- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷർട്ടിന്റെ കോളറിന് പിടിച്ച് ഓട്ടോയിൽ നിന്നും വലിച്ചിറക്കി; അടുത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഇറച്ചി എവിടെയാടാ.. വെച്ചത് എന്ന് ചോദിച്ചു; അറിയില്ലെന്ന് പറഞ്ഞപ്പോൾ കുനിച്ചുനിർത്തി കൈമുട്ടുകൊണ്ട് മുതുകിൽ ഇടിച്ചു; കവിളിൽ അടിച്ചും ദേഹത്ത് ചവിട്ടിയും ചോദ്യം ആവർത്തിച്ചു; കള്ളക്കേസിൽ കുടുക്കി വനം വകുപ്പുകാർ ക്രൂരമായി മർദ്ദിച്ച ദുരനുഭവം മറുനാടനോട് വിവരിച്ച് സരുൺ സജി
കിഴുകാനം (ഇടുക്കി): കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടന്നുവരുന്ന നിയമനടപടിയിൽ സന്തോഷമുണ്ടെന്നും കേസ് ഇപ്പോഴും നിലനിൽക്കുന്നതിൽ ആശങ്കയുണ്ടെന്നും ഉപ്പുതറ കിഴുകാനം കണ്ണംപടി മുല്ല ഭാഗം സ്വദേശി സരുൺ സജി. തന്റെ ജീവിതത്തെ മാറ്റി മറിച്ച സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ചാർജ്ജുചെയ്തിട്ടുള്ള കേസിൽ തെളിവെടുപ്പിന് എത്തിയപ്പോഴാണ് 24 കാരനായ സരുൺ മറുനാടനോട പ്രതികരിച്ചത്.
വനംവകുപ്പ് ജീവനക്കാർ മനപ്പൂർവ്വം സരുൺ സജിയെ കേസിൽകുടുക്കുകയായിരുന്നെന്നാണ് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇറച്ചി സരുണിന്റെ ഓട്ടോറിക്ഷയിൽ കൊണ്ടുവച്ച ശേഷം കാട്ടിറച്ചി കടത്തിയെന്ന കേസിൽ സജിയെ ഫോറസ്റ്റർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത് കേസ് ചാർജ്ജുചെയ്യുകയായിരുന്നെന്നാണ് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലെ സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡനായിരുന്ന ബി രാഹുൽ, കിഴുകാനം ഫോറസ്റ്റർ ആയിരുന്ന അനിൽകുമാർ എന്നിവർ ഉൾപ്പെടെ 7 ഉദ്യോഗസ്ഥരെ വനംവകുപ്പ് സർവ്വീസിൽ നിന്നും പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസം പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ അടക്കം സംഭവത്തിൽ ഉൾപ്പെട്ട 13 പേർക്കതിരെ കേസെടുത്തിരുന്നു. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ പീരുമേട് ഡിവൈഎസ്‌പി ജെ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കിഴുകാനത്തെത്തി സരുണിന്റെ മൊഴി രേഖപ്പെടുത്തി.തുടർന്ന് മർദ്ദനം നേരിട്ട ചെക്ക്പോസ്റ്റിനുസമീപത്തെ കെട്ടിടത്തിലും സരുണിനെ എത്തിച്ച് ഡിവൈഎസ്‌പി തെളിവെടുത്തു.ഇതിന് പിന്നാലെയാണ് സരുൺ മറുനാടനോട് മനസുതുറന്നത്.
ഫോറസ്റ്റുകാർ കസ്റ്റഡിയിൽ എടുത്തതുമുതൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും നിലവിലെ ജീവിത സാഹചര്യത്തെക്കുറിച്ചുമെല്ലാം കിഴുകാനത്ത് കണ്ട് മുട്ടിയപ്പോൾ സരുൺ മറുനാടനോട് വിശദമാക്കി. കഴിഞ്ഞ സെപ്റ്റംമ്പർ 20 -ന് രാവിലെ 8.30 തോടെയാണ് ക്രൂരമർദ്ദനത്തിനും 10 ദിവസത്തെ ജയിൽവാസത്തിനും വഴിയൊരുക്കിയ സംഭവപരമ്പരകളുടെ തുടക്കം. മർദ്ദനമേറ്റതിനെത്തുടർന്ന് കുറച്ചുദിവസങ്ങൾ എഴുന്നേറ്റ് നടക്കാൻ പോലും പ്രയാസപ്പെട്ടു. നെഞ്ചിലും പുറത്തുമെല്ലാം വല്ലാതെ നീരുകെട്ടി. ശ്വാസംവിടാൻ പോലും ബുദ്ധിമുട്ടി. ജാമ്യം കിട്ടി, പുറത്തിറങ്ങിയ ശേഷം നടത്തിയ പാരമ്പര്യ ചികത്സ കൊണ്ടാണ് നേരെ ചൊവ്വെ ശ്വാസം വിടാൻ സാധിച്ചത്. അവശതകൾ ഇപ്പോഴും പൂർണ്ണമായി വിട്ടുമാറയിട്ടില്ല -സരുൺ വ്യക്തമാക്കി.
സരുൺ പങ്കുവച്ച വിവരങ്ങളുടെ പൂർണ്ണരൂപം ചുവടെ:
മാതാപിതാക്കളും വല്യമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. ആദിവാസി സമൂഹത്തിലെ ഉള്ളാടർ വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് ഞങ്ങൾ. ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. ജോലിക്കായി പിഎസ് സി ടെസ്റ്റുകൾ എഴുതി,കാത്തിരിക്കുകയാണ്. അച്ഛൻ കൂലിപ്പണികൾക്കൊക്കെ പോകും. ഞാൻ ഓട്ടോ ഓടിക്കുന്നുണ്ട്. ഇതുകൊണ്ട് കുടുംബം കഷ്ടി കഴിഞ്ഞുപോയിരുന്നു. സംഭവ ദിവസം രാവിലെ ഈരാറ്റുപേട്ടയ്ക്ക് പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അതിനാൽ പുലർച്ചെ തന്നെ വീട്ടിൽ നിന്നിറങ്ങി.
വളവുകോട് ഭാഗത്തേയ്ക്ക് വരുന്ന വഴി മെമ്പർകവല ഭാഗത്തുവച്ച് അനിൽകുമാർ സാറും കൂടെയുണ്ടായിരുന്നവരും ഓട്ടോ തടഞ്ഞുനിർത്തി പരിശോധിച്ചു.
എന്താകാര്യമെന്ന് മനസ്സിലായില്ല. പരിശോധന പൂർത്തിയായപ്പോൾ പൊയ്ക്കൊള്ളാൻ പറഞ്ഞു.
സമീപത്തെ ചെക്കുപോസ്റ്റിൽ എത്തിയപ്പോഴും ഓട്ടോ പരിശോധിച്ച്, വിട്ടയച്ചു. വളവുകോടുവരെ ഓട്ടോയിൽ എത്തി. പിന്നീട് ബസ്സിൽ ഈരാറ്റുപേട്ടക്ക് തിരച്ചു.ബസ്സ് വാഗമണ്ണിൽ എത്തിയപ്പോഴേയ്ക്കും അച്ഛന്റെ മൊബൈലിൽ നിന്നും കോൾ വന്നു. കോൾ എടുത്തപ്പോൾ മറുതലയ്ക്കൽ നിന്നും സംസാരിച്ചത് ഫോറസ്റ്റർ അനിൽകുമാർ സാർ ആയിരുന്നു. നിന്റെ പേരിൽ ഒരുപരാതി ഉണ്ടെന്നും ഉടൻ തിരച്ചുവരണമെന്നും അനിൽകുമാർ സാർ ആവശ്യപ്പെട്ടു. ഇതുപ്രകാരം 8.30 ഓട്ടോയിൽ വരവെ ചെക്കുപോസ്റ്റിന് സമീപം അനിൽകുമാർ സാറും കൂടെയുണ്ടായിരുന്നവരും ചേർന്ന് ഓട്ടോ തടഞ്ഞ്, എന്നെ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ച് പുറത്തിറക്കി. പിന്നെ ബലമായി മൊബൈലും പേഴ്സുമെല്ലാം പിടിച്ചുവാങ്ങി. തുടർന്ന് സമീപത്തെ കെട്ടിടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, അകത്താക്കി കതകടച്ചു.
നീ കൊണ്ടുപോയ ഇറച്ചി എവിടെയാ വച്ചിട്ടുള്ളതെന്ന് അനിൽകുമാർ സാർ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോൾ കുനിച്ചുനിർത്തി കൈമുട്ടുകൊണ്ട് മുതുകിൽ ശക്തിയായി ഇടിച്ചു. ഇടി കൊണ്ടപ്പോൾ നിലവിളിച്ചുകൊണ്ട് കുഞ്ഞിക്കൂടി ഇരുന്നുപോയി. അത്രയ്ക്ക് അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്. പിന്നെ അവിടെയുണ്ടായിരുന്നവർ കവിളിൽ അടിച്ചും ദേഹത്തിന്റെ പലഭാഗങ്ങളിൽ ഇടിച്ചും ചവിട്ടിയുമെല്ലാം ഇതെ ചോദ്യം അവർത്തിച്ചു. നിന്നെക്കൊണ്ട് പറപ്പിക്കാൻ അറിയാമെന്നും പറഞ്ഞായിരുന്നു ഫോറസ്റ്ററും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും വാച്ചർമാരും അടങ്ങുന്ന സംഘം മണിക്കൂറികളോളം മർദ്ദിച്ചത്.
ക്രൂരമർദ്ദനത്തിന് ശേഷം കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അപ്പോഴേയ്ക്കും ഏറെക്കുറെ സ്ഥലകാല ബോധം നഷ്ടപ്പെട്ട സ്ഥിതിയായി. ഉദ്യോഗസ്ഥരിൽ ഒരാൾ കുറെ പേപ്പറുകകളിൽ ഒപ്പിടീച്ചു, പിന്നെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. ഇതോടെ കേസ് ചാർജ്ജ് ചെയ്തായി മനസ്സിലായി. കോടതിയിലേയ്ക്ക് കൊണ്ടുപോകും വഴി മർദ്ദിച്ച കാര്യം പുറത്തുമിണ്ടിയാൽ അച്ഛനെ പിടിച്ച് അകത്തിടുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. അതുകൊണ്ട് കോടതയിൽ മർദ്ദനമേറ്റതിനെക്കുറിച്ചോ ചോദ്യം ചെയ്യലിനെക്കുറിച്ചോ ഒരുവാക്കുപോലും പറഞ്ഞില്ല. പീരുമേട് സബ്ബ് ജയിലേയ്ക്കാണ് റിമാന്റിൽ അയച്ചത്. 10 ദിവസം ജലിയിൽക്കിടന്നു. പതിനൊന്നാം ദിവസമാണ് ജാമ്യം ലഭിച്ചത്.
വനംവകുപ്പുകാർ എന്നെ കേസിൽ കുടുക്കിയതറിഞ്ഞ് വീട്ടുകാരും ബന്ധുക്കളും സംഘടനപ്രവർത്തകരുമൊക്കെ വലിയ വിഷമത്തിലായി. ഇതെത്തുടർന്ന് രൂപീകരിച്ച കണ്ണംപടി ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 25 -ന് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പന്തൽകെട്ടി അച്ഛനും അമ്മയും നിരാഹാര സമരം തുടങ്ങി. ഇതെത്തുടർന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുണ്ടായി.കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയുണ്ടായി.ഈ നടപടിയിൽ സന്തോഷമുണ്ടൈങ്കിലും കേസ് ഇപ്പോഴും നിലനിൽക്കുകയാണ്.ഇത് ജോലി ലഭിക്കുന്നതിന് തടസ്സമാവുമെന്നാണ് അറിവുള്ളവർ പറയുന്നത്.അതിനാൽ ഈ കേസ് ഒഴിവാക്കിത്തരാൻ സർക്കാർ കനിയണം.സരുൺ വാക്കുകൾ ചുരുക്കി.
ഒക്ടോബർ 29 -ന് ഫോറസ്റ്ററും ബീറ്റ് ഫോറസ്റ്റർമാരും അടക്കം സംഭവത്തിൽ ഉൾപ്പെട്ട 6 പേരെ വകുപ്പുതല നടപടിയുടെ ഭാഗമായി വനംവകുപ്പ് സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു.പിന്നാലെ നവംബർ 1-ന് അന്വേഷണ വിധേയമായി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുനെയും സസ്പെന്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ പ്രതിസ്ഥാനത്തുള്ളവർക്കെതിരെ പൊലീസ് കേസെടുത്ത്,നടപടികൾ ശക്തമാക്കിയിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.