കൊച്ചി: ഇനി എനിക്ക് തല ഉയർത്തി നടക്കാലോ.... ഇതുവരെ പൊലീസുകാരനെ കൊല്ലാൻ ശ്രമിച്ചവൾ എന്ന പേരായിരുന്നു. ഇതു പറയുമ്പോൾ മൂവാറ്റുപുഴയിൽ പാതയോരത്ത് ചക്കയും ഇളനീരും നാരങ്ങവെള്ളവും വിറ്റ് ജീവിക്കുന്ന റീനാ മത്തായിയുടെ കണ്ണുകൾ നിറഞ്ഞു...കണ്ഠം ഇടറി. 9 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കോടതി വെറുതെ വിട്ടപ്പോൾ 'എല്ലാം ആ സിവിൽ പൊലീസ് ഓഫീസർ കെ.കെ അജുവിന്റെ ക്രൂരതയായിരുന്നു' എന്ന് മുറിഞ്ഞു പോയ വാക്കുകൾ റീന പൂരിപ്പിച്ചു.

2015 ൽ ബൈക്കപകടത്തിൽ പരിക്കേറ്റ് റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന രണ്ട് യുവാക്കളെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചപ്പോൾ ചില പൊലീസുകാർ റീന മത്തായിക്ക് (48) നൽകിയ സമ്മാനം ലോക്കപ്പ് വാസവും ജയിൽജീവിതവുമായിരുന്നു.

2015-ലെ തിരുവോണനാളിൽ റീന തൃശ്ശൂർ കുട്ടനെല്ലൂരിലെ കൂട്ടുകാരി സിജിയുടെ ഫ്ലാറ്റിലേക്ക് കാറോടിച്ച് വരുകയായിരുന്നു റീന. വഴിയിൽ കുരിശുമൂലയിൽ റോഡപകടം കണ്ട് കാർ നിർത്തി. ബൈക്കപകടത്തിൽപെട്ട രണ്ട് യുവാക്കൾ രക്തത്തിൽ കുളിച്ചുകിടക്കുന്നു. റീന ഇരുവരെയും കാറിൽ കയറ്റി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാൽ റോഷിൻ, ജെറിൻ എന്നീ രണ്ട് യുവാക്കളും രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ റീനയുടെ കാറിൽ മറ്റൊരു വാഹനം തട്ടിയിരുന്നു. ഇതേപ്പറ്റി തൃശ്ശൂർ ട്രാഫിക് സ്റ്റേഷനിലെത്തി പരാതിയും നൽകി.

പിന്നീട് കുട്ടനെല്ലൂരിലെ കൂട്ടുകാരിയുടെ ഫ്ളാറ്റിലെത്തി. അപകടത്തിൽപ്പെട്ടവരുടെ രക്തം കാറിലെമ്പാടുമുണ്ടായിരുന്നു. ഇത് കഴുകിക്കളയുന്നതിനിടെ രണ്ട് പൊലീസുകാർ അവിടെയെത്തി. ആരെ കൊന്നിട്ട് തെളിവ് നശിപ്പിക്കുകയാണെടീ എന്ന് ചോദിച്ച് മർദിച്ചു. പിന്നീട് കാർ അടക്കം റീനയെ ഒല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിറ്റേന്നു പുലർച്ചെവരെ ലോക്കപ്പിലിട്ടു. ജാമ്യത്തിൽ വിട്ടു.

സംഭവത്തെപ്പറ്റി ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയിലും റീന പരാതിപ്പെട്ടതോടെ സിവിൽ പൊലീസ് ഓഫീസർ കെ.കെ. അജുവിനെ സസ്പെൻഡ് ചെയ്തു. അജുവിന്റെ ജോലി നഷ്ടമാകുമെന്ന അവസ്ഥയെത്തിയതോടെ പൊലീസുകാർ റീനയിൽ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. തൊട്ടു പിന്നാലെയാണ് റീനയ്ക്ക് പൊലീസുകാരൻ അജു പണി കൊടുത്തത്. കെ.കെ. അജുവിനെ, റീന കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി നൽകി. ഒരു മാസം കഴിഞ്ഞപ്പോൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് റീനയെ വിളിച്ച് ഹാജരാകാൻ നിർദ്ദേശിച്ചു. റീനയ്ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. 35 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്.

പൊലീസുകാർ ഉൾപ്പെടെ 11 സാക്ഷികളുണ്ടായിരുന്നെങ്കിലും റീനയ്ക്ക് ഈ കേസുമായി ബന്ധമില്ലെന്നു കണ്ട് തൃശ്ശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി പി.വി. റിജുല 9 കൊല്ലത്തിന് ശേഷം അവരെ കുറ്റവിമുക്തയാക്കി. റീനയ്ക്കുവേണ്ടി അഭിഭാഷകരായ വി.ആർ. ജ്യോതിഷ്, വി.കെ. സത്യജിത്ത്, കെ.ജെ. യദുകൃഷ്ണ എന്നിവർ ഹാജരായി.