- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
കണ്ണൂർ: മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അശമന്നൂർ നൂലേരി മുടശേരി സവാദ്(38) ഒളിവിൽ കഴിയവെ നിരവധിയാളുകളുമായി രഹസ്യബന്ധം പുലർത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നു. നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മട്ടന്നൂർ മേഖലയിലെ പ്രവർത്തകരും പ്രാദേശിക നേതാക്കളും തൊട്ടു സംസ്ഥാനനേതാക്കളുമായും വിദേശത്തു നിന്നും ഫണ്ടു നൽകിയ സഹായിക്കുന്നവരുമായ നിരവധിയാളുകളുമായാണ് ഇയാൾ ഫോണിൽ രഹസ്യമായി ബന്ധപ്പെട്ടിരുന്നത്.
ആശാരിപണിക്കാരനെന്ന പേരിൽ ജീവിച്ചിരുന്ന സവാദിന് സ്പോൺസർമാരിൽ നിന്നും പണം ലഭിച്ചതായും റിപ്പോർട്ടുണ്ട്. മട്ടന്നൂർ ബേരയിൽ നിന്നും സ്ഥലംമാറി ഭാര്യയുടെ ജില്ലയായ കാസർകോട്ട് ലക്ഷക്കണക്കിന് രൂപ സ്വന്തമായി വീടിന് ഇയാൾ അഡ്വാൻസ് കൊടുത്തതായും ഇതു പി. എഫ്. ഐയിലെ സ്പോൺർസർ നൽകിയതുമാണെന്നാണ് വിവരം. എന്നാൽ നേരിട്ടു ഫോൺ ഉപയോഗിക്കാതിരിക്കാൻ ഒളിവിൽ കഴിഞ്ഞ വേളയിൽ സവാദ് ഏറെ ശ്രദ്ധിച്ചിരുന്നു. ഒരുകാരണവശാലും തന്നെ കുറിച്ചുള്ളവിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള മുന്നറിയിപ്പായിരുന്നു അത്.
മട്ടന്നൂർ ബേരയിൽ തന്റെ കൂടെ ജോലി ചെയ്തിരുന്ന ബീഹാറി സ്വദേശികളായ കാർപെന്ററി പണിക്കാരുടെ ഫോണാണ് ഇയാൾ പല അവസരങ്ങളിലും ഉപയോഗിച്ചിരുന്നു. ഈക്കാര്യം തൊഴിലാളികൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വളരെ ശാന്തശീലനും മാന്യമായി പെരുമാറുന്ന സവാദ് മിതഭാഷിയായിരുന്നുവെന്നും തൊഴിൽ പരമായ കാര്യങ്ങൾ മാത്രമേ സംസാരിച്ചിരുന്നുള്ളുവെന്നാണ് ഇവർ പിന്നീട് സവാദ് അറസ്റ്റിലായതിനു ശേഷം പ്രതികരിച്ചത്. കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ കാസർകോട്ടു ഭാര്യയുടെ നാട്ടിൽ പോയപ്പോൾ ഭാര്യയുടെതുൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ മാറ്റിവയ്ക്കാനും സവാദ് ശ്രദ്ധിച്ചു.
ഫോൺ ഒഴിവാക്കുന്നത് എന്തിനെന്ന അടുത്ത ബന്ധുവിന്റെ ചോദ്യത്തിന് നാട്ടിൽ ഒരു കേസുണ്ടെന്നായിരുന്നു മറുപടി.സംവാദിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത കാലത്ത് കാസർകോട് ജില്ലയിൽ ഒരുവീടും സ്ഥലവും സ്വന്തം വാങ്ങുന്നതിനായി സവാദ് അഡ്വാൻസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ പണം ആവശ്യപ്പെട്ടു ഇയാൾ കൂടെ താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ ഫോൺ ഉപയോഗിച്ചു പലരെയും വിളിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് വിളിച്ചത്. എന്നാൽ പി. എഫ്. ഐ നിരോധനമുള്ളതിനാൽ സ്വന്തമായി വീടുവാങ്ങുകയെന്ന ഇയാളുടെ നീക്കം പിന്നീട് മുൻപോട്ടുപോയില്ല.
പി. എഫ്. ഐ നിരോധിക്കപ്പെടുകയും നേതാക്കളെല്ലാം അറസ്റ്റിലാവുകയും ചെയ്ത സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ വട്ടമിട്ടു പറക്കുമ്പോൾ താനും പിടിയിലാകുമെന്ന് സവാദ് ഭയപ്പെട്ടിരുന്നു. അന്ന് സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന മട്ടന്നൂർ മേഖലയിലെ പി. എഫ്. ഐ പ്രവർത്തകരാണ് ഇയാളെ ആശാരി പണിക്കാരനെന്ന വ്യാജേനെ സംരക്ഷിച്ചത്. കണ്ണൂർ ജില്ലയുടെ പലഭാഗങ്ങളിലാണ് ഇയാളെ അന്നു കടത്തിയതെന്നാണ് വിവരം. കണ്ണൂരിലെ കടലോര ബീച്ചുകളിൽ പി. എഫ്. ഐയ്ക്കു രഹസ്യകേന്ദ്രങ്ങളുണ്ട്.
മുഴപ്പിലങ്ങാട്, എടക്കാട്, ധർമടം, തലശേരി തുടങ്ങി കണ്ണൂർ ആയിക്കരവരെയുള്ള സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പി. എഫ്. ഐ പ്രവർത്തകർ രഹസ്യയോഗം ചേരുകയുംആയുധപരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം ക്യാംപുകളിൽ പരിശീലകന്റെ റോളിൽ സവാദ് എത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സവാദിനെ ഒളിവുജീവിതം നയിക്കാൻ സഹായിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകരും നേതാക്കളും വരും നാളുകളിൽ കുടുങ്ങാൻ സാധ്യതയേറിയിട്ടുണ്ട്. ഇവർ സവാദുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുൻപ് തിങ്കളാഴ്ച്ച ഉച്ചയോടെ സവാദിന്റെ വീട്ടിൽ രണ്ടു പേർ ഓട്ടോറിക്ഷയിൽ വന്നിരുന്നതായി അയൽവാസികൾ അന്വേഷണഏജൻസിക്ക് മൊഴി നൽകിയിരുന്നു. ഇവർ ആരാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സവാദ് വീടുമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനായി എത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് ഇവരെന്നാണ് സൂചന. സവാദിന്റെ ജ്യേഷ്ഠന്റെ മക്കളാണ് തങ്ങളെന്നുംതൊട്ടടുത്ത് വിൽപനയ്ക്കായിവെച്ച സ്ഥലം നോക്കുവാനെത്തിയതെന്നായിരുന്നു ഇവർ അയൽവാസിയായ ശ്രീധരനോട് പറഞ്ഞിരുന്നത്. ഈക്കാര്യം ഇയാൾ പൊലിസിൽ അറിയിച്ചിട്ടുണ്ട്.
മഞ്ചേശ്വരം കുഞ്ചത്തൂരിൽ നിന്നും പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് സവാദിന് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായം ലഭിച്ചതായാണ് കരുതുന്നത്. ഉള്ളാലി െആരാധനാലയകേന്ദ്രത്തിൽ നിന്നാണ് അനാഥനായ സവാദിനെ പരിചയപ്പെട്ടതെന്നാണ് സവാദിന്റെ ഭാര്യാപിതാവിന്റെ മൊഴി. എന്നാൽ ഈക്കാര്യം അന്വേഷണ ഏജൻസി വിശ്വസിച്ചിട്ടില്ല. സവാദിനെ ഒളിവിൽ പാർപ്പിക്കാനുള്ള ഒരു അവസരമായി പോപ്പുലർ ഫ്രണ്ട് വിവാഹത്തെകാണുകയായിരുന്നുവെന്നാണ് ഇവരുടെ നിഗമനം.സവാദിന്റെ വിവാഹം പൂർണമായും പോപ്പുലർ ഫ്രണ്ട് സ്പോൺസർ ചെയ്തതാണ്.വധുവിന് ആഭരണങ്ങൾ നൽകിയതും വിവാഹച്ചടങ്ങുകൾ നടത്തിയതും മറ്റുകാര്യങ്ങൾ ഏകോപിപ്പിച്ചതും പോപ്പുലർ ഫ്രണ്ട് മെഷനറി തന്നെയായിരുന്നു.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായിട്ടും ഒരിക്കൽ മാത്രമാണ് ഇയാൾ വിവാഹശേഷം ഭാര്യയെയും കൂട്ടി സ്വന്തം നാട്ടിലേക്ക് പോയത്. കുറ്റിപ്പുറം വരെ ട്രെയിനിലും പിന്നീട് കെ. എസ്. ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിലുമായിരുന്നു യാത്ര. അബദ്ധത്തിൽപ്പോലും തന്റെയും കുടുംബത്തിന്റെയും ഫോട്ടോ സോഷ്യൽമീഡിയയിൽ വരാതിരിക്കാൻ ഇയാൾ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഷാജഹാനെന്ന സവാദിനെ തിരിച്ചറിയാനും ആർക്കും കഴിഞ്ഞില്ല. എന്നാൽ സവാദിനെ ഒളിവിൽ കഴിയാൻ താമസിച്ച പോപ്പുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയിരിക്കുകയാണ്.