തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽ നിന്നും 4000 കോടി കിട്ടിയിട്ടും കേരളത്തിൽ ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം മുടങ്ങി. സെക്രട്ടറിയേറ്റിലെ ജീവനക്കാർക്കാണ് മാസത്തെ ആദ്യ പ്രവർത്തി ദിനത്തിൽ ശമ്പളം കിട്ടുന്നത്. എന്നാൽ രാവിലെ 1030ന് സാധാരണ അക്കൗണ്ടിലെത്തുന്ന ജീവനക്കാരുടെ ശമ്പളം ഉച്ചയായിട്ടും വന്നിട്ടില്ല. സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണം. എങ്കിലും പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഉച്ചവരെ ശമ്പളം മുടങ്ങുന്നത്. എങ്ങനെയെങ്കിലും ഇന്ന് വൈകുന്നേരത്തോടെ ശമ്പളം നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. പെൻഷൻകാർക്കും ഒന്നാം തീയതി പെൻഷൻ തുക കിട്ടിയിട്ടില്ല.

ട്രഷറിയിൽ ശമ്പള ബില്ല് പാസാക്കുന്നുണ്ടെങ്കിലും ശമ്പളവും പെൻഷനും എത്തേണ്ട അക്കൗണ്ട് ഇ റ്റി എസ് ബി നിശ്ചലമാക്കിയിട്ടിരിക്കുകയാണ്. ശമ്പളവും പെൻഷനും ഓരോരുത്തരുടെയും ഇ റ്റി എസ് ബി അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പോകും. ശമ്പളവും പെൻഷനും ബാങ്ക് അക്കൗണ്ടിൽ നിന്ന് മാറുന്നവർക്ക് പണം ലഭിക്കാൻ 3 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരും എന്ന ആശങ്ക നിലവിലുണ്ട്. എന്നാൽ എത്രയും വേഗം ഈ സാങ്കേതിക തടസ്സം മാറുമെന്നാണ് സർക്കാർ പ്രതീക്ഷ. അതിനുള്ള ഇടപെടൽ നടക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് ഇന്നലെ വൈകിയാണ് 4000 കോടി ലഭിച്ചത്. ഈ സാഹചര്യത്തിൽ സർക്കാർ ഖജനാവിൽ പണമുണ്ടെന്നതാണ് ജീവനക്കാരുടെ ഏക ആശ്വാസം.

ട്രഷറിയിൽ ബില്ല് പാസാക്കും. അതിന് ശേഷം ഇലക്ട്രോണിക് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെത്തും. അതിന് ശേഷം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കാശ് ട്രഷറിയിൽ നിന്നും മാറ്റും. ഇതെല്ലാം സോഫ്റ്റ് വെയർ സഹായത്തോടെയാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടാകാറില്ല. ജീവനക്കാർക്ക് ശമ്പളവും പെൻഷനും ഒന്നാം തീയതി രാവിലെ പത്തരയ്ക്ക് കിട്ടുന്നതായിരുന്നു രീതി. അതാണ് മുടങ്ങുന്നത്. എല്ലാം സാങ്കേതിക പ്രശ്‌നം മാത്രമാണെന്നാണ് ഔദ്യോഗികമായി കിട്ടുന്ന സൂചന.

സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസമായിരുന്നു കേന്ദ്രത്തിൽ നിന്ന് കിട്ടിയ 4000 കോടി. കേരളത്തിന്റെ ഡൽഹി പ്രതിനിധിയായ കെവി തോമസിന്റെ ഇടപടലാണ് നിർണ്ണായകമായത്. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉൾപ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര വിഹിതം ലഭിച്ചതിനാൽ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നതാണ് വസ്തുത. ബജറ്റ് പൂട്ടേണ്ടിയും വരില്ല. വലിയ ആശ്വാസമാണ് ഇതിലൂടെ കിട്ടുന്നത്. അപ്പോഴും ഒന്നാം തീയിതി രാവിലെ ശമ്പളം നൽകിയിരുന്നവർക്ക് അത് കിട്ടിയില്ല. സെക്രട്ടറിയേറ്റിലേയും പൊലീസിലേയും ജീവനക്കാർക്കാണ് സാധാരണ ഒന്നാം തീയതി ശമ്പളം കിട്ടുന്നത്.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തിൽ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയിൽ എത്തിയതോടെ ഓവർ ഡ്രാഫ്റ്റിൽ നിന്ന് കരകയറി. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ശമ്പളവും പെൻഷനും മുടങ്ങുന്നത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാകുമായിരുന്നു. ഇതാണ് അവസാന നിമിഷം കേന്ദ്ര ഇടപെടലിൽ മാറിയത് എന്നും കരുതി. എന്നാൽ എന്തുകൊണ്ടാണ് ഇ റ്റി എസ് ബി നിശ്ചലമാക്കിയത് എന്ന് ആർക്കും അറിയില്ല.

കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായിരുന്നു. എന്നിട്ടും ശമ്പളം കിട്ടിയില്ലെന്നത് ജീവനക്കാരെ അമ്പരപ്പിച്ചിട്ടുണ്ട്.