കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അദ്ധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമനൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂരിൽ പിടിയിലാകുമ്പോൾ തെളിയുന്നത് ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യൽ മികവ്. ദേശീയ അന്വേഷണ ഏജൻസിയാണ് സവാദിനെ പിടികൂടിയത്. ഒരിക്കലും പിടികൂടില്ലെന്ന് കരുതി മറ്റൊരു സുകുമാരക്കുറുപ്പാകാമെന്നായിരുന്നു സവാദിന്റെ ആഗ്രഹം. എന്നാൽ ചില പോപ്പലർ ഫ്രണ്ട് നേതാക്കളെ മികച്ച രീതിയിൽ ചോദ്യം ചെയ്ത എൻഐഎ സവാദിന്റെ രഹസ്യം മനസ്സിലാക്കി. അങ്ങനെ നിർണ്ണായക അറസ്റ്റിലേക്കുള്ള തുമ്പായി ആ വിവരം മാറി.

കേരളാ പൊലീസിന് ഇന്നും നാണക്കേടാണ് സുകുമാരക്കുറുപ്പിന്റെ കഥ. കുറുപ്പ് ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇന്നും ആർക്കും അറയില്ല. താൻ വിദേശത്തേക്ക് കടന്നുവെന്ന് വരുത്തി സ്വദേശത്ത് കുടുംബവുമായി സാധാരണ ജീവിതം നയിച്ച സവാദിന്റെ ലക്ഷ്യവും മറ്റൊരു സുകുമാരക്കുറുപ്പ് ആവുകയായിരുന്നു. എന്നാൽ അത് നടന്നില്ല. 13 കൊല്ലത്തെ ഒളിവ് ജീവിതവുമായി സവാദിന് ജയിലിലേക്ക് പോകേണ്ടി വരുന്നു. ടിജെ ജോസഫിന്റെ കൈവെട്ടിയെടുത്തത് സവാദായിരുന്നു.

കാറിൽ നിന്നും ജോസഫിന്റെ വിളിച്ചിറക്കിയും കാറു തല്ലി തകർത്തതും സവാദ്. അതിന് ശേഷം കൈയിൽ കരുതിയ മഴുകൊണ്ട് ആഞ്ഞു വെട്ടി. *****നെ അപാനിച്ച കൈകൾ ഇനി ഭാവിയിൽ നിനക്ക് ഉപകരിക്കരുതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു സവാദ് ആ ക്രൂരകൃത്യം നടത്തിയത്. പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇതെല്ലാം. അതിന് ശേഷം അതിവേഗം കേരളത്തിൽ നിന്നും മുങ്ങി. ഗൂഢാലോചനയ്ക്ക് ചുക്കാൻ പിടിച്ചവർ സവാദിന് രക്ഷയുമൊരുക്കി. എന്തു വന്നാലും പിടികൊടുക്കില്ലെന്നതായിരുന്നു സവാദിന്റെ നിലപാട്. എന്നാൽ അത് 13 വർഷങ്ങൾക്ക് ശേഷം പൊളിഞ്ഞു.

മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ നിന്നാണ് സവാദിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ എത്തിയ ഏഴംഗ സംഘമാണ് ഇയാളെ പിടിച്ചുകൊണ്ടുപോയതെന്ന് നാട്ടുകാർ പറഞ്ഞു. തലയിൽ കറുത്ത തുണിയിട്ടു മൂടിയാണ് കൊണ്ടുപോയതെന്നും അയൽക്കാർ വെളിപ്പെടുത്തി. ഇതേ മാതൃകയിലായിരുന്നു എൻഐഎ നേതാക്കളെ രാത്രി വീടു വളഞ്ഞ് എൻഐഎ അറസ്റ്റു ചെയ്തതും. ഈ ഓപ്പറേഷനൊന്നും കേരളാ പൊലീസ് അറിഞ്ഞിരുന്നില്ല. മാസങ്ങളായി ഇവിടെ ഷാജഹാൻ എന്ന വ്യാജ പേരിൽ ആശാരിപ്പണി ചെയ്തു ജീവിക്കുകയായിരുന്നുവെന്നാണ് വിവരം. എട്ടു മാസമായി കൂരിമുക്ക് എന്ന സ്ഥലത്താണ് മരപ്പണി ചെയ്തിരുന്നത്.

മട്ടന്നൂരിൽ എത്തിയ ശേഷമാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം. ഭാര്യയും രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു. ഇയാൾ വിവാഹം കഴിച്ചിരിക്കുന്നത് കാസർകോട്ടു നിന്നാണെന്നും അയൽവാസികൾ പറഞ്ഞു. ചെറിയ രണ്ടു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ്സിൽ താഴെ മാത്രമാണ് പ്രായമെന്നും അവർ പറഞ്ഞു. ആദ്യം കണ്ണൂർ ജില്ലയിലെ തന്നെ വിളക്കോടാണ് സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. പിന്നീട് ബേരത്തേക്കു മാറുകയായിരുന്നു. ഏറെക്കുറെ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി കുടുംബസമേതം ഇവിടെ താമസിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇത്ര പ്രമാദമായ കേസിലെ പ്രതിയാണ് ഇയാളെന്ന് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

2010 ജൂലൈ നാലിനാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് ടി. ജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത്. അന്നു തന്നെ സവാദ് ബംഗളുരുവിലേക്ക് കടന്നതായി കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷിച്ചെങ്കിലും സവാദിനെ കണ്ടെത്താനായില്ല. ബംഗ്ലൂരിൽ നിന്നും സവാദ് ഗൾഫിലേക്ക് കടന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി. പേരു മാറ്റി ജോലി ചെയ്തു. കുടുംബവുമായി. എല്ലാം അതീവ രഹസ്യമായിരുന്നു.

പോപ്പുലർ ഫ്രണ്ടിലെ മുൻനിര നേതാക്കൾക്ക് മാത്രമായിരുന്നു ഇതെല്ലാം അറിയാമായിരുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം പ്രധാന നേതാക്കളെ എല്ലാം എൻഐഎ അറസ്റ്റു ചെയ്തു. എല്ലാവരും ഇപ്പോഴും ജയിലിലാണ്. ഇവരെ വിശദമായി തന്നെ പലവട്ടം പൊലീസ് ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് സവാദിനെ കുറിച്ചുള്ള സൂചന എൻഐഎയ്ക്ക് കിട്ടിയത്. ഈ സൂചനകൾ വച്ച് നിരന്തര നിരീക്ഷണം നടത്തി. മട്ടന്നൂരിലുള്ളത് സവാദ് തന്നെയെന്നും ഉറപ്പിച്ചു. അതിന് ശേഷമാണ് അറസ്റ്റ്. അതും പോപ്പുലർ ഫ്രണ്ട് നേതാക്കളെ പിടികൂടിയ അതേ മാതൃകയിൽ.

തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ വിധി പ്രസ്താവം വരുന്നത് സംഭവം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ്. അതും കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ഒന്നാം പ്രതി പിടിയിലായി. കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു അദ്ധ്യാപകന്റെ കൈവെട്ട് കേസ്. സംസ്ഥാനത്ത് ഇതിന് മുൻപ് കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു ക്രൂരകൃത്യം. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്റേണൽ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രൊഫസർക്കെതിരായ ആക്രമണം. ചോദ്യ പേപ്പർ തയ്യാറാക്കിയ ടി ജെ ജോസഫിന്റെ കൈപ്പത്തി പ്രതികൾ വെട്ടിമാറ്റുകയായിരുന്നു. ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ കഴിയവെയാണ് ജോസഫ് ആക്രമിക്കപ്പെടുന്നത്.

2010 ജൂലൈ നാലിനായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച സംഭവം. ഇപ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എന്നാണ് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് അന്വേഷിച്ച എൻ ഐ എയും കണ്ടെത്തിയത്. പ്രതികൾക്ക് വിദേശത്ത് നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും എൻ ഐ എ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത എൻ ഐ എ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്. പ്രതികൾക്കെതിരെ എൻ ഐ എ യു എ പി എ ചുമത്തിയിരുന്നു. സംഭവത്തിന് ശേഷം വർഷങ്ങളോളം ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ആദ്യഘട്ട വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30 ന് ആണ് വിധിപറഞ്ഞിരുന്നത്.

37 പ്രതികളിൽ 11 പേരെയാണ് അന്ന് ശിക്ഷിച്ചത്. 26 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് 2023ൽ പൂർത്തിയായത്. ആദ്യ ഘട്ടത്തെ വിചാരണയ്ക്ക് ശേഷമാണ് ഇവരിൽ പലരും അറസ്റ്റിലാകുന്നത്. മുഖ്യ സൂത്രധാരനും ആലുവ സ്വദേശിയുമായ പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ്, അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ്, മൊയ്തീൻ കുഞ്ഞ് എന്നിവരാണ് രണ്ടാം ഘട്ട പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരിൽ ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെകോടതി വെറുതെ വിട്ടു. ഒളിവിലുള്ള ഒന്നാംപ്രതി എറണാകുളം ഓടയ്ക്കാലി സ്വദേശി സവാദിനായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുയും ചെയ്തു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയും എൻഐഎ പ്രഖ്യാപിച്ചിരുന്നു. ഇയാളാണ് കണ്ണൂരിൽ കുടുങ്ങിയത്.

13 വർഷം വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനു ശേഷവും സവാദ് കാണാമറയത്തു തന്നെ തുടർന്നതോടെയാണ് ഇനി പിടികൂടാനായേക്കില്ലെന്ന് വിലയിരുത്തപ്പെട്ടത്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്.

കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല. ബെംഗളൂരുവിൽ സവാദ് ചികിത്സ തേടിയ നഴ്സിങ് ഹോമിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അന്നു പുറത്തുവന്ന വാർത്ത. എന്നാൽ അന്നത്തെ അന്വേഷണ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.

പിന്നീടു കീഴടങ്ങിയ മുഖ്യസൂത്രധാരൻ എം.കെ.നാസറിനൊപ്പം സവാദിനെ നേപ്പാളിൽ കണ്ടതായുള്ള രഹസ്യവിവരം എൻഐഎക്കു ലഭിച്ചിരുന്നു. കേസിൽ നാസർ കീഴടങ്ങിയ ശേഷം സവാദ് അഫ്ഗാനിസ്ഥാനിലേക്കു കടന്നതായും വിവരം ലഭിച്ചു. അഫ്ഗാൻ സ്വദേശിയായി വ്യാജയാത്രാ രേഖകൾ തരപ്പെടുത്തി മറ്റൊരു പേരിൽ സവാദ് വിദേശത്ത് കഴിയുന്നുണ്ടാകുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ഊഹം. സിറിയയിലേക്കു കടന്നതായും ഇടയ്ക്ക് പ്രചാരണമുണ്ടായി.

ഇതിനിടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സഹായത്തോടെ എൻഐഎ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.