കണ്ണൂർ: രാജ്യസഭാ എംപിമാർ പാർട്ടി ഓഫീസുകളിൽ തട്ടിക്കൂട്ട് ഓഫിസുകൾ നിർമ്മിക്കുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. അതത് പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസുകളിലെ മുറികളാണ് ഇവർ തങ്ങളുടെ ഓഫിസായി ഉപയോഗിക്കുന്നത്. കണ്ണൂർ ജില്ലയിൽ മൂന്ന് രാജ്യസഭ എംപി മാരാണ് ഉള്ളത്. ഡോ. വി.ശിവദാസൻ (സിപിഎം) ജോൺ ബ്രിട്ടാസ് സിപിഎം) അഡ്വ. പി. സന്തോഷ് കുമാർ (സി.പി. ഐ) എന്നിവരാണ്. കണ്ണൂർ ജില്ലക്കാരായ രാജ്യസഭാ എംപിമാർ ഇതിൽ ജോൺ ബ്രിട്ടാസ് കണ്ണൂരിന്റെ മലയോര പ്രദേശമായ പുലിക്കുരുമ്പ സ്വദേശിയാണെങ്കിലും തിരുവനന്തപുരം, ഡൽഹി എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചു വരുന്നത്. അതു കൊണ്ടു തന്നെ ബ്രിട്ടാസിന് കണ്ണൂരിൽ എംപി. ഓഫിസില്ല.

എന്നാൽ സിപിഎമ്മിന്റെ തന്നെ മറ്റൊരു എംപിയായ ഡോ. വി.ശിവദാസന്റെ ഓഫിസ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസായ അഴിക്കോടൻ മന്ദിരത്തിലാണ് പ്രവർത്തിക്കുന്നത്. നേരത്തെ തളാപ്പിലെ ജില്ലാ കമ്മിറ്റി ഓഫിസിൽ പ്രവർത്തിച്ചിരുന്ന എംപി. ഓഫീസ് പുനർനിർമ്മാണത്തിനായി മാസങ്ങൾക്ക് മുൻപ് കെട്ടിടം പൊളിച്ചപ്പോൾ പാറക്കണ്ടിയിലെ താൽക്കാലിക ഓഫിസിലേക്ക് മാറുകയായിരുന്നു. പ്‌ളെ വുഡുകൾ കൊണ്ട് കാബിനുകളായി തിരിച്ച നമ്പർ പോലുമില്ലാത്ത ഒരു മുറിയിലാണ് ഇപ്പോൾ രാജ്യസഭ എംപി യുടെ ഓഫിസ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ ഒരു പ്രൈവറ്റ് സെക്രട്ടറിയുണ്ടെങ്കിലും പ്രവർത്തനം സുഗമമായി നടക്കുന്നില്ലെന്നാണ് പരാതി.

സ്വന്തം പാർട്ടിക്കാർക്ക് മാത്രമേ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ പോയി കാണാൻ പറ്റുന്നുള്ളു. ഇതര രാഷ്ട്രീയ പാർട്ടി അനുഭാവികൾക്കും രാഷ്ട്രീയമൊന്നുമില്ലാത്തവർക്കും തങ്ങളുടെ ന്യായമായ ആവശ്യം പോലും എംപി യുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയുന്നില്ല. വല്ലപ്പോഴും എംപി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ പോയി മണിക്കൂറുകൾ കാത്തു നിന്നാണ് വ്യക്തികളും സംഘടനാ പ്രതിനിധികളും നിവേദനങ്ങളും അപേക്ഷകളും നൽകുന്നത്. എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും തങ്ങൾക്ക് ലഭിക്കേണ്ട ന്യായമായ നിയമപരമായ ആനുകൂല്യങ്ങൾ പോലും ലഭിക്കാൻ എംപി ഇടപെടണമെങ്കിൽ സിപിഎം ബ്രാഞ്ച്, ലോക്കൽ ഏരിയാ സെക്രടറി മാരുടെ കത്തു വേണം.

പാർട്ടിക്കകത്ത് സ്വന്തം പാർട്ടിക്കാർക്ക് മാത്രമേ സാധാരണയായി സിപിഎം പ്രാദേശിക നേതൃത്വം നൽകാറുള്ളു. അതു കൊണ്ടു തന്നെ രാജ്യസഭാ എംപി യുടെ സേവനം പാർട്ടിക്കും മുന്നണിക്കും പുറത്തുള്ളവർക്ക് ലഭിക്കാറില്ലെന്ന പരാതിയുണ്ട്. പൊതു ഖജനാവിൽ നിന്നും ഒരു രാജ്യസഭാ എംപിക്ക് ഭീമമായ സംഖ്യയാണ് കേന്ദ്ര സർക്കാർ ലഭിക്കുന്നത്. ഒരു ലക്ഷം ശമ്പളം, 70,000 രൂപ മണ്ഡലം അലവൻസ് , 60000 രൂപ ഓഫിസ് അലവൻസ് 20,000 രൂപ ഓഫിസ് ചെലവുകൾ40,000 രൂപ സെക്രട്ടറിമാരുടെ ശമ്പളം, വിവിധ പാർലമെന്റ് സമിതികളിൽ അംഗമായാൽ സിറ്റിങിനും വസ്തുതാന്വേഷണ പഠനത്തിനുമായി ലഭിക്കുന്ന അലവൻസ് എന്നിങ്ങനെ വൻതുകയാണ് രാജ്യസഭാ എംപിക്ക് ലഭിക്കുന്നത്.

എ.കെ.ജിയുടെ കാലം തൊട്ടെ എംപി ശമ്പളത്തിന്റെ വലിയൊരു ഭാഗം പാർട്ടിക്ക് ലെവിയായി നൽകുകയാണ് കമ്യുണിസ്റ്റ് പാർട്ടികളിലെ പതിവ്. എന്നാൽ ഈ സൗകര്യം ഉപയോഗിച്ച് ജില്ലാ കമ്മിറ്റി ഓഫിസുകളിൽ എംപിക്ക് ഒരു തട്ടിക്കൂട്ട് മുറി നൽകി വാടകയും അലവൻസും തരപ്പെടുത്തിയെടുക്കുകയാണ് സിപിഎം. പേരിന് ഒരു എസ്.എഫ്. ഐ ക്കാരനോ ഡിവൈഎഫ്ഐക്കാരനെയോ യാണ് എംപി യുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിക്കുന്നത്. 20000 രൂപ വരെ ശമ്പളം ലഭിക്കുന്ന പി.എയുടെ വരുമാനത്തിൽ നിന്നും ഒരു ഷെയർ ലെ വിയായി പാർട്ടിക്ക് ലഭിക്കും. സിപിഎമ്മിന്റെ രീതി പിൻതുടർന്നുകൊണ്ടാണ് സിപിഐയും പ്രവർത്തിക്കുന്നത്. അവരുടെ രാജ്യസഭാ എംപിയായ അഡ്വ. പി സന്തോഷ് കുമാറിന്റെ എംപി ഓഫിസ് പ്രവർത്തിക്കുന്നത് പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലാണ്.

ഒണ്ടേൻ റോഡിലെ സ്വകാര്യ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസ് അതുകൊണ്ടു തന്നെ വയോധികർക്കും രോഗികൾക്കും ഇവിടെ എത്തിപ്പെടാൻ കഴിയില്ല. സിപിഎമ്മിന് കണ്ണൂർ പാർലമെന്റ് മണ്ഡലം ലഭിച്ചപ്പോഴെക്കെ അവസ്ഥ ഇതു തന്നെയായിരുന്നു. എ.പി അബ്ദുള്ളക്കുട്ടി എംപിയായ വേളയിലും കണ്ണൂർ അഴിക്കോടൻ മന്ദിരത്തിൽ തന്നെയായിരുന്നു ഓഫീസ്. പാർട്ടിലെവി അധികമായി ചോദിച്ചതാണ് ജില്ലാ നേതൃത്വവും അബ്ദുള്ളക്കുട്ടിയും തമ്മിൽ തെറ്റി പിരിയാൻ ഇടയാക്കിയത്. പാർലമെന്റ് എംപിയെ മത്സരിപ്പിച്ചു വിജയിപ്പിച്ചെടുക്കാൻ കോടികൾ സിപിഎം ചെലവഴിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ അവരിൽ നിന്നും റിട്ടേൺസും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ രാജ്യസഭ എംപിയെന്നത് ലോട്ടറിയും കാമധേനുവുമാണ്. അതു കൊണ്ടു തന്നെ പാർട്ടി ഓഫിസിന് പുറത്തേക്ക് അവരുടെ ഓഫീസ് മാറ്റാൻ നേതൃത്വത്തിന് താൽപര്യമില്ല.

പാർട്ടി പരിമിതികൾക്കിടെയിലും ജനകീയ പരിവേഷം നേടാൻ പി.കെ.ശ്രീമതിക്ക് മാത്രമേ എംപിയായിരുന്ന വേളയിൽ കഴിഞ്ഞിരുന്നുള്ളു. രാഷ്ട്രീയ എതിർ പാളയങ്ങളിലുള്ളവർക്ക് അവർ ഒന്നും ചെയ്തു കൊടുത്തിട്ടില്ലെങ്കിലും നല്ല രീതിയിൽ പെരുമാറുന്നതിനാൽ ആർക്കും വലിയ പരാതിയുണ്ടായിരുന്നില്ല. ഇടതു എംപിമാരുടെ ഓഫിസുകൾ അവരുടെ പാർട്ടി കേന്ദ്രങ്ങളിലാണെങ്കിൽ കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ എം.. പി ഓഫിസ് താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ്. കെ.കെ ഗ്രുപ്പിന്റെ ഉടമസ്ഥതയിലുള്ള താവക്കര ബസ് ടെർമിനാലാണ് പാർലമെന്റ് എംപി യുടെ ഓഫീസ്. നിത്യേനെ ആയിരക്കണക്കിനാളുകൾ വന്നു പോകുന്ന സ്ഥലമാണിത്. നൂറുകണക്കിന് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഏതൊരാൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഇവിടെ ലിഫ്റ്റ് സൗകര്യമുണ്ട്.

ഇതു കൂടാതെ രാഷ്ട്രീയ ഭേദമന്യേ ഏതൊരാൾക്കും നേരിട്ട് സുധാകരനെ സമീപിക്കാൻ കഴിയും. മുഴുവൻ സമയ പ്രൈവറ്റ് സെക്രട്ടറിയും ഓഫിസിലുണ്ട് കണ്ണൂരിൽ സുധാകരന് മുൻപിൽ സിപിഎം മുട്ടുമടക്കേണ്ടി വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം സുതാര്യ യില്ലായ്മയാണ്. സ്വന്തം പാർട്ടിക്കാർക്ക് മാത്രം സേവനമെന്ന സിപിഎം അനുറ്റാണ്ടിലേറെക്കാലമായി നടപ്പിലാക്കി വരുന്ന ഇരട്ട നീതി കോൺഗ്രസ് പ്രചരണ ആയുധമാക്കാറുണ്ട്. ലക്ഷങ്ങളാണ് ഒരു എംപിയുടെ മറവിൽ പാർട്ടിയിലേക്ക് എത്തിച്ചേരുന്നത് പാർട്ടി ഓഫിസിന്റെ തട്ടിൻ പുറങ്ങളിൽ തട്ടിക്കുട്ട് എംപി ഓഫിസുകൾ കൊണ്ടു സാധാരണ ജനങ്ങൾക്ക് ഒരു കാര്യവുമില്ലെന്ന വിമർശനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.