- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറുനാടൻ മലയാളിക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്നത് ഒരു ടെസ്റ്റ് ഡോസാണ്; വിജയിച്ചാൽ സർക്കാരിനെ വിമർശിക്കുന്ന മറ്റ് മാധ്യമങ്ങളെയും ഇതേ ഫാസിസ്റ്റ് ടൂളുമായി നേരിടും; നമ്മുടെ ഉമ്മറകോലായിൽ വന്ന് ഫാസിസം പല്ലിളിച്ച് കാണിക്കുമ്പോഴും അപകടം മനസിലാകുന്നില്ല; ആ നിശബ്ദത ഭയപ്പെടുത്തുന്നത്; മറുനാടന് പൂർണ പിന്തുണയുമായി ശങ്കു ടി ദാസ്
തിരുവനന്തപുരം: ഉത്തരേന്ത്യയിൽ നിന്നും ഫാസിസം എത്തുന്നത് കാത്തിരിക്കുന്ന സാംസ്‌കാരിക നായകർക്കും ഇടതു ബുദ്ധിജീവികൾക്കും ഫാസിസം ഉമ്മറക്കോലായിൽ എത്തിയിട്ടും മിണ്ടാട്ടമില്ലെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി ദാസ്. മറുനാടൻ മലയാളിയെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.
മറുനാടൻ മലയാളി എന്ന മാധ്യമ സ്ഥാപനത്തിനും ഷാജൻ സ്‌കറിയയ്ക്കും എതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായിട്ടുള്ള നിയമ നടപടികൾക്ക് യാതൊരു ന്യായികരണവുമില്ലെന്ന് ശങ്കു ടി ദാസ് പറഞ്ഞു. തങ്ങളെ വിമർശിക്കുന്ന മാധ്യമങ്ങളെ എന്തു വില കൊടുത്തും വായടപ്പിക്കുക, അടിച്ചമർത്തുക, അവരുടെ ശബ്ദം എന്നന്നേക്കുമായി ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് രാഷ്ട്രീയ ശൈലിയുടെ നേർ ഉദാഹരണമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
അതിനെ ഏതെങ്കിലും രീതിയിൽ മയപ്പെടുത്തി ബാലൻസിങ് നിലപാട് സ്വീകരിച്ചുകൊണ്ട് മാധ്യമ പ്രവർത്തന ശൈലിയെ സംബന്ധിച്ചും മറുനാടൻ മലയാളിയുടെ ധാർമ്മികതയെക്കുറിച്ചും അല്ലെങ്കിൽ ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകന്റെ രീതിയെക്കുറിച്ചുമുള്ള ചർച്ചകളിലൂടെ രണ്ട് പക്ഷത്തും ഒരേപോലെ ന്യായങ്ങൾ ഉണ്ട് എന്ന രീതിയിൽ നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ല. ഇത് സർക്കാരിനെ വിമർശിക്കുന്ന ഒരു സ്ഥാപനത്തിന് എതിരെ നടന്നുകൊണ്ടിരിക്കുന്ന അടിച്ചമർത്തൽ നടപടിയാണ്. അതിനെ അങ്ങനെ തന്നെയാണ് സമൂഹം കണേണ്ടത്. മാധ്യമ പ്രവർത്തന ശൈലിയെക്കുറിച്ചൊക്കെ പിന്നീട് ഒരു അവസരത്തിൽ ചർച്ച ചെയ്യാം.
ഇവിടെ യഥാർത്ഥത്തിൽ സമൂഹം ചർച്ച ചെയ്യേണ്ട വിഷയം സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തെ അടച്ചുപൂട്ടാൻ വേണ്ടിയിട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗമായിട്ടുള്ള ഭരണം കയ്യാളുന്ന മുന്നണിയിലെ ഒരു എം എൽ എ തന്നെ നേരിട്ട് ഇറങ്ങിയിരിക്കുന്നതാണ്. ഷാജൻ സ്‌കറിയയുടെ റിപ്പോർട്ടിംഗിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ അതിൽ നടപടി സ്വീകരിക്കുന്നു എന്നല്ല അദ്ദേഹം പറയുന്നത്, മറിച്ച് മറുനാടൻ മലയാളി എന്ന മാധ്യമ സ്ഥാപനം ഞാൻ പൂട്ടിക്കും എന്നാണ് പറയുന്നത്. അതൊരു ഗുണ്ടാശൈലിയാണ്.
തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ഉപയോഗിക്കേണ്ട ഒരു ശൈലിയോ, അവർ പിന്തുടർന്ന് പോരുന്ന ഒരു സാമ്പ്രദായിക രീതിയോ ഒന്നുമല്ല അത്. തീർത്തും ഒരു കവല ചട്ടമ്പിയുടെ ശൈലിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. നിന്നെ ഞാൻ താഴെ ഇറക്കും. നിന്റെ സ്ഥാപനം ഞാൻ പൂട്ടിക്കും നിന്നെ ഞാൻ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെയാണ് പറയുന്നത്. ഇത് ഒരു വെല്ലുവിളിയുടെ ഭാഷയാണ്. നമ്മൾ കണ്ടു പരിചയിച്ച ഒരു നിയമസഭ സാമാജികന്റെ ശൈലിയോ ഭാഷയോ പ്രകൃതമോ ഒന്നുമല്ല അദ്ദേഹം കാണിക്കുന്നത്. ഒരു സിപിഎം ഗുണ്ട സംസാരിക്കുന്ന ശൈലിയാണ് ഒരു നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഒരു എം എൽ എ സംസാരിക്കുന്നത് എന്നത് നമ്മളെ ഞെട്ടിപ്പികുന്ന കാര്യമാണ്.
പക്ഷെ എന്തുകൊണ്ടാണ് കേരള സമൂഹത്തിന് ഇതിന്റെ അപകടം മനസിലാകാത്തത് എന്നത് എന്നെ ഞെട്ടിക്കുന്ന കാര്യമാണ്. മറ്റൊരു പശ്ചാത്തലത്തിൽ ഇതേ വിഷയം വന്നാൽ ഒന്ന് ആലോചിച്ചു നോക്കു. ഒരു വടക്കേ ഇന്ത്യൻ പശ്ചാത്തലത്തിൽ ബിജെപി സർക്കാരിനെ, നരേന്ദ്ര മോദി സർക്കാരിനെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ, ആ മാധ്യമ പ്രവർത്തകനെ എതിരെ ബിജെപി സർക്കാർ അവരുടെ സർവ സന്നാഹങ്ങളും ഉപയോഗിച്ച് ആ മാധ്യമ പ്രവർത്തകനെ ജയിലിൽ അടച്ചാൽ, അയാളുടെ മാധ്യമ സ്ഥാപനം പൂട്ടിക്കാനും ശ്രമിച്ചാൽ കേരളത്തിൽ ആ വിഷയം ഏത് രീതിയിലാകും ചിത്രീകരിക്കപ്പെടുക.
ഒരു ബിജെപി എം പി, അല്ലെങ്കിൽ ഒരു എം എൽ എയോ, ബിഹാറിൽ നിന്നോ രാജസ്ഥാനിൽ നിന്നോ മധ്യപ്രദേശിൽ നിന്നോ എവിടുന്നെങ്കിലും ഉള്ള ഒരു എം പി നിരന്തരമായിട്ട് ഈ മാധ്യമ പ്രവർത്തകന് എതിരെ വാർത്താ സമ്മേളനങ്ങൾ നടത്തുകയും നിരന്തരമായിട്ട് പ്രസ്താവനകൾ ഇറക്കുന്നു അയാൾക്കെതിരെ വെല്ലുവിളികൾ നടത്തുന്നു ഈ ആഹ്വാനങ്ങളുടെ തുടർച്ചയായിട്ട് മാധ്യമ പ്രവർത്തകന് നേരെ ഒരു സ്ഥലത്ത് ഒരു കയ്യേറ്റ ശ്രമം ഉണ്ടാകുന്നു, വിമാനത്താവളത്തിൽ വച്ച്, അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു കയ്യേറ്റ ശ്രമം ഉണ്ടാകുന്നു എങ്കിൽ അത്തരം സന്ദർഭങ്ങളിൽ ആശയപരമായാണ് വിമർശിക്കേണ്ടത് അല്ലാതെ കായികമായിട്ടല്ല നേരിടേണ്ടത് എന്ന് സാധാരണ പറയാറുള്ള ആളുകൾ ഒരാളുടെ ആശയത്തെ നമുക്ക് എതിർക്കാം പക്ഷെ അത് പറയാനുള്ള അയാളുടെ സ്വാതന്ത്ര്യത്തെ നമ്മൾ എന്ത് വിലകൊടുത്തും സംരക്ഷിക്കണം എന്ന് പറയാറുള്ള ഇവിടുത്തെ ജനാധിപത്യ വാദികൾ ഇപ്പോൾ നിശബ്ദരാണ്.
ഇവിടെ മാധ്യമ പ്രവർത്തകന് മർദ്ദനം ഏൽക്കുന്ന സാഹചര്യത്തിൽ അയളെ അടിച്ചത് നന്നായി, അയാളെ അടിക്കുകയാണ് വേണ്ടത്. കൂടുതൽ ആളുകൾ ഈ ശൈലി പിന്തുടരണം എന്ന് പറയുന്ന രീതിയിൽ ആൾക്കൂട്ട ആക്രമണത്തിന് ആഹ്വാനം നടക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി വല്ലാതെ ശബ്ദമുയർത്തിയിരുന്ന ആളുകൾ ഒക്കെ മാധ്യമ പ്രവർത്തനത്തിൽ പുലർത്തേണ്ട ധാർമ്മികതയെക്കുറിച്ച് സ്റ്റഡിക്ലാസ് എടുക്കാനാണ് ഇപ്പോൾ താൽപര്യം. മാധ്യമ പ്രവർത്തകൻ നേരിടുന്ന ആക്രമണത്തെക്കുറിച്ച് ആർക്കും പരാതിയില്ല. ഈ പറയുന്ന ജനാധിപത്യ വാദികൾ ഈ പറയുന്ന മാധ്യമ സ്വാതന്ത്ര്യ വാദികൾ ഇടതുപക്ഷം പുരോഗമന പക്ഷം എല്ലാവരും നിശബ്ദരാകുകയാണ്. സമ്പൂർണ ശക്തിയും എടുത്തുകൊണ്ട് ആ മാധ്യമ പ്രവർത്തകനെ വായടപ്പിക്കാനും കുഴിച്ചുമൂടാനും ശ്രമിക്കുകയാണ്.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇത് വടക്കെ ഇന്ത്യയിൽ നടക്കുന്ന ഒരു സംഭവമാണെങ്കിൽ ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്ന സംഭവം ആണെങ്കിൽ ഇതിന്റെ ഒരു പക്ഷത്ത് ബിജെപി സംഘപരിവാർ സംഘങ്ങൾ ആണെങ്കിൽ ഈ പറയുന്ന പി വി അൻവറിന്റെ സ്ഥാനത്ത് ബിജെപിയുടെ ഒരു എം പി ആണെങ്കിൽ ഈ പറയുന്ന ഷാജൻ സ്‌കറിയയ്ക്ക് പകരം ബിജെപിയുടെ ഏതെങ്കിലും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകനോ സ്ഥാപനമോ ആയിരുന്നെങ്കിൽ നിങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ആലോചിച്ചു നോക്കു.
എന്നാൽ അതേ കാര്യം കേരളീയ പശ്ചാത്തലത്തിൽ ഇവിടെ നമ്മുടെ തൊട്ടുമുന്നിൽ നടക്കുമ്പോൾ നമുക്ക് യാതൊരു ഞെട്ടലും ഇല്ല. വടക്കേ ഇന്ത്യയിൽ നിന്നും ഫാസിസം വരും വരും എന്ന് പറഞ്ഞിരുന്ന ആളുകൾക്ക് നമ്മുടെ ഉമ്മറകോലായിൽ വന്ന് ഫാസിസം പല്ലിളിച്ച് കാണിക്കുമ്പോൾ അതിന്റെ അപകടം മനസിലാകുന്നില്ല എന്നത് വളരെ ദൗർഭാഗ്യകരമാണ്. ഇതിൽ നാല് പ്രധാനപ്പെട്ട ആളുകളുടെ പ്രതികരണങ്ങൾ നമ്മളെ ഭയപ്പെടുത്തുന്നതാണ്. അതിൽ ഒന്ന് സർക്കാരിന്റേതാണ്. ഒരു വിമർശകരോട് ഒരു സർക്കാർ സംവിധാനം പുലർത്തേണ്ട രീതി ഇതല്ല. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏത് രീതിയിലുള്ള സമീപനവും എടുക്കാൻ സാധിക്കും എന്നാൽ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽ എത്തിയാൽ അത് ജനകീയ സർക്കാരാണ്. എല്ലാവർക്കും നീതി ഉറപ്പാക്കേണ്ട, നിയമത്തിന്റെ ദുരുപയോഗം നടപ്പാകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യതയുള്ള ഒരു സർക്കാർ ആണ് ഇവിടെ നീതി നിഷേധത്തിന് കൂട്ടുനിൽക്കുന്നത്.
ഒരു സർവകലാശാലയുടെ പേരിൽ വ്യാജസർട്ടിഫിക്കറ്റ് നിർമ്മിച്ച് മറ്റൊരു സർവകലാശാലയെ കബളിപ്പിച്ചാൽ അല്ലെങ്കിൽ കേരളത്തിലെ ഒരു പ്രധാനപ്പെട്ട കോളേജിന്റെ പേരിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് കയറിയാൽ ഇവരെയൊന്നും രാത്രിക്ക് രാത്രി വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഇല്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹർജികൾ കോടതിയിൽ കുറേ ദിവസം പരിഗണിച്ച് ഇവർക്ക് മുൻകൂർ ജാമ്യം കൊടുക്കുന്നില്ലെന്ന് കണ്ട് ഏറ്റവും അവസാനമാണ് ഇത്തരം കുറ്റകൃത്യം ചെയ്ത ആളുകളെ ഒക്കെ അറസ്റ്റ് ചെയ്തത്. നേരെ മറിച്ച് മറുനാടൻ മലയാളിയുടെ കാര്യത്തിലോ? അദ്ദേഹം കൊടുക്കുന്ന വാർത്തയെപ്പറ്റി നമുക്ക് എതിർ അഭിപ്രായം ഉണ്ടാകും. അദ്ദേഹം അവതരിപ്പിച്ച രീതിയെക്കുറിച്ച് വിമർശനം ഉന്നയിക്കുകയും ചെയ്യാം ഏതെങ്കിലും വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്ന സാഹചര്യത്തിൽ ന്യായമായി നിയമ നടപടി സ്വീകരിക്കാം.
എന്നാൽ ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കുവാൻ വേണ്ടി നിരന്തരമായിട്ട് റെയ്ഡ് നടത്തുക, ഈ പറയുന്ന ഷാജൻ സ്‌കറിയയെ കിട്ടിയില്ലെങ്കിൽ ഏതെങ്കിലും ജേർണലിസ്റ്റിനെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുക, സുദർശൻ നമ്പൂതിരി എന്ന് പറയുന്ന ആൾ അദ്ദേഹത്തെ പഴയ ഏതോ കേസിൽ ഈ പറയുന്ന ഒരു സൗകര്യം ഉപയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയാണ്. നിരന്തരമായി അപമാനിക്കുക, വാർത്തകൾ കൊടുക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുക ഗുണ്ടകളെ ഉപയോഗിച്ചുകൊണ്ട് മാധ്യമ പ്രവർത്തകർക്ക് എതിരെ തെറിവിളി നടത്തുക, ഒരു എം എൽ എയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിനുള്ള ആഹ്വാനം നടത്തുക ഇതൊന്നും ഒരു മാന്യതയുള്ള സമൂഹത്തിൽ അനുകൂലിക്കാൻ കഴിയാത്ത കാര്യങ്ങളാണ്.
സർക്കാരന്റെ ഭാഗത്ത് നിന്നും ഭയപ്പെടുത്തുന്ന ഒരു പ്രവണതയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ഇവിടുത്തെ മാധ്യമ സ്വാതന്ത്ര്യ വാദികളുടെയും ഇവിടുത്തെ ജനാധിപത്യ വാദികളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യ വാദികളുടെയും ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ല. തങ്ങളെക്കൂടി വിമർശിക്കുന്ന മാധ്യമ പ്രവർത്തകനാണ് ഇപ്പോൾ ആക്രമണത്തിന് വിധേയരായത് എന്നതുകൊണ്ട് മൗനം പാലിക്കുന്നു എന്നത് മാത്രമല്ല, മാധ്യമ സ്ഥാപനത്തിന് എതിരെ നടക്കുന്ന വെല്ലുവിളികളെ പിന്തുണയ്ക്കുകയും അത് ശരിവയ്ക്കുകയും ചെയ്യുന്നു. അത്തരത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ പൊലീസിനോടും സർക്കാരിനോടും ആവശ്യപ്പെടുന്നു. മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു എന്ന് അവകാശപ്പെടുന്ന ആളെ അഭിനന്ദിക്കുന്നു. ഇത്രയും കാലം പറഞ്ഞുവന്ന എല്ലാ ആശയങ്ങളെക്കാളും വൈര്യനിര്യാതന ബുദ്ധിയോടെ പ്രതികരിക്കുന്ന ഒരു സമൂഹമായി പെട്ടെന്ന് ഇവിടുത്തെ മാനവിക വാദികളും ജനാധിപത്യ വാദികളും മാറിയിരിക്കുന്നു.
മൂന്നാമത് ഏറ്റവും കൂടുതൽ അപകടം തോന്നുന്നത് ഇവിടുത്തെ മാധ്യമ പ്രവർത്തകരാണ്. മറ്റു മാധ്യമ പ്രവർത്തകർ, നാളെ തങ്ങൾക്ക് നേരെയും ഓങ്ങാൻ സാധ്യതയുള്ള വാളാണ് ഇതെന്ന തോന്നൽ ഇല്ലാതെ മറുനാടൻ മലയാളി ഒരു ഓൺലൈൻ മാധ്യമമല്ലെ, യൂ ടൂബ് മാധ്യമമല്ലെ അവർക്കെതിരെ ഉണ്ടാകുന്ന നടപടികളെ നമ്മൾ ഗൗരവത്തിൽ എടുക്കേണ്ടതില്ല എന്ന ധാരണയാണ് ഇവർ വെച്ചുപുലർത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തപ്പോൾ അല്ലെങ്കിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്ക് എതിരെ വ്യാജസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കേസെടുത്തപ്പോൾ മാധ്യമ സ്വാതന്ത്ര്യം അപകടത്തിലായി എന്ന് പറയുന്നവർ അതോടൊപ്പം നടക്കുന്ന ഷാജൻ സ്‌കറിയയുടെ വിഷയത്തിൽ പ്രതികരിക്കുന്നില്ല. ഈ ഒരു സംഘബോധമില്ലായ്മ അല്ലെങ്കിൽ മുഖ്യധാര മാധ്യമങ്ങൾ മേലെയാണ് ഞങ്ങൾക്ക് പ്രത്യേക പരിരക്ഷയും അധികാരങ്ങളും ഉണ്ട് എന്നാൽ ഓൺലൈൻ യൂടൂബ് മാധ്യമങ്ങൾക്ക് അത്രയും പരിഗണന ആവശ്യമില്ല പൊലീസ് അതിക്രമങ്ങൾ ഉണ്ടായാലും ഒപ്പം നിൽക്കേണ്ടതില്ലെന്ന സ്ഥാപിക്കുന്ന മുഖ്യധാരാ മാധ്യമ പ്രവർത്തകരുടെ മനോഭാവം ഭയപ്പെടുത്തുന്നതാണ്.
ഏറ്റവും ഭയപ്പെടുത്തുന്നത് പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളാണ്. പൊതുസമൂഹത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ അവരെ അറിയിക്കാൻ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നവരാണ് മാധ്യമ പ്രവർത്തകർ. ഈ പറയുന്ന സെൻസർഷിപ്പിന്റെ ശൈലി, സാമൂഹ്യ മാധ്യമങ്ങൾ വന്നതോടെ എഡിറ്റർഷിപ്പ് എന്ന രീതി ഇല്ലാണ്ടായി എന്നതാണ്. പണ്ട് ഒരാളുടെ ആശയം പുറംലോകം കാണണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്ന എഡിറ്റർമാർ ഉണ്ടായിരുന്നു. എഡിറ്റർമാരുടെ വെട്ടലും തിരുത്തലും കഴിഞ്ഞതിന് ശേഷമേ പൊതുസമൂഹം അത് കാണുമായിരുന്നുള്ളു. സോഷ്യൽ മീഡിയ ചെയ്ത കാര്യം എഡിറ്റർമാരെ എടുത്തുകളയുകയായിരുന്നു. ഓരോരുത്തർക്കും അവരുടെ ആശയം പൊതുസമൂഹത്തിലേക്ക് നേരിട്ട് പ്രക്ഷേപണം ചെയ്യാൻ അവസരം സൃഷ്ടിച്ചു. അതുതന്നെയാണ് ഓൺലൈൻ മാധ്യമങ്ങൾ ചെയ്യുന്നത്.
ഇത്രയും കാലം സർക്കാരിന് വിധേയമായി സന്ധിയിൽ പോയിരുന്ന, മര്യാദയുടെ ഭാഷയിൽ സംസാരിച്ചിരുന്ന മൃതുവായ വിമശനങ്ങൾ മാത്രം ഉന്നയിച്ചിരുന്ന ശൈലിയിൽ നിന്നും സാധാരണക്കാരന്റെ പരുക്കൻ ഭാഷയിലേക്ക് മാധ്യമ പ്രവർത്തകരുടെ ശൈലി മാറുന്നത് ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെയാണ്. ഓൺലൈൻ മാധ്യമങ്ങളുടെ ഭാഷ സാധാരണക്കാരന്റെ പരുക്കൻ ഭാഷയാണ്. അതിനെ അടിച്ചമർത്തുമ്പോൾ തങ്ങൾക്കുവേണ്ടി ഇത്രയും കാലം സംസാരിച്ചിരുന്നവരുടെ ശബ്ദമാണ് അടിച്ചമർത്തപ്പെടുന്നത് എന്ന് തിരിച്ചറിയാതെ ആ അതിക്രമങ്ങളെ പിന്തുണയ്ക്കുന്നത് വലിയ അപകടമാണ്. ഓൺലൈൻ മാധ്യമങ്ങളെ വേട്ടയാടുന്നവരെ വിമർശിക്കുന്നതിന് പകരും പിന്തുണയ്ക്കുന്ന സാഹചര്യം വന്നാൽ നാളെ സാധാരണക്കാർക്ക് വേണ്ടി സംസാരിക്കാൻ ആരും തയ്യാറാകാത്ത സാഹചര്യം വരും എന്നതാണ് വലിയ അപകടം. ബോധപൂർവം ഭയം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിമർശകരുടെ ചിറക് അരിയാൻ വേണ്ടി ഓർഡിനൻസ് ഇറക്കിയെങ്കിലും ജനങ്ങളുടെ രോഷത്തെ തുടർന്നാണ് പിൻവലിച്ചത്. മറുനാടൻ മലയാളിക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്നത് ഒരു ടെസ്റ്റ് ഡോസാണ് ഇത് വിജയിച്ചാൽ സർക്കാരിനെ വിമർശിക്കുന്ന മറ്റ് മാധ്യമങ്ങളെയും വലിയ അളവിൽ പ്രയോഗിക്കാൻ പോകുന്ന ഒറു വലിയ ഫാസിസ്റ്റ് ടൂൾ ആണ്, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിമർശന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന മർദ്ദന പദ്ധതിയാണ് ഇവിടെ അണിയറയിൽ ഒരുങ്ങുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മറുനാടൻ മലയാളിക്ക് വേണ്ടി സംസാരിക്കുന്നത് നമുക്ക് വേണ്ടിതന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന നമ്മൾ തിരിച്ചറിയേണ്ടതുണ്ടെന്നും ശങ്കു ടി ദാസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ