കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ 'ബിഹാർ റോബിൻഹുഡ്' മുഹമ്മദ് ഇർഫാനെ(35) പിടികൂടിയതിന് പിന്നിൽ കേരളാ പൊലീസിന്റെ കൊച്ചി ഓപ്പറേഷൻ. കർണാടക പൊലീസിന്റെ സഹായത്തോടെ ഉഡുപ്പിയിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. എന്നാൽ കിറുകൃത്യമായി കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൊച്ചി എസിപി പി രാജ്കുമാറായിരുന്നു എല്ലാം ഏകോപിപ്പിച്ചത്.

ജോഷിയുടെ വീട്ടിലെ മോഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിർണായകമായത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഒരു ഹോണ്ട അക്കോർഡ് കാർ സംശയാസ്പദമായി കണ്ടെത്തി. തുടർന്ന് ഈ കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോഷ്ടാവിലേക്ക് എത്തിയത്. ദൃശ്യങ്ങളിൽനിന്ന് കാറിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ തിരിച്ചറിഞ്ഞു. എന്നാൽ, സംഭവദിവസം ഉച്ചയോടെ കാർ കാസർകോട് അതിർത്തി വിട്ടതായി വിവരം കിട്ടി. ഇതോടെ കർണാടക പൊലീസിന് വിവരം കൈമാറി. തുടർന്ന് കർണാടക പൊലീസിന്റെ ഏകോപനത്തോടെ ഉഡുപ്പിയിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

കാറിന്റെ യാത്ര സമയം അടക്കം വിശകലനം ചെയ്താണ് ഉഡുപ്പിയിൽ കാറെത്തിയിരിക്കാമെന്ന നിഗമനത്തിൽ കൊച്ചി പൊലീസ് എത്തിയത്. വിവിധ സിസിടിവി പരിശോധനയിലൂടെ കാർ യാത്രയുടെ ശരാശരി വേഗം പോലും കണക്കാക്കി. കേരളാ അതിർത്തി വിട്ടെന്ന് ഉറപ്പാക്കിയ സമയവും കാറിന്റെ വേഗതയും കണക്കാക്കി ഉഡുപ്പിയിൽ എത്തിക്കാണുമെന്ന നിഗമനത്തിൽ എത്തി. അതിന് ശേഷം അവിടെത്തെ ജില്ലാ പൊലീസ് സൂപ്രണ്ടിന് വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി പൊലീസ് നൽകിയ നമ്പറിലെ വാഹനത്തെ ഉഡുപ്പിയിൽ തടഞ്ഞു. മോഷണ വസ്തുക്കളും അതിലുണ്ടാകുമെന്ന സന്ദേശം നൽകിയിരുന്നു.

ഇത് അനുസരിച്ച് കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ കേരളാ പൊലീസ് നൽകിയ വിവരം കൃത്യമാണെന്ന് ഉറപ്പിച്ചു. കാറിന്റേയും മോഷണ വസ്തുക്കളുടേയും വീഡിയോ ഉഡുപ്പിയിൽ നിന്നും കേരളാ പൊലീസിന് കൈമാറി. ഇതോടെ കള്ളനെ എസിപി രാജ്കുമാർ ഉറപ്പിച്ചു. കർണാടകയിലെ ഉഡുപ്പിയിൽനിന്ന് പിടിയിലായ ഇയാളെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്.

മോഷണം അറിഞ്ഞതോടെ തന്നെ കേരളാ പൊലീസ് നടപടികളിലേക്ക് കടന്നു. കൊച്ചിയിലെ മുഴുവൻ സിസിടിവിയും പരിശോധിച്ചു. അതിൽ നിന്ന് കാറിലേക്ക് കള്ളൻ കയറുന്ന ദൃശ്യം കിട്ടി. കള്ളന്റെ കൈയിലുണ്ടായിരുന്ന ബാഗ് മോഷണം പോയതായിരുന്നു. ഇതോടെയാണ് ഈ കാറിലേക്ക് മാത്രമായി അന്വേഷണം ചുരുങ്ങിയത്. അതിവേഗം സിസിടിവി പരിശോധന പൂർത്തിയാക്കിയതാണ് കേസിൽ നിർണ്ണായകമായത്.

ബിഹാറിലെ 'സീതാമർസി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്' എന്ന ബോർഡാണ് പ്രതിയുടെ കാറിൽ ഘടിപ്പിച്ചിരുന്നത്. ഇയാളുടെ ഭാര്യ അവിടെത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. കേരളത്തിലെ സിസിടിവി പരിശോധനയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ബോർഡും ശ്രദ്ധയിൽപ്പെട്ടു. ഇതടക്കം ഉഡുപ്പി പൊലീസിന് വിവരമായി കൈമാറിയിരുന്നു. അതുകൊണ്ട് തന്നെ കടന്നു പോയ വണ്ടിയെ അതിവേഗം അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അങ്ങനെ ബീഹാറിലെ റോബിൻ ഹുഡിനെ കുടുക്കിയ മുഴുവൻ ക്രെഡിറ്റും കേരളാ പൊലീസിന്റേതായി.

വിവിധ മോഷണക്കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാൻ ഒരുമാസം മുൻപാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച ആഭരണങ്ങളെല്ലാം പ്രതിയുടെ കാറിലുണ്ടായിരുന്നു. അതെല്ലാം പൊലീസ് കണ്ടെടുത്തതായും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 20-ാം തീയതിയാണ് പ്രതി ബിഹാറിൽനിന്ന് മോഷണം നടത്താനായി കൊച്ചിയിലെത്തിയത്. ബിഹാറിൽനിന്ന് നേരിട്ട് കൊച്ചിയിലേക്ക് വരികയായിരുന്നു. കൊച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലകൾ ഇയാൾ ഗൂഗിളിൽ സെർച്ച് ചെയ്ത് മനസിലാക്കിയിരുന്നു. തുടർന്ന് കൊച്ചി പനമ്പിള്ളി നഗറിലെത്തുകയും ജോഷിയുടെ വീട്ടിൽ കയറി മോഷണം നടത്തുകയുമായിരുന്നു. ജോഷിയുടെ വീട് മാത്രം ലക്ഷ്യമിട്ടല്ല പ്രതി എത്തിയത്. അതിന് മുമ്പ് പനമ്പിള്ളി നഗറിലെ മൂന്ന് വീടുകളിൽ കൂടി ഇയാൾ മോഷണശ്രമം നടത്തിയിരുന്നതായും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 19-ഓളം മോഷണക്കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഇർഫാൻ. തിരുവനന്തപുരത്ത് ഭീമ ജൂവലറി ഉടമയുടെ വീട്ടിൽമോഷണം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.