്രീയക്കാരന്റെ ഒരു ജാഡയും ജയിലിനുള്ളിൽ രാഹുൽ കാണിക്കുന്നില്ല. എല്ലാവരോടും പെരുമാറുന്നത് മാന്യമായി. ആർക്കെതിരേയും പരാതിയോ പരിഭവമോ ഇല്ല. ജനകീയ ഇടപെടലുകളിലൂടെയാണ് മാങ്കൂട്ടത്തിൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞത്. ഇതേ ജനകീയത ജയിലിലും മാങ്കൂട്ടത്തിൽ നേടുകയാണ്.
തിരുവനന്തപുരം ജില്ലാ ജയിലിലെ രണ്ടാം നിലയിലെ ബ്ലോക്കിലാണ് രാഹുലിനെ താമസിപ്പിച്ചിട്ടുള്ളത്. പ്രത്യേക പരിഗണനയൊന്നും നൽകുന്നില്ല. കൊടും കുറ്റവാളികളൊന്നും ആ സെല്ലിൽ മാങ്കൂട്ടത്തിലിനൊപ്പമില്ല. എല്ലാവരോടും സൗമ്യമായാണ് രാഹുലിന്റെ ഇടപെടൽ. എസ് എഫ് ഐക്കാരെ പാർപ്പിച്ചത് ഈ സെല്ലിൽ അല്ല. വ്യക്തിവൈരാഗ്യമൊന്നുമില്ലാത്തതിനാൽ രാഷ്ട്രീയത്തിൽ വിരുദ്ധ ധ്രുവങ്ങളിലുള്ളവർക്ക് ജയിലിനുള്ളിൽ വേഗത്തിൽ അടുക്കാനായി. രാഹുലുമായി സൗഹൃദത്തിലുള്ള സമീപനമാണ് എസ് എഫ് ഐക്കാരും എടുത്തത്. കഴിഞ്ഞ ദിവസം ഇവർ ജാമ്യം കിട്ടി പുറത്തു പോയി. അതുവരേയും എസ് എഫ് ഐക്കാരുമായി അടുത്ത ബന്ധത്തിലായിരുന്നു രാഹുൽ.
സെല്ലിൽ പ്രശ്നക്കാർ ഇല്ലാത്തത രാഹുലിന് പരന്ന വായനയ്ക്കും അവസരമൊരുക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മട്ടണായിരുന്നു ജയിലിലെ സ്പെഷ്യൽ. അതും കൂട്ടി രാഹുൽ ആഹാരവും കഴിച്ചു. ഇടക്ക് ലൈബ്രറിയിലേക്കും പോകുന്നുണ്ട് യൂത്ത് കോൺഗ്രസ് നേതാവ്. ജാമ്യ ഹർജിയിൽ അടുത്ത വാദ ദിവസം തന്നെ ജാമ്യം കിട്ടുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ജയിലിൽ കിടന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണെന്ന് പ്രസ്താവന നടത്തിയ എം വി ഗോവിന്ദനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു ഇത്.
യഥാർത്ഥ വിവരങ്ങടങ്ങിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞുപരത്തി പൊതുമണ്ഡലത്തിൽ തെറ്റിദ്ധാരണ പരത്താനാണ് എം. വി. ഗോവിന്ദൻ ശ്രമിച്ചതെന്നും ഇത് പൊതു പ്രവർത്തകൻ എന്ന നിലയിൽ മാനഹാനി ഉണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും രാഹുൽ അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നു. അഡ്വ. മൃദുൽ ജോൺ മാത്യു മുഖാന്തരമാണ് നോട്ടീസ് അയച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷങ്ങളുടെ ഭാഗമായെടുത്ത കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യത്തിനായാണ് ഡിസ്ചാർജ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയത്. ഇത് വ്യാജമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ ആരോപിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ.