മലപ്പുറം: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ വിവാദ പ്രസ്താവന നടത്തിയ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയുടെ പ്രസ്താനയിൽ ചളിപ്പോടെ ലീഗ് നേതാക്കൾ. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്ന രണ്ടത്താണി പ്രസ്താവയിൽ പ്രതികരണം ചോദിച്ച് മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ നാണക്കേടോർത്തു പ്രതിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഭൂരിഭാഗം നേതാക്കളും ചെയ്തത്.

തനിക്കു ഈ വിഷയത്തിൽ ഇനി ഒന്നും പറയാനില്ലെന്നാണ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ ചോദിക്കരുതെന്നും പറഞ്ഞു പി.എം.എ സലാം ഫോൺ കട്ട് ചെയ്തു. അതേ സമയം തനിക്ക് ഈ പദപ്രയോഗത്തിൽ യോചിപ്പില്ലെന്നും ഇത് പൊതുസമൂഹത്തിൽ തെറ്റിദദ്ധാരയുണ്ടാക്കുന്നതാണെന്നും മുസ്ലിംലീഗ് മുൻസംസ്ഥാന ജനറൽ സെക്രട്ടറിയും എംഎ‍ൽഎയുമായ കെ.പി.എ മജീദ് പ്രതികരിച്ചു. പരസ്യമായി പ്രതികരണം നടത്തി വിവാദത്തിനില്ലെന്നും കൂടുതൽ പറയുന്നില്ലെന്നും കെ.പി.എ മജീദ് മറുനാടനോട് പ്രതികരിച്ചു.

അതേ സമയം രണ്ടാത്താണി വിഷയത്തിൽ തനിക്കു ഒന്നും പറയാനില്ലെന്നാണ് മുസ്ലിംയൂത്ത്്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മറുനാടനോട് പ്രതികരിച്ചത്. താൻ പനിച്ചു ഹോസ്പിറ്റലിൽ കിടക്കുകയാണെന്നും ഇപ്പോൾ ഇതിൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം രണ്ടാത്താണിയുടെ വിവാദ പ്രസ്താവനയിൽ അദ്ദേഹത്തെ കൈവിടാതെയുള്ള പ്രതികരണമാണ് മുസ്ലിംലീഗ് സംസ്ഥാന അവധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിച്ചത്. അത് ചില വാക്കുകളിൽ വരുന്ന പിഴവുകളാകും. രണ്ടത്താണി നല്ല കാഴ്‌ച്ചപ്പാടുള്ള മുസ്ലിംലീഗിന് ഏറ്റവും ഉപയോപ്പെടുത്താവുന്ന പ്രസംഗികനാണ്. അദ്ദേഹം ചർച്ചകളില്ലൊം മുസ്ലിംലീഗിന്റെ നയം പറയുന്ന വ്യക്തിയുമാണ്.

ചിലപ്പോൾ ചില ആളുകൾ ചില വാക്കുകൾ പിഴച്ചുപോയിട്ടുണ്ടാകും അത് അങ്ങിനെയായിരിക്കും. അതു ഏതൊരു കാര്യമായാലും അങ്ങിനെതന്നെയാകുമെന്നും തങ്ങൾ ചാനൽ ഇന്റർവ്യൂവിൽ പറഞ്ഞു. ഇത്തരത്തിലുള്ള സെൽഫ്ഗോളുകൾ ഒഴിവക്കാൻ കളിക്കാരാണ് തീരുമാനിക്കേണ്ടതെന്നും തങ്ങൾ പറഞ്ഞു. റഫറി വെറും കാഴ്‌ച്ചക്കാരനല്ല, റഫറിയുടെ കയ്യിൽ യെല്ലോ, കാർഡുണ്ട്, റെഡ് കാർഡുണ്ട്. ഇത്തരം വിഷയങ്ങളിൽ പലപ്പോഴും ഇടപെട്ടിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു. അവസരം വരുമ്പോൾ ഇതെല്ലാം ഉപയോഗിക്കേണ്ടിവരും. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്നാണ് രണ്ടത്താണി പറഞ്ഞിരുന്നത്. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാൽ നാടിന്റെ സംസ്‌കാരം എങ്ങോട്ട് പോകുമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വൻ വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു.

കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ പ്രസംഗം. 'വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവർഗ രതിയും. അതല്ലേ ഹരം. ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകും നാടിന്റെ സംസ്‌കാരം? ഇവർക്കാവശ്യം എന്താണ്? ധാർമ്മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,' എന്നും പ്രസംഗത്തിൽ അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

വികലമായ രീതിയിലേക്ക് പാഠ്യ പദ്ധതി പരിഷ്‌കാരം കൊണ്ടു പോകുന്നതിനെയാണ് എതിർത്തതെന്ന് പറഞ്ഞ് പിന്നീട് രണ്ടത്താണി തന്റെ പ്രസംഗത്തെ ന്യായീകരിച്ചു. കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങൾ സംരക്ഷിക്കണം. കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല. ഇന്ത്യൻ ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട്. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈഗിംക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും ബാധിക്കും. പുതിയ പദ്ധതികൾ കൊണ്ടുവന്നാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.