- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാലുവിന്റെ മരണത്തിൽ നീറിയ അഞ്ചു കൊല്ലം; പുനരന്വേഷണം നിർണ്ണായകമായി കണ്ടു; സിബിഐ വീട്ടിലെത്തി മൊഴി എടുത്തത് രണ്ടു ദിവസം മുമ്പ്; എല്ലാ സംശയവും പങ്കുവച്ച് സത്യം ഒരു നാൾ ജയിക്കുമെന്ന പ്രതീക്ഷയിലായി; പിന്നെ അനന്തിരവിന് അടുത്തേക്ക് യാത്ര; ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും
തിരുവനന്തപുരം: പ്രമുഖ കർണാടക സംഗീതജ്ഞനും വയലിൻ വിദ്വാനുമായ ബി.ശശികുമാർ (74) വിടവാങ്ങുന്നത് ആത്മസംതൃപ്തിയോടെ. തിരുവല്ല സ്വദേശിയായ ശശികുമാർ, ജഗതിയിൽ 'വർണ'ത്തിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഗുരുവും അമ്മാവനുമാണ്. ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ മുന്നിൽ നിന്ന് പോരാട്ടം നയിച്ചത് ശശികുമാറും കൂടിയായിരുന്നു. സിബിഐയുടെ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് ശശികുമാറിന്റെ കൂടി നിലപാടിലെ വസ്തുത തിരിച്ചറിഞ്ഞാണ്.
ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട ശേഷം സിബിഐയുടെ അന്വേഷണ സംഘം ശശികുമാറിന്റെ വീട്ടിൽ വന്നിരുന്നു. രണ്ട് ദിവസം മുമ്പ് വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥരോട് തന്റെ സംശയങ്ങളെല്ലാം ശശികുമാർ അക്കമിട്ട് നിരത്തി. ബാലഭാസ്കറിന്റേത് അസ്വാഭാവിക മരണമാണെന്നും സ്വർണ്ണ കടത്ത് മാഫിയയ്ക്ക് അതിൽ ബന്ധമുണ്ടെന്നും ഉറച്ചു വിശ്വസിച്ച വ്യക്തിയാണ് ശശികുമാർ. മറുനാടൻ മലയാളിയോട് ഇതേ കുറിച്ച് നേരത്തെ ശശികുമാർ വിശദമായി തന്നെ പ്രതികരിച്ചിരുന്നു. ഈ നിലപാടുകൾ വീണ്ടും സിബിഐയ്ക്ക് മുന്നിൽ നിരത്തി. ഇതോടെ തീർത്തും പ്രതീക്ഷയിലായി ശശികുമാർ. ഇതിന് ശേഷമാണ് അപ്രതീക്ഷിത വിയോഗം.
തിരുവല്ല സ്വദേശിയായ ശശികുമാർ, ജഗതിയിൽ 'വർണ'ത്തിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. സംഗീതജ്ഞരായ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, ഡോ.കെ.ഓമനക്കുട്ടി, കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ, കൃഷ്ണചന്ദ്രൻ, ആറ്റുകാൽ ബാലസുബ്രമണ്യം തുടങ്ങി സംഗീതരംഗത്തെ പ്രമുഖരും നിരവധി ശിഷ്യരും വീട്ടിലും ശാന്തികവാടത്തിലുമെത്തി അന്തിമോപചാരം അർപ്പിച്ചു. ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ ധാരാളം സംഗീതക്കച്ചേരികൾക്കും സംഗീത പരിപാടികൾക്കും ശശികുമാർ വയലിൻ വായിച്ചിട്ടുണ്ട്. നിരവധി കൃതികൾ എഴുതി ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന് വായ്പാട്ടിലും വയലിൻ വാദനത്തിലും നിരവധി ശിഷ്യർ ഉണ്ടായിരുന്നു.
ദുരുഹതകൾ ഒഴിയാതെ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണം ഇന്നും പൊതു മണ്ഡലത്തിൽ ചർച്ചയാണ്. മരണത്തിൽ ദുരൂഹതകൾ ഇല്ലെന്ന് കാണിച്ചു സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ പിതാവ് ഉണ്ണി സമർപ്പിച്ച ഹർജിയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നിർണ്ണായക ഇടപെടൽ നടത്തിയിരുന്നു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബാലഭാസ്ക്കറിന്റേത് അപകട മരണം അല്ലെന്നും സാമ്പത്തിക ഇടപാടുകൾ ദൂരൂഹമാണെന്നുമാണ് പിതാവ് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ശശികുമാറിനെ കണ്ട് സിബിഐ രണ്ടു ദിവസം മുമ്പ് മൊഴി എടുത്തത്.
ബാലഭാസ്ക്കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യം, ഡ്രൈവർ അർജ്ജുൻ അശ്രദ്ധവും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സിബിഐ ഡി.വൈ.എസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നൽകിയത്. കേസിൽ സാക്ഷിയായ കലാഭവൻ സോബിക്കെതിരെയും കേസ് എടുത്തു. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയിലെ പോരാട്ടം. ഇത് ഏതാണ്ട് ഫലം കാണുകയും ചെയ്തു.
തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. 132 സാക്ഷിമൊഴികളും 100 രേഖകളുമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്കർ മരിച്ചത്. ദേശീയപാതയിൽ പള്ളിപ്പുറം സിപിഐ.പി.എഫ് ക്യാമ്പ് ജംങ്ഷനു സമീപം 2018 സെപ്റ്റംബർ 25ന് പുലർച്ചെ നാലരയോടെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അപകടത്തെ തുടർന്ന് ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്കർ ചികിത്സയ്ക്കിടെയാണ് മരിച്ചത്. അപകടം നടക്കുമ്പോൾ വാഹനം അമിത വേഗതയിലായിരുന്നു എന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. കോടതിയിലെത്തിയാണ് ലക്ഷ്മി മൊഴി നൽകിയത്. അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണു ബോധം തിരിച്ചുകിട്ടിയതെന്നും ലക്ഷ്മി മൊഴി നൽകിയിരുന്നു.
2018 സെപ്റ്റംബർ 24നാണ് ദാരുണമായ അപകടം നടക്കുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കു പോയി മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസുകാരിയായ മകൾ അപ്പോൾ തന്നെ മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ബാലഭാസ്കർ മരണത്തിന് കീഴടങ്ങുന്നത്. മുൻസീറ്റിലായിരുന്നു മകളും ബാലഭാസ്കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായി തകർന്നിരുന്നു.
ശനിയാഴ്ച രാത്രി 7.30ന് ജഗതിയിലെ സ്വവസതിയായ വർണത്തിൽ വച്ചാണ് ബി.ശശികുമാർ വിടവാങ്ങിയത്. എം.കെ.ഭാസ്കരപ്പണിക്കരുടെയും ജി.സരോജിനിയമ്മയുടെയും മകനായി 1949 ഏപ്രിൽ 27ന് തിരുവല്ലയിലാണ് ശശികുമാർ ജനിച്ചത്. സംഗീതം സ്വായത്തമാക്കിയത് പിതാവിൽ നിന്നു തന്നെ. പ്രതിഫലം വാങ്ങാതെ പിതാവ് ശിഷ്യന്മാർക്ക് വിദ്യ പറഞ്ഞുകൊടുക്കുന്നത് ചെറുപ്പത്തിലേ മനസ്സിൽ കയറിക്കൂടിയതുകൊണ്ടാകാം പിൽക്കാലത്ത് താനൊരു ഗുരുവിന്റെ വേഷമണിഞ്ഞപ്പോഴും ശശികുമാർ 'വിദ്യ വിറ്റ്' പണം വാങ്ങാതിരുന്നത്. എല്ലാവരേയും ശിഷ്യരായി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല ശശികുമാർ. തിരഞ്ഞെടുക്കുന്നവരിൽ നിന്ന് ഫീസ് വാങ്ങുകയുമില്ല. കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ, ജി.വേണുഗോപാൽ, ശ്രീറാം, ബാലഭാസ്കർ എന്നിവരൊക്കെ ശശികുമാറിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ശിഷ്യന്മാരാണ്.
ബാലഭാസ്കറിന്റെ അപ്രതീക്ഷിത വിയോഗം ശശികുമാറിനേൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. കാലമേൽപ്പിച്ച ആ മുറിവ് ഒരിക്കലും ഉണങ്ങില്ലെന്നും അതോർത്ത് താനെന്നും കണ്ണീരൊഴുക്കിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം തന്നെ പല ആവർത്തി പറഞ്ഞിട്ടുണ്ട്. ബാലുവിന്റെ ഓർമദിനങ്ങളിലെല്ലാം മുടങ്ങതെയെത്തുന്ന ഹ്രസ്വകുറിപ്പുകളിൽ ഒരു അമ്മാവന്റെ, ഗുരുവിന്റെ വേദന ആഴത്തിൽ പതിഞ്ഞിരുന്നു. ബാലുവിന്റെ വിയോഗശേഷം അദ്ദേഹത്തെ ഓർക്കാത്ത ഒരു ദിനം പോലും ശശികുമാറിന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
ബാലഭാസ്കറിന്റെ ഓർമകളെക്കുറിച്ചു ചോദിക്കുമ്പോൾ, 'മറന്നെങ്കിലല്ലേ പ്രത്യേകം ഓർമിക്കേണ്ടതുള്ളൂ' എന്നായിരുന്നു മറുപടി. ബാലു ശാരീരികമായി മാത്രമേ തന്നിൽ നിന്നും അകന്നിട്ടുള്ളുവെന്നും ആ ആത്മാവ് എല്ലായ്പ്പോഴും തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബാലു തീരാദുഃഖം തന്നിട്ടാണ് അകാലത്തിൽ തങ്ങളെ വിട്ടുപോയതെന്നു പറയുമ്പോൾ ശശികുമാറിന്റെ കണ്ണുകൾ നിറയും.
സംഗീത-നാടക അക്കാദമിയുടെ പുരസ്കാരം, കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പ് എന്നിവയും നേടി. സ്വാതിതിരുനാൾ കോളജിൽനിന്ന് ഗാനഭൂഷണവും ഗാനപ്രവീണും പാസായി. സ്വാതിതിരുനാൾ സംഗീത കോളജിൽ അദ്ധ്യാപകനായും ജോലി നോക്കി. വയലിൻ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം വയലിൻ വായിച്ചിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ