മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിന് പുറത്തുവെച്ചു സ്വർണവുമായി പൊലീസ് പിടിയിലായ 19കാരി ഷഹലക്കു ജാമ്യം ലഭിച്ചത് സ്വർണവില ഒരു കോടിക്കു താഴെവന്നതിനാൽ. ജാമ്യം ലഭിക്കാതെ റിമാൻഡ് ചെയ്യുക ഒരുകോടിക്ക് മുകളിലുള്ള സ്വർണക്കടത്തിനു മാത്രം. അതുകൊണ്ട് തന്നെ കേരളാ പൊലീസിന് ഷഹലയെ ഇനി തൊടാൻ കിട്ടില്ല. കേസ് ഇനി കസ്റ്റംസിലേക്ക്.

1884 ഗ്രാം 24 ക്യാരറ്റ് സ്വർണ്ണമാണ് പൊലീസ് ഇവരിൽനിന്നും പിടികൂടിയിരുന്നത്. സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളായിരുന്നു ഇത്. 1884ഗ്രാം സ്വർണത്തിനു നിലവിലെ മാർക്കറ്റ് വില 9,391,740രൂപയാണ്. ഇതിനാൽ തന്നെ കേസിൽ ഇവർക്കു ജാമ്യത്തിന് അർഹതയുണ്ട്. അതോടൊപ്പം തന്നെ ഇവരിൽനിന്നും പിടികൂടിയ സ്വർണം മിശ്രിത രൂപത്തിലുള്ളതായതിനാൽ ഇത് ഉരുക്കി പരിശോധിക്കുമ്പോൾ ചിലപ്പോൾ തൂക്കം കുറയാനും സാധ്യതയുണ്ട്.

പൊലീസ് ഇനി സ്വർണവും റിപ്പോർട്ടും മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കും. ശേഷം കേസ് കോടതി കസ്റ്റംസിന് കൈമാറും. ഇതിനു ശേഷം സി.ആർ.പി.സി 102 വകുപ്പ് പ്രകാരം കസ്റ്റംസ് റിപ്പോർട്ട് സഹിതം കോടതിയിൽ സമർപ്പിക്കും. ശേഷം പ്രതിയുടെ ഭാഗം കേൾക്കും. നിലവിൽ പൊലീസ് ഇവരെ ജാമ്യത്തിൽ(കച്ചീട്ട് പ്രകാരം) വിട്ടതിനാൽ തന്നെ തെളിവുകളെല്ലാം ഇതിനോടകം നശിപ്പിച്ചിട്ടുണ്ടാകുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്ന കേസിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനു പരിമിതികളുണ്ട്. മിശ്രിത്തിൽ കലർത്തി സ്വർണം ഡെൻസിറ്റി കുറച്ചു കൊണ്ട് വന്നതിനാലാണ് വിമാനത്താവളത്തിന്റെ അകത്തെ കസ്റ്റംസിന്റെ മെറ്റൽ ഡിറ്റക്റ്റർ പരിശോധനയിൽ നിന്നും യുവതി രക്ഷപ്പെട്ടത്. അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത് ഒളിപ്പിച്ച രീതിയിൽ മൂന്ന് പാക്കറ്റുകളിലാക്കിയാണ് ഷഹല സ്വർണം കൊണ്ട് വന്നത്.

അതേ സമയം 19കാരി സ്വർണക്കടത്ത് കാരിയറായത് ഗൾഫിലുള്ള പിതാവിനെ കാണാൻ വിസിറ്റിങ് വിസയിൽപോയി തരിച്ചുവരുമ്പോഴാണെന്നാണ് പൊലീസിന് നൽകി മൊഴി. അടുത്ത ഫ്‌ളാറ്റിൽ താമസിക്കുന്ന സ്വർണക്കടത്ത് ഇടനിലക്കാരാണ് കാസർഗോഡ് സ്വദേശി ഷഹലയെ സമീപിച്ചത്. സ്ത്രീയായതിനാലും ചെറുപ്പക്കാരിയായതിനാലും സ്വർണം പിടികൂടില്ലെന്നും അതിനാൽ ഒരു കോടിയുടെ താഴെ വരുന്ന സ്വർണം സുഖമമായി തന്നെ കൊണ്ടുപോകാമെന്നും പറഞ്ഞു. ഒരു കോടിക്കു താഴേ വരുന്ന സ്വർണം പിടികൂടിയാലും അപ്പോൾ ജാമ്യത്തിൽ പോകുകയും ചെയ്യാമെന്നും പറഞ്ഞു.

താൻ ഗൾഫിൽ ബിസിനസ്സുള്ള തന്റെ പിതാവിനെ കാണാൻ പോയതായിരുന്നുവെന്നും തിരിച്ചു വരുമ്പോൾ ഇവർ ബന്ധപ്പെട്ടു ഓഫർ നൽകുകയായിരുന്നുവെന്നുമാണ് ഷഹല പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. പണത്തിനായി താൻ സ്വയം സന്നദ്ധയായി മുന്നോട്ടുവരികയായിരുന്നു. ഭർത്താവും ഇക്കാര്യം അറിഞ്ഞിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാൽ ഭർത്താവ് നിർബന്ധിച്ചല്ല കാരിയറായതെന്ന് യുവതി മൊഴി നൽകിയതായും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി 10.20 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിലാണ് യുവതി കാലികറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടർച്ചയായി ചോദ്യം ചെയ്‌തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു. താൻ ഗോൾഡ് ക്യാരിയറാണെന്നോ തന്റെ പക്കൽ സ്വർണ്ണമുണ്ടെന്നോ സമ്മതിക്കാൻ യുവതി തയ്യാറായില്ല. യുവതിയുടെ ലഗ്ഗേജ് ബോക്‌സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. ശേഷം ദേഹപരിശോധനയിലാണ് അടിവസ്ത്രത്തുനുള്ളിൽ വിദഗ്ദക്തമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച രീതിയിൽ മൂന്ന് പാക്കറ്റുകൾ കണ്ടെത്താനായത്.