- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാസിയുമായുള്ള ഭാര്യയുടെ ഫോൺ വിളിയിൽ കൊല; തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ വസ്ത്രം മാറ്റി കുഴിച്ചിട്ടത് അതിവേഗം അഴുകാൻ; മണം പിടിച്ചെത്തിയ വളർത്തു നായ മൃതദേഹം മാന്തി പുറത്തെടുക്കാൻ ശ്രമിച്ചു; പിന്നാലെ പട്ടിയേയും സജീവൻ കൊന്നു? വൈപ്പിനിലെ കൊലയാളിയ്ക്കെതിരെ പുതിയ സംശയം; സജീവൻ എല്ലാം ചെയ്തത് കൃത്യമായ ആസൂത്രണത്തിൽ
വൈപ്പിൻ: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്തു കുഴിച്ചിട്ട കേസിന്റെ തുടർ നടപടികളിൽ നിർണായകമാവുക ശാസ്ത്രീയ തെളിവുകൾ. ശാസ്ത്രീയ തെളിവുകൾ ദുർബലമായാൽ കേസിലെ പ്രതി സജീവ് രക്ഷപ്പെടും. അതൊഴിവാക്കാൻ തലനാരിഴ കീറിയുള്ള പരിശോധനകളും തെളിവുശേഖരിക്കലുമാണ് ഞാറയ്ക്കൽ പൊലീസ് നടത്തുന്നത്.
നായരമ്പലം സ്വദേശിനി രമ്യ കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സജീവ് മാത്രമാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതും കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൊലപാതകം നടന്നിട്ട് ഒന്നേകാൽ വർഷത്തോളം കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ തെളിവുകളുടെ പ്രാധാന്യം വർദ്ധിക്കുന്നത്. നിലവിൽ കൊലപാതകം നടന്ന വീട് പൊലീസിന്റെ നിയന്ത്രണത്തിലാണ്. മൃതദേഹം മറവു ചെയ്തിരുന്ന കുഴി് കൂടുതൽ പരിശോധനകൾക്കായി ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്.
കുഴിയിൽ പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും അസ്ഥിക്കഷ്ണങ്ങൾ അല്ലാതെ കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
കുഴിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണും പരിശോധനയ്ക്കു ശേഖരിച്ചിട്ടുണ്ട്. ഇവയുടെ എല്ലാം ഫലം വരാൻ കൂടുതൽ സമയം എടുക്കും. വസ്ത്രങ്ങൾ നീക്കം ചെയ്തതിനു ശേഷമായിരുന്നു മൃതദേഹം മറവു ചെയ്തത്. ഇക്കാരണത്താൽ കൂടുതൽ വേഗത്തിൽ മൃതദേഹം അഴുകിയിരുന്നു. കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ രമ്യയുടേതു തന്നെയെന്ന് ഉറപ്പിക്കാനും കൊലപാതകം നടന്ന കൃത്യസമയം കണ്ടെത്താനും കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് അന്വേഷണ സംഘം കരുതുന്നു.
പ്രാഥമിക പരിശോധനാ ഫലങ്ങൾ പോലും വരാൻ ആഴ്ചകൾ എടുക്കും എന്നാണ് കരുതുന്നത്. ഇതിനു പുറമേ മറ്റു ചില തെളിവുകളും കണ്ടെത്താനുണ്ട്. രമ്യയുടെ ഫോൺവിളിയെ ചൊല്ലിയുള്ള കലഹമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഭർത്താവ് സജീവിന്റെ മൊഴി. ഈ ഫോൺ കത്തിച്ച് കളഞ്ഞെന്നാണ് ഇയാൾ പറയുന്നതെങ്കിലും ഫോൺ ഇപ്പോഴും നിലവിൽ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഫോൺ ലഭിച്ചാൽ അത് സുപ്രധാന തെളിവ് ആകും.
കൊലയ്ക്ക് ഉപയോഗിച്ച പ്ലാസ്റ്റിക് കയറും കത്തിച്ചതായാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിൽ സജീവന് മാത്രമാണ് പങ്കെന്ന് പൊലീസ് ഉറപ്പിച്ചുവെങ്കിലും സാമാന്യം ആരോഗ്യം ഉണ്ടായിരുന്ന രമ്യയെ പോലെ ഒരാളെ ഒറ്റയ്ക്ക് ശാരീരികമായി കീഴ്പ്പെടുത്താനും കൊലപാതകം നടത്താനും ഇടത്തരം ഉയരവും മെലിഞ്ഞ ശരീര പ്രകൃതിയും ഉള്ള സജീവിന് ഒറ്റയ്ക്ക് കഴിയുമോ എന്ന സംശയമാണ് പലരും ഉയർത്തുന്നത്. തൊട്ടടുത്തു തന്നെ വീടുകൾ ഉണ്ടെങ്കിലും പകൽ സമയത്ത് ടെറസിൽ വച്ച് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന കരച്ചിലോ മറ്റ് ശബ്ദങ്ങളോ ആരും കേട്ടിട്ടുമില്ല.
മൃതദേഹം ഒറ്റയ്ക്ക് മുകളിൽ നിന്നു വലിച്ചിഴച്ച് കോണിപ്പടി വഴി വീടിന്റെ തെക്കുഭാഗത്ത് എത്തിച്ച് കിഴക്കുഭാഗത്ത് കൂടി കുഴിക്കു സമീപം കൊണ്ടു വന്നു എന്നാണ് സജീവ് നൽകിയ മൊഴി. ഇതും ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ കഴിയുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ സംഭവത്തിന് പിന്നിൽ സജീവിന് പുറമേ അടുത്ത ബന്ധുവായ ഒരാൾ കൂടി ഉണ്ടായേക്കാം എന്ന സംശയം പൊലീസിനും ഉണ്ടായിരുന്നുവത്രെ. എന്നാൽ അത് സ്ഥിരീകരിക്കാനുള്ള തെളിവുകൾ ലഭിച്ചില്ല. അതുകൊണ്ടു തന്നെ സജീവിനെ മാത്രം പ്രതിയാക്കിയാണ് ഇപ്പോൾ കേസിന്റെ നടപടികൾ മുന്നോട്ട് പോകുന്നത്.
സജീവിന്റെ വീട്ടിൽ ഉണ്ടായിരുന്ന വളർത്തു നായയുടെ ജഡം എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. രമ്യയുടെ മൃതദേഹം കുഴിച്ചിട്ടിരുന്ന സ്ഥലത്ത് മണം പിടിച്ച് എത്തുകയും മാന്തി നോക്കുകയും ചെയ്തതിന്റെ പേരിൽ സജീവ് വീട്ടിൽ നിന്ന് ഒഴിവാക്കിയ നായയുടെ ജഡം കണ്ടെത്താനും പൊലീസ് ശ്രമം നടത്തുന്നുണ്ട്. കഴിയുന്നത്ര തെളിവുകൾ ശേഖരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്. വീട്ടിൽ വളർത്തിയിരുന്ന നായ, മൃതദേഹം കുഴിച്ചിട്ടിരുന്ന ഭാഗത്തെ മണ്ണ് മാറ്റുന്നത് ശ്രദ്ധയിൽ പെട്ടിരുന്നതായി സജീവൻ തെളിവെടുപ്പ് സമയത്ത് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഈ നായ പിന്നീട് വൈറസ് രോഗം ബാധിച്ച് ചത്തുപോയി എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ നായയെ കൊലപ്പെടുത്തിയതാണെന്ന് പ്രചാരണവും ശക്തമാണ്. അങ്ങനെയെങ്കിൽ ജഡം പുരയിടത്തിൽ തന്നെ കുഴിച്ചിട്ടിട്ടുണ്ടാവും എന്നാണ് സൂചന. ഒന്നേകാൽ വർഷം മുൻപു രമ്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്തു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ സജീവിനെ കുടുക്കിയത് റിയാദിലുള്ള യുവതിയുടെ ആൺസുഹൃത്തിന്റെ മൊഴി. ഇതിന് ശേഷം ഞാറയ്ക്കൽ സിഐയ്ക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു സജീവൻ. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് രമ്യയുടെ ആൺസുഹൃത്തിനെ പൊലീസിന് കണ്ടെത്താനായതാണ്.
കൊല്ലം സ്വദേശിയായ ഇയാൾ സൗദി അറേബ്യയിലെ റിയാദിലാണ് ഇപ്പോഴുള്ളത്. രമ്യ മുമ്പ് ജോലി ചെയ്തിരുന്ന കലൂരിലെ ബിസ്മി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഈ ആൺസുഹൃത്തും നരബലി കേസോടെയാണ് രമ്യയുടെ തിരോധാനവും അന്വേഷണത്തിന് കാരണമായത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് വീണ്ടും താഴെ തലത്തിലെ വിലയിരുത്തലുകൾക്കായി ഞാറയ്ക്കൽ സ്റ്റേഷനിലെത്തി. ഈ സമയമാണ് കോതമംഗലത്തു നിന്നും സ്ഥലം മാറ്റം കിട്ടി എസ് ഐ മാഹിൻ അവിടെ എത്തുന്നത്. സിഐയുടെ നിർദ്ദേശാനുസരണം എസ് ഐ മാഹിൻ കാര്യകാരണങ്ങൾ പരിശോധിച്ചു.
സജീവനെ പലവട്ടം ചോദ്യം ചെയ്തു. രമ്യ നാടുവിട്ടുവെന്ന വാദത്തിൽ സജീവ് ഉറച്ചു നിന്നു. മക്കളെ ചോദ്യം ചെയ്താലും അവരും അച്ഛന്റെ മൊഴി ആവർത്തിക്കുകയായിരുന്നു. എന്നാൽ സജീവ് പറഞ്ഞ ദിവസങ്ങളിൽ സംശയം തോന്നി. രമ്യയുടെ ഫോൺ രേഖകൾ അരിച്ചു പരിശോധിച്ചു. ഇതിനൊപ്പം രമ്യ ജോലി ചെയ്തിരുന്നതും ബന്ധപ്പെട്ടിരുന്നവരുമായ എല്ലാവരേയും നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ തിരക്കി. ഇതിനിടെയാണ് കൊല്ലത്തുകാരനെ തിരിച്ചറിയുന്നത്. 2012 ഓഗസ്റ്റ് 18നായിരുന്നു രമ്യയെ കാണാതായത് എന്നായിരുന്നു സജീവൻ പറഞ്ഞിരുന്നത്. എന്നാൽ ഓഗസ്റ്റ് 16ന് ശേഷം രമ്യയെ കുറിച്ചുള്ള വിവരമെല്ലാം നിശ്ചലമായി എന്ന് ഫോൺ പരിശോധനയിൽ പൊലീസിന് മനസ്സിലായി. ഇതിനുള്ള തെളിവ് നൽകിയതും കൊല്ലത്തെ പ്രവാസിയാണ്.
16ന് താൻ രമ്യയെ വിളിച്ചിരുന്നുവെന്നും അപ്പോൾ സജീവ് എത്തിയെന്നും ഫോൺ കട്ടു ചെയ്യാനും രമ്യ ആവശ്യപ്പെട്ടെന്നും പൊലീസിനോട് കൊല്ലത്തെ പ്രവാസി വെളിപ്പെടുത്തി. മൊബൈൽ ഫോൺ പരിശോധനയിലൂടെ ഇതിനുള്ള തെളിവും നൽകി. ഇതോടെയാണ് 16ന് അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയിൽ പൊലീസിന് സംശയം തോന്നുന്നത്. ഈ സംശയമാണ് രമ്യക്കൊലക്കേസിൽ നിർണ്ണായകമായത്. ഇത് മനസ്സിലാക്കിയതും മുകൾ തട്ടിലെ ഉദ്യോഗസ്ഥരെ അറിയിച്ചതും ഞാറയ്ക്കലിലെ എസ് ഐയായിരുന്നു. അതിന് ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എല്ലാം പരിശോധിച്ചു. പിന്നീട് രണ്ട് ഡിവൈഎസ്പിമാർ ചേർന്ന് ചോദ്യം ചെയ്തു. ഇതോടെ തന്നെ താൻ പിടിക്കപ്പെട്ടുവെന്ന് സജീവന് ബോധ്യമായി. അന്ന് സജീവിനെ അറസ്റ്റു ചെയ്യാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. അടുത്ത ദിവസം ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാനായിരുന്നു നിർദ്ദേശം. പക്ഷേ ഞാറയ്ക്കൽ സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി സജീവ് കീഴടങ്ങുകയായിരുന്നു.
രമ്യയുടേയും സജീവിന്റേയും ഫോൺ രേഖകളും ടവർ ലൊക്കേഷനുമെല്ലാം പരിശോധിച്ചാണ് 16ന് കൊല നടക്കാനുള്ള സാധ്യതയിലേക്ക് അന്വേഷണം എത്തിയത്. അങ്ങനെ മനസ്സിലാക്കിയ ശേഷവും 18നാണ് ഭാര്യയെ കാണാതായതെന്ന സജീവന്റെ മൊഴിയാണ് കുടുക്കായത്. ഇതിനൊപ്പം മക്കളെ ഭാര്യ വീട്ടിലേക്ക് കൊണ്ടാക്കിയതും തിരിച്ചു കൊണ്ടു വന്നതും പരിശോധിച്ചു. എന്നാൽ മക്കളുടെ മൊഴിയെല്ലാം സജീവന് അനകൂലമായിരുന്നു. ഇതിനിടെയാണ് കൊല്ലത്തെ പ്രവാസിയായ ആൺസുഹൃത്തിന്റെ മൊഴി പൊലീസിന് നിർണ്ണായകമായി മാറിയത്. മൊബൈൽ ഫോണിൽ ഭാര്യ ആൺസുഹൃത്തുമായി സംസാരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ സജീവൻ അക്രമാസക്തനാവുകയായിരുന്നു. ഇതാണ് കൊലപാതകത്തിനും സാഹചര്യമൊരുക്കിയത്. എടവനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് ഇവർ രണ്ടു മക്കൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ കാർപോർച്ചിന്റെ തറയോടു ചേർന്നാണു മൃതദേഹം കുഴിച്ചിട്ടിരുന്നത്.
പൊലീസ് നടത്തിയ പരിശോധനയിൽ ഈ ഭാഗത്തുനിന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ടതു രമ്യ തന്നെയെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കണം. ഇലന്തൂർ നരബലിക്കേസിനെ തുടർന്ന്, സ്ത്രീകളെ കാണാതായ കേസുകൾ പൊലീസ് പ്രത്യേകം പരിശോധിച്ചിരുന്നു. സഹോദരിയെ കാണാതായെന്ന പരാതിയിൽ സഹോദരൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഈ കേസിൽ സജീവനെ വിളിച്ചു വരുത്തി പൊലീസ് മൊഴി എടുത്തു. അന്നും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ അമ്മ ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന് മക്കൾ പറയുന്നതു കൊണ്ട് സജീവനെ കുടുക്കാനുള്ള തെളിവുകളിലേക്ക് പൊലീസ് കടന്നില്ല. നരബലിയോടെ രമ്യയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയാനുള്ള പൊലീസിന്റെ ആകാംഷ കൂടി. നരബലിക്കാർ രമ്യയേയും കൊണ്ടു പോയോ എന്നതായിരുന്നു സംശയം.
പക്ഷേ അന്വേഷണം എത്തിയത് സജീവിലും രണ്ടാം ഘട്ട അന്വേഷണത്തിൽ സജീവിനെതിരെ സംശയം സജീവമായി. പൊലീസിന്റെ നിരന്തര നിരീക്ഷണത്തിന് ശേഷം സജീവനെ വിശദമായി പൊലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച് അടുത്ത ദിവസം സജീവ് കീഴടങ്ങിയത്. കൊലപാതകം എങ്ങനെ നടന്നുവെന്നും വിശദീകരിച്ചു. 2021 ഒക്ടോബർ 16നു കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം ശരിയാവുകയും ചെയ്തു. മക്കൾ ഇല്ലാതിരുന്ന ദിവസം പകൽ വീടിനുള്ളിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷം രാത്രി കുഴിയെടുത്തു മൃതദേഹം മറവുചെയ്യുകയായിരുന്നു. ഇതാണ് മൊഴിയും.
മൃതദേഹ അവശിഷ്ടങ്ങൾ രമ്യയുടേതാണെന്ന് ഉറപ്പിക്കാനായാൽ ഈ കേസിൽ സജീവിന് ശിക്ഷ ഉറപ്പാകുമെന്ന് നിയമവിദഗ്ധരും പറയുന്നു.എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ ആണ് പ്രധാനം. അതു കൂടി ശേഖരിച്ചു കഴിഞ്ഞാൽ സജീവിന് ഉറപ്പായും ശിക്ഷ വാങ്ങി നല്കാനാവും.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്