കൊച്ചി:പത്താം ക്ലാസ്മുതൽ ഐ.എ.എസ് വരെയും പിന്നീടും എഴുതിയ എല്ലാ പരീക്ഷകളിലും ഒന്നാംറാങ്ക് നേടി ചരിത്രത്തിൽ ഇടം പിടിച്ചെങ്കിലും രാജുനാരായണസ്വാമിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കരുനീക്കങ്ങൾ സജീവം. സ്വാമിയെ രണ്ടുവട്ടം നിർബന്ധിത വിരമിക്കലിന് വിധേയമാക്കണമെന്ന് ചീഫ് സെക്രട്ടറിമാർ ശുപാർശ ചെയ്തിരുന്നതാണ്. രണ്ടു വട്ടവും മുഖ്യമന്ത്രിമാരായിരുന്ന ഉമ്മൻ ചാണ്ടിയും പിണറായിവിജയനുമാണ് അദ്ദേഹത്തിന് തുണയായത്. ഈ നീക്കം വീണ്ടും സജീവമാകുന്നുവെന്നാണ് സൂചന.

ഒന്നോ രണ്ടോ വർഷത്തെ റിപ്പോർട്ടുകൾ നോക്കിയല്ല ഐ.എ.എസുദ്യോഗസ്ഥനെ വിലയിരുത്തേണ്ടതെന്നും മൊത്തം സേവനമാണ് അവലോകനം ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം ചീഫ്‌സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ട്. മോശംപ്രകടനം ചൂണ്ടിക്കാട്ടി യു.ഡി.എഫ് ഭരണകാലത്ത് സ്വാമിയെ പിരിച്ചുവിടാൻ സ്‌ക്രീനിങ്‌സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും സർക്കാർ അത് കേന്ദ്രത്തിലയച്ചിരുന്നില്ല. അന്നത്തെ പിഴവുകളിൽ നിന്ന് സ്വാമി കരകയറിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

അഖിലേന്ത്യാ സർവീസ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി സർവീസിൽ നിലനിറുത്തണോ, നിർബന്ധിത വിരമിക്കൽ നൽകണമോയെന്ന് എഫ്.ആർ 56 (ജെ), 56 (1)വകുപ്പുകൾ പ്രകാരം കേന്ദ്രസർക്കാരിന് തീരുമാനിക്കാം. ഈ സാധ്യത പ്രയോജനപ്പെടുത്താനാണ് കേരളത്തിലെ സ്വാമി വിരുദ്ധരുടെ നീക്കം. കേന്ദ്രസർവീസിലേക്കുള്ള ഡെപ്യൂട്ടേഷനുകളും തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിരീക്ഷകനാവുന്നതുമെല്ലാം തടയാനും ഐ.എ.എസിനുള്ളിലെ ലോബിയാ്ണ് ഇതിന് പിന്നിൽ. റാങ്കുകളുടെ തോഴനായ സ്വാമി തുടക്കം മുതൽ മുതിർന്ന ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായിരുന്നു. ഇതിനൊപ്പം തീരുമാനം എടുക്കുന്നതിൽ സ്വാമി പിന്നിലാണെന്ന നിരീക്ഷണവും ചർച്ചയായിരുന്നു.

അപ്രധാന തസ്തികകളാണ് എന്നും സ്വാമിക്ക് കിട്ടിയത്. 1991ബാച്ചുകാരനായ സ്വാമി ഇതുവരെ മുപ്പതിലേറെ തവണ സ്ഥലംമാറ്റപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സേവനം മടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ചേക്കേറിയിട്ടും അവിടെയും സ്ഥിതി സമാനമായിരുന്നു. കാര്യക്ഷമതയില്ലായ്മയാണ് സ്വാമിക്കെതിരായ പ്രധാന ആരോപണം. 29 വർഷമായി സിവിൽസർവീസിലുള്ള സ്വാമിക്കെതിരെ ഒരു കേസോ വകുപ്പുതല നടപടിയോഉണ്ടായിട്ടില്ലെന്നതാണ് അദ്ദേഹത്തിന് എന്നും തുണയായത്. യു.ഡി.എഫ് ഭരണകാലത്ത് ചീഫ്‌സെക്രട്ടറി വ്യക്തി വൈരാഗ്യത്തെ തുടർന്ന് പീഡിപ്പിക്കുന്നതായും മനപ്പൂർവം ദ്രോഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഐ.എ.എസ് അസോസിയേഷന് സ്വാമി കത്തുനൽകുകയും അത് പരസ്യമാക്കുകയും ചെയ്തിരുന്നു.

പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പിൽ സെക്രട്ടറിയായ താൻ സർക്കാർ അനുമതിയോടെ നടത്തിയ വിദേശയാത്ര നിയമവിരുദ്ധമെന്ന് വരുത്തിതീർത്ത് കേസിൽ കുരുക്കാൻ ശ്രമിക്കുന്നെന്നും ചീഫ്‌സെക്രട്ടറിയുടെ ബിനാമി ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ തന്നെ ഉപദ്രവിക്കുകയാണെന്നുമായിരുന്നു സ്വാമിയുടെ പരാതി. നിലവിൽ ചില നല്ല വകുപ്പുകൾ സ്വാമിയുടെ കൈയിലുണ്ട്. അതിനിടെയാണ് പുതിയ നീക്കം. നല്ലനിയമനം നൽകാതെതന്നെ ഒതുക്കുന്നതിന്റെ കാരണവും സ്വാമിയുടെ ഐഎഎസ് അസോസിയേഷന് അയച്ച കത്തിലുണ്ടായിരുന്നു-

മൂന്നാർ ദൗത്യകാലത്ത് ചില റിസോർട്ടുകൾ ഇടിച്ചുനിരത്തരുതെന്നും ചില ഫയലുകളിൽ തിരുത്തൽ വരുത്തണമെന്നും ഉന്നതഉദ്യോഗസ്ഥൻ നിർദ്ദേശിച്ചിരുന്നെങ്കിലും താൻ ചെവിക്കൊണ്ടില്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് തന്നെ നിയോഗിക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഈ ഉദ്യോഗസ്ഥൻ കത്തെഴുതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കാലയളവിൽ ശമ്പളം നൽകരുതെന്ന് ചീഫ്‌സെക്രട്ടറി ശുപാർശ ചെയ്തു. നിയമവിരുദ്ധമായ അവധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേന്ദ്രസർവീസിലേക്കുള്ള ഡെപ്യൂട്ടേഷനുകളും തടഞ്ഞു. സ്വാമി ചൂണ്ടിക്കാട്ടിയ ഉന്നതഉദ്യോഗസ്ഥന്റെ ക്രമക്കേടുകൾ അന്വേഷിക്കാതെ, കത്തെഴുതാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ ചീഫ്‌സെക്രട്ടറി ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അന്വേഷണം തടഞ്ഞു.

സ്വാമിയെ പിരിച്ചു വിടണമെന്ന് കേന്ദ്രത്തെ അറിയിക്കണമെന്ന ചീഫ്‌സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയനും തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയുടെ ശുപാർശ അതേപടി കേന്ദ്രത്തിനയയ്‌ക്കേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചത്. സ്വാമിയുടെ അക്കാഡമിക് മികവ് അംഗീകരിക്കേണ്ടതാണെങ്കിലും ഭരണതലത്തിലെ പ്രകടനം വളരെ മോശമാണെന്നാണ് അഞ്ച് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതി ഏകകണ്ഠമായി വിലയിരുത്തിയത്. ഇതിലൊരാൾ കർണാടക കേഡറിലെ അഡി.ചീഫ്‌സെക്രട്ടറിയാണ്. അവസാനത്തെ ആനുവൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ(എ.സി.ആർ) മന്ത്രി വി എസ്.സുനിൽകുമാർ 91മാർക്ക് നൽകിയിട്ടുണ്ടെങ്കിലും മുൻകാലറിപ്പോർട്ടുകൾ അത്രമെച്ചമല്ല. മോശം പരാമർശങ്ങളും തീരെകുറഞ്ഞ മാർക്കുമുള്ള വാർഷികറിപ്പോർട്ടുകളുണ്ട്.

ഇതെല്ലാം വീണ്ടും ചർച്ചയാക്കാനാണ് നീക്കം. അഖിലേന്ത്യാ സർവീസ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി സർവീസിൽ നിലനിറുത്തണോ, നിർബന്ധിത വിരമിക്കൽ നൽകണമോയെന്ന് എഫ്.ആർ 56 (ജെ), 56 (1)വകുപ്പുകൾ പ്രകാരം കേന്ദ്രസർക്കാരിന് തീരുമാനിക്കാം. 50/55 വയസോ, 30വർഷം സർവീസോ(ഏതാണോ ആദ്യം) പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ഇത് ബാധകം. ഇതുപ്രകാരമാണ് ചീഫ്‌സെക്രട്ടറിയുടെ സമിതി വിലയിരുത്തൽ നടത്തിയത്. അതേസമയം, സ്വാമിക്ക് നിർബന്ധിതപിരിച്ചുവിടൽ നൽകുക എളുപ്പമല്ലെന്നും വിലയിരുത്തലുണ്ട്.

വിജിലൻസിന്റെയോ വകുപ്പുതലത്തിലോ ഇതുവരെ ഒരു അന്വേഷണം നേരിടുകയോ ശിക്ഷിക്കപ്പെടുകയോ വകുപ്പുതല നടപടിക്ക് വിധേയമാവുകയോ ചെയ്തിട്ടില്ലെന്നത് സ്വാമിക്ക് ഗുണംചെയ്യും. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ ടി.പി.സെൻകുമാറിന്റെ കേസിൽ അദ്ദേഹത്തിന്റെ സർവീസ് കാലഘട്ടം പൂർണമായി സുപ്രീംകോടതി അവലോകനം നടത്തിയിരുന്നു. ഇതിലൂടെ, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ തന്നെ ഒതുക്കിയെന്ന് കോടതിയിൽ തെളിയിക്കാൻ സെൻകുമാറിന് കഴിഞ്ഞിരുന്നു.