- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
19കാരി ഷഹല സ്വർണക്കടത്ത് കാരിയറായത് ഗൾഫിലുള്ള ബാപ്പയെ കാണാൻ വിസിറ്റിങ് വിസയിൽ പോയി തിരിച്ചുവരുമ്പോൾ; അടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന ഇടനിലക്കാർ വളച്ചെടുത്ത് വില പറഞ്ഞുറപ്പിച്ചു; പണത്തോടുള്ള മോഹം കടത്തുകാരിയാക്കി; 19കാരി എല്ലാം ചെയ്തത് ഭർത്താവിന്റെ അറിവോടെ; എന്നാൽ ഒന്നിനും ഭർത്താവ് നിർബന്ധിച്ചുമില്ല; ഷഹല 'കാരിയറായ' കഥ
മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ ഒരു കോടി രൂപയുടെ സ്വർണവുമായി പിടിയിലായ 19കാരി സ്വർണക്കടത്ത് കാരിയറായത് ഗൾഫിലുള്ള പിതാവിനെ കാണാൻ വിസിറ്റിങ് വിസയിൽപോയി തിരിച്ചുവരുമ്പോൾ. അടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന സ്വർണക്കടത്ത് ഇടനിലക്കാരാണ് കാസർഗോഡ് സ്വദേശി ഷഹലയെ സമീപിച്ചത്. സ്ത്രീയായതിനാലും ചെറുപ്പക്കാരിയായതിനാലും സ്വർണം പിടികൂടില്ലെന്നും അതിനാൽ ഒരു കോടിയുടെ സ്വർണം സുഗമമായി തന്നെ കൊണ്ടുപോകാമെന്നും പറഞ്ഞു.
താൻ ഗൾഫിൽ ബിസിനസ്സുള്ള തന്റെ പിതാവിനെ കാണാൻ പോയതായിരുന്നുവെന്നും തിരിച്ചു വരുമ്പോൾ ഇവർ ബന്ധപ്പെട്ടു ഓഫർ നൽകുകയായിരുന്നുവെന്നുമാണ് ഷഹല പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. പണത്തിനായി താൻ സ്വയം സന്നദ്ധയായി മുന്നോട്ടുവരികയായിരുന്നു. ഭർത്താവും ഇക്കാര്യം അറിഞ്ഞിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാൽ ഭർത്താവ് നിർബന്ധിച്ചല്ല കാരിയറായതെന്ന് യുവതി മൊഴി നൽകിയതായും പൊലീസ് പറഞ്ഞു.
യുവതി സ്വർണക്കടത്ത് കാരിയറായത് ഒരു ലക്ഷം രൂപക്കും വിമാന ടിക്കറ്റിനും വേണ്ടിയാണ്. അറുപതിനായിരം മുതൽ ഒരുലക്ഷം വരെയാണ് ഇവർക്കു ഓഫർ നൽകിയിരുന്നത്. സ്വർണം കരിപ്പൂർ വിമാനത്തവളത്തിന് പുറത്തുവെച്ചു കൈമാറിയാൽ പണം നൽകാമെന്നായിരുന്നു ഓഫർ. എന്നാൽ ഇവർക്കു നാട്ടിലേക്കു പോരാനുള്ള വിമാനടിക്കറ്റ് സ്വർണക്കടത്ത് മാഫിയ തന്നെയാണ് നൽകിയതെന്നാണ് വിവരം.
കസ്റ്റംസിനെ വെട്ടി കരിപ്പൂർ വിമാനത്തവളത്തിനു പുറത്തുവന്ന ഷഹലയിൽനിന്നും ഒരു കോടി രൂപയുടെ സ്വർണമാണു പൊലീസ് പിടികൂടിയത്. എന്തുപ്രശ്‌നം വന്നാലും ഞങ്ങൾകൂടെയുണ്ടാകുമെന്നും ഭയപ്പെടരുതെന്നും മുഖഭാവത്തിൽ വ്യത്യാസം ഉണ്ടാകരുതെന്നും സ്വർണം നൽകിയവർ ഉപദേശിച്ചിരുന്നു. വിമാനത്തവളത്തിനു പുറത്തുവന്നാൽ വാട്‌സ്ആപ്പിൽ ഫോൺചെയ്യാനായിരുന്നു നിർദ്ദേശമെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. അതേ സമയം ഷഹലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇവരെ ജാമ്യത്തിൽവിട്ടു. ഇതും വിവാദമായിട്ടുണ്ട്.
അതിനിടെ ഒരു കോടിയുടെ മൂല്യം സ്വർണ്ണത്തിനില്ലെന്നും ഏതാനും തുകയുടെ കുറവുണ്ടെന്നും സൂചനകളുണ്ട്. ഒരു കോടിയിലുള്ള സ്വർണ്ണവുമായി അരെത്തിയാലും ജാമ്യം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് 99.5 ലക്ഷം രൂപ വരെ വിലയുള്ള സ്വർണ്ണവുമായി കാരിയർമാരെ അയയ്ക്കുന്നതും പതിവാണ്. ഇതാണ് കരിപ്പൂരിൽ ഉണ്ടായതെന്നും സൂചനയുണ്ട്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.
അടിവസ്ത്രത്തുനുള്ളിൽ വിദഗ്ധമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച സ്വർണ മിശ്രിതമാണ് ഷഹലയിൽനിന്നും പൊലീസ് പിടികൂടിയത്. കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 1884 ഗ്രാം 24 ക്യാരറ്റ് സ്വർണ്ണമാണ് എയർപോർട്ടിന് പുറത്ത് വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കൊണ്ടുവന്ന സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്.
ഇന്നലെ രാത്രി 10.20 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് യുവതി കാലിക്കറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു.
താൻ ഗോൾഡ് ക്യാരിയറാണെന്നോ തന്റെ പക്കൽ സ്വർണ്ണമുണ്ടെന്നോ സമ്മതിക്കാൻ യുവതി തയ്യാറായില്ല.തുടർന്ന് യുവതിയെ ലഗ്ഗേജ് ബോക്സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തുനുള്ളിൽ വിദഗ്ദക്തമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച രീതിയിൽ മൂന്ന് പാക്കറ്റുകൾ കണ്ടെത്താനായത്.
വിമാനത്താവളത്തിന് പുറത്ത് പൊലീസിന്റെ എയ്ഡ് പോസ്റ്റുണ്ട്. അതിന് പുറമെ കഴിഞ്ഞ ജനുവരി മുതൽ ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കുന്നു. യാത്രക്കാരെയും അവരെ സ്വീകരിക്കാനെത്തുന്നവരെയും നിരീക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്. അടുത്ത കാലത്ത് സ്ത്രീകൾ സ്വർണം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുടുംബമായി വരുന്നവരെ ഉൾപ്പെടെ നിരീക്ഷിക്കാൻ തുടങ്ങിയത്. വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്ന 87ാമത്തെ സ്വർണക്കടത്ത് കേസാണ് ഷഹലയുടേത്.
അടുത്തിടെ സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് ശേഷം കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തുകടക്കുന്നവരെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങി. മിക്കപ്പോഴും പൊലീസിന് ലഭിക്കുന്ന രഹസ്യവിവരം അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തുക.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്