പമ്പ: ശബരിമലയിൽ തീർത്ഥാടകർക്ക് ദുരിതം തുടരുന്നു. മുമ്പ് സുഗമമായി നടന്ന് മല കയറിയ തീർത്ഥാടകരെ ഇന്ന് വലയ്ക്കുന്നത് തലതിരിഞ്ഞ നയങ്ങളാണ്. വെർച്യുൽ ക്യൂവും നിലയ്ക്കലിൽ നിന്ന് കെ എസ് ആർ ടി സിയിൽ മാത്രമാകണം യാത്രയെന്ന നിർദ്ദേശവും എല്ലാം തകിടം മറിച്ചു. വെർച്യുൽ ക്യൂ ബുക്കിങ് സൗജന്യമാണ്. എന്നാൽ സൈറ്റിലൂടെ ലക്ഷങ്ങൾ ദേവസ്വം ബോർഡിന് കിട്ടുന്നു. അതുകൊണ്ട് മാത്രമാണ് വെർച്യുൽ ക്യൂവായി മുമ്പോട്ട് പോകുന്നത്. ശബരിമലയിൽ എത്തുന്ന ആർക്കും സ്‌പോട്ട് ബുക്കിങ് നടത്തി സന്നിധാനത്തേക്ക് പോകാം. എന്നിട്ടും വെർച്യുൽ ക്യൂ ബുക്കിങ്. എന്തിനാണ് ഇതെന്ന് ആർക്കും മനസ്സിലാകുന്നില്ല.

നിലയ്ക്കലിൽ നിന്നും കെ എസ് ആർ ടി സിക്ക് ലാഭമുണ്ടാക്കാനായി അവിടെ പാർക്കിങ് നിജപ്പെടുത്തി. ആരേയും അതിന് അപ്പുറത്തേക്ക് വാഹനങ്ങളിൽ ആരേയും വിടുന്നില്ല. ഇത് നിലയ്ക്കലിലും തിരക്ക് കൂട്ടുന്നു. നിലയ്ക്കലിലെ കച്ചവട സ്ഥാപനങ്ങൾക്കും ഇതുമൂലം നേട്ടമുണ്ടാകുന്നു. എന്താണ് ശബരിമലയിൽ സംഭവിക്കുന്നത്. എവിടെയാണ് പിഴവുണ്ടായത്? മറുനാടൻ അന്വേഷണം വിരൽ ചൂണ്ടുന്നത് വെർച്യുൽ ക്യൂവിലെ അശാസ്ത്രിയതയും ചിലരുടെ സാമ്പത്തിക മോഹവുമാണ്. സ്വയം നിയന്ത്രിക്കേണ്ടത് ഭക്തരാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വിശദീകരിക്കുന്നത്. ഇരുമുടി കെട്ടില്ലാതെ എത്തുന്ന ഭക്തരാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ശബരിമലയിൽ വെർച്യുൽ ക്യൂ വരുന്നതിന് മുമ്പ്

വാഹനങ്ങളിൽ പമ്പയിൽ എത്തുന്ന ഭക്തർ പമ്പാ സ്‌നാനത്തിന് ശേഷം ഗണപതി ക്ഷേത്ര ദർശനവും പൂർത്തിയാക്കി മലകയറും. പമ്പാ ഗണപതി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്ക് ഇറങ്ങുന്നിടത്ത് സുരക്ഷാ പരിശോധന. അതു വേഗത്തിൽ കഴിയും. അവിടെ നിന്ന് മലകയറാം. സ്വാമി അയ്യപ്പൻ റോഡിലൂടെ ഭക്തർ കയറുന്നില്ലെന്ന് ഉറപ്പിക്കാൻ മലകയറ്റത്തിന്റെ തുടക്കത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. കുത്തനെയുള്ള കയറ്റം കയറാൻ ബുദ്ധിമുട്ടുള്ളവരെ സ്വാമി അയ്യപ്പൻ റോഡിലൂടേയും വിടും. ഏതാണ്ട് മരക്കൂട്ടം എത്താറാകുമ്പോഴാകും 'തടയൽ' പ്രക്രിയ തുടങ്ങുക. അവിടെ വെള്ളം കൊടുക്കാനും മറ്റുമുള്ള സംവിധാനം ഉണ്ടാകും.

പമ്പയിൽ പാർക്കിങ് ഫുൾ ആകുന്നത് വരെ തീർത്ഥാടകരുമായി വരുന്ന വാഹനങ്ങൾ പമ്പയിൽ ഇടാൻ മുമ്പ് അനുവദിക്കും. പാർക്കിങ് തീരുമ്പോൾ ഭക്തരെ ഇറക്കുന്ന വണ്ടികൾ നിലയ്ക്കലിലേക്ക് പോകണം. ഭക്തരെ ഇറക്കിയ ശേഷം പോയാൽ മതി. ദർശനം കഴിഞ്ഞ് എത്തുന്ന ഭക്തരെ ആ വാഹനങ്ങൾക്ക് പമ്പയ്ക്ക് അടുത്ത് നിന്ന് എടുത്തുകൊണ്ടു പോകാനും കഴിയും. പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് കെ എസ് ആർ ടി സി ബസും ഉണ്ടാകും. അങ്ങനേയും നിലയ്ക്കലിൽ പോകാം. അതായത് ഗതാഗത കുരുക്ക് ഉണ്ടായാൽ മാത്രമേ അന്ന് ഭക്തർക്ക് പമ്പയിൽ എത്തുന്നതിന് മുമ്പ് കാത്ത് നിൽക്കേണ്ടി വരുന്നുള്ളൂ. ഗണപതി ക്ഷേത്ര ദർശനത്തിന് ശേഷം മാത്രമേ ക്യൂവിൽ പെടൂ. അനിയന്ത്രിത തിരക്ക് വരുമ്പോൾ പമ്പാ ഗണപതി ക്ഷേത്രത്തിലേക്കും ക്യൂ ഉണ്ടാകും. അത് വിരളമായ ദിവസങ്ങളിലാകും.

വെർച്യുൽ ക്യൂ വന്നതിന് ശേഷം

പമ്പാ ഗണപതി ക്ഷേത്രത്തിന് അടുത്ത് വലിയ പരിശോധന അനിവാര്യമാകുന്നു. ആയിരക്കണക്കിന് ഭക്തർ വെർച്യുൽ ക്യൂവിൽ ബുക്ക് ചെയ്തുവെന്ന് ഉറപ്പിച്ച് മാത്രമേ മുമ്പോട്ട് പോകാൻ കഴിയൂ. വരുന്ന അത്രയും ഭക്തരുടെ വെർച്യുൽ ക്യൂ ഒറ്റയടിക്ക് പരിശോധിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ വലിയ തിരക്കുള്ള ദിവസങ്ങളിൽ ഭക്തർക്ക് ഈ പോയിന്റ് കഴിയാൻ ഏറെ നേരം കാത്തു നിൽക്കണം. ഈ ചെക്കിങ് കഴിഞ്ഞ് മുമ്പോട്ട് പോയാൽ പഴയതു പോലെ മലകയറ്റം തുടങ്ങുന്നിടത്ത് സുരക്ഷാ പരിശോധനയുണ്ട്. അവിടെ ചെക്കിങ് കഴിഞ്ഞു മാത്രമേ കടന്നു പോകാൻ കഴിയൂ. അങ്ങനെ നിയന്ത്രണം ഫലത്തിൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ തുടങ്ങുന്നു. ഒരിക്കൽ കാത്തിരിപ്പും ക്യൂവും തുടങ്ങിയാൽ അത് പിന്നീട് പതിനെട്ടം പടി വരെ തുടരേണ്ടി വരുന്നു.

നിലയ്ക്കലിൽ കെ എസ് ആർ ടി സി

നിലയ്ക്കലിൽ എത്തുന്ന വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യണം. അവിടെ നിന്ന് കെ എസ് ആർ ടി സി ബസിൽ പോകണം. ഇവിടെ എത്തുന്ന ഭക്തരെ അപ്പോഴപ്പോൾ കെ എസ് ആർ ടി സി ബസിൽ പമ്പയിൽ എത്തിക്കുക അസാധ്യമാണ്. അങ്ങനെ അവിടേയും ആൾക്കുട്ടം സൃഷ്ടിക്കപ്പെടുന്നു. തിരക്കുള്ള ദിവസങ്ങളിൽ കെ എസ് ആർ ടി സിയുടെ പ്രതിസന്ധി കാരണം അവിടേയും ദുരിതമാകുന്നു. ഇവർ പമ്പയിൽ എത്തുമ്പോൾ അവിടേയും പരിശോധനയ്ക്കായുള്ള കാത്തിരിപ്പ്. പിന്നെ സുരക്ഷാ പരിശോധനയും.

നിലയ്ക്കലിലും പമ്പയിലും ഭക്തരെ രണ്ടു കാരണങ്ങൾ പറഞ്ഞ് തടയുന്നിടത്താണ് പ്രതിസന്ധിയുടെ തുടക്കം. ഭക്തരെ തടസ്സം കൂടാതെ പമ്പയിലെത്താനും വാഹന പാർക്കിങ് മാത്രം നിലയ്ക്കലിൽ ക്രമീകരിക്കുകയും ചെയ്താൽ നിലയ്ക്കലിലെ തിരക്കും പ്രശ്‌നങ്ങളും കുറയ്ക്കാം. പക്ഷേ അതല്ല നിലവിലെ സ്ഥിതി. കോവിഡിന് മുമ്പും മറ്റും ഭക്തരെ നിലയ്ക്കലിൽ ആരും തടയില്ലായിരുന്നു. ചാലക്കയത്തെ ടോൾ പ്ലാസ മാറിയതോടെ അവിടേയും കാത്തു നിൽപ്പില്ലാതെ ഭക്തർക്ക് പമ്പയിൽ എത്താമായിരുന്നു. ചാലക്കയത്തെ ടോൾ പ്ലാസയിലെ സമരം വിജയിച്ചതോടെ ദേവസ്വം ബോർഡ് നിലയ്ക്കലിൽ സാമ്പത്തിക ലാഭം കണ്ടു. അതാണ് പ്രതിസന്ധി.

എല്ലാ വാഹനങ്ങലും നിലയ്ക്കലിൽ നിർത്തുമ്പോൾ അവിടെ കച്ചവടം കൂടുന്നു. വെർച്യുൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് അവിടെ സ്‌പോട്ട് ബുക്കിംഗിനും അവസരമുണ്ട്. അങ്ങനെ എല്ലാ അർത്ഥത്തിലും നിലയ്ക്കലും തിരക്കിന്റെ കേന്ദ്രമായി.

വെർച്യുൽ ക്യൂവിലെ സാമ്പത്തികം

ടിസിഎസാണ് വർച്യുൽ ക്യൂ സോഫ്റ്റ് വെയർ തയ്യാറാക്കിയത്. ഇത് കേരളാ പൊലീസിന് വേണ്ടിയായിരുന്നു. പിന്നീട് വെർച്യുൽ ക്യൂ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ദേവസ്വം ബോർഡാണ് നിലവിൽ വെർച്യുൽ ക്യൂ നിയന്ത്രിക്കുന്നത്. ഈ സോഫ്റ്റുവെയർ പണം കൊടുത്താണ് അവർ വാങ്ങിയത്. വെർച്യുൽ ക്യൂ ബുക്കിങ് സൗജന്യമാണ്. എന്നാലും ദേവസ്വം ബോർഡിന് അതും വരുമാനമാർഗ്ഗമാണ്. ഒരു ദിവസം 80000 പേർക്കാണ് നിലവിൽ വെർച്യുൽ ക്യൂ വഴി ബുക്ക് ചെയ്യാൻ അവസരം. അതായത് തീർത്ഥാടന കാലത്ത് വലിയ ട്രാഫിക്കുള്ള സൈറ്റാണ് ഇത്.

ഈ സൈറ്റിൽ പരസ്യങ്ങളുമുണ്ട്. ഈ പരസ്യത്തിൽ നിന്നുള്ള വരുമാനവും ദേവസ്വം ബോർഡിന്. ഇതിനൊപ്പം ബുക്കിംഗിന് ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ. ഇതിൽ നിന്നെല്ലാം വരുമാനം ദേവസ്വം ബോർഡിന് കിട്ടും. വെർച്യുൽ ക്യൂവിലെ കാര്യങ്ങൾ ഇപ്പോഴും നോക്കുന്നത് ടി സി എസ്സാണ്. അവർ പണം വാങ്ങുന്നില്ലെന്നാണ് ലഭ്യമായ സൂചന. ഇതുകൊണ്ടാണ് പരമാവധി പേർക്ക വെർച്യുൽ ക്യൂവിലൂടെ ബുക്കിംഗിന് അവസരം നൽകുന്നത്. കൂടുതൽ പേർ കൂടുതൽ തവണ സൈറ്റിലെത്തുമ്പോൾ അതിലെ പരസ്യ വരുമാന നേട്ടം ദേവസ്വം ബോർഡിന്.

വെർച്യുൽ ക്യൂവിലെ കുതന്ത്രം

വെർച്യുൽ ക്യൂ എന്ന സംവിധാനം കൊണ്ടു വന്നത് ദർശനത്തിന് എത്തുന്നവർക്ക് പ്രത്യേക സംവിധാനം എന്ന രീതിയിലായിരുന്നു. അതായത് ക്യൂവിൽ നിൽക്കാതെ സന്നിധാനം വരെ എത്താനുള്ള മാർഗ്ഗം. തുടക്കത്തിൽ ദിവസം 5000ൽ താഴെ പേർക്ക് മാത്രമേ വെർച്യുൽ ക്യൂവിൽ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇങ്ങനെ ബുക്ക് ചെയ്ത് എത്തുന്നവരെ മരക്കൂട്ടത്ത് നിന്നും പ്രത്യേക വഴിയിലൂടെ നടപന്തലിലേക്ക് പോകാൻ അനുവദിക്കും. അവിടെയാണ് പരിശോധന. അവിടെ നിന്ന് പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടി കയറാം. പ്രായമായവർക്കും കുട്ടികൾക്കും ഉപയോഗിക്കാനായിരുന്നു ഈ സംവിധാനം അനുവദിച്ചത്.

സ്ത്രീ പ്രവേശന വിധിവരെ അങ്ങനെ കാര്യങ്ങൾ പോയി. സ്ത്രീ പ്രവേശന വിധിയും മറ്റ് പ്രതിഷേധങ്ങളും എത്തിയപ്പോൾ ശബരിമലയിൽ എത്തുന്നവരെ തിരിച്ചറിയാൻ വെർച്യുൽ ക്യൂ നിർബന്ധമാക്കി. അങ്ങനെ പമ്പയിൽ അനാവശ്യ തടയലും വന്നു. എന്നാൽ വെർച്യുൽ ക്യൂ കാത്തിരുന്ന് ബുക്ക് ചെയ്യുന്നവർക്ക് ഒരു ഗുണവുമില്ല. പമ്പയിലും നിലയ്ക്കലിലും സ്‌പോട്ട് ബുക്കിംഗും ഉണ്ട്. അതായത് ശബരിമലയിൽ വരുന്നവർക്കെല്ലാം മല കയറാം. അതും ഒരു ക്യൂവിൽ. പിന്നെ എന്തിനാണ് വെർച്യുൽ ക്യൂ എന്ന ചോദ്യമാണ് ഉയരുന്നത്.

ഒരു പ്രത്യേക സമയത്തേക്കാണ് വെർച്യുൽ ക്യൂവിൽ ബുക്ക് ചെയ്യേണ്ടത്. എന്നാൽ യാത്രയ്ക്കിടിയിലെ പ്രശ്‌നങ്ങലും ഗതാഗത കുരുക്കും കാരണം മിക്കവാറും പേർക്ക ബുക്കിംഗിലെ സമയത്ത് പമ്പയിൽ എത്താൻ കഴിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വെർച്യുൽ ക്യൂവിലെ 'ശാസ്ത്രം' ശബരിമലയിൽ ശരിയാവാറില്ല. വരുന്നവർ വരുന്ന സമയത്ത് മലകയറാൻ പമ്പയിൽ എത്തും. പിന്നെ എന്തിനാണ് സ്ലോട്ട് നൽകിയുള്ള വെർച്യുൽ ക്യൂ എന്നതാണ് ഉയരുന്ന ചോദ്യം. പോരാത്തതിന് സ്‌പോട്ട് ബുക്കിങ് കൂടിയാകുമ്പോൾ വെർച്യൂൽ ക്യൂ ബുക്കിങ് എന്നത് വെറുതേയുമാകും.

വെർച്യുൽ ക്യൂവും കെ എസ് ആർ ടി സിയും വില്ലന്മാർ

നിലയ്ക്കലിൽ നിന്ന് എല്ലാ ഭക്തരേയും പമ്പയിൽ എത്തിച്ച് കാശുണ്ടാക്കാമെന്ന കെ എസ് ആർ ടിസിയുടെ ആഗ്രഹമാണ് നിലയ്ക്കലിലെ പ്രതിസന്ധികൾക്ക് കാരണം. ഇതിനൊപ്പം വരുന്നവരെ വരുന്ന മുറയ്ക്ക് സുരക്ഷാ പരിശോധനയിലൂടെ മല കയറാൻ അനുവദിക്കാത്ത വെർച്യുൽ ക്യൂവും ഭക്തർക്ക് ദുരിതമാകുന്നു. ദേവസ്വം ബോർഡ്, സൈറ്റ് വരുമാനത്തിലൂടെ ലാഭം ലക്ഷ്യമിടുമ്പോൾ ദുരിതം കാത്തിരിക്കുന്ന ഭക്തർക്കും.

പാർക്കിങ് പ്രശ്‌നത്തിന് കാരണം പമ്പയെ മറക്കുന്നത്

മുമ്പ് പമ്പയിലും നിലയ്ക്കലിലും പാർക്കിങ് അനുവദനീയമായിരുന്നു. എന്നാൽ പമ്പയെ പൂർണ്ണമായും ഒഴിവാക്കി. ഇതോടെ വിഐപികൾക്ക് കോളടിച്ചു. അവരുടെ വണ്ടികൾക്ക് യഥേഷ്ടം പാർക്ക് ചെയ്യാം. എന്നാൽ സാധാരണക്കാർ നിലയ്ക്കലിൽ നിൽക്കണം. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഇവിടെ വാഹനങ്ങൾ മഴ പെയ്താൽ ചെളിയിലാകും.

പമ്പയിൽ കുറേ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇപ്പോഴും കഴിയും. ഇവിടേയ്ക്ക കൂടി വാഹനം പാർക്ക് ചെയ്താൽ നിലയ്ക്കലിലെ തിരക്ക് കുറയും. നിലവിൽ നിലയ്ക്കലിൽ പാർക്കിങ് ഗ്രൗണ്ട് നിറയുമ്പോൾ വാഹനങ്ങളെ വഴിയിൽ തടയുന്നു. കാട്ടു വഴികളിൽ മണിക്കൂറുകൾ ആളുകൾക്ക് കാത്ത് കിടക്കേണ്ടി വരുന്നു. പമ്പയിലെ സൗകര്യങ്ങൾ കൂടി പാർക്കിംഗിനായി ഉപയോഗിച്ചാൽ നിലയ്ക്കലിൽ തിരക്ക് കുറയും. റോഡിലെ തടയൽ ഒഴിവാക്കുകയും ചെയ്യാം.

പ്രതിഷേധം വ്യാപകം

ജനതിരക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് സ്വീകരിക്കുന്ന പുതിയ നടപടികളിൽ പ്രതിഷേധിച്ച് ഭക്തർ. സന്നിധാനത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിർത്തിയതോടെ പമ്പയിൽ നാമജപ പ്രതിഷേധം നടത്തി ഭക്തർ. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാനനപാതയിൽ മണിക്കൂറുകളോളം തടഞ്ഞുനിർത്തിയതിനെ തുടർന്നാണ് ഭക്തർ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാനന പതായിൽ ദാഹജലം പോലും കിട്ടാതെയാണ് ഭക്തർ കുടുങ്ങിക്കിടക്കുന്നത്. ചിലയിടത്ത് ഇതരസംസ്ഥാന ഭക്തർ ഉൾപ്പെടെ സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി.

പലയിടത്തും പൊലീസുമായി വാക്കുതർക്കമുണ്ടായി. നിലയ്ക്കലിലെ അവസ്ഥയും വ്യത്യസ്ഥമല്ല. രാത്രിയിലും കുട്ടികൾ അടക്കമുള്ള അയ്യപ്പന്മാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലടക്കം കാത്തുനിൽക്കുകയാണ്. സന്നിധാനത്തെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് തിരക്ക് രൂക്ഷമാകാൻ കാരണം. പൊലീസ് ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ദേവസ്വംബോർഡ് സംവിധാനങ്ങളും അപര്യാപ്തമാണെന്നും നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.