- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭീമയ്ക്ക് നേട്ടം 3000 കോടിയോളം രൂപ; കടവന്ത്രയിലെ അഞ്ഞൂറുകോടിയുടെ സർക്കാർ ഭൂമി 113 കോടിക്ക് ഭീമ ജുവലറിക്കു സിഡ്‌കോ കൈമാറിയത് ടെൻഡർ വ്യവസ്ഥകൾ പാലിക്കാതെ; കെൽട്രോൺ എംഡിയാകാൻ ശ്രമിക്കുന്ന സജി ബഷീർ തട്ടിപ്പുകളുടെ ഉസ്താദ്; കേരളത്തെ ഞെട്ടിക്കുന്ന ഭൂമി തട്ടിപ്പിന്റെ കഥ
തിരുവനന്തപുരം: എറണാകുളം കടവന്ത്രയിലുള്ള സർക്കാർ ഭൂമി ഭീമ ജൂവലറിക്ക് കൈമാറാൻ സിഡ് കോ നടത്തിയ നീക്കത്തിനു പിന്നിൽ വൻ ക്രമക്കേടെന്ന് സൂചന. ഇപ്പോൾ അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാൻ സിഡ്‌കോ മുൻ എം ഡി സജി ബഷീറിന്റെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. ഒട്ടേറെ വിജിലൻസ് അന്വേഷണം നേരിടുന്ന സജിബഷീർ നടത്തിയ ഈ ഇടപാടും ദുരൂഹമാണ് . വ്യവസായ കേന്ദ്രം നിർമ്മിക്കാനാണ് ഭൂമി ഭീമയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. 80 വർഷത്തേക്ക് ഭൂമി ലഭിക്കുന്നതിന് ഭീമ മുൻകൂർ അടയ്‌ക്കേണ്ട തുകയായ 15 കോടി 10 വർഷം കൊണ്ട് അടച്ചാൽ മതി. കൂടാതെ വാടക ഇനത്തിൽ 80 വർഷത്തേക്ക് അടയ്‌ക്കേണ്ട തുക 98 കോടിയായും നിജപ്പെടുത്തിയിട്ടുണ്ട് . 80 വർഷം കൊണ്ട് ഭൂമി വിലയിൽ വരുന്ന വർദ്ധന പോലും കണക്കാക്കാതെയാണ് ഈ തുകകൾ നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഗുരുതരം. ഇടപാടിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇടപാടിന്റെ ഭാഗമായി ഭീമ 50 ലക്ഷം രൂപ സിഡ്‌കോ യിൽ അടയ്ക്കുകയും ചെ
തിരുവനന്തപുരം: എറണാകുളം കടവന്ത്രയിലുള്ള സർക്കാർ ഭൂമി ഭീമ ജൂവലറിക്ക് കൈമാറാൻ സിഡ് കോ നടത്തിയ നീക്കത്തിനു പിന്നിൽ വൻ ക്രമക്കേടെന്ന് സൂചന. ഇപ്പോൾ അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാൻ സിഡ്‌കോ മുൻ എം ഡി സജി ബഷീറിന്റെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. ഒട്ടേറെ വിജിലൻസ് അന്വേഷണം നേരിടുന്ന സജിബഷീർ നടത്തിയ ഈ ഇടപാടും ദുരൂഹമാണ് .
വ്യവസായ കേന്ദ്രം നിർമ്മിക്കാനാണ് ഭൂമി ഭീമയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. 80 വർഷത്തേക്ക് ഭൂമി ലഭിക്കുന്നതിന് ഭീമ മുൻകൂർ അടയ്‌ക്കേണ്ട തുകയായ 15 കോടി 10 വർഷം കൊണ്ട് അടച്ചാൽ മതി. കൂടാതെ വാടക ഇനത്തിൽ 80 വർഷത്തേക്ക് അടയ്‌ക്കേണ്ട തുക 98 കോടിയായും നിജപ്പെടുത്തിയിട്ടുണ്ട് . 80 വർഷം കൊണ്ട് ഭൂമി വിലയിൽ വരുന്ന വർദ്ധന പോലും കണക്കാക്കാതെയാണ് ഈ തുകകൾ നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഗുരുതരം. ഇടപാടിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇടപാടിന്റെ ഭാഗമായി ഭീമ 50 ലക്ഷം രൂപ സിഡ്‌കോ യിൽ അടയ്ക്കുകയും ചെയ്തു.
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഭൂമി കൈമാറുന്നതിനുള്ള അവസാന ഘട്ട നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ സർക്കാരിനെ അറിയിക്കാതെയായിരുന്നു സിഡ് കോയുടെ തീരുമാനങ്ങൾ . സജി ബഷീർ തലപ്പത്ത് നിന്ന് തെറിച്ച ശേഷം ഇപ്പോഴത്തെ സിഡ്‌കോ മാനേജ്‌മെന്റ് ഈ തീരുമാനം സർക്കാരിന്റെ അഭിപ്രായത്തിനു വേണ്ടി വിട്ടു. എന്നാൽ കരാർ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ഭീമ.
കണ്ണായ സ്ഥലത്താണ് കടവന്ത്രയിലെ സർക്കാർ ഭൂമി കിടക്കുന്നത്. 5.13 ഏക്കർ. ഒരുമിച്ച് ഇത്രയും സ്ഥലം ആ ഭാഗത്ത് ഒന്നും ലഭ്യമല്ല. അതുകൊണ്ടുതന്നെ മോഹവിലയാണ് ഈ ഭൂമിക്ക്. ചോദിക്കുന്ന കാശുകിട്ടും. ഈ ഭൂമിയിൽ ബഹുനിലമന്ദിരങ്ങൾ നിർമ്മിച്ച് വ്യാവസായിക ആവശ്യങ്ങൾക്കും ഫ്‌ലാറ്റുകളായും ആവശ്യക്കാർക്ക് കൈമാറുക എന്നതാണ് പദ്ധതി. നിർമ്മാണം ഭീമ പൂർത്തീകരിക്കണം. ഇവിടെ നിന്ന് 80 വർഷത്തേക്ക് ലഭിക്കുന്ന വരുമാനം ഭീമയ്ക്ക് സ്വന്തം. ഏകദേശ കണക്കനുസരിച്ച് 3000 കോടി വരും ഇത്. 80 വർഷം കൊണ്ട് സിഡ് കോയ്ക്ക് കിട്ടുന്നതാകട്ടെ 113 കോടി മാത്രം. ഒരു സ്വകാര്യ സംരംഭകന് ഇത്രയും ലാഭം ഉണ്ടാക്കികൊടുക്കുന്ന ഒരു സർക്കാർ പദ്ധതി വേറെ ഉണ്ടാവില്ല.
വ്യവസായ കേന്ദ്രം തുടങ്ങാൻ സിഡ്‌കോ ടെണ്ടർ വിളിച്ചിരുന്നു. ഭീമയും ഗ്രീൻ ടിവി എന്ന കമ്പനിയും മാത്രമാണ് മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ഭീമയ്ക്ക് കരാർ ലഭിച്ചു . ടെണ്ടറിൽ പങ്കെടുത്ത രണ്ടു കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും രസാവഹമാണ്. രണ്ടു സ്ഥാപനങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് സൂചന .
ടെണ്ടറിൽ പറഞ്ഞിരുന്ന കാര്യങ്ങൾ പോലും ലംഘിച്ചാണ് ഭൂമി കൈമാറ്റ കരാർ തയ്യാറാക്കിയതെന്നതാണ് വിചിത്രം. 35 വർഷത്തേക്ക് ഭൂമി കൈമാറുമെന്നാണ് ടെണ്ടറിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഭീമയ്ക്ക് ഭൂമി നൽകിയത് 80 വർഷത്തേക്ക്. ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കണമെന്നാണ് ടെണ്ടറിലെ വ്യവസ്ഥ. എന്നാൽ കരാറിൽ ഇത് 10 വർഷം . ഇങ്ങനെ നിരവധി ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്. സിഡ്‌കോ എം ഡിയായിരുന്ന സജി ബഷീറും എറണാകുളം എം ജി റോഡിലെ ഭീമ ജുവൽസ് മാനേജിങ്ങ് പാർട്ട് ണർ ബിന്ദു മാധവും തമ്മിലാണ് ഭൂമി കൈമാറ്റ കരാർ ഉണ്ടാക്കിയിരിക്കുന്നത്. 2015 സെപ്റ്റംബർ 8 നാണ് കരാർ ഒപ്പിട്ടത്. ഇതിന് തൊട്ടടുത്ത ദിവസം അതായത് സെപ്റ്റംബർ 9 ന് ഭീമ സിഡ് കോയ്ക്ക് 50 ലക്ഷം രൂപ നൽകി. എന്നാൽ ഈ വിവരങ്ങളൊന്നും തന്നെ വ്യവസായ വകുപ്പിനെ അറിയിക്കാൻ സിഡ്‌കോ തയ്യാറായില്ല .
2009 ലാണ് കടവന്ത്രയിലെ ഭൂമിയിൽ വ്യവസായ കേന്ദ്രം തുടങ്ങാനുള്ള അനുമതിക്കായി സിഡ്‌കോ സർക്കാരിനെ സമീപിച്ചത് . കേന്ദ്രം തുടങ്ങുന്നതിനുള്ള പദ്ധതികൾ വിലയിരുത്താൻ സർക്കാരിന്റെ ഒരു നോമിനിയെ ഉൾപ്പെടുത്തി വിദഗ്ദ്ധ സമിതി തയ്യാറാക്കാൻ സർക്കാർ സിഡ്‌കോയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സജി ബഷീർ തയ്യാറായില്ല. പകരം സിഡ്‌കോയിലെ തന്നെ ഏതാനും പേരെ ഉൾപ്പെടുത്തി ഒരു തട്ടിക്കൂട്ട് കമ്മിറ്റി ഉണ്ടാക്കി. ഈ കമ്മിറ്റിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. പിന്നീട് നടന്ന ഒരു കാര്യവും സർക്കാരിനെ അറിയിച്ചില്ല . ടെണ്ടർ വിളിച്ചതും കാര്യങ്ങൾ നിശ്ചയിച്ചതും ഒക്കെ സജി ബഷീറിന്റെ ഇഷ്ടപ്രകാരം. ഭൂമി 35 വർഷത്തേക്ക് പാട്ടത്തിന് നൽകുമെന്ന ടെണ്ടർ തീരുമാനം 80 വർഷമായി ഉയർന്നതും സജിയുടെ ഇടപെടൽ കാരണമായിരുന്നു
ഒരു സമാന്തര സർക്കാർ പോലെയാണ് സജി ബഷീർ സിഡ്‌കോയിൽ പ്രവർത്തിച്ചിരിക്കുന്നത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭൂമി കുംഭകോണം നടത്താനായിരുന്നു നീക്കം. എന്നാൽ അത് ഫലപ്രാപ്തിയിലെത്തിയില്ല. അതിനു മുൻപേ സിഡ് കോയിലെ അഴിമതി വിവരങ്ങൾ പുറത്ത് വന്നത് സജി ബഷീറിന് തിരിച്ചടിയായി . സിഡ്‌കോയിൽ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ട് വിജിലൻസ് കേസുകളിൽ ഒന്നാംപ്രതിയാണ് സജി. 6 സംഭവങ്ങളിൽ വിജിലൻസ് അന്വേഷണം നടക്കുന്നു. സജി ബഷീറിനെ സസ് പെന്റ്‌റ് ചെയ്യണമെന്ന് വിജിലൻസ് പലതവണ ആവശ്യപ്പെട്ടതാണ്.
എന്നാൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ നിവൃത്തിയില്ലാതായപ്പോഴാണ് സജിയെ സിഡ്‌കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റാൻ വ്യവസായ വകുപ്പ് തയ്യാറായത്. കെ എസ് ഐ ഇ യിലേക്കായിരുന്നു മാറ്റം. അവിടെയും അഴിമതി ആരോപണങ്ങളുടെ പെരുമഴ. ഒടുവിൽ ആ പോസ്റ്റിൽ നിന്നും ഇപ്പോൾ മാറ്റി. നിലവിൽ സജി ബഷീറിന് പദവികളൊന്നുമില്ല. ഒരു ഇടത് നേതാവിന്റെ സഹായത്തോടെ സജി കെൽട്രോൺ എം ഡി ആവാൻ ചരടുവലി നടത്തുന്ന വിവരം മറുനാടൻ കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു.