മലപ്പുറം: ഏർവാടിയിൽ ഒളിവിൽ കഴിയുന്നതിനിടെ ദമ്പതികൾ പിടിക്കപ്പെടാതിരിക്കാൻ ആഭിചാര ചികിത്സയും നടത്തി. ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയകേസിൽ മലപ്പുറത്തെ ദമ്പതികൾ അറസ്റ്റിലായത് ഏർവാടിയിൽ ചികിത്സയുടെ പേരിൽ ഒളിച്ചു കഴിയുന്നതിനിടെ. പൊലീസ് പിടിക്കാതിരിക്കാനുള്ള കൂടോത്രമാണ് പദ്ധതിയിട്ടത്. കൂടോത്രം അഥവാ 'സിഹ്ർ (മാരണം ) ചെയ്ത്' ബാക്കിയുള്ള കാലം സുഖജീവിതമാണ് ആഗ്രഹിച്ചത്.

ഓപ്പറേഷൻ ഏർവാടിയിലൂടെ പൊലീസ് സംഘമെത്തുമ്പോൾ സംഘം ആഭിചാര ചികിത്സ നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. കാസർകോട് സ്വദേശിയുടെ 15ലക്ഷം രൂപ തട്ടി മുങ്ങിയതും ഈ സംഘം തന്നെ. മങ്കട സ്വദേശിയുടെ പരാതിയിൽ റംലത്തിന്റെ സഹോദരനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണു ഇരുവരും ഏർവാടിയിലുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് ഇവരുടെ ഫോൺനമ്പർ സൈബർസെല്ലിന് കൈമാറിയാണു ഒളിവുസങ്കേതത്തിൽനിന്നും പിടികൂടിയത്.

ഏർവാടിയിൽ ചികിത്സയെന്നു പറഞ്ഞാണ് താമസിച്ചിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണമെല്ലാം റംലത്തിന്റെ അക്കൗണ്ടിലേക്കാണു വന്നിരുന്നത്. തട്ടിപ്പിന്റെ രഹസ്യങ്ങളെല്ലാം റംലത്തിനും അറിയാമായിരുന്നു. തുടർന്നു രക്ഷപ്പെടാനായാണ് ഇരുവരും ഏർവാടിയിൽ താമസിച്ചിരുന്നത്. നിലവിൽ 30ലക്ഷംരൂപ വിവിധ ആളുകളിൽനിന്നായി തട്ടിയെടുത്തതായാണ് അറിയാൻ കഴിഞ്ഞതെന്നു പ്രതികളെ പിടികൂടിയ മങ്കട പൊലീസ് പറഞ്ഞു. കസർകോട് സ്വദേശിയുടെ 15ലക്ഷം രൂപ തട്ടിയ കേസിൽ നേരത്തെ ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മങ്കട സ്വദേശിയുടെ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ലഭിക്കുന്നത്. ഇതിന് പിറമെ 10ലക്ഷം അഞ്ചു ലക്ഷവും നഷ്ടപ്പെട്ടവർ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇനിയും വിവിധ ഇടങ്ങളിൽനിന്നും പരാതിക്കാർ രംഗത്തുവരുമെന്നും പരാതിനൽകിയവരുമായി ഇരകളിൽ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മലപ്പുറം പൊന്മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂർ സ്വദേശിനി പട്ടന്മാർതൊടിക റംലത്ത് (24)എന്നിവരെയാണ് തമിഴ്‌നാട് ഏർവാടിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നു ഇന്നലെ മങ്കട എസ്‌ഐ സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭമുണ്ടാക്കാമെന്നു വാഗ്ദാനം നൽകി വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിനാളുകളെ ചേർത്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികളെ പിടികൂടിയത്.

മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വിഐപി ഇൻവെസ്റ്റ്‌മെന്റ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പർ ചേർക്കുകയായിരുന്നു. ഇതുവഴി ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പലപ്പോഴായി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇവരുടെ പരാതി.

സംഭവത്തെക്കുറിച്ചു മലപ്പുറം പൊലീസ് മേധാവി എസ്.സുജിത്ത്ദാസിനു ലഭിച്ച പരാതി പ്രകാരം മങ്കട എസ്‌ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി വാട്‌സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ നിരവധിയാളുകളിൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചുവരുന്ന പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത്, ഭാര്യാസഹോദരൻ മാവണ്ടിയൂർ സ്വദേശി പട്ടർമാർതൊടി മുഹമ്മദ് റാഷിദ് എന്നിവരെക്കുറിച്ച് സൂചന ലഭിച്ചതോടെയാണ് ഇവർ പിടിയിലായത്.

മുഹമ്മദ് റാഷിദും ഭാര്യാസഹോദരനും ഹാക്കിങ് വിദ്യാർത്ഥിയുമായ യുവാവുമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. യൂട്യൂബ് ട്രേഡിങ് വീഡിയോകളിലൂടെ തങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്കുകൾ അയക്കുകയും അതുവഴി നിരവധിയാളുകളെ കൂട്ടായ്മയിൽ ചേർക്കുകയും അതിലൂടെ വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നു പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ആദ്യം കുറച്ച് പണം ലാഭവിഹിതമെന്ന പേരിൽ അയച്ചുകൊടുത്തു വിശ്വാസം നേടുന്നു.

തുടർന്നു പണം കിട്ടിയതായും മറ്റും വ്യാജ സന്ദേശങ്ങളിലൂടെ ഗ്രൂപ്പിലേക്കു അയക്കും. പണം കിട്ടിയില്ലെന്ന പരാതികൾ വരുന്നതോടുകൂടി പ്രതികൾ ഗ്രൂപ്പിൽ നിന്നു ലെഫ്റ്റാവകുകയും പുതിയ നമ്പർ എടുത്ത് പുതിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വീണ്ടും തട്ടിപ്പ് തുടരുകയും ചെയ്യുന്നു. മുഖ്യപ്രതി റാഷിദിന്റെ ഭാര്യ റംലത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കാനായി ആവശ്യപ്പെടുന്നത്. ഭാര്യാ സഹോദരൻ മുഹമ്മദ് റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട എസ്‌ഐ സി.കെ.നൗഷാദും സംഘവും വളാഞ്ചേരിയിൽ നിന്ന് പിടികൂടിയിരുന്നു.

തുടർന്നു ഒളിവിൽ പോയ മുഹമ്മദ് റാഷിദും റംലത്തും ഏർവാടിയിൽ പല സ്ഥലങ്ങളിലായി കഴിഞ്ഞുവരുന്നതിനിടെയാണ് അറസ്റ്റിലായത്. എഎസ്ഐ സലീം, സി.പി.ഒ സുഹൈൽ, പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.