- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സാലോജിക്ക് ഇടപാട്: കാരക്കോണം മെഡിക്കൽ കോളേജിന് എസ്.എഫ്.ഐ.ഒ നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയുടെ കമ്പനിയായി എക്‌സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് കൂടുതൽ അന്വേഷണവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്(എസ്എഫ്‌ഐഒ). വീണയുടെ കമ്പനിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ തിരുവനന്തപുരത്തെ പ്രമുഖ മെഡിക്കൽ കോളേജിനും എസ്എഫ്‌ഐഒ നോട്ടീസ് നൽകി. കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളേജിനാണ് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരിക്കുന്നത്. വീണയുടെ കമ്പനിയുമായി നടത്തിയ ഇടപാടിന്റെ വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്.
ഇടപാടുകളുടെ രേഖകളെല്ലാം ചെന്നൈ ഓഫീസിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമ പ്രകാരമാണു നോട്ടിസ് നൽകിയിരിക്കുന്നത്. നിർദ്ദേശം പാലിക്കാതിരുന്നാൽ നിയമ നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്. എസ്എഫ്‌ഐഒയുടെ ചെന്നൈയിലെ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായ കെ പ്രഭുവാണ് സ്ഥാപന മേധാവി പി തങ്കരാജിന് നോട്ടീസ് നൽകിയിരിക്കുന്നത്. സിഎസ്‌ഐ സഭയുടെ പ്രമുഖ സ്ഥാപനത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിഎസ്‌ഐ ഇൻസ്റ്റിറ്റിയൂഷൻസ്, സിഎസ്‌ഐ കോളേജ് ഓഫ് നഴ്‌സിങ്, ഡോ. സോംവേൽ മെമോറിയൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് നോട്ടീസ്.
വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഹാജരാക്കാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിലാണ് കാരക്കോണം മെഡിക്കൽ കേളോജ് അധികൃതർ വീണയുടെ കമ്പനിക്ക് പണം നൽകിയത്. എക്‌സാലോജിക് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ട വിശദാംശങ്ങൾ എസ്.എഫെ്.എ.ഒ. പരിശോധിച്ചിരുന്നു. ഇത് അനുസരിച്ചാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. എക്‌സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടീസിലെ പ്രധാന ചോദ്യം.
ഉൽപന്നമോ സേവനമോ നൽകിയതിന് എക്‌സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ്, വർക്ക് ഓർഡർ, ഇൻവോയ്‌സ് എന്നിവയുടെ പകർപ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളിൽനിന്നു രേഖകൾ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്.എഫെ്.എ.ഒ. നോട്ടിസ് അയച്ചത്.
കരിമണൽ കർത്തയുടെ കമ്പനിയിൽ നിന്നും സേവനം നൽകാതെ പണം എക്സാലോജിക് കൈപ്പറ്റിയെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് മറ്റ് കമ്പനികളോടും ചോദ്യം ചോദിക്കുന്നത്. കരിമണൽ കർത്തയുടെ കമ്പനിക്ക് വേണ്ടി വഴിവിട്ട സഹായം ചെയ്തു കൊടുത്തതിന്റെ പണമാണ് എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ എത്തിയതെന്നാണ് വിലയിരുത്തൽ. ഇവിടെ നടന്ന സാമ്പത്തിക ക്രമക്കേടുകളിലാണ് അന്വേഷണം മുറുകുന്നത്. തെരഞ്ഞെടുപ്പ കൂടി അടുത്ത വേളയിൽ ഇടതു മുന്നണിയെ വെട്ടിലാക്കുന്നതാണ് എസ്എഫ്‌ഐഒയുടെ പുതിയ നീക്കം.
എസ്എഫ്‌ഐഒയുടെ നോട്ടീസിന് എന്തു മറുപടിയാണ് കാരക്കോണം മെഡിക്കൽ കോളേജ് അധികൃതർ നൽകിയതെന്ന് വ്യക്തമല്ല. അതേസമയം കാരക്കോണം മെഡിക്കൽ കോളേജിന് പുറമേ മറ്റു സ്ഥാപനങ്ങൾക്കും വീണയുടെ കമ്പനിയുമായുള്ള ബന്ധത്തിന്റെ പേരിൽ നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് കിട്ടിയ ചില കമ്പനികൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സാലോജിക് സൊലൂഷൻസും കെ.എസ്.എ.ഡി.സിയും നൽകിയ ഹർജികളിൽ അന്വേഷണം നടക്കട്ടെ എന്നു കോടതികൾ നിലപാടെടുത്തതോടെയാണ് എസ്.എ.ഫെ്.എ.ഒ. തുടർനടപടികളിലേക്കു കടന്നത്.
ഒന്നും മറച്ചുവയ്ക്കാൻ ശ്രമിക്കരുതെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി നിർദ്ദേശിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമർശിച്ചു. അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്‌ഐഡിസി ആവർത്തിച്ചു. എക്സാലോജിക്കുമായി കരാറിൽ ഏർപ്പെട്ട സിഎംആർഎല്ലിന്റെ തീരുമാനത്തിൽ പങ്കില്ലെന്നും കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഏകപക്ഷീയമാണെന്നാണ് കെഎസ്ഐഡിസിയുടെ ആരോപണം. സിഎംആർഎൽ - എക്സാലോജിക് കരാറിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്എഫ്ഐഒ നൽകിയ സമൻസ് ചോദ്യം ചെയ്താണ് കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല.