തൃശൂർ: വിവാദ സ്വർണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂരിന്റെ തൃശൂർ ആസ്ഥാനത്ത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യങ്ങെ കുറിച്ച് അന്വേഷിക്കുന്ന മുബൈയിൽ നിന്നുള്ള പ്രത്യേക സംഘത്തിന്റെ റെയ്ഡ്. ഇന്നലെ രാത്രിയാണ് പരിശോധന തുടങ്ങിയത്. ദിവസങ്ങൾ എടുത്താലേ റെയ്ഡ് പൂർത്തിയാകൂ എന്നാണ് സൂചന. ചെമ്മണ്ണൂർ ജ്യൂലറിയുടെ ഭാഗമായി നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള തെളിവുകൾ റെയ്ഡിൽ ആർബിഐയ്ക്ക് കിട്ടിയെന്നാണ് സൂചന. അതിനിടെ കേസുകൾ ഒതുക്കി തീർക്കാൻ ഉന്നത തല സ്വാധീനമുപയോഗിക്കാൻ ബോബി ചെമ്മണ്ണൂർ ശ്രമം തുടങ്ങിയിട്ടുണ്ട്.

2011-12 സാമ്പത്തിക വർഷത്തിൽ മൂലധനമായി ബോബി ചെമ്മുരിലേക്ക് ഒഴുകിയെത്തിയ 75 കോടി രൂപയുടെ ഉറവിടം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ പ്രധാന പരിശോധന. ഇതിനൊപ്പം മറ്റ് സാമ്പത്തിക ഇടപാടുകളും പുറത്തുവരും. സമഗ്രമായ പരിശോധനയാണ് ഉദ്യോഗ്‌സഥർ നടത്തുന്നത്. എല്ലാ തെളിവും കണ്ടെടുക്കുന്നത് വരെ റെയ്ഡ് തുടരുന്നതാണ് സംഘത്തിന്റെ രീതി. ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകൾ കിട്ടിയതിനാലാണ് വിശദ പരിശോധനയിലേക്ക് കടന്നത്.

തിരൂരിലെ ചെമ്മണ്ണൂരിന്റെ ജ്യൂലറിയിൽ നിന്ന് വായ്പയ്ക്ക് സ്വർണ്ണമെടുത്ത സാധാരണക്കാരൻ കടയ്ക്കുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. ബോബി ചെമ്മണ്ണൂർ ജ്യൂലറിയിലെ ജീവനക്കാരുടെ ഭീഷണിയായിരുന്നു ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. നിരന്തരം ചെമ്മണ്ണൂരിന്റെ ജീവനക്കാരും ഗുണ്ടകളും ഭീഷണിപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു കടയ്ക്കുള്ളിലെ ആത്മഹത്യ. മാദ്ധ്യമങ്ങളെ സ്വാധീനിച്ച് വാർത്തകൾ മുക്കുന്ന രീതി തിരൂർ സംഭവത്തിലും പുറത്തെടുത്തു. മറുനാടൻ മലയാളി മാത്രമാണ് പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ഇക്കാര്യം പതിവ് പോലെ റിപ്പോർട്ട് ചെയ്തത്. ഈ കേസ് കാശുകൊടുത്ത് ബോബി ചെമ്മണ്ണൂർ ഒഴിവാക്കിയെങ്കിലും ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ കാര്യങ്ങളെത്തി. ഇത് തന്നെയാണ് ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഇന്റലിജൻസ് റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്.

തൃശൂർ റൗണ്ടിലെ ഇന്ത്യൻ കോഫി ഹൗസിന് അടുത്താണ് ബോബി ചെമ്മണ്ണൂർ ജ്യൂലേഴ്‌സിന്റെ ഹെഡ് ഓഫീസ്. ഇവിടെയാണ് റിസർവ്വ് ബാങ്കിന്റെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ആയിരക്കണക്കിന് രേഖകൾ പിടിച്ചെടുത്തു. റിസർവ്വ് ബാങ്കിന്റെ അനുമതിയില്ലാതെ ജ്യൂലറിയിൽ നടക്കുന്ന സമ്പാദ്യ പദ്ധതിയെ കുറിച്ചാണ് പ്രധാന പരിശോധന. കള്ളപ്പണ നിക്ഷേപം ജ്യൂലറി കേന്ദ്രീകരിച്ച് നടക്കുന്നതായാണ് പരാതി. ഈ പരാതിയിലാണ് ആർബിഐ വിശദപരിശോധന നടത്തുന്നത്. ആദായ നികുതി വകുപ്പിനും റവന്യൂ ഇന്റലിജൻസിനുമൊക്കെ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിനെതിരായ പരാതി ലഭിച്ചിട്ടുണ്ട്. ഈ ഏജൻസികളും അന്വേഷണം നടത്തുന്നതായാണ് സൂചന. സിബിഐയ്ക്കും ഇതു സംബന്ധിച്ച പരാതി പൊതു പ്രവർത്തകനായ ജോയ് കൈതാരം നൽകിയിട്ടുണ്ട്.

നിയമവിരുദ്ധമായി നടക്കുന്ന നിരവധി ഇടപാടുകളെ കുറിച്ചാണ് പരാതി. പിടിച്ചെടുക്കുന്ന എല്ലാ രേഖകളും വിശദമായി പരിശോധിച്ച് മാത്രം തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം ആർബിഐ കണക്കാക്കൂ. അതിന് ശേഷം ബോബി ചെമ്മണ്ണൂരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. എന്നാൽ വ്യക്തമായ തെളിവ് കിട്ടിയാൽ സാമ്പത്തിക തിരിമറിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ആർബിഐയുടെ അനുമതിയില്ലാതെ വായ്പ നൽകുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ക്രിമിനൽ കുറ്റമാണ്. ഇതു രണ്ടുമാണ് ആർബിഐ പരിശോധനയ്ക്ക വിധേയമാക്കുന്നത്.

നേരത്തെ ബോബി ചെമ്മണ്ണൂർ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത് വന്നിരുന്നു. എന്നിട്ടു പോലും ദേശാഭിനാനി ഉൾപ്പെടെയുള്ള പത്രങ്ങളൊന്നും വിഎസിന്റെ വാർത്ത നൽകിയില്ല. കോടികൾ ഒഴുക്കി നിരന്തരം പരസ്യം നൽകി ബോബി ചെമ്മണ്ണൂർ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് മിണ്ടാതിരിക്കുന്നത് മാദ്ധ്യമങ്ങൾക്ക് എന്നും ശീലമുള്ളതാണ്. അതിന് ആദ്യം അറുതി വരുത്തിയത് മറുനാടൻ ആയിരുന്നു. ഓപ്പറേഷൻ കുബേരയുടെ പേരിൽ പാവപ്പെട്ട ഓട്ടോറിക്ഷക്കാരെ വഴിയാധാരമാക്കിയ വാർത്ത മറുനാടൻ കൊടുത്തിരുന്നു. അതിന്റെ പേരിൽ മറുനാടനെതിരെയും ബോബി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ടാണ് വി എസ് രംഗത്ത് വന്നത്.

കേന്ദ്രസംസ്ഥാന സർക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിക്കുന്നതെന്നായിരുന്നു വി എസ് ഉന്നയിച്ച ആരോപണം. റിസർവ് ബാങ്കിന്റേയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും നിയമങ്ങൾ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. തുടർന്നാണ് കേന്ദ്ര ഏജൻസികളെ പരാതിക്കാർ സമീപിച്ചത്. മുമ്പ് ബോബി ചെമ്മണ്ണൂർ രക്തം ശേഖരിക്കുന്നതിനെന്ന പേരിൽ കോടികൾ മുടക്കി കേരളത്തിൽ ഓടിയിരുന്നു. അന്ന് മന്ത്രിമാരടക്കം എല്ലാവരും ബോബിക്ക് ചൂട്ടുപിടിച്ചു.

എന്നാൽ ഒടുവിൽ ബ്ലഡ്ബാങ്കിൽ രക്തമില്ലെന്ന യാഥാർത്ഥ്യവും പുറത്തുവന്നിരുന്നു. ഓപ്പറേഷൻ കുബേരയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി ഉയർന്നിട്ടും അതേക്കുറിച്ചും മാദ്ധ്യമങ്ങൾ അടക്കം എല്ലാവരും മൗനം പുലർത്തുകയാണ് ഉണ്ടായത്. അന്ന് മറുനാടൻ മലയാളി ആയിരുന്നു ഈ വാർത്ത പുറത്തുവിട്ടത്. തുടർന്ന് നിരന്തരം ഇതേക്കുറിച്ചുള്ള വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു. ഓപ്പറേഷൻ കുബേരയിൽ കുടുങ്ങി കേസെടുത്ത് ഒരു വർഷം പിന്നിട്ടിട്ടും ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിക്കുകയോ വിശദമായ അന്വേഷണം നടത്തുകയോ ഉണ്ടായില്ല. ഈ കേസും പിന്നീട് ഒതുക്കി തീർത്തുവെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇത്തവണ കേന്ദ്ര ഏജൻസിയുടെ അന്വേഷണമായതിനാൽ അതുണ്ടാകില്ലെന്നാണ് പരാതിക്കാർ പങ്കുവയ്ക്കുന്ന വികാരം.