- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയെ കാണാനില്ലെന്ന പരാതി കൊടുക്കാത്ത ഭർത്താവ്; ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞു; നാണക്കേട് മായ്ക്കാൻ ആലോചിച്ചത് ആത്മഹത്യ; കുട്ടികളെ ഓർത്തപ്പോൾ ഞാറയ്ക്കൽ സ്റ്റേഷനിൽ എത്തി കീഴടങ്ങൽ; നിർണ്ണായകമായത് രണ്ട് ഡി വൈ എസ് പിമാരുടെ ചോദ്യം ചെയ്യൽ; അറക്കപ്പറമ്പിൽ സജീവൻ സത്യം പറഞ്ഞ കഥ
വൈപ്പിൻ: കൊച്ചിയിൽ ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ട ശേഷം അതേവീട്ടിൽ യാതൊരു കൂസലുമില്ലാതെ ഒന്നരവർഷമായി താമസിച്ചു വന്ന സജീവൻ എന്ന ഭർത്താവിനെ കുടുക്കിയത് രണ്ട് ഡി വൈ എസ് പിമാർ ചേർന്ന് നടത്തിയ ചോദ്യം ചെയ്യൽ. ഭാര്യ ബംഗളുവിൽ പഠനത്തിന പോയെന്നും അവിടെ വെച്ച് മറ്റൊരാളുമായി ഒളിച്ചോടി പോയെന്നും മക്കളെ അടക്കം വിശ്വസിപ്പിച്ചു സജീവൻ. ഈ കള്ളങ്ങളെ എല്ലാം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പിയും മുനമ്പം ഡിവൈഎസ് പിയും ചേർന്ന് പൊളിച്ചു. ഇത് മനസ്സിലാക്കിയ സജീവൻ അടുത്ത ദിവസം ഞാറയ്ക്കൽ സിഐയ്ക്ക് മുമ്പിലെത്തി. എല്ലാം സമ്മതിച്ചു. ആ കുറ്റസമ്മതമാണ് രമ്യയുടെ കൊലപാതകം പൊതു സമൂഹത്തിൽ എത്തിച്ചത്.
തീർത്തും അവിശ്വസനീയമായ കാര്യങ്ങൾക്കാണ് ഞാറക്കലിൽ തുമ്പുണ്ടായത്. ഭാര്യ രമ്യ(36)യെ കാണാനില്ലെന്ന് പരാതി നൽകാൻ സജീവൻ ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നില്ല. രമ്യയുടെ സഹാദരനാണ് പരാതി നൽകിയത്. ഇതോടെ പൊലീസ് സജീവനെ വിളിച്ച് മൊഴി എടുത്തു. കേസും രജിസ്റ്റർ ചെയ്തു. അന്നു തന്നെ ചില സംശയം പൊലീസിനുണ്ടായിരുന്നു. എന്തുകൊണ്ട് ഭാര്യയെ കാണാതായിട്ടും പൊലീസിനെ ഭർത്താവ് ആദ്യം സമീപിച്ചില്ലെന്നതായിരുന്നു അത്. ഒളിച്ചോട്ടവും അവിഹിതവുമെല്ലാം പറഞ്ഞ് അതിനെ സജീവൻ ന്യായീകരിച്ചു. എന്നാൽ നരബലി കേസിലെ ചർച്ചകൾ ഈ കേസ് ഫയൽ വീണ്ടും തുറപ്പിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി വി രാജീവിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. സംശയങ്ങൾ ബലപ്പെട്ടു. ഇതോടെ ഞാറയ്ക്കൽ സിഐയെ അടക്കം ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവരാണ് സജീവനിൽ കൊലപാതകിയെ കണ്ടെത്തിയത്.
ഇതോടെ സജീവനെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പിയും മുനമ്പം ഡി വൈ എസ് പി എംകെ മുരളിയും ചേർന്ന് വിശദമായി ചോദ്യം ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയത് 16-ാം തീയതിയായിരുന്നു. തീയതിയുടെ കാര്യത്തിൽ സജീവൻ ആശയക്കുഴപ്പങ്ങൾ പ്രകടിപ്പിച്ചു. എന്നാൽ ഭാര്യ ഇട്ടിരുന്ന വസ്ത്രത്തിൽ അടക്കം സംശയവുമില്ല. ഇതെല്ലാം പൊലീസ് തിരിച്ചും മറിച്ചും ചോദിച്ചു. പലപ്പോഴായി നൽകിയ മൊഴിയിലെ വൈരുദ്ധ്യങ്ങൾ വീണ്ടും ഉയർത്തി. ഇതോടെ തന്നെ കുടുങ്ങിയെന്ന് സജീവന് മനസ്സിലായി. ചോദ്യം ചെയ്യലിന് ശേഷം അന്നും സജീവനെ പതിവ് പോലെ വിട്ടയച്ചു. അടുത്ത ദിവസം വരണമെന്നും നിർദ്ദേശിച്ചു. ഡി വൈ എസ് പിമാരുടെ ചോദ്യം ചെയ്യലിൽ സത്യം തെളിഞ്ഞെന്ന തോന്നൽ സജീവനുമുണ്ടായി. അടുത്ത ദിവസം ഡി വൈ എസ് പിക്ക് അടുത്ത് സജീവൻ വന്നില്ല. പകരം ഞാറയ്ക്കൽ സിഐയ്ക്ക് മുമ്പിലെത്തി കീഴടങ്ങി. എല്ലാം തുറന്നു സമ്മതിച്ചു. ഈ കുറ്റസമ്മതത്തിന് ശേഷമാണ് അവശ്വസനീയമെന്ന് തോന്നുന്ന സത്യം പുറത്തെത്തിയത്.
ഡിവൈഎസ് പിമാരുടെ ചോദ്യം ചെയ്യലിന് ശേഷം സജീവൻ വീട്ടിലെത്തി. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. സത്യം പുറത്തു വരുമെന്ന ഭയത്തിൽ ആത്മഹത്യയെ കുറിച്ചാണ് ചിന്തിച്ചത്. എന്നാൽ അമ്മയില്ലാത്ത മക്കൾക്ക് അച്ഛൻ കൂടി ഇല്ലാതാകുന്നത് സജീവനെ കൂടുതൽ വിഷമത്തിലാക്കി. ഈ സാഹചര്യത്തിലാണ് കുറ്റസമ്മതമെന്ന ചിന്ത സജീവനുണ്ടാകുന്നത്. അങ്ങനെയാണ് ഞാറയ്ക്കൽ സിഐയ്ക്ക് മുമ്പിൽ തുറന്നു പറച്ചിലുമായി സജീവൻ എത്തുന്നത്. ഒരു മാസമായി പൊലീസ് നടത്തിയ നിരീക്ഷണങ്ങളും പരിശോധനകളുമെല്ലാം സജീവനും തിരിച്ചറിഞ്ഞിരുന്നു. തന്റെ പിറകെ പൊലീസുണ്ടെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ഈ കുറ്റസമ്മതം. ഭാര്യയുടെ അവിഹിത സംശയമാണ് എല്ലാത്തിനും കാരണമെന്ന് സജീവൻ സമ്മതിക്കുന്നുണ്ട്.
ഇനി മൃതദേഹം രമ്യയുടെത് തന്നെ എന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കുകയായിരിക്കും അന്വേഷണ സംഘത്തിന്റെ ആദ്യനീക്കം. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ഡി എൻ എ പരിശോധനയും നടത്തും. ഈ പരിശോധനകൾക്ക് ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങൾ ബന്ധുകൾക്ക് കൈമാറുക. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് സജീവനെതിരേ കേസെടുത്തത്. 2021 ഒക്ടോബർ 16നാണ് കേസിനാസ്പദമായ സംഭവം. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് രമ്യയുടെ അസ്ഥികൾ വാടകവീടിന്റെ വരാന്തയോട് ചേർന്നഭാഗം കുഴിച്ച് കണ്ടെടുത്തത്. സജീവന്റേതും രമ്യയുടേതും പ്രണയ വിവാഹമായിരുന്നു. 17 വർഷം മുൻപാണ് ഇരുവരും ഒന്നിച്ചത്.
രണ്ട് മക്കളുമടങ്ങുന്ന കുടുംബവുമായി രണ്ട് വർഷം മുന്നേയാണ് സജീവ് വാച്ചാക്കലിൽ വാടക വീട്ടിലേക്ക് താമസിക്കാനെത്തിയത്. കലൂരിലെ സൂപ്പർമാർക്കറ്റിലാണ് രമ്യ ജോലി ചെയ്തിരുന്നത്. ഇതിനിടയിലാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വാച്ചക്കലിൽ കഴിയവേ, അയൽക്കാരുമായി കുടുംബം അടുപ്പം സൂക്ഷിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെയുള്ള ദിവസങ്ങിൽ രമ്യ ബെംഗളൂരുവിൽ പഠിക്കാൻ പോയെന്നായിരുന്നു സജീവ് അയൽക്കാരോട് പറഞ്ഞത്. പഠിക്കാൻ പോയിടത്ത് നിന്ന് രമ്യ മാറ്റൊരാളുമായി അടുപ്പത്തിലായെന്നും അയാൾക്കൊപ്പം പോയെന്നും പിന്നീട് ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു.
രമ്യയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ കഴിഞ്ഞ ആറു മാസമായി സജീവനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇന്നലെ വിളിച്ച് വരുത്തിയതും ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതും. മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തിയ ഫൊറൻസിക് സംഘം മുറ്റം കുഴിച്ച് മൃതാവശിഷ്ടങ്ങൾ കണ്ടെടുത്തു.
2021 ഒക്ടോബർ 16ന് രമ്യയുമായി തർക്കത്തിലേർപ്പെട്ട സജീവൻ കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയത്. പട്ടാപ്പകലായിരുന്നു കൃത്യം. സംഭവ ദിവസം രണ്ടു മക്കളും വീട്ടിലില്ലായിരുന്നു. അന്ന് പകൽ മുറിയിൽ സൂക്ഷിച്ച മൃതദേഹം രാത്രി വീടിന് പുറത്ത് കുഴിച്ചുമൂടുകയായിരുന്നു. പെയ്ന്റിങ് തൊഴിലാളിയായ ഇയാൾ പിറ്റേന്ന് ഒന്നും സംഭവിക്കാത്തത് പോലെ പണിക്കും പോയി.
മക്കളോട് അമ്മ ഒളിച്ചോടിയെന്നും ഇത് പുറത്ത് പറഞ്ഞാൽ നാണക്കേടാണെന്നും പറഞ്ഞ സജീവൻ അമ്മ ബെംഗളൂരുവിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാൻ പോയെന്ന് പറയാൻ ആവശ്യപ്പെടുകയായിരുന്നു. രമ്യയെക്കുറിച്ച് ഒരുവിവരവും ഇല്ലാതെ ആയതോടെ ആറുമാസത്തിന് ശേഷം സഹോദരനാണ് പൊലീസിൽ പരാതി നൽകുന്നത്. പിന്നാലെ സജീവന്റെ മൊഴി എടുത്തു. കേസും രജിസ്റ്റർ ചെയ്തു. എന്തുകൊണ്ട് സജീവൻ പരാതി നൽകിയില്ലെന്ന പൊലീസിന്റെ സംശയം ഈ കേസിൽ നിർണ്ണായകമായി. ഈ സമയം മുതൽ ഇയാളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
നായരമ്പലം നികത്തിത്തറ രമേശിന്റെയും അജിതയുടെയും മകളാണ് രമ്യ. പ്രണയത്തിലായിരുന്ന രമ്യയും സജീവനും വിവാഹത്തിനു ശേഷം നന്നായി ജീവിക്കുമെന്നാണ് കരുതിയത്. ഇങ്ങനെ ആയിതീരുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അജിത പറയുന്നത്. മകൾ വീട്ടിലേക്ക് വന്നിട്ട് ഒന്നരവർഷമായി. പിന്നീടാണ് 15 മാസമായി രമ്യയെ കാണാനില്ലെന്ന വിവരം അറിയുന്നത്. കുട്ടികൾ എല്ലാ ആഴ്ചകളിലും വീട്ടിൽ വരാറുണ്ടായിരുന്നെങ്കിലും രമ്യയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ആ വരവും നിലച്ചെന്നും അജിത പറയുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്