കണ്ണൂർ: കഴിഞ്ഞദിവസം യുകെയിൽ ഭാര്യയായ അഞ്ജുവിനെയും കുട്ടികളെയും കൊന്ന സാജു ചെലവേലേൽ നാട്ടിൽ സൽപേരുകാരനാണ്. അഞ്ജുവും സാജുവും തമ്മിൽ 17 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. 2012ലായിരുന്നു ഇവരുടെ വിവാഹം. കണ്ണൂർ ജില്ലയിലെ പടിയൂർ പഞ്ചായത്തിലെ കൊമ്പൻ പാറ എന്ന ഉൾനാടൻ പ്രദേശത്തുള്ള തനി നാട്ടുമ്പുറത്തുകാരനായിരുന്നു സാജു.

സാജുവിന്റെ 85 വയസ്സുകാരിയായ അമ്മ പങ്കജാക്ഷി ഇതുവരെ മകൻ ചെയ്ത ക്രൂരകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. പഞ്ചായത്ത് മെമ്പർ ആയ ലൂസി ശിവദാസ് യുകെയിൽ താമസിക്കുന്ന ഈ കുടുംബം ഒരു അപകടത്തിൽപ്പെട്ടു എന്നും ഇതൊരു റോഡ് അപകടം ആയിരുന്നു എന്നും ആണ് അമ്മ പങ്കജാക്ഷിയെ അറിയിച്ചിരിക്കുന്നത്. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിലേക്ക് എത്തിച്ച ശേഷം അമ്മയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താം എന്നാണ് കരുതിയിരിക്കുന്നത്.

മകൻ ഇത്തരത്തിൽ ഒരു കൃത്യം ചെയ്തു എന്നത് ഒരുപക്ഷേ അമ്മയ്ക്ക് താങ്ങാൻ ആവാത്ത വേദന സമ്മാനിക്കും എന്നതിനാലാണ് കള്ളം പറയാൻ ഇവരെ പ്രേരിപ്പിച്ചത്. അമ്മയ്‌ക്കൊന്നും അറിയാത്തതു കൊണ്ടു തന്നെ വീട്ടിലേക്ക് ആരേയും കടത്തി വിടുന്നില്ല നാട്ടുകാർ. അമ്മയുടെ മനസ്സ് വേദനിക്കാതിരിക്കാനാണ് ഈ കരുതൽ. സാവധാനം എല്ലാം അമ്മയെ അറിയിക്കാനാണ് നാട്ടുകാരുടേയും ബന്ധുക്കളുടേയും തീരുമാനം. അഞ്ജുവിന്റേയും കുട്ടികളുടേയും മൃതദേഹം വൈക്കത്തെ അവരുടെ വീട്ടിലേക്കാകും കൊണ്ടു പോവുക. അതുകൊണ്ട് തന്നെ തൽകാലം ഒന്നും അമ്മയെ അറിയിക്കില്ല.

30 വർഷം മുമ്പ് സാജുവിന്റെ അച്ഛൻ മരണപ്പെട്ടു. ഏഴു മക്കളെയും അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തി വലുതാക്കിയത്. ആറു സഹോദരിമാർക്കുള്ള ഒറ്റ ആങ്ങളയാണ് സാജു. മൂത്ത സഹോദരി ഓമനയാണ് അമ്മ പങ്കജാക്ഷിയോടൊപ്പം ഇപ്പോൾ കഴിയുന്നത്. ഓമന ഈയൊരു കാര്യം എങ്ങനെ ഉൾക്കൊള്ളാൻ കഴിയും എന്ന സങ്കടത്തിലാണ് ഇപ്പോൾ ഉള്ളത്. കുടുംബത്തിൽ വളരെ വൈകിവന്ന സ്വത്ത് ആയിരുന്നു അഞ്ജു എന്നാണ് ഇവർക്ക് പറയാനുള്ളത്. കുടുംബത്തിലെ എല്ലാവരുമായും വളരെ സ്‌നേഹത്തിലായിരുന്നു പെരുമാറ്റം.

അഞ്ജുവും സാജുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒന്നും ഇവർക്ക് അറിയുന്നുണ്ടായിരുന്നില്ല. അവർ യുകെയിൽ ആസ്വാരസ്യങ്ങൾ ഒന്നുമില്ലാതെ സന്തോഷപൂർവ്വം കഴിയുകയായിരുന്നു എന്നാണ് ഇവർ കരുതിയിരുന്നത്. പ്രീഡിഗ്രി വരെ കണ്ണൂർ ജില്ലയിൽ ആയിരുന്നു സാജു പഠിച്ചിരുന്നത് എങ്കിലും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പിന്നോക്കം ആയതിനാൽ ജോലി തേടി ബാംഗ്ലൂരിലേക്ക് മാറി. ഡ്രൈവിങ് വളരെ എളുപ്പം കൈകാര്യം ചെയ്യുമായിരുന്ന സാജുവിന് ഡ്രൈവറായി ബാംഗ്ലൂരിൽ ജോലികിട്ടി. ഇതിനിടെയാണ് അഞ്ജുവിനെ പരിചയപ്പെടുന്നത്.

പിന്നീട് സാജു സൗദിയിലെ ഒരു കമ്പനിയിൽ ജോലി ലഭിച്ചതിനാൽ സൗദിയിലേക്ക് മാറി. 12 വയസ്സിന്റെ വ്യത്യാസം എന്നത് അഞ്ജുവിന്റെ കുടുംബത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ആയിരുന്നില്ല എങ്കിലും വിവാഹം കഴിപ്പിച്ചു. വിവാഹം കഴിപ്പിക്കാൻ പ്രധാന കാരണമായി മാറിയത് സാജുവിന് സൗദിയിൽ ജോലി ഉള്ളതാണ്. ഒരുപക്ഷേ കുടുംബത്തിന്റെ സ്ഥിതി മെച്ചപ്പെട്ടേക്കാം എന്ന് അഞ്ജുവിന്റെ വീട്ടുകാർ കരുതിയിട്ടുണ്ടാവണം.

സംഭവം നടക്കുന്നതിനു മൂന്നുദിവസം മുമ്പേ വരെ സാജു നാട്ടിലേക്ക് വിളിച്ചിരുന്നു. അപ്പോഴൊന്നും ഇവർ തമ്മിലുള്ള പ്രശ്‌നത്തിന്റെ കാര്യം വീട്ടുകാരുമായി വെളിപ്പെടുത്തിയിരുന്നില്ല. കേരളത്തെ ഒന്നടങ്കം നടുക്കുന്ന രീതിയിലുള്ള വാർത്തയായിരുന്നു സാജു നടത്തിയ ക്രൂരകൃത്യം. യുകെയിലെ നിയമപ്രകാരം ഇനി സാജുവിന് പുറത്തിറങ്ങാൻ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്.