മലപ്പുറം: മലപ്പുറം എടവണ്ണ ചെമ്പക്കുത്ത് ജാമിയ നദ്വിയ്യ കോളേജിനു സമീപത്തെ പുലിക്കുന്ന് മലയിൽ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ എം.ഡി.എം.എ കേസിലെ പ്രതിയായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നിൽ സുഹൃത്തുക്കൾ തന്നെ. കൃത്യത്തിൽ പങ്കുള്ളതായി സംശയിക്കുന്ന സുഹൃത്ത് ഉൾപ്പെടെ രണ്ടുപേരാണു നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റഷീദിന്റെ മകൻ റിദാൻ ബാസിലാണ് (28) ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലക്കുപിന്നിലെ രഹസ്യങ്ങൾ ഞെട്ടിക്കുന്നതാണ്. റിദാൻ ബാസിൽ കൊല്ലപ്പെടുന്നത് ലഹരിക്കടത്തിലെ വമ്പന്മാരുടെ പേരുവെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണെന്നു അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നു.

നേരത്തെ കരിപ്പൂരിൽ വച്ചാണ് റിദാൻ ബാസിലിനെ എം.ഡി.എം.എ കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നും തന്നെ ചില സുഹൃത്തുക്കൾ കുടുക്കിയതാണെന്നുമായിരുന്നു റിദാൻ വെളിപ്പെടുത്തിയിരുന്നത്. നാട്ടിലെ ലഹരിക്കടത്ത്, സ്വർണക്കടത്തുകൾക്കു പിന്നിൽ നാട്ടിലെ മാന്യന്മാരായ ചില വമ്പന്മാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ പൊയ്മുഖങ്ങൾ താൻ തുറന്നു പറയുമെന്നും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു റിദാൻ ബാസിലിന്റെ മരണമെന്നും തീർച്ചയായും ഇക്കാര്യത്തിൽ ഇവർക്കു പങ്കുണ്ടാകുമെന്നും ഇക്കാര്യം അറിയുന്ന നാട്ടുകാർ പറയുന്നു. കരിപ്പൂരിൽവെച്ച് റിദാൻ ബാസിലിനെ എം.ഡി.എം.എയുമായി പിടിച്ചപ്പോൾ എടവണ്ണയിലെ തന്നെ മറ്റൊരു സുഹൃത്തായ ഷമീമും കൂടെയുണ്ടായിരുന്നു. ഷമീമിന്റെ ഭാര്യ അടുത്തിടെ തൂങ്ങി മരിച്ചിരുന്നു. ഈ മരണത്തിലും ചില ദുരൂഹതകളുണ്ടായിരുന്നു. തുടർന്നു പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നിലവിൽ കൊലപാതകക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള റിദാൻ ബാസിലിന്റെ സുഹൃത്തും മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള വ്യക്തി തന്നെയാണ്. ഇരുവരും ദിവസങ്ങൾക്കു മുമ്പു ഇൻസ്റ്റഗ്രാമിൽ റീൽസ് വരെ തയ്യാറാക്കിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

കരിപ്പൂരിൽവെച്ചു എം.ഡി.എം.എ കേസിൽ ഷമീം ഉൾപ്പെടെയുള്ളവരാണ് തന്നെ കുടുക്കിയതെന്നാണ് റിദാൻ ബാസിൽ പറഞ്ഞിരുന്നത്. ഇതിന് പുറമെ എടവണ്ണയിലെ പ്രവാസികളിൽ നിന്നും ഒന്നരക്കോടിയലിധകം രൂപ വിവിധ ബിസിനസ്സുകളിലേക്കെന്ന് പറഞ്ഞ് ഷമീമിന്റെ അടുത്ത സുഹൃത്ത് പിരിച്ചിരുന്നുവെന്നും ഈ പണം ഉൾപ്പെടെ മയക്കുമരുന്ന്, സ്വർണക്കടത്ത് ബിസിനസ്സിൽ ഇറക്കിയതായി സംശയിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്. എന്നാൽ ഷമീമും, റിദാൻ ബാസിലും എം.ഡി.എം.എ കേസിൽ അറസ്റ്റിലായതോടെ പ്രവാസികളിൽ നിന്നും പണം പിരിച്ച സുഹൃത്ത് മുങ്ങിയതായും ഇവർ ആരോപിക്കുന്നു. വൻ ലഹരിക്കടത്ത് മാഫിയാ സംഘംതന്നെയാണു എടവണ്ണ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതെന്നും റിദാൻ ബാസിൽ പറഞ്ഞിരുന്നു.

റിദാന്റെ നെഞ്ചിൽ വെടിയേറ്റതിന്റെ മൂന്ന് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഏത് പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നു സ്ഥിരീകരിച്ചിട്ടില്ല. തലയ്ക്കു പിന്നിൽ അടിയേറ്റതായും വയറിലും മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന എടവണ്ണ മുണ്ടേങ്ങര സ്വദേശിയായ സുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരുന്നത്.

മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്കെത്തിച്ചത്. ഇയാളും റിദാനും തമ്മിൽ മയക്കുമരുന്ന്, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടന്നിരുന്നതായി സൂചനയുണ്ട്. ഇന്നലെ രാവിലെയാണ് ജാമിയ കോളജിനു സമീപം 300 മീറ്റർ മാറിയുള്ള പുലിക്കുന്ന് മലയുടെ മുകളിൽ മൃതദേഹം കണ്ടെത്തിയത്. ആളുകൾ അപൂർവമായി മാത്രം വരുന്ന സ്ഥലമാണിതെന്നും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം റിദാനും സുഹൃത്തുക്കളും സ്ഥിരമായി ഇവിടെയെത്താറുണ്ടന്ന് നാട്ടുകാർ പറയുന്നു. കരിപ്പൂരിൽവച്ച് 15 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിൽ റിദാനു ജയിൽശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്.

വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്ന് പോയ റിദാൻ രാവിലെ ആയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി സുഹൃത്തിനോടൊപ്പം പുലിക്കുന്ന് മലയിൽ എത്തിയതായിരുന്നു റിദാൻ. താൻ മടങ്ങിയശേഷവും റിദാൻ ഇവിടെത്തന്നെ തങ്ങിയെന്നും ഇക്കാര്യം റിദാന്റെ വീട്ടുകാരെ അറിയിച്ചിരുന്നു എന്നുമാണ് സുഹൃത്ത് പറയുന്നത്. ഇതോടെയാണ് വീട്ടുകാരുടെ തിരിച്ചിൽ ഇങ്ങോട്ടും വ്യാപിപ്പിച്ചത്. നിലമ്പൂർ ഡിവൈ.എസ്‌പി സാജു കെ എബ്രഹാം, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ഗംഗാധരൻ, എടവണ്ണ, നിലമ്പൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രി ഒമ്പതരയോടെ എടവണ്ണ ജുമാ മസ്ജിദിൽ ഖബറടക്കി. മാതാവ്: നസീമ . ഭാര്യ: ഹിബ. സഹോദരൻ: റാസിൽ