തിരുവനന്തപുരം : നരബലിക്കേസിലെ മുഖ്യപ്രതിയായ ഷാഫിയെ ടിവിയിൽ കണ്ട് തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലും എം എൽ എ ഹോസ്റ്റലിലും ഉള്ള ജീവനക്കാർ ഞെട്ടി. വർഷങ്ങൾക്ക് മുമ്പ് ഇവിടെയെല്ലാം ഫഷാഫി നിത്യസന്ദർശകനായിരുന്നു. ഖദർ ധരിച്ച് സൗമ്യനായി ഇടപഴകുന്ന ഷാഫിക്ക് പൊതുവേ സൗമ്യമുഖമായിരുന്നു. എന്നാൽ അതിനിടയിലും ഷാഫി തന്റെ ലൈംഗിക വൈകൃതത്തിന് ഇരകളെ തേടികൊണ്ടിരുന്നു. തടിച്ച സ്ത്രീകൾ ഷാഫിക്ക് ഹരമായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തമിഴ് സ്ത്രീകളോടാണെങ്കിൽ അത് ഇരട്ടിയാകും. സമാനമായ അനുഭവം എം എൽ എ ഹോസ്റ്റലിലെ ഒരു ശുചീകരണതൊഴിലാളിക്ക് സംഭവിച്ചു. തടിച്ച ഒറ്റനോട്ടത്തിൽ തമിഴ് ബന്ധം സംശയിക്കുന്ന സ്ത്രീയോട് ഷാഫി അടുക്കാൻ ശ്രമിച്ചു. എം എൽ എ ഹോസ്റ്റലിലെ ഒരു ബ്ലോക്കിലുള്ള ശുചീകരണ തൊഴിലാളിയായിരുന്നു സ്ത്രീ. തന്റെ പാർട്ടിയിലുള്ളവർ തമ്പാനൂരിലെ ഹോട്ടലിൽ വരുന്നുണ്ടെന്നും അവർക്ക് ഭക്ഷണം പാകം ചെയ്ത് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്ത്രീയെ സമീപച്ചത്. എന്നാൽ സത്രീ ഭർത്താവിനോട് കാര്യം പറഞ്ഞപ്പോൾ പന്തികേട് തോന്നിയതോടെ അതിൽ നിന്നും പിന്മാറി.

പിന്നീട് ഷാഫിയെ കാണിമ്പോൾ മുഖം കൊടുക്കാതെ ഒഴിഞ്ഞമാറി. കഴിഞ്ഞ ദിവസവും എം എൽ എ ഹോസ്റ്റലിൽ ജോലിക്കെത്തിയ സ്ത്രീ ഞെട്ടലോടെയാണ് ഷാഫിയുടെ പെരുമാറ്റത്തെ ഓർത്തെടുക്കുന്നത്. ഷാഫിക്ക് രാഷ്ട്രീയ സൗഹൃദവും ഉണ്ടെന്നതിന് തെളിവാണ് എംഎൽഎ ഹോസ്റ്റലിലെ സാന്നിധ്യം. എന്നാൽ ഈ വസ്തുതയിലേക്ക് അന്വേഷണം പൊലീസ് കൊണ്ടു പോയിട്ടില്ല. അതുണ്ടായാൽ ഞെട്ടിക്കുന്ന വസ്തുകൾ പുറത്തു വരുമെന്നാണ് വിലയിരുത്തൽ.

വണ്ണമുള്ള തമിഴ് സ്ത്രീകളെ ഷാഫി നോട്ടമിട്ടിരുന്നെന്നതായി ഷാഫിയുടെ മുൻ സുഹൃത്താണ് പൊലീസിനോട് വെളിപ്പെടുത്തിയത്. മദ്യപിച്ചിരിക്കുന്ന സമയത്ത് എത്ര കോടി വേണമെന്ന് ഷാഫി ചോദിച്ചെന്നും വണ്ണമുള്ള സ്ത്രീകളുണ്ടെങ്കിൽ പണം കിട്ടുമെന്ന് പറഞ്ഞതായുമാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ഒരു സേട്ടിന് വേണ്ടിയാണ് സ്ത്രീകളെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി കിട്ടുമായിരുന്നെന്നും പറഞ്ഞു.

ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ട്. ഇവർ തിരിച്ചുവരില്ലെന്നും ഷാഫി പറഞ്ഞിരുന്നു.കഴിഞ്ഞ ഒരുവർഷത്തെ ആസൂത്രണത്തിനൊടുവിലാണ് ഷാഫി എറണാകുളത്ത് നിന്ന് രണ്ട് ലോട്ടറി വില്പനക്കാരികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി നരബലിക്ക് ഇരയാക്കിയത്. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി കൈപ്പറ്റിയത്. അതേസമയം ഷാഫി തന്നെയാണ് സേഠ് എന്ന് ഭാര്യ നബീസ വെളിപ്പെടുത്തി. മൂന്ന് ലക്ഷം രൂപ മുദ്രാ വായ്പ എടുത്തിരുന്നു. ഇതിൽ ഒന്നര ലക്ഷം സുഹൃത്ത് കൈക്കലാക്കി. ഈ പണം തിരിച്ചുകിട്ടാൻ വേണ്ടി സ്‌കോർപിയോ കാർ വാങ്ങി സേഠിന് മറിച്ചുവിൽക്കാമെന്നുള്ള നുണക്കഥ ഷാഫി മെനഞ്ഞിരുന്നു. ഇത് പണം തിരികെ കിട്ടാൻ വേണ്ടിയായിരുന്നുവെന്നും നബീസ പറയുന്നു.

അതേസമയം കേസിൽ നിർണായകമായത് ഈ സ്‌കോർപിയോ കാറായിരുന്നു. എറണാകുളം കടവന്ത്ര മുതൽ പത്തനംതിട്ട ഇലന്തൂർ വരെയുള്ള റോഡിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയ അന്വേഷണ സംഘം, അത്ര വ്യക്തമല്ലാത്ത ഒരു സ്‌കോർപ്പിയോയുടെ ചിത്രത്തിൽ നിന്നാണ് പിടിച്ചുകയറിയത്. ഇരയായ പത്മവുമായി പ്രതി ഷാഫി തന്റെ വാഹനത്തിൽ പോകുന്ന ചിത്രം വിലപ്പെട്ട സൂചനയായിരുന്നു. ഫോറൻസിക്, സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടർന്ന് അന്വേഷണം ഷാഫിയിൽ കേന്ദ്രീകരിക്കുകയായിരുന്നു. കൂടുതൽ തെളിവുകൾക്കായി പഴയ ദൃശ്യങ്ങൾ തിരഞ്ഞെങ്കിലും ഒരു മാസം മുമ്പുവരെയുള്ളതുമാത്രമാണ് ലഭിച്ചത്.

വാഹനത്തിന്റെ യാത്ര അവസാനിച്ച ഇലന്തൂർ മേഖലയുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമായി അടുത്തഘട്ടം. അതിനിടെ, ഷാഫിയുടെ ക്രിമിനൽ ജീവിതപശ്ചാത്തലം അന്വേഷണസംഘം മനസിലാക്കി. പ്രതികളായ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുമായി ഇയാൾക്ക് ബന്ധമുള്ളതിന്റെയും സൂചനകൾ ലഭിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഷാഫി അവസാനമെത്തിയത് കൂട്ടുപ്രതികളുടെ വീട്ടിലായിരുന്നുവെന്നു വ്യക്തമായി.

പരിധി നോക്കാതെ കൊച്ചിയിലെ എല്ലാ മേഖലകളിലെയും പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ പങ്കാളികളായി. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പൊലീസ് സംഘവും വിലപ്പെട്ട വിവരങ്ങൾ കൈമാറി. ഓരോ തെളിവും ശാസ്ത്രീയമായി പരിശോധിച്ചതാണ് പ്രതികളെ വലയിലാക്കിയത്.