തിരുവനന്തപുരം: ശശി തരൂർ ഇനിയും ജയിക്കുമെന്ന പ്രസ്താവന ഒ രാജഗോപാലിനെ കൊണ്ട് തിരുത്തിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസ്. രാജഗോപാലിന്റെ പ്രസ്താവനയിലെ പ്രശ്‌നങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ട് അമിത് ഷായുടെ ഓഫീസിനെ ധരിപ്പിച്ചിരുന്നു. കേരളത്തിലെ ബിജെപിക്ക് വലിയ തിരിച്ചടിയായി ഇതു മാറുമെന്നും അറിയിച്ചു. പിന്നാലെയാണ് അമിത് ഷായുടെ ഓഫീസിലെ പ്രധാനി വിഷയത്തിൽ ഇടപെട്ടത്. രാജഗോപാലിനെ നേരിട്ട് വിളിച്ച് അമർഷം അറിയിച്ചു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതൊന്നും ചെയ്യരുതെന്ന് മുതിർന്ന നേതാവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നാലെയാണ് ഫെയ്‌സ് ബുക്കിൽ തിരുത്തുമായി രാജഗോപാൽ എത്തിയത്. മുമ്പും പലവട്ടം ബിജെപി സംസ്ഥാന നേതൃത്വത്തെ രാജഗോപാൽ വെട്ടിലാക്കിയിരുന്നു.

തരൂരിനെ തോൽപ്പിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഒ രാജഗോപാൽ പറഞ്ഞത് ബിജെപി സംസ്ഥാനഘകടത്തിന്റെ മൊത്തം അതൃപ്തിക്ക് കാരണമായിരുന്നു എന്നതാണ് വസ്തുത. ഇതാണ് സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചത്. ആരും ഈ പ്രസ്താവനയിൽ രാജഗോപാലിനൊപ്പം നിന്നില്ല. ഇതിനിടെയാണ് അമിത് ഷായുടെ ഓഫീസും വിഷയത്തിൽ ഇടപെട്ടത്. ഇതോടെ ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട് എന്നും പറഞ്ഞ് തിരുത്തുകയായിരുന്നു രാജഗോപാൽ. കുമ്മനം രാജശേഖരൻ നേമത്ത് മത്സരിക്കുമ്പോഴും രാജഗോപാൽ വിവാദ പ്രസ്താവന നടത്തിയിരുന്നു. അത് കുമ്മനത്തിന്റെ പരാജയ കാരണമായി എന്ന് ആർ എസ് എസും വിലയിരുത്തിയിരുന്നതാണ്.

നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ തന്റെ പിൻഗാമിയെന്ന് പറയില്ലെന്ന് രാജഗോപാൽ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നു. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാൽ അദ്ദേഹത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോയെന്നറിയില്ലെന്നും സംശയം പ്രകടചിപ്പിച്ചിരുന്നു. ചില മേഖലയിലെ ജനങ്ങൾക്ക് തന്നോട് പ്രത്യേക സ്‌നേഹം ഉണ്ടായിരുന്നു. തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും രാജഗോപാൽ പറഞ്ഞിരുന്നു. ഇതെല്ലാം കുമ്മനത്തിന്റെ തോൽവിക്ക് കാരണമായെന്ന വിലയിരുത്തൽ ബിജെപിയും നടത്തിയിരുന്നു. അതിന് ശേഷം ലോക്‌സഭയിൽ തിരുവനന്തപുത്തെ ബിജെപി പ്രതീക്ഷകളെ തകർക്കുന്നതാണ് രാജഗോപാലിന്റെ തരൂർ സ്തുതി. അതുകൊണ്ടാണ് അത് രാജഗോപാലിനെ കൊണ്ടു തന്നെ തിരുത്തിച്ചതും.

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളീയം അടക്കമുള്ള പരിപാടികൾ ബിജെപി ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ കേരളീയത്തിന്റെ സമാപനത്തിന് രാജഗോപാൽ എത്തി. ഇതെല്ലാം പിണറായി വിജയന് രാജഗോപാൽ നൽകുന്ന അംഗീകാരമായി സിപിഎം ഉയർത്തിക്കാട്ടി. കേരളത്തിലെ മുതിർന്ന ബിജെപി നേതാവിന് വസ്തുത അറിയാമെന്നായിരുന്നു സിപിഎം പ്രചരണം. ഇതിന് പിന്നാലെയാണ് ശശി തരൂരിന് അനുകൂലമായുള്ള രാജഗോപാലിന്റെ പ്രസ്താവന. ശശി തരൂരിനെ തിരുവനന്തപുരത്ത് തോൽപ്പിക്കുമെന്നും ബിജെപിക്ക് തരൂർ ഒരു വിഷയമല്ലെന്നും കെ സുരേന്ദ്രൻ ദിവസങ്ങൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ഇതെല്ലാം തകർക്കും വിധമായിരുന്നു രാജഗോപാലിന്റെ പ്രസ്താവന വാർത്തകളിൽ എത്തിയത്.

ഉടൻ തന്നെ ഇത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയേയും അമിത് ഷായേയും സുരേന്ദ്രൻ അറിയിക്കുകയും ചെയ്തു. ഇത്തരം പ്രസ്താവനകൾ പാർട്ടിയുടെ പ്രതീക്ഷകളെ തകർക്കുമെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്. ഇത് അമിത് ഷായും അംഗീകരിച്ചു. ആരും പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നും എല്ലാ നേതാക്കളും ഒരുമിച്ച് പോകണമെന്നും അമിത് ഷാ കേരള ഘടകത്തിലെ നേതാക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ശോഭാ സുരേന്ദ്രനും പികെ കൃഷ്ണദാസുമെല്ലാം അതിന് ശേഷം എല്ലാ ബിജെപി പരിപാടികളിലും നിറസാന്നിധ്യമായി. ബിജെപിയിൽ വിഭാഗീയത തലപൊക്കുന്നില്ലെന്ന് ഉറപ്പിക്കാൻ ബിജെപിയുടെ പുതിയ സംഘടനാ ജനറൽ സെക്രട്ടറി സുഭാഷും ഇടപെടൽ നടത്തി. ഇതിനിടെയാണ് രാജഗോപാലിന്റെ പരസ്യ പ്രതികരണം ബിജെപിക്ക് തലവേദനയായത്.

അതിനിടെ തരൂരിനെ പുകഴ്‌ത്തിയുള്ള ഒ രാജഗോപാലിന്റെ പ്രസ്താവന ഉത്കണ്ഠയുണ്ടാക്കുന്ന രാഷ്ട്രീയ പ്രശ്‌നമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു. തരൂരിനെതിരെ ബിജെപി മത്സരിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി-കോൺഗ്രസ് ഐക്യത്തിന്റെ ആരംഭമാണ് ശശി തരൂരിനെ ജയിപ്പിക്കണമെന്ന ബിജെപിയുടെ സന്ദേശമെന്നും ഇ പി ജയരാജൻ വിലയിരുത്തി. മോദിയുടെ തൃശ്ശൂർ പ്രസംഗം ആവേശം നൽകിയത് കോൺഗ്രസിനാണ്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത് കോൺഗ്രസാണ്. തൃശ്ശൂരിൽ കോൺഗ്രസ് പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ തൃശ്ശൂരിൽ ബിജെപിക്ക് ജയസാധ്യതയില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഇത്തരം അനാവശ്യ ചർച്ചകൾക്ക് കാരണമായത്.

ഇത് മനസ്സിലാക്കിയാണ് അമിത് ഷാ പ്രശ്‌നത്തിൽ ഇടപെട്ടതും. ശശി തരൂരിനെക്കുറിച്ച് താൻ നടത്തിയ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് രാജഗോപാൽ അതിന് ശേഷം പ്രതികരിക്കുകയും ചെയ്തു. ഒരു പാലക്കാട്ടുകാരൻ എന്ന നിലയിൽ ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം താനുദ്ദേശിച്ച രീതിയിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചതെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഒ രാജഗോപാൽ വ്യക്തമാക്കി.

''ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവിൽ ശ്രീ.തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും.'' അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

രാജഗോപാൽ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം-

ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്.

എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവിൽ ശ്രീ.തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും.ഒ രു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്....